This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിക്കോള്‍, ഷാര്‍ല് ഷൂള്‍ ആങ്റി (1866 - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിക്കോള്‍, ഷാര്‍ല് ഷൂള്‍ ആങ്റി (1866 - 1936)

Nicol,Charles Jules Henri

Image:Niccol Charles Jules henri.png

നോബല്‍ സമ്മാനിതനായ ഫ്രഞ്ച് ബാക്ടീരിയ വിജ്ഞാനി. പേനുകളാണ് ടൈഫസ് രോഗ സംക്രമണകാരകങ്ങള്‍ എന്ന കണ്ടെത്തലാണ് നോബല്‍ സമ്മാനത്തിന് ഇദ്ദേഹത്തെ അര്‍ഹനാക്കിയത്.

1866 സെപ്. 21-ന് ഫ്രാന്‍സിലെ റൂനില്‍ ജനിച്ചു. ഭിഷഗ്വരനായ പിതാവില്‍ നിന്നു ജീവശാസ്ത്രത്തില്‍ ശിക്ഷണം ലഭിച്ച നിക്കോള്‍ മെഡിക്കല്‍ കോളജില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജനനേന്ദ്രിയ സംബന്ധമായ ഒരിനം സാംക്രമിക രോഗത്തെ കുറിച്ചു നടത്തിയ പഠനങ്ങള്‍ക്ക് (റിസര്‍ച്ചസ് ഓണ്‍ സോഫ്റ്റ് ഷാങ്കെര്‍) എം.ഡി ബിരുദം ലഭിച്ചു. തുടര്‍ന്ന് റൂണില്‍ തിരികെ എത്തിയ നിക്കോള്‍ റൂണ്‍ മെഡിക്കല്‍ കോളജില്‍ അധ്യാപകനായി ചേരുകയും 1896-ല്‍ അവിടുത്തെ ഡയറക്ടറായി നിയമിതനാവുകയും ചെയ്തു. 1903 വരെ ഈ പദവിയില്‍ തുടര്‍ന്ന ഇദ്ദേഹം പിന്നീട് ടൂണിസിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തലവനായി നിയമിതനായി. ഡിഫ്തീരിയയുടെ പ്രതിസിറം ഉത്പാദനത്തില്‍ ശ്രദ്ധ പതിപ്പിച്ചുകൊണ്ടാണ് നിക്കോള്‍ തന്റെ ഗവേഷണജീവിതം ആരംഭിക്കുന്നത്. തുടര്‍ന്നുള്ള 33 വര്‍ഷക്കാലംകൊണ്ട് ഇദ്ദേഹത്തിന്റെ സാരഥ്യത്തില്‍ ടൂണിസ് പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാക്ടീരിയോളജിക്കല്‍ ഗവേഷണകേന്ദ്രം എന്ന നിലയില്‍ ആഗോളപ്രശസ്തി നേടി. സാംക്രമിക രോഗങ്ങള്‍ക്കുള്ള സിറവും വാക്സിനുകളും നിര്‍മിക്കുന്ന ഒരു പ്രധാന കേന്ദ്രവുമായി ഈ സ്ഥാപനത്തെ വികസിപ്പിക്കുന്നതിലും നീക്കോള്‍ കാരണഭൂതനായി.

ഈ കാലഘട്ടത്തിലാണ് ടൈഫസ് രോഗം കൊടുംഭീതി പരത്തിക്കൊണ്ട് വ്യാപകമായി പടര്‍ന്നു പിടിച്ചത്. രോഗബാധിതരായ വ്യക്തികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശരീരം കഴുകി വൃത്തിയാക്കുകയും വസ്ത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്താല്‍ രോഗം സംക്രമിക്കുന്നില്ലെന്നു മനസിലാക്കിയതോടെ ടൈഫസ് രോഗകാരകം തൊലിപ്പുറത്തോ വസ്ത്രത്തിലോ ആണെന്ന് നിക്കോള്‍ തിരിച്ചറിഞ്ഞു. ഈ അറിവ് രോഗകാരകം നിര്‍ണയിക്കുന്നതിലെ വഴിത്തിരിവായി. അങ്ങനെ മനുഷ്യനുള്‍പ്പെടുന്ന മൃഗശരീരത്തിലെ പേനുകള്‍ (പെഡിക്കുലസ് ഹ്യുമാനസ്) ആണ് ടൈഫസ് വിപത്തിനു കാരണമെന്ന് കുരങ്ങുകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്ന് നീക്കോള്‍ തെളിയിച്ചു (1909).

ഈ ദിശയില്‍ നടത്തിയ തുടര്‍ പഠനങ്ങളിലൂടെ എലികളിലെ ചെള്ളുകള്‍ പടര്‍ത്തുന്ന മ്യൂറൈന്‍ ടൈഫസും പേന്‍ പടര്‍ത്തുന്ന ടൈഫസും തമ്മില്‍ വേര്‍തിരിച്ചറിയുന്നതിനുള്ള വഴിയൊരുക്കുന്നതിനും നിക്കോളിനു സാധിച്ചു. ടൈഫസിന്റെ സംക്രമണരീതിയെകുറിച്ചുള്ള നിക്കോളിന്റെ കണ്ടെത്തലുകളാണ് 1914-18, 1939-45 ലോകയുദ്ധങ്ങളില്‍ ടൈഫസ് സംക്രമണം പ്രതിരോധിക്കുന്നതിനു സഹായകമായത്. ബ്രൂസെല്ലോസിസ് (Brucellosis), മീസില്‍സ്, ഡിഫ്തീരിയ, ക്ഷയം തുടങ്ങിയ രോഗങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തമായ അറിവ് ലഭ്യമാക്കുന്നതിലും നിക്കോളിന്റെ സംഭാവനകള്‍ ഗണ്യമാണ്.

1936 ഫെ. 28-ന് ട്യൂണിസില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍