This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാരകവര്‍ഗങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നാരകവര്‍ഗങ്ങള്‍
റൂട്ടേസി (Rutaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഓഷധിയും പഴവര്‍ഗവും. 150-ലധികം ജീനസ്സുകളും 1600-ലധികം സ്പീഷിസുമുള്ള റൂട്ടേസി സസ്യകുടുംബത്തിലെ പ്രധാന അംഗമാണ് നാരകവര്‍ഗങ്ങള്‍. നിത്യഹരിത ആരോമാറ്റിക വൃക്ഷങ്ങളും കുറ്റിച്ചെടികളും ഉള്‍പ്പെടുന്ന ഈ ജീനസ്സ് ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് വന്‍തോതില്‍ കൃഷി ചെയ്തു വരുന്നത്. നാരക (സിട്രസ്) ജീനസ്സിന് 16 സ്പീഷീസുകളുണ്ട്. സസ്യവര്‍ഗീകരണ ശാസ്ത്രജ്ഞര്‍ ഈ ജീനസ്സിനെ മൂന്നു ഉപജീനസ്സുകളായി തിരിച്ചിരിക്കുന്നു.
നാരകയിനങ്ങളുടെ ജന്മദേശം തെ. കിഴക്കന്‍ ഏഷ്യന്‍ മേഖലയാണെന്നാണ് നിഗമനം. ചൈനയിലും മറ്റു ചില പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാരകയിനങ്ങള്‍ കൃഷി ചെയ്തിരുന്നതായി രേഖകളുണ്ട്. എന്നാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ വ്യാപകമായി ഇതിന്റെ കൃഷിയാരംഭിക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലാണ്. മിക്ക ഉഷ്ണമേഖലാ രാജ്യങ്ങളിലും നാരകവര്‍ഗങ്ങള്‍ തോട്ടവിളയായി കൃഷി ചെയ്യുന്നുണ്ടെങ്കിലും ഏറ്റവുമധികം തോട്ടങ്ങളുള്ളത് ഉപോഷ്ണമേഖലയിലാണ്. കാനഡ, ഫ്ളോറിഡ തുടങ്ങിയ പ്രദേശങ്ങള്‍ ഇവയുടെ ഉത്പാദനത്തില്‍ മുന്നിലാണ്. സ്പെയിന്, പോര്‍ച്ചുഗല്‍, ഇറ്റലി, പലസ്തീന്, ആസ്റ്റ്രേലിയ, ജപ്പാന്, വെസ്റ്റിന്‍ഡീസ് തുടങ്ങിയ രാജ്യങ്ങളിലും ഇവ വന്‍തോതില്‍ കൃഷി ചെയ്യുന്നു.
നാരകയിനങ്ങളില്പ്പെടുന്ന സസ്യങ്ങള്‍ എല്ലാംതന്നെ നിത്യഹരിത കുറ്റിച്ചെടികളോ ചെറുവൃക്ഷങ്ങളോ ആയിരിക്കും. ഇവയുടെ തണ്ട് കാഠിന്യം കൂടിയതും ഇലകള്‍ ലഘുപത്രങ്ങളുമാണ്; പത്രപാളി തിളങ്ങുന്നതും ഇലകളുടെ സപക്ഷമായ (Winged) പത്രവൃന്തവും പത്രപാളിയും യോജിച്ചിരിക്കുന്നതുമാണ്. പത്രവൃന്തം തണ്ടുമായി സംയോജിച്ചിരിക്കും. പത്രപാളിയിലെ എണ്ണഗ്രന്ഥികള്‍ ഇവയ്ക്കു സവിശേഷമായ ഗന്ധം പ്രദാനം ചെയ്യുന്നു. ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്നും മുള്ളുകളുണ്ടാകുന്നു. നീണ്ട നാരുവേരുകള്‍ മാത്രമുള്ള നാരകയിനങ്ങള്ക്ക് മൂലലോമങ്ങള്‍ ഉണ്ടാകാറില്ല. ചെറിയ ശാഖാവേരുകളില് മൈക്കോറൈസയുടെ സഹവാസം കാണാറുണ്ട്.
ഇലയുടെ കക്ഷ്യങ്ങളില്‍ നിന്ന് ഒറ്റയായോ ചെറുകൂട്ടങ്ങളായോ ആണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ക്ക് സുഗന്ധമുണ്ട്. വെള്ളനിറമുള്ള പുഷ്പങ്ങള്‍ക്ക് ദളവും ദളപുടങ്ങളും അഞ്ചെണ്ണം വീതമുണ്ടായിരിക്കും. ചിലയിനങ്ങളില്‍ എണ്ണത്തില്‍ വ്യതിയാനം കാണാറുണ്ട്. ദളങ്ങളുടെ എണ്ണത്തിന്റെ നാലിരട്ടിയിലധികം കേസരങ്ങളുണ്ടായിരിക്കും; കേസരങ്ങള്‍ അഞ്ചു ഭാഗങ്ങളായി വിഭജിതമാണ്. ഓരോ വിഭാഗത്തിന്റെയും തന്തുക്കളുടെ ചുവടുഭാഗം യോജിച്ചിരിക്കും. ഊര്‍ധ്വവര്‍ത്തിയാണ് അണ്ഡാശയം. വര്‍ത്തിക ചെറുതാണ്. എല്ലാ നാരകയിനങ്ങളിലും കേസരവും ജനിപുടവും ഒരേ സമയം പക്വമാകുന്നതിനാല് സാധാരണയായി സ്വപരാഗണമാണ് നടക്കുക. എന്നാല്‍ ചിലയിനങ്ങളില്‍ കേസരങ്ങള്‍ ജനിപുടം വളര്‍ച്ചയെത്തുന്നതിനു മുന്‍പുതന്നെ വളര്ച്ചെയെത്തുന്നതിനാല് പരപരാഗണത്തിനു സാധ്യത വര്‍ധിക്കുന്നു. ഷഡ്പദങ്ങളാണ് പരാഗണത്തെ സഹായിക്കുന്നത്. പരാഗരേണുക്കളിലധികവും വന്ധ്യമായിരിക്കും. ചിലയിനങ്ങളില്‍ പാര്ത്തിനോകാര്പിയും നിലവിലുണ്ട്.
നാരകയിനങ്ങളില് കാണപ്പെടുന്ന ഒരവസ്ഥയാണ് ബഹുഭ്രൂണത (Polyembryony). നാരകയിനങ്ങളിലധികവും വംശവര്‍ധന നടത്തുന്നത് മുകുളനം, ഒട്ടിക്കല്‍ തുടങ്ങിയ കായിക പ്രവര്‍ധന രീതികള്‍ മുഖേനയാണ്. എപ്പോഴും നല്ല പ്രതിരോധശേഷിയുള്ള വന്യയിനങ്ങളാണ് റൂട്ട്സ്റ്റോക്കായി തിരഞ്ഞെടുക്കുന്നത്.
നാരകയിനങ്ങളുടെ ഫലം പ്രത്യേക രൂപത്തിലുള്ള ഹെസ്പിരിഡിയം എന്നറിയപ്പെടുന്ന ബെറിയാണ്. ഫലത്തിന്റെ ബാഹ്യഫലഭിത്തിയും (exocarp) മധ്യഫലഭിത്തിയും(mesocrap) കട്ടികൂടിയ തുകലുപോലുള്ള ഒരു തൊലിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഫലത്തിന്റെ ബാഹ്യചര്‍മ(epidermis))ത്തില്‍ കട്ടിയുള്ള ഉപചര്‍മ(cuticle)വും അനേകം സ്റ്റോമാരന്ധ്രങ്ങളും ഉണ്ടാവും. ബാഹ്യചര്മത്തിനുള്ളിലെ ബാഹ്യഫലഭിത്തി പ്രത്യേക ആകൃതിയോ വലുപ്പമോ ഇല്ലാത്ത പാരന്കൈമാകോശസ്തരമാണ്. പാകമാകാത്ത ഫലങ്ങളുടെ ഇത്തരം പാരന്കൈമാകോശങ്ങളില് ക്ളോറോഫില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ പ്രകാശസംശ്ളേഷണക്ഷമമായിരിക്കും. ക്ളോറോഫില്ലിന് പുറമേ ഇതില്‍ ധാരാളം എണ്ണഗ്രന്ഥികളും കാണപ്പെടുന്നു. ബാഹ്യഫലഭിത്തിക്കുള്ളില് പുതഞ്ഞിരിക്കുന്നതും ഒരിനം ബാഷ്പശീലതൈലം നിറഞ്ഞതുമായ ഈ എണ്ണഗ്രന്ഥികള്‍ വാഹികളല്ലാത്ത(ductless)താണെന്നൊരു സവിശേഷതയുമുണ്ട്. നാരകയിനങ്ങളുടെ വ്യതിയാനമനുസരിച്ച് ബാഷ്പശീലതൈലങ്ങളും വ്യത്യസ്തമായിരിക്കും. വന്‍തോതില്‍ നാരകവര്‍ഗങ്ങള്‍ കൃഷിചെയ്യുന്ന സ്ഥലങ്ങളില്ലൊം തന്നെ ഈ ബാഷ്പശീലതൈലം വേര്‍തിരിച്ചെടുക്കുന്നത് ഒരു ഉപവ്യവസായമായി വളര്‍ന്നിട്ടുണ്ട്.
ബാഹ്യഫലഭിത്തിക്കുള്ളിലായി മാംസളവും രസഭരവുമായ ഫലഭാഗത്തെ പൊതിഞ്ഞുകാണപ്പെടുന്ന വെളുത്ത സ്പോഞ്ചുപോലുള്ള കലകള്‍ ഉണ്ടാകും. ഇതാണ് മധ്യഫലഭിത്തി. മധ്യഫലഭിത്തിക്ക് ബാഹ്യഫലഭിത്തിയെക്കാള് കനം കൂടുതലാണ്. പ്രത്യേക ആകൃതിയോ വലുപ്പമോ ഇല്ലാത്ത കോശങ്ങള്‍ക്കിടയില്‍ ധാരാളം വായുസ്ഥലങ്ങളുള്ള പാരന്കൈമാകോശങ്ങള് കൊണ്ടാണ് മധ്യഫലഭിത്തി നിര്‍മിച്ചിരിക്കുന്നത്. കോശങ്ങളുടെ വ്യത്യാസത്തിനനുസൃതമായി ഇതിന്റെ കനത്തിനും വ്യത്യാസമുണ്ടായിരിക്കും. ഇതില്‍ ജീവകം 'സി', വിവിധയിനം പഞ്ചസാരകള്‍, സെല്ലുലോസ്, പെക്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. നാരകഫലങ്ങളില്നിന്നും പെക്ടിന്‍ വേര്‍തിരിച്ചെടുക്കുന്നതും ഒരു ഉപവ്യവസായമായി വികസിപ്പിച്ചിട്ടുണ്ട്.
ഫലമധ്യത്തിലെ വിത്തിന്റെ അക്ഷത്തിനു ചുറ്റുമായിട്ടാണ് അണ്ഡാശയത്തിലെ കാര്പലുകള് വികസിച്ച് മാംസളവും രസഭരവുമായ ഫലഭാഗം ഉണ്ടായിരിക്കുന്നത്. ഇവ ചേര്ന്നടുക്കിയ അനേകം ചെറുഖണ്ഡങ്ങളായിട്ടാണ് കാണപ്പെടുന്നത്. ഖണ്ഡങ്ങളോരോന്നും ഒരേ കാര്പലില് നിന്നാണ് വികസിച്ചിട്ടുള്ളത്. അന്തഃഫലഭിത്തി(endocarp)യില്‍ നിന്നും നീണ്ട് ഉണ്ടായിട്ടുള്ള നേര്‍ത്ത സുതാര്യമായ ഒരു തൊലി ഓരോ ഖണ്ഡത്തിനെയും പ്രത്യേകം പൊതിഞ്ഞിരിക്കും. ഓരോ ഖണ്ഡവും കാര്പെല്ഭിത്തിയില് നിന്നും പുറപ്പെടുന്ന അനേകം ബഹുകോശീയ ലോമങ്ങള്‍ നിറഞ്ഞതാണ്. ഫലം പക്വമാകുന്നതോടെ ഈ ലോമങ്ങള്‍ രസഭരങ്ങളായിത്തീരുന്നു. അക്ഷീയ വിന്യാസരീതിയിലുള്ള ഇതിന്റെ വിത്തുകള്‍ അറകള്‍ക്കുള്ളിലെ രസഭരനാരുകള്ക്കിടയില് കേന്ദ്ര അക്ഷത്തിനോടടുത്തായിട്ടാണ് കാണപ്പെടുന്നത്.
ഫലം പക്വമാകുന്നതോടെ ബാഹ്യഫലഭിത്തിയിലെ കോശങ്ങളിലെ ക്ളോറോഫില്‍ അപ്രത്യക്ഷമാവുകയും കരോട്ടിനോയിഡു വര്‍ണകങ്ങളുടെ സഹായത്താല്‍ ഫലത്തിന്റെ പച്ചനിറം മഞ്ഞകലര്ന്ന (ഓറഞ്ച്, മഞ്ഞ) നിറമായിത്തീരുകയും ചെയ്യുന്നു. അടുത്തകാലത്തായി നാരകഫലങ്ങളുടെ നിറവും മണവും വര്‍ധിപ്പിക്കുന്നതിനുള്ള കൃത്രിമമാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അനുകൂലമായ താപനിലയിലും അന്തരീക്ഷാര്ദ്രതയിലും പ്രത്യേകം നേര്‍മയുള്ള എത്തിലിന്‍ വാതകം പ്രയോഗിച്ച് ഓറഞ്ചിന് കടും ഓറഞ്ചു നിറമുണ്ടാക്കാന്‍ സാധിക്കും.
നാരകവര്ഗങ്ങളുടെ പഴച്ചാറില്‍ 80-90 ശ.മാ. പഞ്ചസാരകളും അമ്ളങ്ങളും അടങ്ങിയിരിക്കുന്നു. ഈ ഭേദമനുസരിച്ച് പഞ്ചസാരയുടെയും അമ്ളത്തിന്റെയും അളവില്‍ വ്യത്യാസം ഉണ്ടായിരിക്കും. ലമണു(lemon)കളിലും ലൈമു(lime)കളിലും സിട്രിക് അമ്ളത്തിന്റെ അംശം കൂടുതലായിരിക്കും. വളരെ ചെറിയ അളവില്‍ മറ്റു പല ജൈവാമ്ളങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ടാവും. നന്നായി പഴുത്ത ഫലത്തിലാണ് ഏറ്റവുമധികം പഴച്ചാറ് ഉണ്ടാവുക. ഇവയില്‍ അമ്ളാംശവും കൂടുതലായിരിക്കും. പഴച്ചാറില്‍ പഞ്ചസാരയും അമ്ളാംശവും പെക്ടിനും ധാതുലവണങ്ങളും ഗ്ളൂക്കോസൈഡുകളും കുറഞ്ഞ തോതില്‍ ജീവകങ്ങളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു. നാരങ്ങയില്‍ ജീവകം 'സി' ധാരാളമായുണ്ട്. ഒരേ സ്പീഷീസില്‍ത്തന്നെ കാണുന്ന സ്വഭാവ ജൈവവ്യതിയാനങ്ങളും വിവിധ സ്പീഷീസു തമ്മിലുള്ള ബാഹ്യസ്വഭാവങ്ങളുടെ സാമ്യവും നാരകവര്ഗത്തിന്റെ വര്‍ഗീകരണത്തെ സങ്കീര്‍ണമാക്കുന്നു. കൃഷി ചെയ്യുന്ന പലയിനങ്ങളും സങ്കരണഫലമായി ഉത്പാദിപ്പിക്കപ്പെട്ടവയാണ്. ഏഷ്യയില്‍ കൃഷി ചെയ്യുന്ന നാരകയിനങ്ങള്‍ പ്രധാനമായും ഏഴെണ്ണമാണ്.
സിട്രസ് സൈനെന്‍സിസ് (ഓറഞ്ച്); സിട്രസ് ലെമണ്‍ (ഇല(രു)മ്പിച്ചി നാരകം); സിട്രസ് ഔറന്റിഫോളിയ (ചെറുനാരകം); സിട്രസ് ഔറാന്റിയം (പുളി ഓറഞ്ച്), സിട്രസ് റെറ്റിക്കുലേറ്റ (മന്ഡാറിന് ഓറഞ്ച്); സിട്രസ് ഗ്രാന്റിസ് (പോമിലോ-ബമ്പിളിമാസ്); സിട്രസ് പാരഡൈസി.
സിട്രസ് സൈനെന്‍സിസ് (Citrus sinensis). ഇതൊരു പ്രധാന ഫലവര്‍ഗമാണ്. ചൈന ജന്മദേശമായ ഈയിനം ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്പുമുതല്ക്കേ കൃഷി ചെയ്തുവരുന്നു. മെഡിറ്ററേനിയന്‍ രാജ്യങ്ങളിലും തെക്കേ അമേരിക്കന്‍ സംസ്ഥാനങ്ങളിലും ചില ഉഷ്ണമേഖലാരാജ്യങ്ങളിലുമാണ് ഇത് ധാരാളമായി വളരുന്നത്. ഏകദേശം എട്ട് മീറ്ററോളം ഉയരത്തില്‍ നന്നായി പടര്‍ന്നു വളരുന്ന നിത്യഹരിതവൃക്ഷമാണിത്. ഇലകള്‍ക്ക് 7-10 സെ.മീ. നീളമുണ്ട്. വീതി കുറഞ്ഞ് അണ്ഡാകൃതിയിലുള്ള ഇലകളുടെ ആധാരഭാഗം ഉരുണ്ടിരിക്കും. കടുംപച്ചനിറമുള്ള ഇലകളുടെ പത്രവൃന്തം തീരെ ചെറുതായിരിക്കും. നാരകവര്ഗത്തിന്റെ സവിശേഷഗന്ധം ഇതിന് വളരെ നേരിയ തോതിലേയുള്ളു. വെളുത്തനിറവും നറുമണവുമുള്ള പുഷ്പങ്ങള്‍ വളരെ ചെറുതാണ്. ഫലങ്ങള്‍ കടുംമഞ്ഞയോ ഓറഞ്ചോ നിറമുള്ളതും ഉരുണ്ടതും പഴത്തൊലി ഇറുകിയതും ആയിരിക്കും. പഴച്ചാറില്‍ 5-8 ശ.മാ. പഞ്ചസാരകളും 1-2 ശ.മാ. സിട്രിക് അമ്ളവും സമൃദ്ധമായി ജീവകം 'സി'യും അടങ്ങിയിരിക്കുന്നു. ഇതിന്റെ ഇലകളില്‍ നിന്നും ഇളംകൂമ്പുകളില് നിന്നും പുഷ്പങ്ങളില്‍ നിന്നും ശേഖരിക്കുന്ന ബാഷ്പശീലതൈലം സോപ്പുകളും സുഗന്ധദ്രവ്യങ്ങളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു.
സിട്രസ് ലെമന്‍ (Citrus lemon - ഇലുമ്പിച്ചി നാരങ്ങ). ഏഷ്യയാണ് ഇതിന്റെ ജന്മദേശമെന്നു കരുതപ്പെടുന്നു. വര്ഷങ്ങള്ക്കുമുന്പേ ഇന്ത്യയില്‍ ഇതു കൃഷി ചെയ്തു വരുന്നു. ലൈം ഇനങ്ങളെക്കാള്‍ കൂടുതല്‍ ഉയരത്തില്‍ പടര്‍ന്ന് വളരുന്ന ഈ വൃക്ഷത്തിന്റെ ഇലകള്‍ 5-7 സെ.മീ. നീളമുള്ളതും കടും പച്ചനിറമുള്ളതും സുഗന്ധം കുറഞ്ഞതുമാണ്. ഇതിന്റെ തണ്ടു നിറയെ നീളം കുറഞ്ഞ മുള്ളുകളുണ്ട്. കുറിയ പത്രവൃന്തങ്ങളാണ് ഇലകളുടേത്. പുഷ്പങ്ങള്‍ക്ക് പര്‍പ്പിള്‍ കലര്‍ന്ന വെളുപ്പുനിറമാണ്. അണ്ഡാകൃതിയിലുള്ള ഫലങ്ങളുടെ അഗ്രം അല്പം വീര്‍ത്തിരിക്കും. ലെമണിന്റെ തൊലി നല്ല കട്ടിയുള്ളതും പരുപരുത്തതും തെളിഞ്ഞ മഞ്ഞനിറമുള്ളതുമാണ്. ലൈമില്‍ അടങ്ങിയിരിക്കുന്നതിനെക്കാള്‍ അധികം ജീവകം 'സി' ഇതില്‍ അടങ്ങിയിരിക്കുന്നു. ഇവയ്ക്കു പുറമേ നേരിയ തോതില്‍ ജീവകം 'ബി'യും കരോട്ടിനുമുണ്ട്. എല്ലാക്കാലത്തും ഇതിന്റെ ഫലം ലഭ്യമാണ്. ഇതില്‍ പഞ്ചസാരയും സിട്രിക് അമ്ളവും അഞ്ചു ശ.മാ. വീതമുണ്ട്. ശീതളപാനീയങ്ങളുണ്ടാക്കാന്‍ സാധാരണ ഉപയോഗിക്കുന്ന ഇവ നേരിട്ടു ഭക്ഷിക്കാറില്ല.
സിട്രസ് ഔറന്റിഫോളിയ (Citrus aurantifolia - ചെറുനാരങ്ങ). ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കൃഷി ചെയ്തു വരുന്ന ഈ ഇനം ദുര്‍ബലമായ കുറ്റിച്ചെടിയാണ്. ഇന്ത്യയാണ് ഇതിന്റെ ജന്മദേശമെന്നു കരുതപ്പെടുന്നു. ഇത് ഫ്ളോറിഡ, ഇറ്റലി, വെസ്റ്റിന്‍ഡീസ് എന്നിവിടങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തുവരുന്നു. പടര്‍ന്നു വളരുന്ന ഈ കുറ്റിച്ചെടിയില്‍ മുള്ളുകളും ചെറിയ ഇലകളുമുണ്ട്. 5-7 സെ.മീ. നീളമുള്ള ഇലകളുടെ ഉപരിതലത്തിന് കടുംപച്ചയും അടിഭാഗത്തിന് മങ്ങിയ പച്ചനിറവുമാണ്. പത്രകക്ഷ്യങ്ങളില്‍ നിന്ന് ഒറ്റയായിട്ടാണ് വെളുത്തതും സുഗന്ധവാഹിയുമായ ചെറിയ പുഷ്പങ്ങളുണ്ടാകുന്നത്. വര്‍ഷത്തിലുടനീളം പുഷ്പിക്കുകയും ഫലമുണ്ടാവുകയും ചെയ്യും. അണ്ഡാകൃതിയിലുള്ള ഫലങ്ങള്‍ ചെറുതും അഗ്രം കൂര്‍ത്തതും പച്ചകലര്‍ന്ന മഞ്ഞനിറത്തിലുള്ള നേര്‍ത്ത തൊലിയോടു കൂടിയതുമാണ്. മങ്ങിയ വെള്ളനിറമുള്ള ഇതിന്റെ കഴമ്പില് അമ്ളാംശം കൂടുതലുള്ളത് പഴച്ചാറിലാണ്. മറ്റിനങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇതിന്റെ വംശവര്‍ധനവ് വിത്തുമൂലമാണ്.
സിട്രസ് ഔറാന്റിയം (Citrus aurantium - പുളി ഓറഞ്ച്). തെക്ക് കിഴക്കേ ഏഷ്യയാണ് ഇതിന്റെ ജന്മദേശം. മധുര ഓറഞ്ച് കൃഷി തുടങ്ങുന്നതിനുമുന്പ് ഇതു വന്‍തോതില്‍ കൃഷി ചെയ്തിരുന്നു. ഇപ്പോള്‍ ഇതു മറ്റു നാരകവര്ഗങ്ങളുടെ കായിക പ്രവര്ധനത്തിനുതകുന്ന ഒരു റൂട്ട്സ്റ്റോക്കായി മാത്രമേ ഉപയോഗിക്കുന്നുള്ളു. നാരകയിനങ്ങളെ ആക്രമിക്കുന്ന ഒട്ടനവധി രോഗങ്ങളെ ചെറുത്തു നില്‍ക്കാനുള്ള കഴിവ് പുളി ഓറഞ്ചിന്റെ മൂലവ്യൂഹത്തിനുണ്ട്. ഇതിന്റെ ഫലം പ്രധാനമായും മാര്മലേഡുകളുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. ജീവകങ്ങളായ എ, ബി ഒന്ന് എന്നിവയുടെ ഉറവിടംകൂടിയാണ് ഇതിന്റെ ഫലം. ഇതിന്റെ പുഷ്പങ്ങള്‍, ഇലകള്‍, തണ്ട് എന്നിവയില്‍നിന്ന് സുഗന്ധ ദ്രവ്യങ്ങളുണ്ടാക്കാനുപയോഗിക്കുന്ന ഒരു ബാഷ്പശീലതൈലം ഉത്പാദിക്കുന്നുണ്ട്. 6-10 മീ. വരെ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ ശാഖകളിലെന്നല്ല തായ്ത്തടിയില്പ്പോലും മുള്ളുകളുണ്ടായിരിക്കും. അണ്ഡാകൃതിയിലുള്ള ഇലകള്‍ക്ക് 10 സെ.മീറ്ററോളം നീളമുണ്ടായിരിക്കും. ഇലകളുടെ ആധാരം വീതി കുറഞ്ഞതാണ്. സപക്ഷവൃന്തങ്ങളുള്ള ഇലകള്‍ രൂക്ഷഗന്ധവുമുള്ളതാണ്. ഇലകളുടെ കക്ഷ്യങ്ങളില്‍ റസീം പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങളും നല്ല മണമുള്ളവയാണ്. ഇതിന്റെ ഫലങ്ങള്‍ വലുപ്പം കൂടിയതും ഉരുണ്ടതും പരുപരുത്ത മുഴകളുള്ള തൊലിയോടുകൂടിയതുമാണ്. ഫലം പക്വമാകുമ്പോഴേക്കും മധ്യഭാഗം പൊള്ളയായിത്തീരുന്നു. ഇതിന്റെ കഴമ്പില് അമ്ളാംശം സമൃദ്ധമായുണ്ട്. പാകമാകുമ്പോഴേക്കും ഫലങ്ങള്‍ കൊഴിഞ്ഞുവീഴും.
സിട്രസ് റെറ്റിക്കുലേറ്റ (Citrus reticulata- മന്ഡാറിന് ഓറഞ്ച്) ഉയരം കുറഞ്ഞ് നേര്‍ത്ത ശാഖോപശാഖകളോടെ പടര്‍ന്നു വളരുന്ന ഒരു കുറ്റിച്ചെടിയാണിത്. മുള്ളുകളില്ല. വീതി കുറഞ്ഞ ഇലകള്‍ സൂച്യാകാരത്തിലുള്ളതാണ്. ഇലയുടെ ഇരുവശത്തിനും കടുംപച്ചനിറമായിരിക്കും. ഇലകള്‍ ഞെരടിയാല്‍ സവിശേഷ സുഗന്ധമുണ്ടാവുന്നു. പത്രകക്ഷ്യങ്ങളില്‍ നിന്ന് ഒറ്റയായി ചെറിയ പുഷ്പങ്ങള്‍ ഉണ്ടാകും. ഇവയുടെ ദളങ്ങള്‍ നേര്‍ത്തതായിരിക്കും. ഇതിന്റെ ഫലങ്ങള്‍ ഉരുണ്ടതും രണ്ടറ്റവും പരന്നതും നല്ല ഓറഞ്ച് നിറമുള്ളതും അയഞ്ഞ തൊലിയോടുകൂടിയതുമായിരിക്കും. ഇതില്‍നിന്നും മധുരവും മണവുമുള്ള പഴച്ചാറ് ലഭിക്കുന്നു. ലോകമെമ്പാടും പ്രചാരമുള്ള ഈയിനം തെക്കന്‍ യൂറോപ്പ്, അമേരിക്കയിലെ ഉള്‍ക്കടല്‍ സംസ്ഥാനങ്ങള്‍, ചൈന, ജപ്പാന് എന്നിവിടങ്ങളിലും മിക്കവാറും ഉഷ്ണമേഖലാ രാജ്യങ്ങളിലും വിപുലമായ തോതില്‍ കൃഷി ചെയ്തു വരുന്നു.
സിട്രസ് ഗ്രാന്‍ഡിസ് (Citrus grandis - കമ്പിളി നാരങ്ങ). നാരക വര്‍ഗങ്ങളില്‍വച്ച് ഏറ്റവും വലുപ്പംകൂടിയ ഫലം നല്കുന്ന പോമിലോ അല്ലെങ്കില്‍ ബംബ്ളിമാസ്, കമ്പിളി നാരകം എന്ന പേരിലും അറിയപ്പെടുന്നു. മലയയാണ് ഇതിന്റെ ജന്മദേശമെന്നാണ് നിഗമനം. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പലയിടങ്ങളിലും വളരുന്നുണ്ടെങ്കിലും വിപുലമായ തോതില്‍ കൃഷി ചെയ്യപ്പെടുന്നില്ല. ആറു മീറ്ററിലധികം ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന് കടുംപച്ചനിറവും വലുപ്പമുള്ള ഇലകളുമാണുള്ളത്. ഫലങ്ങള്‍ ഒറ്റയായിട്ടാണുണ്ടാവുക. ഫലത്തിന്റെ തൊലി കട്ടിയുള്ളതും പരുപരുത്തതും സ്പോഞ്ചികവുമാണ്; കഴമ്പ് പുളിയുള്ളതും. 20 സെ.മീ. വരെ വ്യാസമുള്ള ഫലങ്ങള്‍ ഉണ്ടാകും. വലുപ്പത്തിലും കഴമ്പിന്റെ രുചിയിലും വൈവിധ്യം പ്രകടമാകാറുണ്ട്.
സിട്രസ് പാരഡൈസി (Citrus paradisi). നാരകവര്ഗങ്ങളില് വച്ച് ഏറ്റവും പ്രമുഖമായിട്ടുള്ള രണ്ടിനങ്ങള്‍ ഗ്രേപ്പ് ഫ്രൂട്ട് എന്നറിയപ്പെടുന്ന സിട്രസ് പാരഡൈസിയും ഓറഞ്ചുമാണ്. യു.എസ്സിലെയും യൂറോപ്പിലെയും പ്രധാന പ്രാതല്ഭക്ഷണമാണ് ഗ്രേപ്പ് ഫ്രൂട്ട്. സിട്രസ് മാക്സിമയില്‍ നിന്നും മ്യൂട്ടേഷന് വഴി ഉദ്ഭവിച്ചതാണിതെന്ന് കരുതപ്പെടുന്നു. ഇതിന്റെ ജന്മദേശം വെസ്റ്റ് ഇന്‍ഡീസാണ്. 6-13 മീ. ഉയരത്തില്‍ നന്നായി പടര്‍ന്നു വളരുന്ന ബലവും പുഷ്ടിയുമുള്ള വൃക്ഷമാണിത്. ഇളം തണ്ടുകള്‍ കോണീയവും നേര്‍ത്ത ലോമങ്ങളോടുകൂടിയതുമാണ്. തുകല്‍ സമാനമായ ഇലകള്‍ കട്ടിയുള്ളതും കടുംപച്ചനിറമുള്ളതുമായിരിക്കും. ഇലകളുടെ അടിഭാഗം നിറം മങ്ങിയതും ആയിരിക്കും. ആധാരഭാഗം കൂര്‍ത്തതും പുഷ്പങ്ങള്‍ ഒറ്റയായോ റസീമുകളായോ ഉണ്ടാവുന്നു. പുഷ്പങ്ങള്‍ സുഗന്ധവാഹികളാണ്. വലുപ്പംകൂടിയ ഉരുണ്ട മഞ്ഞനിറമുള്ള ബെറിയാണ് ഫലം. ഇനഭേദമനുസരിച്ച് ഫലത്തിന്റെ തൊലിയുടെ നിറം, കട്ടി, ഉള്‍ഭാഗത്തെ മാംസളഭാഗത്തിന്റെ നിറം തുടങ്ങിയവ വ്യത്യാസപ്പെട്ടിരിക്കും. അധികം ഇനങ്ങളുടെയും പഴച്ചാറിന് അമ്ളരസമായിരിക്കും. ചില ഇനങ്ങള്‍ക്ക് കയ്പുരസമുള്ള ഫലങ്ങളുമുണ്ടാകാറുണ്ട്. പഴച്ചാറില്‍ 'ബി', 'സി' എന്നീ ജീവകങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. വിത്തുകള്‍ക്ക് നല്ല വെളുത്തനിറമായിരിക്കും.