This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായര്‍, എം.കെ.കെ. (1920 - 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നായര്‍, എം.കെ.കെ. (1920 - 87)

Image:Nair. M.K.K.png

ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ പ്രഗല്ഭനായ ഉദ്യോഗസ്ഥനും സാഹിത്യകാരനും കലാസ്വാദകനും. തിരുവനന്തപുരത്ത് പാല്‍ക്കുളങ്ങരയുള്ള മേപ്പള്ളിവീട്ടില്‍ 1920 ഡി. 29-ന് ജനിച്ചു. 1939-ല്‍ ഫിസിക്സില്‍ ഒന്നാം റാങ്കോടെ ബി.എസ്സി. പരീക്ഷ പാസ്സായ എം.കെ.കെ. നായര്‍ പല ഔദ്യോഗിക മേഖലകളിലും സേവനമനുഷ്ഠിച്ചശേഷം 1948-ല്‍ ഐ.എ.എസ്. പരീക്ഷ പാസ്സായി. സേലം അസി. കളക്ടറായിട്ടാണ് ഈ നിലയില്‍ ഇദ്ദേഹത്തിന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. ഡല്‍ഹി സെക്രട്ടേറിയറ്റിലെ സേവനകാലത്താണ് എം.കെ.കെ. നായര്‍ വ്യവസായ മണ്ഡലവുമായി ബന്ധപ്പെട്ടത്. നെഹ്റു, വി.പി. മേനോന്‍, രാജാജി, കാമരാജ്, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, വി.കെ. കൃഷ്ണമേനോന്‍, പി.സി. അലക്സാണ്ടര്‍, എം.ഒ. മത്തായി, എസ്.കെ. പൊറ്റെക്കാട്ട് തുടങ്ങിയവരുമായി ഇദ്ദേഹത്തിന് അടുത്തവ്യക്തി ബന്ധമുണ്ടായിരുന്നു. 1959-ല്‍ ഇദ്ദേഹം ഫാക്ടിന്റെ (എഫ്.എ.സി.റ്റി) ജനറല്‍ മാനേജരായി. 1963-ല്‍ കലാമണ്ഡലം ജനറല്‍ കൗണ്‍സില്‍ അംഗമായി. തുടര്‍ന്ന് കലാമണ്ഡലം ചെയര്‍മാനായ കാലത്താണ് ആദ്യമായി ഒരു കഥകളി സംഘം യൂറോപ്യന്‍ പര്യടനം നടത്തുന്നത്. കഥകളി ലോക പ്രസിദ്ധി നേടിയത് ഈ പര്യടനങ്ങളിലൂടെയാണ്. 1965-ല്‍ ആലുവയില്‍ സംഘടിതമായ അഖിലേന്ത്യാ റൈറ്റേഴ്സ് കോണ്‍ഫറന്‍സിന് ചുക്കാന്‍ പിടിച്ചതും എം.കെ.കെ. നായരാണ്.

ആരോടും പരിഭവമില്ലാതെ: ഒരു കാലഘട്ടത്തിന്റെ കഥ എന്ന പേരിലുള്ള എം.കെ.കെ. നായരുടെ ആത്മകഥ മലയാളത്തിലെ പ്രശസ്തമായ ആത്മകഥകളില്‍ ഒന്നാണ്. ഈ ആത്മകഥയുടെ ഒന്നാംഭാഗം 1988-ലും രണ്ടാംഭാഗം 1989-ലും പ്രസിദ്ധീകൃതമായി. കേരളത്തിന്റെ സാംസ്കാരികരംഗത്തും വ്യാവസായികരംഗത്തും ഒരു കാലത്ത് ജ്വലിച്ചുനിന്ന ഒരു നക്ഷത്രമായിരുന്നു എം.കെ.കെ. നായര്‍. 1971-ല്‍ ഇദ്ദേഹം ഫാക്ടില്‍നിന്ന് വിരമിക്കുകയും പ്ലാനിങ് കമ്മീഷനില്‍ ജോയിന്റ് സെക്രട്ടറിയാകുകയും ചെയ്തു. ഈ ആത്മകഥയില്‍ ആരോടും പരിഭവം രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് അതിന്റെ സവിശേഷത.

കഥകളിയുടെ ഏറ്റവും വലിയ ആരാധകനായിരുന്ന ഇദ്ദേഹം കഥകളി, മോഹിനിയാട്ടം മുതലായ കേരളീയ കലകളെപ്പറ്റി ഇംഗ്ളീഷിലും മലയാളത്തിലും അനേകം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കഥകളി, ആട്ടക്കഥയമ്മാവന്‍ കഥപറയുന്നു എന്നീ കൃതികളും വളരെ ശ്രദ്ധിക്കപ്പെട്ടവയാണ്. കൊല്ലം ജില്ലയില്‍ പകല്‍ക്കുറിയില്‍ തെക്കന്‍ ചിട്ടയില്‍ ഒരു കഥകളി വിദ്യാലയം സ്ഥാപിച്ചതും എം.കെ.കെ. നായരാണ്.

ഇദ്ദേഹം 1987 സെപ്. 27-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍