This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായനാര്‍മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നായനാര്‍മാര്‍

തമിഴകത്തെ ശൈവ ഭക്തര്‍. 'നായന്‍' എന്ന ശബ്ദത്തോട് ആര്‍ എന്ന ബഹുമാന സൂചക പ്രത്യയം ചേര്‍ത്ത് നായനാര്‍ എന്ന് വിളിക്കുന്നു. പെരിയ പുരാണത്തില്‍ 63 നായനാര്‍മാരുടെ ജീവിതകഥകള്‍ പ്രതിപാദിക്കുന്നുണ്ട്. കുലോത്തുംഗ ചോളന്റെ സമകാലികനായ 'ശേക്കിഴാര്‍' ആണ് ഈ കൃതിയുടെ രചയിതാവ്. എ.ഡി. 6-ാം നൂറ്റാണ്ടുമുതല്‍ 10-ാം നൂറ്റാണ്ടുവരെയാണ് നായനാര്‍മാരുടെ ജീവിതകാലഘട്ടം. പല്ലവരാജാക്കന്മാരുടെ കാലത്താണ് ഇവരുടെ ഭക്തിമാര്‍ഗം ശക്തിപ്രാപിക്കുന്നത്.

തമിഴ് ഭക്തിപ്രസ്ഥാനത്തിലെ ശൈവ ധാരയാണ് നായനാര്‍മാരുടേത്. ശിവഭക്തിഗാനങ്ങളിലൂടെ സാധാരണ ജനങ്ങളിലേക്ക് ഹൈന്ദവവിശ്വാസങ്ങള്‍ എത്തിക്കുന്നതിന് ഇവര്‍ക്കു കഴിഞ്ഞു. ജൈനമതവിശ്വാസികളെ ഇവര്‍ വ്യാപകമായി ശൈവിസത്തിലേക്ക് പരിവര്‍ത്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദുമത ആത്മീയവത്കരണത്തിന്റെ ചരിത്രത്തിലെ മധ്യകാലഘട്ടത്തില്‍ ഈ പ്രസ്ഥാനത്തിന് സുപ്രധാന സ്ഥാനമുണ്ട്. ദക്ഷിണേന്ത്യയിലെ ശൈവപാരമ്പര്യം ബി.സി. 2-ാം ശ. മുതല്‍ തുടങ്ങുന്നതായി കരുതപ്പെടുന്നു. തൊല്ക്കാപ്പിയം, അഷ്ടകങ്ങള്‍, മണിമേഖല, തിരുക്കുറള്‍ തുടങ്ങിയവയില്‍ ശൈവാരാധനയുടെ ലക്ഷണങ്ങള്‍ കാണാമെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു സന്യാസിയുടെ കീഴില്‍ നിരവധി ദളങ്ങള്‍ രൂപീകരിക്കുകയും ഇന്ത്യയിലുടനീളം സഞ്ചരിച്ച് തങ്ങളുടെ തത്വചിന്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു ഇവര്‍ എന്നു കരുതപ്പെടുന്നു. ശൈവ ആഗമന്മാരുമായുള്ള ബന്ധം ഇവരുടെ വിശ്വാസക്രമങ്ങള്‍ക്ക് അടിത്തറ പാകി. തമിഴ് മിസ്റ്റിസിസത്തിനും തത്ത്വചിന്തയ്ക്കും നായനാര്‍മാര്‍ മികച്ച സംഭാവനകള്‍ നല്കിയിട്ടുണ്ട്.

ശൈവര്‍, ബ്രാഹ്മണര്‍, വണികര്‍, വെള്ളാളര്‍, ഇടയര്‍, ചാന്നാര്‍, വേടര്‍, പുലയര്‍, പാണര്‍ തുടങ്ങി വിവിധ ജാതികളില്‍പ്പെട്ടവരായിരുന്നു നായനാര്‍മാര്‍. നായനാര്‍മാരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ഭക്തിഗാനങ്ങളായ തേവാരം രചിച്ചിട്ടുള്ള അപ്പര്‍, സംബന്ധര്‍, സുന്ദരര്‍ എന്നിവരാണ് പ്രമുഖര്‍. തേവാരം, തിരുമൂറൈ എന്നിവ നായനാര്‍മാരുടെ സമ്പൂര്‍ണ ഗ്രന്ഥങ്ങളായി കണക്കാക്കുന്നു. സംബന്ധര്‍, എ.ഡി. ഏഴാം ശതകത്തിന്റെ ആദ്യത്തില്‍ ജീവിച്ചിരുന്നതായി കരുതുന്നു. പന്നിരു തിരുമുറൈ അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ്. ജൈനമതസ്ഥരുമായി നിരന്തരം സംവാദം നടത്തി അവരെ ശൈവവിശ്വാസികളാക്കി മാറ്റിയവരില്‍ പ്രമുഖനാണദ്ദേഹം. കാരയ്ക്കല്‍ അമ്മയാര്‍ എ.ഡി. ആറാം ശതകത്തില്‍ ജീവിച്ചിരുന്ന പ്രമുഖയാണ്. ഏഴാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തിരുവമൂര്‍ ഗ്രാമത്തില്‍ ജനിച്ച അപ്പാര്‍-തിരുനാവുക്കരശ്-ആദ്യകാലത്ത് ജൈനമത വിശ്വാസിയായിരുന്നു. സുന്ദരാര്‍, തിരുമൂലര്‍, മണിക്കുവസാഗര്‍ തുടങ്ങിയവരും പ്രമുഖ നായനാര്‍മാരാണ്.

ഇവരുടെ മതസിദ്ധാന്തങ്ങള്‍ ചര്യ, ക്രിയ, യോഗം, ജ്ഞാനം എന്നീ നാലു വിഭാഗങ്ങളില്‍പ്പെടുന്നു. ചര്യയും ക്രിയയും ചേര്‍ന്നാല്‍ ശിവധര്‍മമായി. ശിവധര്‍മത്തെ വിധിമാര്‍ഗം, ഭക്തിമാര്‍ഗം എന്ന് രണ്ടായി തിരിച്ചിരിക്കുന്നു. ഈ രണ്ടു മാര്‍ഗവും പിന്തുടരുന്നവര്‍ക്ക് മോക്ഷം ലഭിക്കും. പ്രയോഗത്തിലൂടെ അതീന്ദ്രിയ അനുഭവം നേടുകയാണ് ഇവരുടെ വഴി.

ചേരമാന്‍ പെരുമാള്‍ നായനാരും വിറമ്പിണ്ട നായനാരും കേരളീയരാണ്. ചേരമാന്‍ പെരുമാള്‍ നായനാരുടെ ആസ്ഥാനം കൊടുങ്ങല്ലൂരുള്ള തിരുവഞ്ചിക്കുളമായിരുന്നു എന്ന് പറയപ്പെടുന്നു. ഇദ്ദേഹം സുന്ദരമൂര്‍ത്തി നായനാരുടെ സമകാലികനാണ്. വിറമ്പിണ്ട നായനാര്‍ ചെങ്ങന്നൂര്‍ക്കാരനാണെന്ന് കരുതുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍