This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയ്യിപ്പിള്ള ആശാന്‍, അവ്വാടുതുറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അയ്യിപ്പിള്ള ആശാന്‍, അവ്വാടുതുറ

ഭാഷയിലെ 'പാട്ടു'പ്രസ്ഥാനത്തിന്റെ ഒരു സവിശേഷഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന ജനകീയ മഹാകാവ്യമായ രാമകഥപ്പാട്ടിന്റെ കര്‍ത്താവ്. കോവളം പ്രദേശത്തിലുള്‍പ്പെട്ട അവ്വാടുതുറയിലാണ്. അയ്യിപ്പിള്ള ആശാനും ഭാരതംപാട്ടിന്റെ കര്‍ത്താവായ അനുജന്‍ അയ്യനപ്പിള്ളയും ജീവിച്ചിരുന്നത്. ഈ പ്രതിഭാശാലികള്‍ 'കോവളം കവികള്‍' എന്നു വ്യവഹരിക്കപ്പെട്ടുവരുന്നു. മുള്ളുവിള പുരയിടത്തില്‍ ആശാന്റെ വസതിയായിരുന്ന തെക്കേവീടിന്റെ അടിത്തറ അവശേഷിച്ചിട്ടുണ്ട്. അല്പം അകലെയായി ആശാനും അനുജനും ഒരുമിച്ചിരുന്നു കാവ്യരചനയും ഗാനാലാപവും ചെയ്തിരുന്ന ഒരു കെട്ടിടം ഉണ്ട്. അതിനടുത്തുള്ള കോവില്‍വിളാകം പുരയിടത്തിലുള്ള ദുര്‍ഗാക്ഷേത്രത്തിന്റെ കന്യാകോണില്‍ ആശാന്റെ ഭൌതികാവശിഷ്ടം ഉള്‍ക്കൊള്ളുന്ന പീഠം സ്ഥിതിചെയ്യുന്നു. ആശാന്റെ നിര്‍ദേശപ്രകാരം ശിഷ്യന്മാര്‍ കുഴിയുണ്ടാക്കിയെന്നും ആശാന്‍ അതിലിരുന്നു സമാധിപ്രാപിച്ചുവെന്നുമാണ് ഐതിഹ്യം. നായര്‍ സമുദായാംഗമായ ആശാന്റെ ഗുരുവാണെന്നു കരുതപ്പെടുന്ന മണ്ണാന്റെ പ്രതിഷ്ഠയായ 'മര്‍ണാരമൂര്‍ത്തി'യുടെ സ്ഥാനം അതിനു സമീപമായി കാണാം. ചിറയിന്‍കീഴിലുള്ള ശാര്‍ക്കരക്ഷേത്രത്തിന്റെ ഭരണാധികാരികളുടെ ജന്മഗൃഹമായിരുന്ന പഴയവീടാണ് ആശാന്റെ മൂലകുടുംബം. 1350-നും 1450-നും ഇടയ്ക്കാണ് ആശാന്റെ ജീവിതകാലമെന്നു കരുതപ്പെടുന്നു.

പലതരത്തിലും സവിശേഷതകള്‍ നിറഞ്ഞ ഒരു ഉത്കൃഷ്ടകാവ്യമാണ് രാമകഥപ്പാട്ട്. അസംഖ്യമാണ് അതില്‍ ഉപയോഗിച്ചിരിക്കുന്ന ദ്രാവിഡവൃത്തങ്ങള്‍; അവയുടെ പ്രയോഗം അത്യന്തം നിപുണമായ രീതിയിലും. സൂക്ഷ്മമായ ഫലിതവാസന, പ്രതിപാദ്യവുമായുള്ള തന്മയീഭാവം, സാധാരണക്കാരുമായി ഇഴുകിച്ചേരാനുള്ള കഴിവ്, സംഗീതം, ജ്യോതിശ്ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള അവഗാഹം, സംസ്കൃതം, തമിഴ്, മലയാളം എന്നീ ഭാഷകളിലുള്ള അസാമാന്യവൈഭവം, ജനങ്ങളെ സംസ്കാര സമ്പന്നരാക്കാനുള്ള ആസക്തി തുടങ്ങിയവ ആശാന്റെ കവിതയുടെ പ്രത്യേകതകളാണ്. ദ്രുതകവനത്തിന്റെ ചൈതന്യവും സശ്രദ്ധരചനയുടെ കലാകൌശലവും ഒത്തിണങ്ങിയ കാവ്യശൈലി ആശാനു സ്വായത്തമായിരുന്നു. നോ: രാമകഥപ്പാട്ട്; കോവളം കവികള്‍

(ഡോ. പി.കെ. നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍