This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അലാലഖ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അലാലഖ്
Alalakh
സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ ഒറോണ്‍ടസ് താഴ്വരയില്‍ സ്ഥിതിചെയ്യുന്ന പുരാതന നഗരം. ഇത് അലെപ്പോയെ മെഡിറ്ററേനിയന്‍ തീരവുമായി ബന്ധിക്കുന്ന പ്രാചീന വാണിജ്യമാര്‍ഗത്തില്‍ സ്ഥിതിചെയ്യുന്നു. തെ. കിഴക്കന്‍ തുര്‍ക്കിയില്‍ അന്ത്യോഖ്യയ്ക്ക് വ. കിഴക്കായി കാണപ്പെടുന്ന അത്ഷാനപ്രദേശത്തുള്ള മണ്‍കൂനകള്‍ ഒരു പുരാവസ്തുഗവേഷകനായിരുന്ന സര്‍ ലിയൊനാര്‍ദ് വൂളിയെ ആകര്‍ഷിച്ചു. 1936 മുതല്‍ 1949 വരെ ഇദ്ദേഹം അവിടെ നടന്ന ഉത്ഖനനങ്ങള്‍ക്കു നേതൃത്വം കൊടുത്തു. വിഭിന്നകാലഘട്ടങ്ങളിലെ ജനവാസത്തെ പ്രതിനിധാനം ചെയ്യുന്ന പതിനെട്ടു പ്രധാനതലങ്ങള്‍ അവിടെ ഇദ്ദേഹം കണ്ടെത്തി. ഓരോ തലത്തിലും അതതു കാലഘട്ടത്തിന്റെ പ്രത്യേകതകളോടുകൂടിയ വാസ്തുശില്പസമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നതായി കരുതുവാന്‍ തക്ക ലക്ഷ്യങ്ങള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഏതാണ്ട് ബി.സി. 4000 മുതല്‍ അവിടെ ജനവാസം ഉണ്ടായിരുന്നതായി അനുമാനിക്കുന്നതില്‍ ഇവ സഹായകമായി ഭവിച്ചു. എന്നാല്‍ ബി.സി. 2100-നു മുന്‍പ് നിര്‍മിക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളൊന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല; പക്ഷേ കണ്ടെത്തുവാന്‍ കഴിഞ്ഞ മണ്‍കട്ടകൊണ്ടുള്ള സ്തംഭനിരകളുടെ അവശിഷ്ടങ്ങളില്‍ നിന്നും അവിടെ അതിവിസ്തൃതമായ ഒരു കൊട്ടാരം സ്ഥിതിചെയ്തിരുന്നതായി അനുമാനിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബി.സി. 19 ശ.-ത്തിനുമുന്‍പ് ആ ചെറുപട്ടണം വളരെ സമ്പന്നമായിരുന്നുവെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം.
ബി.സി. 1780-ല്‍ ബാബിലോണില്‍ വാണിരുന്ന ഹമൂറാബിയുടെ സമകാലികനായിരുന്ന യറിംലിങ്കിന്റെ കൊട്ടാരത്തിന്റെ ഭാഗങ്ങളും ഇവിടെനിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ആ കാലത്ത് മുകിഷ് എന്നപേരില്‍ അറിയപ്പെട്ടിരുന്ന ഒരു പ്രവിശ്യയിലെ മുഖ്യനഗരമായിരുന്ന അലാലഖ് അലെപ്പോ തലസ്ഥാനമാക്കിയുള്ള യംഘസ് എന്ന രാജ്യത്തില്‍പ്പെട്ട ഒരു സ്ഥലമായിരുന്നു. ആ കൊട്ടാരത്തിന്റെ സംവിധാനം ക്രീറ്റിലെ വാസ്തുവിദ്യാശൈലിയോടു സാദൃശ്യം വഹിക്കുന്നു; എന്നാല്‍, അതു സിറിയയിലെ കെട്ടിടനിര്‍മാണരീതിയനുസരിച്ചുള്ളതാണെന്നു പുരാവസ്തുശാസ്ത്രജ്ഞന്മാര്‍ പറയുന്നു. 1000 വര്‍ഷങ്ങള്‍ക്കുശേഷം പ്രചാരത്തില്‍വന്ന ഒരു ഗൃഹനിര്‍മാണരീതിയുടെ മുന്നോടി മാത്രമായിരുന്നു അത്.
ഇവിടെ കണ്ടെടുക്കപ്പെട്ടിട്ടുള്ള മറ്റു തലങ്ങളില്‍ ദേവാലയങ്ങളുടെയും ഭവനങ്ങളുടെയും ശക്തമായ കോട്ടകള്‍ക്കുള്ളിലുള്ള സൈനികമന്ദിരങ്ങളുടെയും ഒരു പരമ്പരതന്നെ കാണാം. ഇതിനെക്കാള്‍ മഹത്തായ മറ്റൊരു മന്ദിരാവശിഷ്ടം നാലാമത്തെ തലത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഗോപുരത്തോടുകൂടിയ ഒരു കൊട്ടാരത്തിന്റേതായിരുന്നു അത്. ഇവിടെ വാണിരുന്നവരുടെ കൂട്ടത്തില്‍ ബി.സി. 1450 അടുപ്പിച്ചു മരിച്ച ഇന്ദ്രിമി എന്ന രാജാവും ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ ഒരു മാഗ്നസൈറ്റു പ്രതിമയും അതിനോടുചേര്‍ന്നു ദീര്‍ഘമായ ഒരു ലിഖിതവും കണ്ടെടുത്തിട്ടുണ്ട്. ആ ലിഖിതത്തില്‍ ഇദ്ദേഹത്തിന്റെ ഏഴു വര്‍ഷത്തെ പ്രവാസവും മിറ്റാനിയിലെ രാജാവുമായി ചെയ്ത കരാറനുസരിച്ചുള്ള തിരിച്ചുവരവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഗ്നിബാധകൊണ്ട് ആ നഗരം വമ്പിച്ച നാശനഷ്ടങ്ങള്‍ക്കു വിധേയമായതിന്റെ ലക്ഷണങ്ങള്‍ ഇവിടെ കാണാം. പല ജനവര്‍ഗങ്ങള്‍ ഒരുമിച്ചുകഴിഞ്ഞ ആ നഗരത്തില്‍ ഹൂറിയന്മാര്‍ക്കായിരുന്നു സംഖ്യാബലം. വളരെയധികം കൂട്ടക്കൊലകളും ജനനാശവും സംഭവിച്ചിട്ടുണ്ടെങ്കിലും പിന്നെയും ആ നഗരം പുതുക്കിപണിയപ്പെടുകയും അതിന്റെ സമ്പന്നത കാത്തുസൂക്ഷിക്കപ്പെടുകയും ചെയ്തുവന്നു. എന്നാല്‍ ബി.സി. 1200-നോടടുത്ത് 'കടല്‍മനുഷ്യന്‍' തകര്‍ത്തു തരിപ്പണമാക്കിയതിനു ശേഷം ആ നഗരത്തിന് ഉയരുവാന്‍ കഴിഞ്ഞിട്ടില്ല. ഏതാണ്ട് ബി.സി. 4000 മുതല്‍ ഇക്കാലം വരെ ലെബനോണിലെ ദേവതാരുക്കള്‍ ഇവിടെ കൊണ്ടുവന്നതിനു ശേഷമാണ് മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയച്ചുകൊണ്ടിരുന്നത്. സുഖഭോഗപദാര്‍ഥങ്ങള്‍ അവിടെ ധാരാളം ലഭിച്ചിരുന്നു. സൈപ്രസ്-ഏജിയന്‍ തുറമുഖങ്ങളുമായുണ്ടായിരുന്ന നിത്യസമ്പര്‍ക്കത്തിനു തെളിവാണ് അവിടെനിന്നും കൊണ്ടുവരപ്പെട്ട വിശിഷ്ടങ്ങളായ മണ്‍പാത്രങ്ങള്‍ ഇവിടെ ലഭ്യമായിരുന്നെന്ന വസ്തുത. യുദ്ധകാലങ്ങളില്‍ രഥങ്ങള്‍ നല്കിയിരുന്നവരെന്നു കരുതപ്പെട്ടുവരുന്ന 'മരിയാന്ന്' എന്ന ഒരു വര്‍ഗം പ്രഭുക്കന്മാരും വിദ്യാസമ്പന്നരായ ഒരു വര്‍ഗം പണ്ഡിതന്മാരും (ലേഖകന്മാരും) അവിടെ ഉണ്ടായിരുന്നു. പലതരം വ്യാപാരങ്ങള്‍ നടത്തിവന്നിരുന്ന ഒരു കമ്പോളത്തെക്കുറിച്ച് ശിലാപാളികളിലുള്ള ലിഖിതങ്ങളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. കാര്‍ഷികവൃത്തിയില്‍നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് അവിടത്തെ സമ്പദ്ഘടന ഏറിയപങ്കും രൂപംകൊണ്ടിരുന്നത്. വെള്ളിയും സ്വര്‍ണവും അവിടെ ധാരാളം ഉണ്ടായിരുന്നുവെന്നതിനും ഉത്ഖനനങ്ങളില്‍നിന്നു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.