This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാരായണന് നമ്പൂതിരി, നരിപ്പറ്റ (1949-)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നാരായണന് നമ്പൂതിരി, നരിപ്പറ്റ (1949-)
കഥകളി നടന്, 1949 ന. 11-ന് കാറല്‍മണ്ണ നരിപ്പറ്റ ശങ്കരന് നമ്പൂതിരിയുടെയും ആര്യാ അന്തര്‍ജനത്തിന്റെയും പുത്രനായി ജനിച്ചു. എസ്.എസ്.എല്‍.സി.യും ഹിന്ദി പ്രവേശികയും പാസ്സായശേഷം ചെത്തല്ലൂര്‍ കുട്ടപ്പണിക്കരുടെ കീഴില്‍ കഥകളിപഠനം ആരംഭിച്ചു. അരങ്ങേറ്റവേഷം കുചേലവൃത്തത്തിലെ കൃഷ്ണനായിരുന്നു. 1962 മുതല്‍ ഗാന്ധിസേവാസദനത്തില്‍ കീഴ്പ്പടം കുമാരന്നായരുടെ കീഴില്‍ ഉപരിപഠനം നടത്തി. അതിനു കേന്ദ്രഗവണ്മെന്റിന്റെ സ്കോളര്‍ഷിപ്പ് ഉണ്ടായിരുന്നു. കുറച്ചുകാലം കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ ട്രസ്റ്റില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് തൃശ്ശൂര്‍ സ്കൂള്‍ ഒഫ് ഡ്രാമയില്‍ കഥകളി ഡെമോണ്സ്ട്രേഷന് നടത്തുന്ന അതിഥി അധ്യാപകനായിരുന്നു.
ആദ്യം സ്ത്രീവേഷങ്ങളും തുടര്‍ന്ന് ഇടത്തരം വേഷങ്ങളും അവതരിപ്പിച്ച ഇദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായത് കത്തിവേഷത്തിലൂടെയും വെള്ളത്താടിയിലൂടെയുമായിരുന്നു. കഥകളിയിലെ മുദ്രാഭിനയത്തില്‍ പല പരിഷ്കാരങ്ങളും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. നളന്, ദമയന്തി, പുഷ്കരന് തുടങ്ങിയവര്‍ക്കായി പുതിയ സംജ്ഞാ മുദ്രകള്‍ ഏര്‍പ്പെടുത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്.
കഥകളി നടനെന്ന രീതിയില്‍ ഇറ്റലി, ഇംഗ്ലണ്ട്, ജര്‍മനി, പോളണ്ട്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്. ഹിന്ദി കവിയായ നിരാലയുടെ രാംശക്തിപൂജ, സുബ്രഹ്മണ്യഭാരതിയുടെ കുയില്പാട്ട്, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്നിവയെ അധികരിച്ചിട്ടുള്ള കഥകളി അവതരണങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ദൃശ്യമാധ്യമരംഗത്തെ സവിശേഷ കഥകളി സംപ്രേഷണപരിപാടിയായ കഥകളി 'സമാരോഹ'ത്തിന്റെ അവതാരകന് എന്ന നിലയില്‍ കഥകളിയെ ജനകീയവത്കരിക്കുന്നതിനുള്ള സംരംഭത്തില്‍ പങ്കെടുത്തിട്ടുണ്ട്.