This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായ്ത്തേക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നായ്ത്തേക്ക്

വെര്‍ബിനേസീ (Verbenaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഇടത്തരം വൃക്ഷം. ശ.നാ. പ്രെമ്ന ടൊമന്റോസ (Premna tomentosa). കേരളത്തിലെ 1200 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലെ ഇലകൊഴിയും വനങ്ങളില്‍ ധാരാളമായി വളരുന്ന ഈ വൃക്ഷം കാട്ടുതേക്ക് എന്ന പേരിലും അറിയപ്പെടുന്നു.

നായ്ത്തേക്കിന്റെ ഇലകള്‍ക്ക് 20 സെ.മീറ്ററോളം നീളവും 12 സെ.മീറ്ററോളം വീതിയുമുണ്ട്. ഇവ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ഇലഞെടുപ്പിന് 2-3 സെ.മീ. നീളമുണ്ട്. അനുപര്‍ണങ്ങളില്ല. ഇലകള്‍ കൊഴിഞ്ഞശേഷം മാ.-ഏ. മാസങ്ങളില്‍ പുതിയ ഇലകളുണ്ടാകുന്നതോടൊപ്പം പുഷ്പങ്ങളുമുണ്ടാകുന്നു. പാനിക്കിള്‍ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പച്ചകലര്‍ന്ന മഞ്ഞനിറത്തിലുള്ള പുഷ്പങ്ങള്‍ ദ്വിലിംഗിയാണ്. സഹപത്രങ്ങളുണ്ട്. ബാഹ്യദളപുടം അഞ്ചായി വിഭജിക്കപ്പെട്ടിരിക്കുന്നു. അഞ്ചു ദളങ്ങളുണ്ട്. ദളപുടനാളത്തിന്റെ മുകളറ്റം ലോമാവൃതമാണ്. നാല് കേസരങ്ങളുണ്ട്. ദ്വിദീര്‍ഷകേസരങ്ങളാണ്. അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയാണ്. മുക്കാല്‍ സെ.മീറ്ററോളം വ്യാസമുള്ള കായ് ഡ്രൂപ്പ് ആണ്. അണ്ഡാകൃതിയും കറുപ്പുനിറവുമുള്ള കായ്കള്‍ ജൂണ്‍ മാസത്തോടെ വിളഞ്ഞു പാകമാകുന്നു. നായ്ത്തേക്കിന്റെ തടി കടച്ചില്‍പ്പണി ചെയ്യാന്‍ ഉത്തമമാണ്. വെര്‍ബിനേസീ കുടുംബത്തിലെത്തന്നെ ചെറുതേക്ക്, നായ്ക്കുമ്പിള്‍ എന്നീ പേരുകളിലറിയപ്പെടുന്ന കാലികാര്‍പ്പ ടൊമന്റോസയ്ക്കും നായ്ത്തേക്ക് എന്ന പേരുണ്ട്. നോ. ചെറുതേക്ക്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍