This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദിരാഗാന്ധി ദേശീയോദ്‌ഗ്രഥന പുരസ്‌കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്ദിരാഗാന്ധി ദേശീയോദ്‌ഗ്രഥന പുരസ്‌കാരം

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്‌മരണാര്‍ഥം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ഏര്‍പ്പെടുത്തിയ പുരസ്‌കാരം. ദേശീയോദ്‌ഗ്രഥനത്തെ ശക്തിപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയോ വ്യക്തികളെയോ ആണ്‌ ഈ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്‌. 1985 മുതല്‍ ദേശീയ അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും ഈ അവാര്‍ഡ്‌ നല്‍കിവരുന്നു. മതവിഭാഗങ്ങള്‍, സമുദായങ്ങള്‍, വംശീയ ന്യൂനപക്ഷങ്ങള്‍, സംസ്‌കാരം, ഭാഷ, പാരമ്പര്യം തുടങ്ങിയ മേഖലകളില്‍ ദേശീയോദ്‌ഗ്രഥനത്തെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളെയാണ്‌ പൊതുവേ ഈ അവാര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. കല, ശാസ്‌ത്രം, സംസ്‌കാരം, വിദ്യാഭ്യാസം, സാഹിത്യം, മതം, സാമൂഹികോന്മുഖമായ പത്രപ്രവര്‍ത്തനം, നിയമം, സാമൂഹിക ജീവിതം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവര്‍ ഉള്‍പ്പെടുന്ന ഉപദേശക സമിതിയാണ്‌ അവാര്‍ഡിന്‌ അര്‍ഹരാകുന്നവരെ തെരഞ്ഞെടുക്കുന്നത്‌. 5 ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ്‌ പുരസ്‌കാരം. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ഒ. 31-നാണ്‌ അവാര്‍ഡ്‌ നല്‍കുന്നത്‌.

അരുണ ആസിഫ്‌ അലി, എം.എസ്‌. സുബ്ബലക്ഷ്‌മി, രാജീവ്‌ ഗാന്ധി, ബിയാന്ത്‌ സിങ്‌, എ.പി.ജെ. അബ്‌ദുല്‍കലാം, ശങ്കര്‍ദയാല്‍ ശര്‍മ, മഹാശ്വേത ദേവി, ശ്യം ബെനഗല്‍, ആചാര്യ മഹാപ്രജ്ഞ, എ.ആര്‍. റഹ്മാന്‍ എന്നിവര്‍ ഈ പുരസ്‌കാരം നേടിയവരില്‍ പ്രമുഖരാണ്‌. ഭാരത്‌ സ്‌കൗട്ട്‌സ്‌ & ഗൈഡ്‌, പരംധര്‍മ ആശ്രമം, ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ പബ്ലിക്‌ അഫയേഴ്‌സ്‌ എന്നീ സംഘടനകള്‍ക്കും ഇന്ദിരാഗാന്ധി ദേശീയോദ്‌ഗ്രഥന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌.

2012-ല്‍ ഗാനരചയിതാവായ ഗുല്‍സാറിനാണ്‌ ഈ പുരസ്‌കാരം ലഭിച്ചത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍