This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അച്യുതമേനോന്‍, സി.പി.
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അച്യുതമേനോന്‍, സി.പി. (1862 - 1937)
സാഹിത്യവിമര്‍ശകനും പത്രപ്രവര്‍ത്തകനും ചരിത്രകാരനും. തൃശൂര്‍ വടക്കേക്കുറുപ്പത്തു വലിയ കുഞ്ഞന്‍ മേനോന്റെയും ചങ്ങരംപൊന്നത്തു പാര്‍വതി അമ്മാളുടെയും മകനായി കൊ. വ. 1037-ാമാണ്ട് (1862) മേടമാസത്തില്‍ ജനിച്ചു. ബാല്യകാലത്തു സംസ്കൃതത്തിലെ പ്രാഥമികപാഠങ്ങള്‍ അഭ്യസിച്ചു. പത്താമത്തെ വയസ്സില്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ചു. കോഴിക്കോട്ട് കേരള വിദ്യാശാലയില്‍ചേര്‍ന്നു പഠിച്ച് മെട്രിക്കുലേഷനും എഫ്.എ.യും പാസ്സായി. പിന്നീട് മദിരാശി പ്രസിഡന്‍സി കോളജില്‍ ചേര്‍ന്ന് ഉയര്‍ന്ന രീതിയില്‍ ബി.എ. പരീക്ഷ ജയിക്കുകയും സംസ്കൃതത്തിന് ഒന്നാംക്ളാസ്സും ഒന്നാംറാങ്കും നേടുകയും ചെയ്തു.
ഇദ്ദേഹത്തിന്റെ ഔദ്യോഗികജീവിതം വൈവിധ്യപൂര്‍ണമായിരുന്നു. ബി.എ. ജയിച്ചുകഴിഞ്ഞ് ഏതാനുംമാസം ചെന്നൈയിലെ പച്ചയ്യപ്പാസ് കോളജില്‍ മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചു. അതിനുശേഷം കൊച്ചിരാജകുടുംബത്തിലെ കൊച്ചുതമ്പുരാക്കന്‍മാരെ സംസ്കൃതവും ഇംഗ്ളീഷും പഠിപ്പിക്കുന്ന ട്യൂട്ടറായി കുറേനാള്‍ സേവനം അനുഷ്ഠിച്ചു. പിന്നീട് കൊച്ചി പ്രാഥമികവിദ്യാഭ്യാസപരിഷ്കരണ കമ്മിറ്റിസൂപ്രണ്ട്, സെന്‍സസ് റിപ്പോര്‍ട്ടു സെക്രട്ടറി, പുരാവസ്തുഗവേഷണക്കമ്മിഷന്‍ സെക്രട്ടറി, ദിവാന്‍ജിയുടെ സെക്രട്ടറി എന്നീ വിവിധതലങ്ങളില്‍ പ്രശംസനീയമായ സേവനം അനുഷ്ഠിച്ചു. 1890-ല്‍ മണ്ണത്താഴത്തു വീട്ടില്‍ കുട്ടിപ്പാറുഅമ്മയെ വിവാഹം ചെയ്തു.
അച്യുതമേനോന്‍ ഇംഗ്ളീഷിലും മലയാളത്തിലും സംസ്കൃതത്തിലും ഒരുപോലെ പ്രാവീണ്യം നേടിയ വ്യക്തിയായിരുന്നു. കൊച്ചി സ്റ്റേറ്റ് മാനുവല്‍, ലാന്‍ഡ് റവന്യു മാനുവല്‍ എന്നീ ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റെ പരിപക്വമായ ഇംഗ്ളീഷ്ശൈലിക്കുള്ള മികച്ച മാതൃകകളായി നിലകൊള്ളുന്നു.
സാഹിത്യപ്രവര്‍ത്തനത്തിനുള്ള സൌകര്യത്തിനുവേണ്ടി വിദ്യാവിനോദിനി എന്നൊരു മാസികയുടെ പ്രസാധനം തുടങ്ങി. മലയാളസാഹിത്യത്തില്‍ നൂതനമായൊരു ചലനം സൃഷ്ടിക്കുവാനും പുതിയൊരു സാഹിത്യസമീക്ഷാസമ്പ്രദായം വളര്‍ത്തി എടുക്കുവാനും ഈ മാസികയിലൂടെ ഇദ്ദേഹത്തിനു സാധിച്ചു. എല്ലാ വിഷയങ്ങളെയുംപറ്റിയുള്ള ഉപന്യാസങ്ങളും നിഷ്പക്ഷമായ ഗ്രന്ഥവിമര്‍ശനവും വിദ്യാവിനോദിനിയെ ഗണനീയമായ ഒരു ശക്തിയാക്കിത്തീര്‍ത്തു. പില്ക്കാലത്തു പല മലയാളസാഹിത്യമാസികകള്‍ക്കും ഇത് മാതൃകയായിത്തീര്‍ന്നു.
അച്യുതമേനോന്റെ നേതൃത്വത്തില്‍ ഉണ്ടായ ഉത്തരരാമചരിതം പരിഭാഷ പ്രസിദ്ധമാണ്. വിനോദചിന്താമണി എന്ന നാടകക്കമ്പനിക്കുവേണ്ടി തയ്യാറാക്കിയതാണ് ഈ തര്‍ജുമ.
അനനുകരണീയമായ ഒരു ഗദ്യശൈലി ഇദ്ദേഹത്തിനുവശമായിരുന്നു. 'ശാസ്ത്രീയവിഷയങ്ങളെ കാഠിന്യം കളഞ്ഞു ലളിതമാക്കി കവിസൂക്തിസുലഭമായ മാധുര്യത്തോടുകൂടി എഴുതുന്നതില്‍ അച്യുതമേനോനു വിശേഷസാമര്‍ഥ്യമുണ്ട്' എന്ന് വലിയകോയിത്തമ്പുരാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 'അത്യന്തം ഊര്‍ജസ്വലവും ഫലിതസമ്പൂര്‍ണവും ബഹിരന്തഃസ്ഫുരദ്രസവുമായിരുന്നു അദ്ദേഹത്തിന്റെ ഗദ്യശൈലി' എന്ന് ഉള്ളൂര്‍ പ്രസ്താവിച്ചിട്ടുള്ളതും ഇവിടെ സ്മര്‍ത്തവ്യമാണ്. മലയാളത്തില്‍ സജീവവും സമീചീനവുമായ സാഹിത്യവിമര്‍ശനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്ന ബഹുമതി നേടിയ സി.പി. അച്യുതമേനോന്‍ 1937 ജൂല. 3-ന് (കൊ.വ. 1112 മീനം 21-ന്) അന്തരിച്ചു.