This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്കിളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലക്കിളി

Jerdon's chloropsis

മൈനയോളം വലുപ്പവും തത്തയെപ്പോലെ പച്ചനിറവും ഉള്ള ഒരു പക്ഷി. ഐറീനിഡെ പക്ഷികുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവയുടെ ശാ.നാ. ക്ലോറോപ്‌സിസ്‌ കൊച്ചിന്‍ചൈനെന്‍സിസ്‌ (Chloropsis cochinchinensis)എന്നാണ്‌. നേരിയ മഞ്ഞച്ഛായ ഉള്ള നെറ്റിയാണ്‌ ഇലക്കിളിയുടേത്‌. ആണ്‍പക്ഷിയുടെ താടിയില്‍ കറുത്ത നിറത്തിലുള്ള ഒരു ത്രികോണ അടയാളവും പെണ്‍പക്ഷിയുടേതില്‍ നീലനിറത്തിലുള്ള അടയാളവും കാണാം. ഈ വര്‍ണവ്യത്യാസം ആണ്‍-പെണ്‍ പക്ഷികളെ ഒറ്റനോട്ടത്തില്‍ത്തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്നു.

ഇലക്കിളിയോട്‌ വളരെയേറെ സാമ്യമുള്ള മറ്റൊരിനം പക്ഷിയാണ്‌ കാട്ടിലക്കിളി. ശോഭയേറിയ ഓറഞ്ച്‌ നിറത്തോട്‌ കൂടിയ നെറ്റി മാത്രമാണ്‌ ഇലക്കിളിയില്‍ നിന്നും കാട്ടിലക്കിളിയെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നത്‌. കാട്ടിലക്കിളിയുടെ ശാ.നാ. ക്ലോറോപ്‌സിസ്‌ ഓറിഫ്രന്‍സ്‌ (Chloropsis aurifrons)എന്നാണ്‌.

മങ്ങിയ ഓറഞ്ചുനിറമുള്ള നെറ്റിയും താടിയില്‍ നീലലോഹിതവും നീലയും കലര്‍ന്ന തിളങ്ങുന്ന വരകളും തോളുകളില്‍ നീലകലര്‍ന്ന പച്ച "പാടു'കളും (patches) "ഇലക്കിളി'യുടെ പ്രത്യേകതകളാണ്‌. പെണ്‍പക്ഷിയുടെ താടിയും കഴുത്തും വിളറിയ നീലകലര്‍ന്ന പച്ച നിറമായിരിക്കും; "കവിളി'ലെ വരകള്‍ (cheek stripes) തിളങ്ങുന്ന ഹരിതനീലമാണ്‌. ഈ വര്‍ണവ്യത്യാസത്താല്‍ ആണിനെയും പെണ്ണിനെയും പെട്ടെന്നു തിരിച്ചറിയാന്‍ കഴിയുന്നു. എന്നാല്‍, കാട്ടിലക്കിളിക്കാകട്ടെ, തിളങ്ങുന്ന സ്വര്‍ണനിറമുള്ള നെറ്റിയും കറുപ്പും നീലലോഹിതവും കലര്‍ന്ന താടിയും കഴുത്തുമാണുള്ളത്‌. ഇവയില്‍ പെണ്‍പക്ഷിക്ക്‌ ആണിനെക്കാള്‍ മങ്ങിയ നിറമായിരിക്കും.

സാധാരണയായി ജോടികളായോ ചെറുസംഘങ്ങളായോ ആണ്‌ ഈ രണ്ടിനം പക്ഷികളും കാണപ്പെടുക. ഇലയും പൂവും സമൃദ്ധമായ വൃക്ഷങ്ങളില്‍ മറ്റിനം പക്ഷികളോടൊപ്പം ഇവയും ഇരതേടി സഞ്ചരിക്കുന്നു. ഒളിഞ്ഞിരുന്ന്‌ ഇരതേടുന്നതിന്‌ പ്രകൃതിയില്‍ കാണാവുന്ന ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ്‌ ഇലക്കിളി. ഇതിന്റെ ചെറിയ രൂപവും പച്ചകലര്‍ന്ന നിറവും നിമിത്തം ഇലകള്‍ക്കിടയിലിരിക്കുമ്പോള്‍ ഇവ പെട്ടെന്ന്‌ ആരുടെയും ശ്രദ്ധയില്‍പ്പെടാറില്ല. ഇലക്കൂട്ടങ്ങള്‍ക്കുള്ളില്‍മാത്രം ഇരതേടുന്ന ഇവയുടെ പ്രിയപ്പെട്ട ഭക്ഷണസാധനങ്ങള്‍ ചെറുപ്രാണികള്‍, കീടങ്ങള്‍, അവയുടെ പുഴുക്കള്‍ തുടങ്ങിയവയാണ്‌. ഇവയുടെ നേര്‍ത്തുവളഞ്ഞ ചുണ്ട്‌ ഇരയെ പിടിക്കാന്‍ സഹായകമാകുന്നു. കൃമികീടങ്ങളാണ്‌ പഥ്യാഹാരമെങ്കിലും പ്ലാവ്‌, മുരിക്ക്‌ തുടങ്ങിയവയുടെ പൂക്കളില്‍നിന്നും ഇവ തേനും നുകരാറുണ്ട്‌. തേനിനായി ഒരു വൃക്ഷക്കൊമ്പിലെത്തുന്ന ഇലക്കിളികള്‍ മറ്റൊരു പക്ഷിയെയും അവിടിരിക്കാന്‍ അനുവദിക്കാറില്ല. തേന്‍കിളി, ഇത്തിക്കണ്ണിക്കുരുവി തുടങ്ങിയ ചെറുപക്ഷികളെ ഇവ വളരെ ദൂരത്തേക്കു തുരത്തിയോടിക്കുന്നതുകാണാം. തേന്‍സംഭരണത്തോടൊപ്പം ഇവ ചെടികളിലെ പരപരാഗണത്തെ സഹായിക്കുകയും ചെയ്യുന്നു.

1050 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലെ വൃക്ഷങ്ങളില്‍ ഇവയെ ധാരാളമായി കണ്ടെത്താം. ഒരിടത്ത്‌ സ്ഥിരമായി പാര്‍ക്കാനിഷ്‌ടപ്പെടുന്ന ഇവയ്‌ക്ക്‌ ദേശാടനസ്വഭാവം ഇല്ലെന്നുതന്നെ പറയാം. കാട്ടിലക്കിളിയെ നാട്ടിന്‍പുറങ്ങളില്‍ കാണുക അസാധാരണമാണ്‌. വൃക്ഷനിബിഡമായ പ്രദേശങ്ങളാണ്‌ അവയ്‌ക്കിഷ്‌ടം. പാലക്കാടിനു വടക്കുള്ള പ്രദേശങ്ങളില്‍ അവ ധാരാളമായി കാണപ്പെടുന്നു.

വൃക്ഷങ്ങളില്‍ മൂന്നു മൂന്നര മീ. ഉയരത്തിനുമീതെ മാത്രമേ ഈ പക്ഷികളെ കാണാന്‍ കഴിയൂ. തറയിലേക്ക്‌ ഇവ വിരളമായേ ഇറങ്ങാറുള്ളൂ.

മറ്റു പക്ഷികളുടെ ശബ്‌ദങ്ങളെ ഇവ അതിവിദഗ്‌ധമായി അനുകരിക്കാറുണ്ട്‌. ദേശാന്തരഗമനസ്വഭാവമുള്ള പല പക്ഷികളുടെയും ശബ്‌ദങ്ങള്‍ പുറപ്പെടുവിച്ച്‌ ഇവ പക്ഷിനീരീക്ഷകരെ വഴിതെറ്റിക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഇവ കൂടുകെട്ടുന്നതും മുട്ടയിടുന്നതും നവംബര്‍ മുതല്‍ ജൂണ്‍ വരെയാണ്‌. നേരിയ വേരുകളും നാരുകളും ചിലന്തിവലകൊണ്ട്‌ ഒട്ടിച്ചുണ്ടാക്കിയതും, സാമാന്യം ആഴമുള്ള ഒരു കപ്പിന്റെ ആകൃതിയുള്ളതുമാണ്‌ ഇതിന്റെ കൂട്‌. തറനിരപ്പില്‍നിന്ന്‌ 6 മുതല്‍ 9 വരെ മീ. ഉയരമുള്ള വൃക്ഷക്കൊമ്പുകളില്‍നിന്നും തൂക്കിയിട്ടപോലെയാണ്‌ കൂടുകള്‍ കെട്ടുന്നത്‌. ഒരു പ്രാവശ്യം സാധാരണയായി രണ്ടു മുട്ടകളിടുന്നു; അപൂര്‍വമായി മൂന്നും. മുട്ടയുടെ നിറം വിളറിയ മഞ്ഞയോ റോസ്‌ കലര്‍ന്ന വെള്ളയോ ആയിരിക്കും. കാട്ടിലക്കിളിയുടെ മുട്ടയ്‌ക്ക്‌ ചുവപ്പുകലര്‍ന്ന മഞ്ഞനിറമാണ്‌; പുറം മുഴുവന്‍ പാടുകളും കാണപ്പെടുന്നു. ഇലക്കിളിയുടെ മുട്ടയില്‍ വീതി കൂടിയ ഭാഗത്ത്‌ അപൂര്‍വമായി ചില പാടുകള്‍ കാണാറുണ്ട്‌.

കേരളത്തില്‍ മിക്കവാറും എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഈ പക്ഷി ദക്ഷിണേന്ത്യയിലും ബംഗാളിന്റെ പല ഭാഗങ്ങളിലും ശ്രീലങ്കയിലും സുലഭമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍