This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍ഡസ്റ്റ്രിയൽ ഡവലപ്‌മെന്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്‍ഡസ്റ്റ്രിയൽ ഡവലപ്‌മെന്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ

Industrial Development Bank of India

വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌ വായ്‌പാസൗകര്യങ്ങള്‍ ഏർപ്പെടുത്തുന്നതിനുവേണ്ടി 1964 ജൂലായിൽ സ്ഥാപിതമായ ബാങ്ക്‌. ബോംബെ ആസ്ഥാനമായുള്ള ഈ ബാങ്കിന്‌ കൽക്കത്ത, മദ്രാസ്‌, ഡൽഹി എന്നിവിടങ്ങളിൽ മേഖലാഓഫീസുകളും മിക്ക സംസ്ഥാനങ്ങളിലും ശാഖകളുമുണ്ട്‌. അധികൃതമൂലധനം 50 കോടി രൂപയാണ്‌. ഇത്‌ 100 കോടി രൂപയായി വർധിപ്പിക്കുന്നതിന്‌ ബാങ്കിന്‌ അധികാരമുണ്ട്‌. ഒരു ഡയറക്‌ടർ ബോർഡാണ്‌ ബാങ്കിന്റെ ഭരണച്ചുമതല നിർവഹിക്കുന്നത്‌. റിസർവ്‌ ബാങ്ക്‌ ഗവർണർ ഈ ബാങ്കിന്റെ ചെയർമാനും ഡപ്യൂട്ടിഗവർണർ വൈസ്‌ ചെയർമാനുമാണ്‌. പ്രവർത്തനങ്ങള്‍. വ്യവസായസ്ഥാപനങ്ങള്‍ക്ക്‌ നേരിട്ട്‌ ധനസഹായം നല്‌കിയും സാമ്പത്തികസഹായം നല്‌കുന്ന മറ്റു സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചും വ്യവസായവികസനത്തെ സഹായിക്കുന്നു. വ്യവസായസ്ഥാപനങ്ങള്‍ക്ക്‌ വായ്‌പ അനുവദിക്കുക, അവയുടെ സ്റ്റോക്ക്‌, ഓഹരി, ബോണ്ടുകള്‍, ഡിബഞ്ചറുകള്‍ എന്നിവ വാങ്ങുകയും അണ്ടർറൈറ്റ്‌ ചെയ്യുകയും ചെയ്യുക എന്നിവയാണ്‌ ബാങ്കിന്റെ നേരിട്ടുള്ള സഹായങ്ങള്‍. ബാങ്കിൽനിന്നും നേടുന്ന വായ്‌പകള്‍ ബാങ്കിന്റെ അനുമതിക്കുവിധേയമായി ഇക്വിറ്റി ഷെയറുകളാക്കി മാറ്റുവാന്‍ വ്യവസായസ്ഥാപനങ്ങളെ അനുവദിക്കുന്നുണ്ട്‌. ഷെഡ്യൂള്‍ഡ്‌ ബാങ്കുകള്‍, സ്റ്റേറ്റ്‌ സഹകരണബാങ്കുകള്‍, ഇന്‍ഡസ്റ്റ്രിയൽ ഫൈനാന്‍സ്‌ കോർപ്പറേഷന്‍ എന്നീ സ്ഥാപനങ്ങളിൽനിന്നു കിട്ടുന്ന വയാപ്‌കള്‍ക്ക്‌ ബാങ്ക്‌ ഉറപ്പുനല്‌കുന്നുണ്ട്‌. ബാങ്ക്‌ സ്ഥാപനങ്ങളുടെ ബില്ലുകള്‍, പ്രാനോട്ടുകള്‍ എന്നിവ സ്വീകരിക്കുകയും ഡിസ്‌കൗണ്ടുചെയ്യുകയും റിഡിസ്‌കൗണ്ട്‌ ചെയ്യുകയും ചെയ്യുന്നുണ്ട്‌.

ഇന്‍ഡസ്റ്റ്രിയൽ ഫൈനാന്‍സ്‌ കോർപ്പറേഷന്‍, സ്റ്റേറ്റ്‌ ഫൈനാന്‍സ്‌ കോർപ്പറേഷനുകള്‍; ഷെഡ്യൂള്‍ഡ്‌ ബാങ്കുകള്‍, സ്റ്റേറ്റ്‌ സഹകരണബാങ്കുകള്‍ എന്നിവ നല്‌കിയിട്ടുള്ള ക്ലിപ്‌തകാല-വായ്‌പകള്‍ ഈ ബാങ്ക്‌ റിഫൈനാന്‍സുചെയ്യുന്നുണ്ട്‌. കൂടാതെ ഈ ബാങ്കുകള്‍ നല്‌കുന്ന കയറ്റുമതിവായ്‌പകളും റിഫൈനാന്‍സ്‌ ചെയ്യുന്നുണ്ട്‌.

ഇന്‍ഡസ്റ്റ്രിയൽ ഡവലപ്‌മെന്റ്‌ബാങ്ക്‌ നിയമം 1964-ൽ ഭേദഗതി ചെയ്‌തതനുസരിച്ച്‌ "ഡവലപ്‌മെന്റ്‌ അസിസ്റ്റന്‍സ്‌ ഫണ്ട്‌' എന്നപേരിൽ ഒരു പ്രത്യേകനിധിയുണ്ടാക്കാന്‍ ബാങ്കിന്‌ അനുമതി ലഭിച്ചു. സാധാരണ ഗതിയിൽ വായ്‌പനേടാന്‍ കഴിയാത്ത സ്ഥാപനങ്ങള്‍ക്ക്‌ ധനസഹായം എത്തിക്കുകയാണ്‌ ഈ നിധിയുടെ ഉദ്ദേശ്യം. ബാങ്ക്‌ വായ്‌പ നല്‌കുമ്പോള്‍ ഈടായിവാങ്ങുന്ന സ്വത്തിനെസംബന്ധിച്ചിടത്തോളം കർശനമായ നിയന്ത്രണങ്ങള്‍ ഇല്ലെന്നത്‌ ഈ ബാങ്ക്‌ നല്‌കുന്ന സഹായങ്ങളുടെ ഒരു മേന്മയായി കരുതപ്പെടുന്നു.

1982-ൽ ഇന്‍ഡസ്‌ട്രിയൽ ഡവലപ്‌മെന്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയുടെ പ്രധാന പ്രവർത്തനവിഭാഗമായിരുന്ന ഇന്റർനാഷണൽ ഫിനാന്‍സ്‌ ഡിവിഷന്‍, "എക്‌സിംബാങ്ക്‌' എന്ന ചുരുക്കപ്പേരിൽ സ്ഥാപിക്കപ്പെട്ട എക്‌സ്‌പോർട്ട്‌ ഇംപോർട്ട്‌ ബാങ്കിന്‌ കൈമാറി. "ഡീപ്‌ ഡിസ്‌കൗണ്ട്‌ബോണ്ട്‌' എന്ന സവിശേഷ കടപ്പത്രവുമായി 1992-ൽ ഇന്‍ഡസ്‌ട്രിയൽ ഡവലപ്പ്‌മെന്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ മൂലധന വിപണിയിൽ നിന്നും ധനസമാഹാരണം നടത്തി. രാജ്യത്തെ സാധാരണ നിക്ഷേപകരെ ഏറ്റവും കൂടുതൽ ആകർഷിച്ച കടപ്പത്രങ്ങളിലൊന്നായി ഇതുമാറുകയും ചെയ്‌തു. ഇതിനെത്തുടർന്ന്‌, മൂലധനഘടനയിൽത്തന്നെ ഈ സ്ഥാപനം കാതലായമാറ്റം വരുത്തി. പൊതു വിപണിയിൽനിന്നും 49 ശതമാനം വരെ ഓഹരി നിക്ഷേപം സ്വീകരിക്കാനാവുംവിധമുള്ള ഈ മാറ്റം 1994-ലാണ്‌ നടപ്പിലാക്കിയത്‌. തുടർന്ന്‌ 1995-ൽ 20 ബില്യണ്‍ രൂപ ഓഹരി മൂലധന സമാഹരണം നടത്തി സർക്കാർ ഓഹരി വിഹിതം 72 ശതമാനമാക്കി. തുടർന്ന്‌ സർക്കാർ ഓഹരി വിഹിതം 58.47 ശതമാനം വരെയാക്കിമാറ്റിയിട്ടുണ്ട്‌.

ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ (2000) അന്താരാഷ്‌ട്ര തലത്തിലെ റേറ്റിങ്ങിൽ കടഛ. 9002: 1994, കടഛ. 9001 : 2000 തുടങ്ങിയ സർട്ടിഫിക്കേഷനുകള്‍ നേടുന്ന പ്രഥമ ഇന്ത്യന്‍ ധനകാര്യസ്ഥാപനമായി മാറാനും കഉആക യ്‌ക്കായി.

ഇതിനിടയിൽ കഉആക ക്യാപ്പിറ്റൽ മാർക്കറ്റ്‌ സർവീസസ്‌ ലിമിറ്റഡ്‌ (1993), കഉആക ബാങ്ക്‌ ലിമിറ്റഡ്‌ (1994), കഉആക ഇന്‍വെസ്റ്റ്‌മെന്റ്‌ മാനേജ്‌മെന്റ്‌ കമ്പനി ലിമിറ്റഡ്‌ (1999), കഉആക ഇന്‍ടെക്‌ ലിമിറ്റഡ്‌ (2000), കഉആക ട്രസ്റ്റീഷിപ്പ്‌ സർവീസസ്‌ ലിമിറ്റഡ്‌ (2001) എന്നിങ്ങനെ സബ്‌സിഡിയറി സ്ഥാപനങ്ങളും കഉആക രൂപീകരിച്ചു.

ഇന്ത്യയിലെ ധനകാര്യ വിപണിയിൽ, വിശിഷ്യ ഓഹരി വിപണിയിൽ, ഘടനാപരമായ മാറ്റങ്ങള്‍ക്ക്‌ നേതൃത്വം നൽകിയ നിരവധി സംരംഭങ്ങള്‍ക്ക്‌ ജന്മം നൽകുവാന്‍ പ്രരക ശക്തിയായി വർത്തിച്ചത്‌ കഉആക യാണ്‌. സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ ഒഫ്‌ ഇന്ത്യ (SEBI), നാഷണൽ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ ഒഫ്‌ ഇന്ത്യ(NSE), ക്രഡിറ്റ്‌ അനാലിസിസ്‌ ആന്‍ഡ്‌ റിസർച്ച്‌ ലിമിറ്റഡ്‌ (CARE), സ്റ്റോക്ക്‌ ഹോള്‍ഡിംഗ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യാ ലിമിറ്റഡ്‌ (SHCIL), ഇന്‍വെസ്റ്റർ സർവീസസ്‌ ഒഫ്‌ ഇന്ത്യ ലിമിറ്റഡ്‌ (ISIL), നാഷണൽ സെക്യൂരിറ്റീസ്‌ ഡെപ്പോസിറ്ററി ലിമിറ്റഡ്‌ (NDSL)), ക്ലിയറിങ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ ലിമിറ്റഡ്‌ (CCIL) തുടങ്ങിയവ ഈ ഗണത്തിൽപ്പെടുന്നു.

2003 ഡിസംബറിൽ പാർലെന്റിൽ പാസ്സാക്കിയ നിയമത്തിലൂടെ ഇന്‍ഡസ്‌ട്രിയൽ ഡെവലപ്പ്‌മെന്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയെ സർക്കാരിന്‌ മുഖ്യ ഓഹരി പങ്കാളിത്തമുള്ള ഒരു കോർപ്പറേറ്റ്‌ സ്ഥാപനമാക്കി മാറ്റി. 2004 ജൂല-ൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഒരു നോട്ടിഫിക്കേഷനിലൂടെ ഇത്‌ പ്രാവർത്തികമാക്കുകയും, കഉആക യെ കൊമേഴ്‌സ്യൽ ബാങ്കാക്കി, പരിവർത്തനം നടത്തുകയും ചെയ്‌തു. ഇതിനെ തുടർന്ന്‌ നിയമപരമായി നിശ്ചയിക്കപ്പെട്ട ദിവസമായ 2004 ഒക്‌ടോബർ ഒന്നു മുതൽ കഉആക കോമേഴ്‌സ്യൽ ബാങ്കിങ്ങിനാവശ്യമായ അടിസ്ഥാന സൗകര്യം, മനുഷ്യവിഭവം, സാങ്കേതികവേദി എന്നിവയിലെ ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്‌തു. 2008 മേയ്‌ മാസത്തിൽ ഇന്‍ഡസ്‌ട്രിയൽ ഡവലപ്‌മെന്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യ കഉആക ബാങ്ക്‌ ലിമിറ്റഡ്‌ ആയി മാറാനുള്ള ഔദ്യോഗിക തീരുമാനം നടപ്പിൽവന്നു. ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിൽ പത്താംസ്ഥാനത്ത്‌ കഉആക ബാങ്ക്‌ എത്തിച്ചേർന്നിട്ടുണ്ട്‌ (2008). വ്യവസായ സ്ഥാപനങ്ങളുടെ വികാസത്തിനും വളർച്ചയ്‌ക്കുമായി വ്യത്യസ്‌തവും വൈവിധ്യപൂർണവുമായ പദ്ധതികളും പരിപാടികളും ഈ ബാങ്ക്‌ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുന്നുണ്ട്‌. സംരംഭക പരിശീലനം, കണ്‍സള്‍ട്ടന്‍സി, സാങ്കേതികജ്ഞാനം പകർന്നുനൽകൽ, അവശ ജനവിഭാഗങ്ങളുടെ ഉന്നമനം, ഊർജസംരക്ഷണം തുടങ്ങിയവ മുന്‍നിർത്തിയുള്ള പദ്ധതികള്‍ക്ക്‌ സാമ്പത്തിക പിന്തുണയും ഈ ബാങ്ക്‌ നൽകിവരുന്നു.

(ഡോ. എം. ശാർങ്‌ഗധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍