This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണക്കുരുക്കള്‍, കെ. (1861 - 1948)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായണക്കുരുക്കള്‍, കെ. (1861 - 1948)

മലയാളത്തിലെ ആദ്യ രാഷ്ട്രീയ നോവലിസ്റ്റ്. കൊല്ലവര്‍ഷം 1036 മീനം 8-ന് (1861) തിരുവനന്തപുരം പാല്‍ക്കുളങ്ങര ഉദയന്നൂര്‍ മഠത്തില്‍ ഭാരതിയമ്മയുടെയും വെങ്കടാചലം പോറ്റിയുടെയും മകനായി ജനിച്ചു. ജ്യോതിഷത്തിലും മന്ത്രത്തിലും പാണ്ഡിത്യം നേടിയതു കൂടാതെ, ബി.എ. ബിരുദം നേടി, അധ്യാപകനും ഇന്‍സ്പെക്റ്ററും ഹെഡ് മാസ്റ്ററും ആയി സേവനമനുഷ്ഠിച്ചു. പാറപ്പുറം, ഉദയഭാനു എന്നീ രണ്ട് ബൃഹദ് രാഷ്ട്രീയ നോവലുകള്‍ കൂടാതെ തത്ത്വചിന്താപരമായ രണ്ടു നോവലുകളും (എന്റെ ഗീത, ജ്യോതിഷ്മയി) രചിച്ചു. രാഷ്ട്രീയ നോവലുകളാണ് അദ്ദേഹത്തെ വിവാദപുരുഷനാക്കിയത്. ഇംഗ്ളീഷ് പഠനം, ജ്ഞാനം, പരിഷ്കാരം തുടങ്ങിയ വിഷയങ്ങളെപ്പറ്റിയുള്ള ഉപന്യാസങ്ങളും ഉപനിഷദ് വ്യാഖ്യാനത്തിലൂടെ സ്വന്തം ദര്‍ശനത്തിലെത്തുന്ന ശ്രീമതം എന്ന താത്ത്വിക ഗ്രന്ഥവും പ്രാധാന രചനകളാണ്.

അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലംതിരുനാളിന് ഒരുപറ്റം സ്വാര്‍ഥമോഹികളായ കുടിലബുദ്ധികള്‍ സേവകന്മാരും ഉപദേഷ്ടാക്കളുമായുണ്ടായിരുന്നുവത്രെ. മറുനാടനായ ദിവാന്റെ അസന്മാര്‍ഗചര്യയും സേവകരുടെ രാജ്യദ്രോഹവും ആണ് നോവലുകളില്‍ വിശദീകരിക്കുന്നത്.

തിരുവിതാംകൂര്‍ ചരിത്രത്തോട് ഇതിവൃത്ത സാമ്യതയും വിശദാഖ്യാനവും ഉള്ള ഈ നോവലുകള്‍ സി.വി.യുടെ ചരിത്ര നോവലുകളെപ്പോലെ ഗംഭീരങ്ങളാണ്. എന്നാല്‍ സി.വി.യുടേത് രാജ പ്രകീര്‍ത്തനമാണെങ്കില്‍ ഇത് പരോക്ഷമെങ്കിലും നിര്‍ദയമായ വിമര്‍ശനമാണ്. പരോക്ഷമാകുന്നത് അന്യാപദേശരീതിയില്‍, മഹാഭാരത കഥാപാത്രങ്ങളുടെ പേരു നല്കിയും സന്ദര്‍ഭ സാമ്യത വരുത്തിയും നിര്‍വഹിച്ച ആഖ്യാനരീതിയിലാണെന്നു പറയാം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തന്റെ രാഷ്ട്രീയ ഗുരുവായി സ്വീകരിച്ചത് കുരുക്കളെ ആണെന്നുള്ള വസ്തുത മതി ഇദ്ദേഹത്തിന്റെ വ്യക്തമായ ദിശാബോധവും ആദര്‍ശനിഷ്ഠയും സ്വാതന്ത്യ്രവാഞ്ഛയും വ്യക്തമാക്കുവാന്‍. ജനശക്തിയുടെ ക്ഷോഭത്തിലൂടെ ഇന്ത്യയെ ഒരു രാഷ്ട്രീയ ശക്തിയാക്കുക എന്ന ദേശീയ കാഴ്ചപ്പാട് വ്യക്തമാക്കിയ തിരുവിതാംകൂറിലെ ആദ്യത്തെ എഴുത്തുകാരനാണ് കുരുക്കള്‍. ഗ്രന്ഥരചനകൂടാതെ സത്യം, സ്വരാട് എന്നീ മാസികകള്‍ക്കും സ്വദേശാഭിമാനി, കേരളന്‍ വാരിക എന്നിവയ്ക്കും കുറേക്കാലം നേതൃത്വം നല്കി. സത്യഗ്രാഹി, വിജയ മംഗളം, ജ്ഞാനസുധ, കുസുമ മഞ്ജുഷ (ഒടുവിലത്തേത് രണ്ടും അപൂര്‍ണം) എന്നിവയാണ് ഇദ്ദേഹത്തിന്റെ ഇതരകൃതികള്‍.

ശരവ്യരായ വ്യക്തികളും മറ്റും എതിര്‍പ്രചാരണം നടത്തിയെങ്കിലും മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രസിക രഞ്ജിനിയില്‍ പാറപ്പുറത്തെക്കുറിച്ച് സര്‍വശ്ളാഘനീയമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. കേരളവര്‍മ വലിയകോയിത്തമ്പുരാനും മികച്ച അഭിനന്ദനമാണ് ഗ്രന്ഥകര്‍ത്താവിനു നല്കിയത്. ഇത്തരം പ്രോത്സാഹനവും തന്റെ ലക്ഷ്യമായ ജനകീയക്ഷോഭം കൃതിയിലൂടെ പടര്‍ന്നു വ്യാപരിക്കുന്നതിന്റെ ലക്ഷണവുമാണ് പാറപ്പുറത്തിനെത്തുടര്‍ന്ന് ഉദയഭാനു രചിക്കാന്‍ പ്രേരിപ്പിച്ചത്. ഉദയഭാനു എന്ന നായകനെ പൗരുഷശാലിയും തന്റെ ആദര്‍ശ ശിഷ്യനും ആയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതത്തിലാണ് കണ്ടത്. ആ ചരിത്രം പഠിക്കേണ്ടവര്‍ക്ക് ഈ നോവല്‍ അമൂല്യം തന്നെ.

സ്വദേശാഭിമാനിയുടെ പ്രസ്സ് കണ്ടുകെട്ടുകയും രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ആണ് അധികാരികള്‍ ചെയ്തത്. തന്റെ ദേശാഭിമാനോജ്ജ്വലങ്ങളായ ഗ്രന്ഥങ്ങള്‍ക്ക് രാമകൃഷ്ണപിള്ളയും അദ്ദേഹത്തിന്റെ സഹധര്‍മിണിയും നല്കിയ പ്രോത്സാഹനത്തെപ്പറ്റി ശ്രീ. കുരുക്കള്‍ ഉദയഭാനുവിന്റെ പ്രസ്താവനയില്‍ വിവരിക്കുന്നുണ്ട്. ഈ ഗ്രന്ഥങ്ങള്‍ കഴിവതും നശിപ്പിക്കാനും പ്രചരണം തടയുവാനും അധികാരികള്‍ക്കു കഴിഞ്ഞു. എങ്കിലും ചരിത്രപരമായ പ്രാധാന്യവും ദേശഭക്തി എന്ന സാംസ്കാരികമൂല്യവും നിമിത്തം ഉദയഭാനുവിന് അടുത്ത കാലത്തും പുതിയ പതിപ്പ് ഉണ്ടായി.

തൈക്കാട്ടു തെക്കേ മഠത്തില്‍ കാര്‍ത്ത്യായനിയമ്മയും അവരുടെ നിര്യാണാനന്തരം അമ്മുക്കുട്ടിയമ്മയും കുരുക്കളുടെ ഭാര്യമാരായിരുന്നു. ജോലിയില്‍ നിന്നു വിരമിച്ച് സന്ന്യാസവൃത്തിയില്‍ കഴിഞ്ഞ ഇദ്ദേഹം 1948-ല്‍ ആറ്റിങ്ങലില്‍ വച്ച് നിര്യാതനായി.

(പി. നാരായണക്കുറുപ്പ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍