This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമ്പയര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അമ്പയര്‍
Umpire
അതുല്യം എന്ന് അര്‍ഥമുള്ള 'നോമ്പര്‍' (Nomper) എന്ന ഫ്രഞ്ചുപദത്തില്നിന്നാണ് അമ്പയര്‍ എന്ന ഇംഗ്ളീഷ് പദം നിഷ്പന്നമായിട്ടുള്ളത്. മത്സരക്കളികള്‍ ആധികാരികമായി നിയന്ത്രിക്കുന്നതിനു നിയോഗിക്കപ്പെട്ടിട്ടുള്ള ഔദ്യോഗിക ഭാരവാഹി എന്ന അര്‍ഥത്തിലാണ് ഈ പദം ഇന്ന് സാര്‍വത്രികമായി ഉപയോഗിക്കപ്പെട്ടുവരുന്നത്. എല്ലാ കളികള്‍ക്കും അവയില്‍ പങ്കെടുക്കുന്ന കളിക്കാര്‍ അനുവര്‍ത്തിക്കേണ്ട നിയമങ്ങളുണ്ട്. കളികള്‍ നിയമാനുസൃതം നിയന്ത്രിച്ച് അവസാനിപ്പിക്കുകയും കളി കഴിയുമ്പോള്‍ അതിന്റെ ഫലം പ്രഖ്യാപിക്കുകയും ചെയ്യാനുള്ള ചുമതല അമ്പയറുടേതാണ്. കളിയില്‍ പങ്കെടുക്കുന്നവര്‍ നിര്‍ദിഷ്ട നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ അതിനനുയോജ്യമായ പിഴ അവരില്‍നിന്ന് ഈടാക്കുന്നതും അമ്പയറായിരിക്കും. അമ്പയര്‍ കളിയുടെ നിയമങ്ങള്‍ ശരിയായി മനസ്സിലാക്കിയിരിക്കുകയും മത്സരത്തില്‍ പങ്കെടുക്കുന്ന ഭിന്നകക്ഷികളോടു പക്ഷപാതംകൂടാതെ പെരുമാറുകയും വേണം. മത്സരത്തില്‍ പങ്കെടുക്കുന്ന ഭിന്നകക്ഷികള് അമ്പയറുടെ തീരുമാനങ്ങള്‍ അവസാനവിധിയായി കണക്കാക്കേണ്ടതാണ്. അമ്പയറുമായി തര്‍ക്കത്തിലേര്‍പ്പെടുക കളിക്കാരെ സംബന്ധിച്ചിടത്തോളം അനാശാസ്യമായ പെരുമാറ്റമായി കണക്കാക്കപ്പെടുന്നു. ചില കളികളില്‍ അമ്പയറുടെ സ്ഥാനം ലഭിക്കുന്നയാളിന് റഫറി എന്നോ ജഡ്ജി എന്നോ ആയിരിക്കും പറയുക. മറ്റു ചിലതില്‍ അമ്പയറും റഫറിയും ഉണ്ടായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കളിയുടെ നടത്തിപ്പിനെ സംബന്ധിക്കുന്ന നിയമങ്ങള്‍ അനുശാസിക്കുന്നതനുസരിച്ച് അമ്പയര്‍ക്കോ റഫറിക്കോ ആര്‍ക്കാണു പ്രാധാന്യം കല്പിക്കപ്പെട്ടിരിക്കുന്നത് ആ ആളിലായിരിക്കും ആത്യന്തികമായ അധികാരം നിക്ഷിപ്തമായിരിക്കുന്നത്.