This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഒഫ് ടെക്നോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഒഫ് ടെക്നോളജി

National Institutes of Technology(NIT)

ഇന്ത്യയില്‍ എഞ്ചിനീയറിങ്, വിവരസാങ്കേതിക മേഖലകളില്‍ ബിരുദ, ബിരുദാനന്തര ഗവേഷണ പഠനങ്ങള്‍ക്കായുള്ള ദേശീയസ്ഥാപനങ്ങള്‍. തുടക്കത്തില്‍ റീജിയണല്‍ എഞ്ചിനീയറിങ് കോളജുകള്‍ (REC) എന്നായിരുന്നു ഇവ അറിയപ്പെട്ടിരുന്നത്. സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കീഴിലായിരുന്ന ഈ സ്ഥാപനങ്ങളെ 2002-ല്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം ഏറ്റെടുക്കുകയും അവയുടെ പദവി ഉയര്‍ത്തിക്കൊണ്ട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഒഫ് ടെക്നോളജി എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 2007-ലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആക്റ്റ് പ്രകാരം ഇവ ഇപ്പോള്‍ സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളാണ്.

Image:NIT-Calicut-campus.png

രാജ്യത്ത് ഉന്നത നിലവാരത്തിലുള്ള ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസം ഏര്‍പ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ, 1959-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്റുവിന്റെ മുന്‍കൈയോടെയാണ് ആദ്യത്തെ റീജിയണല്‍ എഞ്ചിനീയറിങ് കോളജ് ഭോപ്പാലില്‍ സ്ഥാപിച്ചത്. ഇന്ന്, രാജ്യത്ത് 20 എന്‍.ഐ.ടി. കളാണ് ഉള്ളത്. ഭോപ്പാല്‍, അലഹബാദ്, കോഴിക്കോട്, ദുര്‍ഗാപൂര്‍, കുരുക്ഷേത്ര, ജംഷഡ്പൂര്‍, ജയ്പൂര്‍, നാഗ്പൂര്‍, റൂര്‍ക്കല, ശ്രീനഗര്‍, സൂറത്ത്കല്‍, സൂറത്ത്, തിരുച്ചിറപ്പള്ളി, വാറങ്കല്‍ എന്നിവയാണ് രാജ്യത്തെ പ്രധാന എന്‍.ഐ.ടി.കള്‍. ഇവ അത്രയും ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ടതാണ്. 1970-90 കാലത്ത് സില്‍ഝാര്‍, ഹാമിര്‍പൂര്‍, ജലന്തര്‍ എന്നിവിടങ്ങളിലും എന്‍.ഐ.ടി.കള്‍ സ്ഥാപിക്കപ്പെട്ടു. പിന്നീട്, പാറ്റ്ന, റായ്പൂര്‍, അഗര്‍ത്തല എന്നിവിടങ്ങളിലെ എഞ്ചിനീയറിങ് കോളജുകളെ 2002-ല്‍ കേന്ദ്രസര്‍ക്കാര്‍ എന്‍.ഐ.ടി. പദവിയിലേക്കുയര്‍ത്തി.

കേരളത്തിലെ ഒരേയൊരു എന്‍.ഐ.ടി. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ് സ്ഥിതിചെയ്യുന്നത്. കേന്ദ്രഭരണപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഇത്തരത്തിലുള്ള ഏക സ്ഥാപനം കരെക്കാലിലെ (പോണ്ടിച്ചേരി) എന്‍.ഐ.ടി.യാണ്.

എഞ്ചിനീയറിങ്, വിവരസാങ്കേതിക വിദ്യ എന്നിവയില്‍ നല്കപ്പെടുന്ന ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകളാണ് (ബി.ടെക്, എം.ടെക്, പി.എച്ച്ഡി. എന്നിവ) എന്‍.ഐ.ടി.കളില്‍ പ്രധാനമായും നല്കപ്പെടുന്നത്. ദേശീയതലത്തില്‍ നടത്തപ്പെടുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഓരോ കോഴ്സിലേക്കുമുള്ള പ്രവേശനം നല്കപ്പെടുന്നത്. സാമുദായിക സംവരണത്തിനു പുറമേ, അതതു സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ സ്ഥാപനത്തില്‍ പ്രത്യേകം സംവരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ക്രെഡിറ്റ് സംവിധാനത്തിലധിഷ്ഠിതമായ സെമസ്റ്റര്‍ സമ്പ്രദായമാണ് ഓരോ കോഴ്സിലും എന്‍.ഐ.ടി. പിന്തുടരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍