This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരങ്ങേറ്റം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരങ്ങേറ്റം
നാടകം, നൃത്തം, സംഗീതം തുടങ്ങിയ കലാരൂപങ്ങള്‍ അഭ്യസിച്ചതിനുശേഷം ആദ്യമായി പൊതുവേദിയില്‍ ഒരാള്‍ തന്റെ അഭ്യാസം അവതരിപ്പിക്കുന്നതിനു പറഞ്ഞുവരുന്ന പേര്. 'അരങ്ങില്‍ (രംഗത്തില്‍) ഏറുക (പ്രവേശിക്കുക)' എന്നാണ് ഇതിന്റെ വാച്യാര്‍ഥം. സുന്ദരകലകളില്‍ പരിശീലനം നേടിയ കലാകാരന്റെ ആദ്യത്തെ പൊതുരംഗപ്രവേശത്തിനാണ് അരങ്ങേറ്റമെന്നു സാധാരണ പറയുന്നത്.
കഥകളി, നാടകം, നൃത്തം, ദാസിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിര (കൈകൊട്ടിക്കളി) തുടങ്ങിയ പ്രയുക്ത കലകള്‍ (Performing Arts) അഭ്യസിക്കുന്നവരൊക്കെ ദക്ഷിണേന്ത്യയില്‍ ആഘോഷപൂര്‍വം അരങ്ങേറ്റങ്ങള്‍ നടത്താറുണ്ട്. അരങ്ങേറ്റത്തോടുകൂടി ഗുരുശിഷ്യബന്ധം ഔപചാരികമായി അവസാനിക്കുന്നു; തത്സമയം ശിഷ്യന് ഗുരുദക്ഷിണകൊടുക്കാറുണ്ട്. ബന്ധുമിത്രാദികളായ കാണികള്‍ അരങ്ങേറുന്ന കലാകാരനു പലതരത്തിലുള്ള പാരിതോഷികങ്ങളും സംഭാവനകളും നല്കുന്ന പതിവും പ്രചാരത്തിലുണ്ട്.