This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നായാടി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നായാടി
കേരളത്തിലെ ഒരു ഗോത്രവര്‍ഗം. നായാട്ട് ശീലമാക്കിയവര്‍ എന്നതിനാലാവണം ഇക്കൂട്ടര്‍ക്ക് 'നായാടി' എന്ന പേരു ലഭിച്ചത്. തേന്‍ ശേഖരിക്കുക, മട്ടിപ്പാല് ശേഖരിക്കുക എന്നിവയും നായാട്ടുമാണ് നായാടികളുടെ കുലത്തൊഴിലുകള്‍. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് നായാടി വിഭാഗം പ്രധാനമായും ഉള്ളത്. ഏറനാട് താലൂക്കില്‍ നിലമ്പൂരിനടുത്ത് എടക്കരയിലാണ് പ്രാചീനരീതികള്‍ പിന്തുടര്ന്നിരുന്ന നായാടികള്‍ കുറേക്കാലമെങ്കിലും കാണപ്പെട്ടിരുന്നത്. നായാട്ട് ഉപേക്ഷിക്കപ്പെട്ടതോടെ പിന്നീടുണ്ടായ തലമുറയില്‍ കുറേപ്പേര് തോട്ടിപ്പണിയും ചിലര്‍ ഭിക്ഷാടനവും ശീലമാക്കുകയായിരുന്നു. ഭക്ഷണംതേടി അലഞ്ഞുതിരിയുന്നതിനിടയില്‍ എവിടെയെങ്കിലും തങ്ങേണ്ടതായി വരുമ്പോള്‍ താത്ക്കാലികങ്ങളായ 'കൂരകള്‍' കെട്ടിയാണ് പാര്‍ക്കുക. മണ്‍പാത്രങ്ങളും മുളക്കഷണങ്ങളുമാണ് വീട്ടുപാത്രങ്ങള്‍; കോടാലിയും കവണയുമാണായുധങ്ങള്. ദിവസത്തിന്റെ സിംഹഭാഗം വിറകും വെള്ളവും വില്പനയ്ക്കായി ഔഷധസസ്യങ്ങളും ശേഖരിക്കുകയായിരുന്നു ചെയ്തുപോന്നിരുന്നത്. തമിഴ്പദങ്ങള്‍ ഉള്‍ചേര്‍ന്ന മലയാളമായിരുന്നു പണ്ടുകാലങ്ങളില്‍ ഇവര്‍ സംസാരിച്ചിരുന്നത്.
കേരളത്തിലെ ജാതിശ്രേണിയില്പ്പെട്ട് ഏറെ ധ്വംസനങ്ങള്‍ക്ക് വിധേയമാകേണ്ടിവന്ന ഒരു വിഭാഗമാണ് നായാടികള്‍. ശങ്കരാചാര്യന്‍ രചിച്ച ജാതിനര്ണയം എന്ന ഗ്രന്ഥത്തില്‍ പറയര്, പുലയര്‍, ഉള്ളാടര്‍ എന്നീ നാലു സമുദായങ്ങള്‍ക്കൊപ്പം നായാടികളെ 'നാട്ടുനീചന്മാര്' എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. പുലയര്‍ക്കു താഴേയും ഉള്ളാടര്ക്കു മീതെയുമായിരുന്ന ജാതിശ്രേണിയില്‍ നായാടികളുടെ സ്ഥാനം. ബ്രാഹ്മണരില്‍നിന്നും 300 അടി അകലം പാലിക്കണമെന്ന് ഒരുകാലത്ത് ഇവരെ നിഷ്കര്‍ഷിച്ചിരുന്നു. ഇത്തരം കീഴ്വഴക്കങ്ങളെ അറിയാതെപോലും ലംഘിച്ചവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്കപ്പെട്ടിരുന്നത്. കേരളത്തില്‍ ക്രിസ്തുമതത്തിന്റെ കടന്നുവരവോടെ ക്രൈസ്തവമതത്തിലേക്കും ഇസ്ളാമിലേക്കും മതംമാറ്റം സ്വീകരിച്ചവരും ഉണ്ട്. ഇസ്ളാം മതം സ്വീകരിച്ച നായാടി സമുദായാംഗങ്ങള്‍ 'തൊപ്പിയിട്ട നായാടി' എന്നു ആക്ഷേപിക്കപ്പെട്ടിരുന്നു.
പ്രാചീന ആചാരാനുഷ്ഠാനങ്ങള്‍. നായാടികള്‍ ഒടിയന്മാരാണെന്ന വിശ്വാസം മറ്റു ജാതിക്കാരുടെ ഇടയിലുണ്ടായിരുന്നു. അതിനാല്‍ മറ്റുള്ളവര്‍ നായാടികളെ വെറുക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും വിഷമതകളോ രോഗങ്ങളോ ഉണ്ടായാല്‍ അതിന് ഉത്തരവാദി അടുത്തുള്ള നായാടികളാണെന്നായിരുന്നു പൊതുവെയുള്ള അന്ധവിശ്വാസം. തന്മൂലം മറ്റുള്ളവരില്‍നിന്ന് ധാരാളം മര്‍ദനങ്ങള്‍ അവര്‍ക്ക് സഹിക്കേണ്ടിവന്നിട്ടുണ്ട്. നായാടികള്‍ മൃഗങ്ങളെയും വൃക്ഷങ്ങളെയും ആരാധിച്ചിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്. മല്ലന്, മലവാഴി, പറക്കുട്ടി എന്നിവരാണ് നായാടികളുടെ ദൈവസങ്കല്പങ്ങളില് പ്രധാനം. ദൈവിക ശക്തിയുണ്ടെന്ന് വിശ്വസിച്ചിരുന്നതുകൊണ്ടാവാം പാലമരങ്ങളുടെ ചുവടുകളായിരുന്നു അവര്‍ ആരാധനയ്ക്കായി തിരഞ്ഞെടുത്തത്. ദുര്‍മരണങ്ങള്‍ സംഭവിച്ചാല്‍ പറയരായ ജ്യോതിഷികളെ സമീപിച്ച് നിര്ദേശംവാങ്ങി മരംകൊണ്ടോ വിലകുറഞ്ഞ ലോഹംകൊണ്ടോ മനുഷ്യരൂപമുണ്ടാക്കി തങ്ങളുടെ ആരാധനാസ്ഥലത്തുകൊണ്ടുപോയി മണ്ണില്‍ കുഴിച്ചിടും. വിഗ്രഹം കുഴിച്ചിട്ടതിനുമുകളില് ഒരു നെയ്ത്തിരി കൊളുത്തിവയ്ക്കും. ദുര്‍മരണം പ്രാപിച്ചയാളുടെ പ്രേതത്തെ തൃപ്തിപ്പെടുത്തുവാനും പ്രേതോപദ്രവങ്ങള്‍ ഇല്ലാതാക്കുവാനും വേണ്ടിയത്രെ ഇത്. ദേവതകളെയും പിശാചുക്കളെയും പ്രീതിപ്പെടുത്തുവാന്‍ ജന്തുബലി നടത്തുന്ന പതിവും ബലിക്കുശേഷം ആ ജന്തുവിന്റെ മാംസം ഭക്ഷിക്കുന്ന ആചാരവും നായാടികള്‍ക്കിടയില്‍ നിലനിന്നിരുന്നു.
നായാടികളുടെ മുഖ്യ പുരോഹിതന് 'മൂപ്പനാണ്'. വിവാഹങ്ങള്‍ തീരുമാനിക്കുന്നതിലും ശവസംസ്കാരച്ചടങ്ങുകള്‍ക്കു നേതൃത്വം വഹിക്കേണ്ടതും മറ്റു സമുദായകാര്യങ്ങള്‍ ആലോചിക്കുവാനുള്ള യോഗങ്ങളില്‍ അധ്യക്ഷനാകേണ്ടതും മൂപ്പനാണ്. പെണ്ണിനു പണം കൊടുത്തുനടത്തുന്ന വിവാഹങ്ങളാണ് ഇവര്‍ക്കിടയിലുണ്ടായിരുന്നത്. ബന്ധുക്കളും മിത്രങ്ങളുമടങ്ങുന്ന സംഘത്തോടൊത്ത് വധൂഗൃഹത്തിലേക്കെത്തിയായിരുന്നു വിവാഹകര്‍മം നടത്തിയിരുന്നത്. പെണ്ണിനു താലികെട്ടുന്ന ചടങ്ങില്ല; പെണ്ണിനു രണ്ടു കച്ച നല്‍കുക എന്നതായിരുന്നു ഇവരുടെ പതിവ്. ഒപ്പം ഒരു പളുങ്കുമാലയും നല്‍കും. വധുവരന്മാര് ചോറുരുളകളുണ്ടാക്കി അന്യോന്യമൂട്ടുന്ന ഒരു ചടങ്ങുമുണ്ടായിരുന്നു. എന്നാല്‍ പില്ക്കാലത്ത് ഈ സമ്പ്രദായങ്ങളില്‍ മാറ്റങ്ങള്‍ വന്നു. ബഹുഭാര്യത്വം പണ്ടുമുതല്ക്കേ പതിവില്ല. ഒരു പെണ്ണിനെ വിവാഹം ചെയ്യുവാന്‍ ഒന്നിലധികം പുരുഷന്മാര് അപേക്ഷകരായുണ്ടാകുമ്പോള് അപൂര്‍വമായ ഒരുതരം സ്വയംവരം ഇവര്‍ക്കിടയില്‍ നടപ്പുണ്ടായിരുന്നു. ഒരു ചെറിയ പന്തലില്‍ പെണ്ണിനെ കൊണ്ടുചെന്നിരുത്തുന്നു. കൈയില്‍ ഓരോ കോലുമായി വിവാഹ തത്പരര്‍ പന്തലിനുചുറ്റം നൃത്തം വയ്ക്കണം. ഏതാണ്ട് അരമണിക്കൂര്‍ നൃത്തം ചെയ്തശേഷം കൈയിലിരിക്കുന്ന കോലുകള്‍ പന്തലിനുള്ളിലേക്കു കുത്തിയിറക്കണം. പന്തലിനുള്ളിലിരിക്കുന്ന പെണ്ണ് ഒരു കോല് കടന്നുപിടിക്കണം. ആ കോലിന്റെ ഉമടസ്ഥനു പെണ്ണിനെ വിവാഹം കഴിക്കാം.
ഗര്‍ഭിണികള്‍ക്ക് ഏഴാംമാസത്തില്‍ പുളികുടിയെന്നൊരു ചടങ്ങുണ്ട്. പലജാതി പുളിയിലകള്‍ ഇടിച്ചുപിഴിഞ്ഞവെള്ളം ആ ദിവസം അവര്‍ കുടിക്കുകയും കുരങ്ങിന്റെയോ അണ്ണാന്റെയോ മാംസം തിന്നുകയും വേണം. കുട്ടി ജനിച്ച് 28-ാം ദിവസം പേരുവിളിക്കല്‍ ചടങ്ങും അഞ്ചാം മാസത്തില്‍ കാതുകുത്തലും നടത്തിയിരുന്നു. അമ്മാവനാണ് കാതുകുത്തല്‍ കര്‍മം നിര്‍വഹിച്ചിരുന്നത്. ഋതുമതിയാകുമ്പോള്‍ സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന പ്രത്യേക ചടങ്ങുകള്‍ ആചരിക്കാറുണ്ടായിരുന്നു. ആര്‍ത്തവം തുടങ്ങിയാല്‍ പെണ്‍കുട്ടികള്‍ എട്ടുദിവസവും പ്രസവിച്ച സ്ത്രീകള്‍ പത്തുദിവസവും മാറിത്താമസിക്കണമെന്ന വ്യവസ്ഥ നിലനിന്നിരുന്നു. വിധവാവിവാഹം അനുവദനീയമായിരുന്നു. മരിച്ചുപോയ സഹോദരന്റെ ഭാര്യയെ മറ്റൊരു സഹോദരനു വിവാഹം ചെയ്യാമായിരുന്നു. 'ചാരിത്രദോഷം' ആരോപിച്ച് സമുദായത്തില്‍നിന്നു പുറത്താക്കപ്പെടുന്ന സ്ത്രീകള്‍ ആത്മഹത്യ ചെയ്യുകയോ മതംമാറുകയോ ചെയ്തിരുന്നു. വിവാഹമോചനം നടന്നാല്‍ മുതിര്‍ന്ന കുട്ടികള്‍ അച്ഛന്റെ കൂടെയും ചെറിയ കുട്ടികള്‍ അമ്മയുടെ കൂടെയും പോകുകയായിരുന്നു പതിവ്. ചെറിയ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ അച്ഛനു വേണമെങ്കില്‍ അവരെയും അവകാശപ്പെടാവുന്നതാണ്. വിവാഹം വേര്‍പെടുത്തുന്നത് സ്ത്രീയുടെ ഭാഗത്തുനിന്നാണെങ്കില്‍ വിവാഹാവസരത്തില്‍ അവള് വാങ്ങിയ വധുപ്പണം ഭര്‍ത്താവിനു തിരിച്ചുകൊടുക്കേണ്ടതുണ്ട്. ചിലപ്പോള്‍ അത് ഒരു രൂപമാത്രമാണെന്നും വരാം.
നായാടികള്‍ സാധാരണയായി ശവം കുഴിച്ചിടുകയാണു ചെയ്യുക. ചിലര്‍ ദഹിപ്പിക്കുകയും ചെയ്യുന്നു. കുഴികള്‍ക്ക് മാറോളം ആഴമുണ്ടാകണമെന്നാണ് വ്യവസ്ഥ. ശവസംസ്കാരകര്മങ്ങള് ചെയ്യേണ്ടത് അനന്തരവനാണ്. അനന്തരവനില്ലെങ്കില് മകനും ചെയ്യാം. ദുഃഖാചരണത്തിന്റെ ഭാഗമായി ഒരു കൊല്ലം താടി വളര്‍ത്തണം. മരണത്തിന്റെ പത്താംദിവസം അരി വേവിച്ച് ഏഴ് ഉരുളകളാക്കി കുഴിമാടത്തിനടുത്തു വയ്ക്കുകയും ദുഃഖാചരണക്കാരില് പ്രധാനിയായ അനന്തരവനോ മകനോ പിന്നീടതു ഭക്ഷിക്കുകയും വേണമായിരുന്നു. പഴയ ആചാരങ്ങള്‍ മുറുകെ പിടിച്ചിരുന്നവര്ക്കിടയില് ഏഴാമത്തെ മാസത്തില്‍ ശവക്കുഴി തുറന്ന് എല്ലുകള്‍ നീക്കുന്ന പതിവുമുണ്ടായിരുന്നു. ആ എല്ലുകളെ ഒരു മനുഷ്യന്റെ ആകൃതിയില്‍ നിര്‍ത്തി അതിനെ അവര്‍ ചുട്ടുകരിച്ചിരുന്നു. ചിതാഭസ്മം പാത്രങ്ങളിലാക്കി കുടിലിനകത്ത് കെട്ടിത്തൂക്കും. ശവം ദഹിപ്പിക്കാത്തവര്, എല്ലുകള്‍ ശേഖരിച്ച് അടുത്ത നദിയിലോ സമുദ്രത്തിലോ കൊണ്ടുചെന്നു നിക്ഷേപിക്കുന്നു. മരണാനന്തരം പത്തുദിവസം പുല ആചരിക്കുന്നു.
അച്ഛന്റെ സ്വത്തിന് ആണ്മക്കള്ക്കവകാശം എന്ന ദായക്രമമാണ് നായാടികള്‍ക്കിടയില്‍ നടപ്പിലുള്ളത്. പെണ്മക്കള്ക്ക്, വിവാഹസമയത്ത് വരന് നല്കുന്ന പണം മാത്രമാണ് പൈതൃക സ്വത്തായി ലഭിച്ചിരുന്നത്. അമ്മയുടെ കുടുംബത്തിലെ ആളുകളുടെ പേരുകളാണ് കുട്ടികള്‍ക്കിട്ടിരുന്നത്. എന്നാല്‍ കേരളത്തില്‍ സംജാതമായ കുടുംബ-സ്വത്തവകാശങ്ങള്ക്കൊപ്പം നായാടികള്ക്കിടയിലും കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായി.
കേരളത്തില്‍ പട്ടികജാതി വിഭാഗത്തിലാണ് നായാടികള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ പാരമ്പര്യ പ്രത്യേകതകള്‍ കണക്കിലെടുത്ത് നായാടികളെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. 2001-ലെ സെന്‍സസ് പ്രകാരം അമ്പതിനായിരത്തില്‍ താഴെ മാത്രമാണ് കേരളത്തില്‍ നായാടികളുടെ ആകെ ജനസംഖ്യ. സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെയും സര്‍ക്കാരിന്റെ വിവിധങ്ങളായ ക്ഷേമപ്രവര്‍ത്തനങ്ങളുടെയും സംവരണത്തിന്റെയും ഫലമായി ചുരുക്കംപേര്ക്കെങ്കിലും ചെറിയ രീതിയിലുള്ള സാമൂഹ്യ പുരോഗതി ലഭ്യമായി വരുന്നു. പുനരധിവാസ പദ്ധതികളുടെ ഭാഗമായി ഒലവക്കോടും പൊന്നാനിയിലും ഈറ്റകൊണ്ടും മുളകൊണ്ടും സാധനസാമഗ്രികള്‍ ഉണ്ടാക്കുന്ന രണ്ടു സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിക്കുകയുണ്ടായി.