This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഭാദാസ് (16-17 ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഭാദാസ് (16-17 ശ.)

ഹിന്ദിയിലെ രാമഭക്തകവി. ഗ്വാളിയറിലെ നാഗര്‍ ബ്രാഹ്മണനായിരുന്നു ഇദ്ദേഹം. ഗോസ്വാമി തുളസീദാസിന്റെ സമകാലീനരായ രാമഭക്തകവികളില്‍ പ്രസിദ്ധനായിരുന്നു നാഭാദാസ്. ഇദ്ദേഹം ഗോദാവരിയിലെ രാമഭദ്രാചല നിവാസിയും ഹനുമാന്‍ വംശീയ ബ്രാഹ്മണനുമായിരുന്നുവെന്നു പറയപ്പെടുന്നു. കൃഷ്ണദാസ് പയഹാരിയുടെ ശിഷ്യന്മാരായ കീഹദാസിന്റെയും അഗ്രദാസിന്റെയും ശിഷ്യനായിരുന്നു നാഭാദാസ്.

നാഭാദാസ് ഹിന്ദിയിലെ ഭക്തമാല്‍ പരമ്പരയ്ക്ക് തുടക്കം കുറിക്കുകമാത്രമല്ല, ലഭ്യമായിട്ടുള്ള ഭക്തമാലുകളില്‍ ഏറ്റവും വിശിഷ്ടമായത് രചിക്കുകയും ചെയ്തു. ഭക്തമാലിന്റെ രചനാകാലം 1596 ആയി കണക്കാക്കുന്നു. വൈഷ്ണവ സമ്പ്രദായത്തില്‍ ഇതിന് വളരെ പ്രാധാന്യമുണ്ട്. മധ്യകാലഘട്ടത്തിലെ കവികളോടൊപ്പം രാമാനന്ദ് സമ്പ്രദായത്തിലെ കവികളുടെ പ്രധാന സവിശേഷതകളെക്കുറിച്ച് ഇതില്‍ സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്; കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാലു യുഗങ്ങളിലെ ഭക്തന്മാരെയും, സന്ന്യാസിമാരെയും, മഹാത്മാക്കളെയും വളരെ ശ്രദ്ധയോടും ഭക്തിയോടും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്.

ഭക്തന്മാരുടെയിടയില്‍ പ്രചാരത്തിലുള്ള ഭക്തമാലിന്റെ വ്യാഖ്യാനങ്ങളില്‍ പ്രിയാദാസിന്റെ വ്യാഖ്യാനങ്ങള്‍ വിഖ്യാതമാണ്. ഭക്തമാലിന്റേത് വ്രജഭാഷയാണ്. ഇദ്ദേഹത്തിന് ഛന്ദശ്ശാസ്ത്രം, സംസ്കൃത കാവ്യശാസ്ത്രം എന്നിവയില്‍ അഗാധ ജ്ഞാനമുണ്ടായിരുന്നു. അഷ്ടയാമില്‍ നിന്നും രാമഭക്തിവിഷയങ്ങളിലുള്ള പദങ്ങളില്‍നിന്നും നാഭാദാസിന്റെ രാമഭക്തി വെളിവാകുന്നു. ശൃംഗാരവും ഭക്തിയും സൌന്ദര്യഭാവനയുമാണ് അഷ്ടയാമിന്റെ പ്രത്യേകതകള്‍. ഇതില്‍ കവിയുടെ ശൈലി ശുദ്ധവും ഭാവപൂര്‍ണവുമാണ്. ഭക്തമാലില്‍ ഭക്തന്മാരുടെ ഉപാസനാപദ്ധതികള്‍ വൃത്തശാസ്ത്രനിബദ്ധമായി അവതരിപ്പിക്കുന്നു. ഭക്തിസാഹിത്യത്തിലെ അവിസ്മരണീയഗ്രന്ഥവും ഭാഗവത സമ്പ്രദായത്തിലെ രസകരമായ വ്യാഖ്യാനവുമാണ് ഭക്തമാല്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍