This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അങ്കപ്പോര്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അങ്കപ്പോര്

കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഒരു പ്രത്യേകതരം ദ്വന്ദ്വയുദ്ധം. അങ്കവും പോരും ഏതാണ്ട് ഒരേ അര്‍ഥത്തിലുള്ള പദങ്ങളാണ്. അങ്കം, അങ്കംവെട്ട് എന്നീ പേരുകളിലും ഇത് അറിയപ്പെട്ടിരുന്നു. രണ്ടുപേര്‍ തമ്മില്‍ നേരിട്ടോ പോരാളികളെ ഏര്‍പ്പെടുത്തിയോ യുദ്ധം ചെയ്ത് ജയാപജയങ്ങള്‍കൊണ്ട് ന്യായാന്യായങ്ങള്‍ തീരുമാനിക്കുന്ന സമ്പ്രദായമായിരുന്നു ഇത്. വ്യക്തികളും കുടുംബങ്ങളും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന് മറ്റ് ഉപായങ്ങള്‍ ഫലപ്പെടാതെ വരുമ്പോള്‍ അങ്കംവെട്ടി വിധി നിര്‍ണയിക്കുകയായിരുന്നു പതിവ്. രാജാവിന്റെ അനുമതിയോടെയാണ് അങ്കപ്പോര് നടത്തേണ്ടത്. ആ അനുവാദം കിട്ടാന്‍ പ്രത്യേകം അങ്കപ്പണം (കരം) കെട്ടിവയ്ക്കണം. മറ്റു പലതരം ചുങ്കങ്ങളോടൊപ്പം രാജഭണ്ഡാരത്തിലേക്കുള്ള ആദായമാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു അങ്കപ്പണം. അങ്കചുങ്കങ്ങളും ഏഴകോഴകളും എല്ലാം പഴയ രേഖകളില്‍ ധാരാളം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

'അങ്കംവെട്ടിയാലെ ചേകോരാകൂ, പുലസ്യം അണിഞ്ഞാലെ നായരാകൂ' എന്ന് വടക്കന്‍ പാട്ടുകളില്‍ പറഞ്ഞിരിക്കുന്നതില്‍നിന്ന് അങ്കംവെട്ടിന് അന്ന് ഉണ്ടായിരുന്ന പ്രാധാന്യം വ്യക്തമാണ്. ആരോമല്‍ചേകവര്‍ എന്ന വടക്കന്‍പാട്ടില്‍നിന്ന് ഈ വിഷയത്തെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ മനസ്സിലാക്കാം. വിവാദങ്ങള്‍ തീര്‍ക്കാന്‍ സ്വീകരിച്ചിരുന്ന ഉപായങ്ങളില്‍ അവസാനത്തെ കൈയായിരുന്നു അങ്കപ്പോര്. തറകൂട്ടം, നാട്ടുകൂട്ടം മുതലായ ജനകീയസംഘങ്ങള്‍ ശ്രമിച്ചിട്ടും തീര്‍പ്പുകള്‍ ഉണ്ടാക്കാത്ത സംഗതികളിലായിരുന്നു കക്ഷികള്‍ അങ്കംവെട്ടിന് മുതിര്‍ന്നിരുന്നത്. അങ്കപ്പോരിനുള്ള നിശ്ചയം നാടുവാഴിയെയും മാലോകരെയും അറിയിച്ചിരുന്നു. പിന്നെ അങ്കംവെട്ടാനുളള തയ്യാറെടുപ്പ് തുടങ്ങുകയായി. കക്ഷികള്‍ക്ക് തമ്മില്‍ അങ്കംവെട്ടി ഫലം നിര്‍ണയിക്കാം; അല്ലെങ്കില്‍ അങ്കംവെട്ടാന്‍ കെല്പുള്ള 'ചേകോന്‍മാരെ' ഏര്‍പ്പെടുത്താം. ചേകോന് പോരില്‍ അപായം നേരിടാമെന്നുള്ളതുകൊണ്ട് അയാള്‍ക്ക് നഷ്ടപരിഹാരമായി പണക്കിഴി കൊടുക്കണം. അതുപോലെ മറ്റു ചിലര്‍ക്കും കിഴികള്‍ കൊടുക്കേണ്ടിയിരുന്നു. 'വീട്ടുകിഴി നാലും വേറെ വച്ചു, നാട്ടുകിഴി നാലും വേറെവച്ചു, അങ്കക്കിഴി മൂന്നും വേറെവച്ചു എന്നാണ് പാട്ടില്‍ പറയുന്നത്. വീട്ടുകിഴി ചേകോന്റെ തറവാട്ടിലേക്കും നാട്ടുകിഴി നാടുവാഴിക്കും അങ്കക്കിഴി ചേകോര്‍ക്കും ആയിരുന്നു. അങ്കത്തിനു ദിവസം നിശ്ചയിക്കുക, അങ്കംവെട്ടാന്‍ തട്ടുപണിയുക, മാലോകരെ വിവരം അറിയിക്കുക എന്നിവ പ്രധാനപ്പെട്ട കാര്യങ്ങളായിരുന്നു. നിശ്ചിതസമയത്ത് നാട്ടുകാരും നാടുവാഴിയും കക്ഷികളും സ്ഥലത്തു ചെല്ലും. പിന്നെ ഇരുകക്ഷികളും അങ്കത്തട്ടില്‍ കയറി തര്‍ക്കകാര്യങ്ങള്‍ മുഴുവന്‍ വിസ്തരിച്ചു പറയും. അതിനുശേഷം അങ്കപ്പോരു തുടങ്ങുകയോ, അല്ലെങ്കില്‍ ഒരു കോഴി അങ്കം നടത്തി ഭാഗ്യപരീക്ഷ ചെയ്യുകയോ ആകാം. പ്രത്യേകം പരിശീലിപ്പിച്ച പോരുകോഴികളെക്കൊണ്ടായിരുന്നു കോഴിയങ്കം നടത്തിയിരുന്നത്. കോഴി അങ്കത്തിന്റെ ഫലംകൊണ്ടും കക്ഷികള്‍ക്ക് സമ്മതമായില്ലെങ്കില്‍ പിന്നെ ആളങ്കമാണ് - കക്ഷികളോ, ചേകോന്‍മാരോ തമ്മിലുള്ള ദ്വന്ദ്വയുദ്ധം - നടക്കേണ്ടത്. അങ്കംവെട്ടുന്ന സമയത്ത് സഹായത്തിനായി ചേകോന്‍മാര്‍ ഓരോ തുണയാളെക്കൂടി വയ്ക്കാറുണ്ടായിരുന്നു.

ഇത്തരം ചടങ്ങുകള്‍ ഒന്നും ഇല്ലാതെ നടത്തിയിരുന്ന ദ്വന്ദ്വയുദ്ധത്തിനു 'പൊയ്ത്തു' എന്ന് പറഞ്ഞിരുന്നു.

മധ്യകാലങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ചില പ്രശ്നങ്ങളെച്ചൊല്ലി ദ്വന്ദ്വയുദ്ധം (Duel) നടത്തുന്ന പതിവുണ്ടായിരുന്നു. നോ: ദ്വന്ദ്വയുദ്ധം

(ശൂരനാട്ടു കുഞ്ഞന്‍പിള്ള) [[Category:]]ആയോധനമുറ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍