This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്വാ റീജിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അക്വാ റീജിയ

Aqua regia

സ്വര്‍ണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉത്കൃഷ്ട ലോഹങ്ങളുടെ (noble metals) ലായകം. സാന്ദ്ര നൈട്രിക്, ഹൈഡ്രോക്ലോറിക് അമ്ലങ്ങള്‍ 1:3 വ്യാപ്താനുപാതത്തില്‍ മിശ്രണം ചെയ്തുണ്ടാക്കുന്നതാണിത്. ലോഹരാജനെന്നു സങ്കല്പിച്ചിരുന്ന സ്വര്‍ണത്തെ അലിയിക്കുന്നതു കൊണ്ടാണ് രസവാദികള്‍ ഇതിന് ഈ പേരിട്ടത്. 'രാജകീയജലം' (Royal water) എന്നാണ് പദത്തിന്റെ അര്‍ഥം. മുന്‍പറഞ്ഞ മൂന്നു ലോഹങ്ങളും ഈ ലായകത്തില്‍ വേഗം അലിയും. ഇറിഡിയം, റൂഥിനിയം, റോഡിയം എന്നീ ലോഹങ്ങള്‍ മന്ദമായേ അലിയൂ.

അക്വാ റീജിയയില്‍ ക്ലോറൈഡ് അയോണിന്റെ സാന്ദ്രത വളരെ കൂടുതലാണ്. ഈ അയോണുകള്‍ ലോഹത്തോടു ചേര്‍ന്നു സാമാന്യം സ്ഥിരതയുള്ള കോംപ്ലക്സ് അയോണ്‍ ലഭ്യമാക്കുന്നു.ഉദാഹരണമായി

Au+3NO-3+4Cl-+6H+ →AuCl-4+3NO2+3H2O

നൈട്രിക് അമ്ലവും ഹൈഡ്രോക്ലോറിക് അമ്ലവും തമ്മില്‍ രാസപരമായി പ്രവര്‍ത്തിക്കുമ്പോള്‍ നൈറ്റ്രോസില്‍ ക്ലോറൈഡ് (NOCL) എന്ന ഓക്സീകാരകയൗഗികം ഉണ്ടാകുന്നുണ്ട്.

HNO3+3HCl →Cl2+NOCl+2H2O

ചില ഇരുമ്പയിരുകള്‍, ഫോസ്ഫേറ്റുകള്‍, ശിലകള്‍, ലോഹകിട്ടങ്ങള്‍ (metal slags), മിശ്രലോഹങ്ങള്‍ എന്നിവ ഈ ലായകത്തില്‍ അലിയിക്കാം. കാരീയം (lead), രസം (mercury), ആന്റിമണി, കൊബാള്‍ട്ട് എന്നിവയുടെ സള്‍ഫൈഡുകളെയും ഇതില്‍ അലിയിക്കാം. തന്മൂലം ഇത് രാസവിശ്ലേഷണ പ്രക്രിയകളില്‍ വളരെ പ്രയോജനപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍