This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമോര്യര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അമോര്യര്‍
Amorites
പുരാതനകാലത്ത് പശ്ചിമേഷ്യയെ അധിവസിച്ചിരുന്ന ഒരു ജനവര്‍ഗം. അമോര്യര്‍ എന്ന പദംകൊണ്ട് പ്രസ്തുത ജനവര്‍ഗം മാത്രമല്ല, അവരുടെ ഭാഷയും അധിവാസഭൂമിയും സാമൂഹികസത്തയും ആദ്യകാലത്തു വിവക്ഷിക്കപ്പെട്ടിരുന്നു. പില്ക്കാലത്ത് അതിന് അര്‍ഥഭേദം സംഭവിച്ചു. ചരിത്രസംഭവങ്ങളുടെയും ഭാഷാവികാസത്തിന്റെയും ഫലമായിരുന്നു അത്. 'അമോറൈറ്റ്' എന്ന സംജ്ഞ ഉത്തര അറേബ്യയുമായും കനാന്യര്‍ എന്ന ഒരു സെമിറ്റിക് വര്‍ഗവുമായും ബന്ധപ്പെട്ടിരുന്നു. ബി.സി. 1600 ആയപ്പോഴേക്കും അതിന് അറേബ്യയുമായി ബന്ധമില്ലാതായിത്തീര്ന്നു; പകരം പാശ്ചാത്യഭൂഭാഗത്തിന്റെ നാമമായി മാറി. അവസാനം 'അമോറൈറ്റ്' ജനവര്‍ഗത്തിന്റെ മാത്രം നാമമായി ചുരുങ്ങുകയും ചെയ്തു. ഈ ജനവര്‍ഗത്തെപ്പറ്റിയുള്ള ആധുനികവിജ്ഞാനത്തിനടിസ്ഥാനം അവരെപ്പറ്റി പുരാതന ശിലാരേഖകളിലും പഴയനിയമത്തിലും കാണപ്പെടുന്ന പരാമര്‍ശങ്ങള്‍ മാത്രമാണ്.
അമോര്യരുടെ ചരിത്രത്തെ കാലഗണനയനുസരിച്ചു നാലു ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ബി.സി. 2400-2000 വരെയുള്ള കാലമാണ് ആദ്യഘട്ടം. ഇക്കാലത്തു മൂന്നുതരത്തില്‍പ്പെട്ട അമോര്യര്‍ ഉണ്ടായിരുന്നു. ഇവരില്‍ ഒരു വിഭാഗം അറേബ്യയെ അധിവസിച്ചുവന്നു. ഇവര്‍ ഉര് രാജാക്കന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. രണ്ടാമത്തെ കൂട്ടര് യൂഫ്രട്ടീസ് നദിയുടെ കി. പര്‍വതങ്ങളില്‍ താമസിച്ചിരുന്നവരായിരുന്നു. സുമേറിയരുടെയും അക്കേഡിയരുടെയും കൂലിക്കാരായി കഴിഞ്ഞിരുന്നവരാണു മൂന്നാമത്തെ കൂട്ടര്. ഇവര്‍ തങ്ങളുടെ വംശപരമായ പ്രത്യേകതകള്‍ നിലനിര്ത്തിപ്പോന്നതു കാരണം ആദ്യവിഭാഗങ്ങളില്നിന്നും വ്യത്യസ്തരായിരുന്നു. ഇവരെ മര്തു (Martu), അമുരു (Amurru) എന്നീവിധമാണു വിളിച്ചിരുന്നത്. ഈ കാലഘട്ടത്തിലെ അമോര്യര്‍ പൊതുവേ പ്രാകൃതന്മാരായിരുന്നു. ഇവര്‍ പച്ചമാംസം ഭക്ഷിച്ചുവന്നു. വാസ്തുവിദ്യ അവര്‍ക്ക് അജ്ഞാതമായിരുന്നു. ഇവര്‍ക്കു മൃതദേഹം മറവുചെയ്യുന്ന സമ്പ്രദായമില്ലായിരുന്നു. ഇവര്‍ യൂഫ്രട്ടീസ് തടത്തിലെ പരിഷ്കൃത ജനതയെ ആക്രമിച്ചിരുന്നു. ഈ ആക്രമണമായിരുന്നു ഉര് സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കു കാരണം.
ബി.സി. 2000-1600 വരെയുള്ള രണ്ടാംഘട്ടത്തില്‍ അമോര്യര്‍ അറേബ്യയില്‍നിന്ന് ബാബിലോണിയ, സിറിയ, പലസ്തീന് എന്നിവിടങ്ങളില്‍ വന്‍തോതില്‍ കുടിയേറ്റം നടത്തി. സെമിറ്റിക്ക് ഗോത്രത്തില്‍പ്പെട്ട ഒരു അവികസിത ഭാഷയാണ് ഇവര്‍ അക്കാലത്ത് സംസാരിച്ചിരുന്നത്. കനാന്യ എന്നായിരുന്നു അതിന്റെ പേര്. അമോര്യര്‍ ബാബിലോണിയയിലെ രാജാക്കന്മാരായി. രാജാക്കന്മാര് ഗോത്രത്തലവന്മാരായി അംഗീകരിക്കപ്പെട്ടു. മധ്യ യൂഫ്രട്ടീസ് തടത്തിലും അമോര്യര്‍ ശക്തിപ്രാപിച്ചു. പ. ഭാഗത്ത് ഇവരുടെ രാഷ്ട്രീയകേന്ദ്രം ഹലാബ് (അലിപ്പോ) നഗരമായിരുന്നു. അലിപ്പോയിലും പലസ്തീനിലും അമോര്യര്‍ ഹൂറിയന്‍ ജനതയുമായി ഇടകലര്‍ന്നു.
രണ്ടാംഘട്ടത്തെ പിന്തുടര്ന്നെത്തിയ അന്ധകാരയുഗത്തില്‍ അമുരു എന്ന പദവും കനാന്യ എന്ന ഭാഷയും അറേബ്യയില്‍ നിന്ന് അപ്രത്യക്ഷമായി. അവ സിറിയയിലും പലസ്തീനിലും പ്രചാരം നേടി. അമര്‍ണാ ഭാഷയിലെ 'അമുരു' എന്ന പദം അര്വാഡ് തുറമുഖത്തിനും ലബനോണിനുമിടയ്ക്കു സ്ഥിതി ചെയ്തിരുന്ന ഒരു ചെറിയ രാജ്യത്തിന്റെ നാമമായിട്ടാണ് ഉപയോഗിച്ചിരുന്നത്.
നാലാംഘട്ടത്തില്‍ അമോര്യര്‍ സിറിയ, പലസ്തീന്, ഫിനീഷ്യ എന്നിവിടങ്ങളില്‍ ശക്തിപ്രാപിച്ചു. സിറിയയുടെ ഒരു ഭാഗത്തെയും, ഫിനീഷ്യ, പലസ്തീന് എന്നിവയുടെ മുഴുവന്‍ ഭൂഭാഗത്തെയും കുറിക്കുന്ന ഒരു സംജ്ഞയെന്ന നിലയ്ക്കാണ് അമുരു എന്ന പദം അസീറിയന്‍ ശിലാലിഖിതങ്ങളില്‍ പ്രയോഗിച്ചിരിക്കുന്നത്.
അമോര്യരെ ഇസ്രയേല്‍മക്കള്‍ കീഴടക്കിയതായി പഴയനിയമത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. കനാന്റെ പതിനൊന്നു പുത്രന്മാരില് ഒരാളായ അമോര്യനെപ്പറ്റി ഉത്പത്തിപുസ്തകം പരാമര്‍ശിക്കുന്നു (X, 16). അര്‍ന്നോന്‍ മുതല്‍ യബ്ബോക്കുവരെയും അമോര്യരുടെ അതിര്‍ത്തിവരെയും ഉള്ള മോവാബ് രാജ്യം വാണിരുന്ന 'അമോര്യരുടെ രാജാവായ' സീഹോണിനെപ്പറ്റി ആവര്ത്തനപ്പുസ്തകത്തില് (III. 11) വിവരിക്കുന്നു.