This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാമശൂദ്രപ്രസ്ഥാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാമശൂദ്രപ്രസ്ഥാനം

കിഴക്കന്‍ ബംഗാളില്‍ അധഃസ്ഥിതജാതിയായ നാമശൂദ്രര്‍ നേതൃത്വം നല്‍കിയ സവര്‍ണവിരുദ്ധപ്രസ്ഥാനം.

തൊട്ടുകൂടാത്തവര്‍ എന്ന് സംസ്കൃതത്തില്‍ അര്‍ഥം വരുന്ന - ചണ്ഡാളരില്‍ നിന്നുമാണ് നാമശൂദ്രം ഉടലെടുത്തത്. കിഴക്കന്‍ ബംഗാളിലെ ഏതാണ്ട് 75 ശ.മാ. ജനങ്ങളും നാമശൂദ്രരായിരുന്നു. ഇന്ത്യയിലെ മറ്റു നാടുകളില്‍ പട്ടികജാതിക്കാരോ മറ്റ് അയിത്തജാതിക്കാരോ നേരിട്ടിരുന്ന അതീവ ഗുരുതരമായ സാമ്പത്തിക പരാധീനതയോ പട്ടിണിയോ ബംഗാളിലെ നാമശൂദ്രര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. ചിലരെങ്കിലും സ്വന്തമായി കൃഷിയിടങ്ങള്‍ ഉള്ളവരും സാമ്പത്തിക അടിത്തറയുള്ളവരുമായിരുന്നു. വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും ഇവര്‍ക്കു ലഭ്യമായിരുന്നു.

ബംഗാളില്‍ പട്ടികജാതി ലിസ്റ്റില്‍ അസ്പൃശ്യര്‍ മാത്രമായിരുന്നില്ല, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ജാതികളും സ്ഥാനം പിടിച്ചിരുന്നു. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നില്ല കൊളോണിയല്‍ ഉദ്യോഗസ്ഥര്‍ പട്ടികജാതി ലിസ്റ്റ് തയ്യാറാക്കിയത്, മറിച്ച് മിക്കവാറും സാമ്പത്തിക മാനദണ്ഡങ്ങള്‍ കണക്കിലെടുത്തുകൊണ്ടായിരുന്നു. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ അസ്പൃശ്യര്‍ ക്ഷേത്രപ്രവേശനത്തിനായി സമരങ്ങള്‍ നടത്തിയപ്പോള്‍ ബംഗാളില്‍, അസ്പൃശ്യരല്ലാത്തവരും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുമായ ജനസമൂഹംകൂടി ഉള്‍പ്പെടുന്ന പട്ടികജാതി ലിസ്റ്റിലുള്ള ജനത, ഹിന്ദുമതത്തിലെ പൊതുവായ അയിത്താചാരത്തിനും വിവേചനങ്ങള്‍ക്കുമെതിരെ പ്രത്യക്ഷ സമരങ്ങള്‍ നടത്തുകയാണുണ്ടായത്. പണ്ഡിതനായ മാസായുകി ഉടുദു ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഇതര പിന്നാക്കവിഭാഗങ്ങള്‍ ഹിന്ദുമതത്തിലെ അയിത്താചാരത്തിന്റെ ഉന്മൂലനം ആവശ്യപ്പെട്ട് രംഗത്തിറങ്ങി.

ബംഗാളിലെ വ്യത്യസ്തമായ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ അയിത്തജാതികള്‍ക്കിടയില്‍ വ്യത്യസ്തമായ ഒരു ലോകവീക്ഷണമാണ് സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ അവ ദേശീയ സ്വാതന്ത്യ്രമുന്നേറ്റത്തിന്റെ മുഖ്യധാരയുമായി ഒന്നുചേര്‍ന്നു പോകുന്നവയായിരുന്നില്ല. താത്കാലിക ലക്ഷ്യങ്ങളെക്കാള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനമാണ് നാമശൂദ്രപ്രസ്ഥാനം പുലര്‍ത്തിയിരുന്നതെന്ന് പില്ക്കാലചരിത്രം വെളിവാക്കുന്നു.

കിഴക്കന്‍ ബംഗാളിലെ നാമശൂദ്രരും വടക്കന്‍ ബംഗാളിലെ രാജ്ബംങ്ഷികളുമാണ് താഴ്ന്ന ജാതിക്കാരുടെ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്കിയത്. 1930-കളില്‍ത്തന്നെ പട്ടികജാതി വിഭാഗങ്ങള്‍ക്കിടില്‍ വിപുലമായ അടിത്തറയും നേതൃത്വവും സൃഷ്ടിച്ചെടുക്കുവാന്‍ നാമശൂദ്രര്‍ക്കായി. ഇതിലുപരി ഇത്തരം മുന്നേറ്റങ്ങള്‍ ദേശീയ സ്വാതന്ത്യ്രസമരത്തില്‍നിന്നു വിഭിന്നവുമായിരുന്നു. 1911-ലെ സെന്‍സസ് പ്രകാരം കര്‍ഷകസമൂഹം കൂടുതലായുള്ള കിഴക്കന്‍ ബംഗാളില്‍ 20,87,162 ആയിരുന്നു നാമശൂദ്രരുടെ ജനസംഖ്യ.

കേശബ് പഗല്‍, സഹലാല്‍ പില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഭക്തിയിലധിഷ്ഠിതമായ ഒരു ഗുരുപരമ്പര ഹിന്ദുമതത്തിലെ ജാതിസമ്പ്രദായത്തിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തി. ദ്വരകാന്ത് മണ്ഡലിന്റെ നേതൃത്വത്തില്‍ ഹിന്ദുമതത്തിലെ ഉയര്‍ന്ന ജാതിക്കാരെ സാമൂഹിക-സാമ്പത്തിക മേഖലകളില്‍ ബഹിഷ്കരിക്കുവാന്‍ തീരുമാനമുണ്ടായി. എന്നാല്‍ ഈ ബഹിഷ്കരണശ്രമങ്ങള്‍ക്ക് പിന്നോട്ടടി സംഭവിച്ചു. തുടര്‍ന്ന് ശ്രീ ഗുരുചന്ദ് താക്കറായിരുന്നു പുതിയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സമ്പന്നമായ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഗുരു, ജാതി ഇല്ലായ്മ ചെയ്യുവാനും സ്ത്രീ-പുരുഷ സമത്വത്തിനായും ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ ആത്മീയ പ്രഭാഷണങ്ങള്‍ ജനസഹസ്രങ്ങളെ ആഴത്തില്‍ സ്വാധീനിച്ചു.

'ഹാതേ കാം മുഖേ നാം' എന്ന മുദ്രാവാക്യം നാമശൂദ്ര മുന്നേറ്റങ്ങള്‍ക്ക് ശക്തിയേകി. താഴ്ന്ന സമുദായത്തില്‍പ്പിറന്ന പ്രഭു ജഗദ്ബന്ദുവും ശ്രീ ഗുരുചന്ദ് താക്കൂറിന്റെ സമകാലീനനായിരുന്നു.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജാതിസമ്പ്രദായത്തിനെതിരെ നാമശൂദ്രപ്രസ്ഥാനം ഒട്ടേറെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. മുന്നേറ്റങ്ങള്‍ക്ക് സംഘടിത സ്വഭാവം കൈവരികയും സാമ്പത്തിക അടിത്തറയ്ക്കായി ഓരോരുത്തരും ഒരുപിടി അരി സംഭാവന ചെയ്യുക എന്ന ആശയം നടപ്പിലാവുകയും ചെയ്തു. 1912-ല്‍ നാമശൂദ്ര അസോസിയേഷന്റെ നേതൃത്വത്തില്‍ രണ്ടു തലങ്ങളിലായി കര്‍ഷകരെയും തൊഴിലാളികളെയും കേന്ദ്രീകരിച്ച് ശക്തമായ ബോധവത്കരണ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് ബ്രിട്ടീഷ് അധികൃത സമീപിക്കുകയും വിദ്യാഭ്യാസത്തിനും തൊഴിലിനും പട്ടികജാതിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രാദേശിക ഭരണസമിതികളില്‍ നാമശൂദ്രര്‍ അര്‍ഹതപ്പെട്ട പ്രാതിനിധ്യം നേടിയെടുത്തെങ്കിലും പ്രൊവിഷണല്‍ നിയമസഭകളില്‍ തികച്ചും നിന്ദിക്കപ്പെട്ടു. രാഷ്ട്രീയ നേട്ടങ്ങള്‍ നേടുന്നതിനാല്‍ പ്രത്യക്ഷത്തില്‍ത്തന്നെ കോണ്‍ഗ്രസ് വിരുദ്ധവും ബ്രിട്ടീഷ് അനുകൂലവുമായ നിലപാട് നാമശൂദ്രനേതാക്കള്‍ പുലര്‍ത്തിയിരുന്നു. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സ്വദേശി പ്രസ്ഥാനത്തെ നാമശൂദ്രര്‍ ശക്തമായി എതിര്‍ത്തു. നിയമസഭയിലേക്കുള്ള പ്രാതിനിധ്യത്തിനായുള്ള ശക്തമായ ആവശ്യങ്ങള്‍ക്കൊടുവില്‍ 1919-ലെ മൊണ്ടെഗു-ചെംസ്ഫോര്‍ഡ് ഭരണപരിഷ്കാരങ്ങളുടെ ആക്റ്റിന്റെ അടിസ്ഥാനത്തില്‍ ബംഗാള്‍ നിയമസഭയില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഒരു പ്രതിനിധിയെ ലഭ്യമായി.

1920-കളില്‍ നാമശൂദ്രര്‍ ബംഗാളില്‍ സ്വീകരിച്ച നിലപാട് ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായി. കോണ്‍ഗ്രസ് വിഭാവന ചെയ്യുന്ന കേവലമായ പൗരത്വത്തിനപ്പുറം സമത്വാധിഷ്ഠിതമായ ഇന്ത്യയില്‍ സ്വതന്ത്രമായി അഭിമാനത്തോടെ ജീവിക്കുക എന്ന ദീര്‍ഘവീക്ഷണമാണ് നാമശൂദ്രപ്രസ്ഥാനം മുന്നോട്ടുവച്ചത്.

1930-കളില്‍ പ്രജാപാര്‍ട്ടിയുടെ നേതൃത്വം കര്‍ഷകരെ മാത്രം അടിസ്ഥാനപ്പെടുത്തിയ ചര്‍ച്ചകളും രാഷ്ട്രീയ സമീപനങ്ങളും സ്വീകരിച്ചതുമൂലം താഴ്ന്ന വിഭാഗങ്ങളില്‍നിന്നും പ്രസ്ഥാനത്തിന്റെ സ്വാധീനം നഷ്ടമായിയെങ്കിലും 1937-ലെ തെരഞ്ഞെടുപ്പോടെ അതു വീണ്ടെടുക്കുവാനായി. ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സും താഴ്ന്ന ജാതികള്‍ക്കിടയിലെ സമ്പന്നര്‍ക്കിടയില്‍ സ്വാധീനം കണ്ടെത്തി. 1937-ല്‍ ബംഗാള്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 256-ല്‍ 32 സീറ്റുകളില്‍ പട്ടികജാതിക്കാര്‍ വിജയം കണ്ടെത്തി. ഇതില്‍ 23 പേര്‍ സ്വതന്ത്രരായും 7 പേര്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെയും 2 പേര്‍ ഹിന്ദുമഹാസഭയുടെ പിന്തുണയോടെയും വിജയംനേടി. വര്‍ഗപരമായി തരംതിരിവ് പ്രബലമായതോടെ കീഴ്ജാതി മുന്നേറ്റങ്ങള്‍ക്ക് ശക്തി നഷ്ടമാവുകയും തത്സ്ഥാനത്ത് കര്‍ഷക സംഘടനകള്‍ ശക്തിപ്രാപിക്കുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍