This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായര്‍, എന്‍.സി. (1927- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നായര്‍, എന്‍.സി. (1927- )

സസ്യശാസ്ത്രജ്ഞനും ഗ്രന്ഥകാരനും. പൂര്‍ണനാമം: എന്‍. ചന്ദ്രശേഖരന്‍ നായര്‍. 1927 ആഗ. 17-ന് ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ ജനിച്ചു. പിതാവ്: അവിട്ടപ്പള്ളി നാരായണപിള്ള. മാതാവ്: ഇലഞ്ഞിമുറ്റത്ത് അമ്മുക്കുട്ടി അമ്മ. പെരുന്ന എന്‍.എസ്.എസ്. സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി സെന്റ് ബെര്‍ഗ്മാന്‍സ് കോളജില്‍ നിന്ന് ബിരുദം നേടി (1949). 1951-ല്‍ രാജസ്ഥാനിലെ പിലാനിയിലുള്ള ബിര്‍ലാ കോളജില്‍ നിന്നും എം.എസ്സി. ബിരുദം നേടുകയും അവിടെത്തന്നെ റിസര്‍ച്ച് അസിസ്റ്റന്റായി സേവനം ആരംഭിക്കുകയും ചെയ്തു. 1953-61 വരെ അവിടെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു ഇദ്ദേഹം. തുടര്‍ന്ന് ബി.എന്‍. മുള്ളേയുടെ മേല്‍നോട്ടത്തില്‍ വേപ്പ്, നിലനാരകം, വെള്ളകില്‍ മുതലായ സസ്യങ്ങളുള്‍പ്പെടുന്ന മീലിയേസി (Meliaceae) കുടുംബത്തിലെ അംഗങ്ങളുടെ രൂപശാസ്ത്രവും ഭ്രൂണശാസ്ത്രവും പഠനവിഷയമാക്കി തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിന് രാജസ്ഥാന്‍ സര്‍വകലാശാല ഡോക്ടറേറ്റ് നല്കി (1958).

ചന്ദ്രശേഖരന്‍ നായര്‍ കണ്ടെത്തിയ ഒരു സസ്യത്തിന് ഗവേഷണഗുരുവിനോടുള്ള ആദരസൂചകമായി ഇദ്ദേഹം സെസാമം മുള്ളേയാനം എന്ന പേരു നല്കി. രാജസ്ഥാന്‍ മരുഭൂമിയില്‍ ദീര്‍ഘമായി സഞ്ചരിച്ച് സസ്യശേഖരണം നടത്തി അവിടത്തെ അപൂര്‍വസസ്യങ്ങളെ ലോകത്തിനു പരിചയപ്പെടുത്തിയതില്‍ ഇദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. 1961-67 വരെ ബൊട്ടാണിസ്റ്റായി ഡെറാഡൂണിലെ ബൊട്ടാണിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയില്‍ സേവനമനുഷ്ഠിച്ചിരുന്നപ്പോള്‍ ഹിമാലയ പ്രദേശങ്ങളിലും പഞ്ചാബ് സമതലപ്രദേശങ്ങളിലും പഠനയാത്രകളും സസ്യശേഖരണവും നടത്തി. ബൊട്ടാണിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ (1976-80) ജോയിന്റ് ഡയറക്ടര്‍ (1980-85) എന്നീ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. 85-ല്‍ ജോലിയില്‍ നിന്നും വിരമിച്ചെങ്കിലും ഇന്ത്യാ ഗവണ്‍മെന്റിന്റെ എമരിറ്റസ് സയന്റിസ്റ്റായി തുടര്‍ന്നു.

250-ല്‍പ്പരം ശാസ്ത്രപ്രബന്ധങ്ങളും ഫ്ലോറ ഒഫ് ദ് പഞ്ചാബ് പ്ലെയിന്‍സ്, ഫ്ലോറ ഒഫ് ബഷാഹര്‍ ഹിമാലയാസ് (1978), ഫ്ലോറ ഒഫ് തമിഴ്നാട് (1983), ഫ്ലോറ ഒഫ് കോയമ്പത്തൂര്‍ (1984) എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. നവഡാര്‍വിനിസം, ഗുപ്തബീജികളുടെ മോര്‍ഫോളജി എന്നീ രണ്ടു മലയാള ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. ചന്ദ്രശേഖരനിയ കേരളന്‍സിസ്, ഇംപേഷ്യന്‍സ് ചന്ദ്രശേഖരനൈ, ഷൈസിജിയം ചന്ദ്രശേഖരനൈ, ഷെഫ്ളിറ ചന്ദ്രശേഖരനൈ, സൈലന്റ്വാലിയ നായരൈ, എറിയോക്കോളന്‍ നായരൈ, പോര്‍പാക്സ് ചന്ദ്രശേഖരനൈ, ലജിനാന്‍ഡ്ര നായരൈ, സെലാജിനെല്ല നായരൈ തുടങ്ങിയ സസ്യങ്ങളെല്ലാം ഇദ്ദേഹത്തിനോടുള്ള ബഹുമാനസൂചകമായി നാമകരണം ചെയ്യപ്പെട്ടവയാണ്. സൈലന്റ്വാലി സസ്യസമ്പത്തിനെക്കുറിച്ച് ഒരു പഠന റിപ്പോര്‍ട്ടും ഇദ്ദേഹം തയ്യാറാക്കി അവതരിപ്പിച്ചിട്ടുണ്ട്.

സംഗീതത്തിലും കവിതയിലും അതീവ തത്പരനായിരുന്ന ഇദ്ദേഹം നല്ലൊരു ഫുട്ബോള്‍ കളിക്കാരനുമായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍