This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഫ്ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഫ്ത

Naphtha

ജ്വലനശേഷിയുള്ള ബാഷ്പശീല ഹൈഡ്രോകാര്‍ബണ്‍ മിശ്രിതം. പെട്രോളിയത്തിന്റെ അംശിക സ്വേദനം വഴിയാണ് നാഫ്തകള്‍ വേര്‍തിരിക്കുന്നത്. പേര്‍ഷ്യ (ഇറാന്‍) യിലെ മണ്ണില്‍ നിന്ന് ഊറിയിരുന്ന ഒരിനം ബാഷ്പശീലമായ പെട്രോളിയത്തിനാണ് ആദ്യമായി നാഫ്ത എന്ന് പേര് നല്കിയത്.

പെട്രോളിയം നാഫ്ത, കോള്‍ട്ടാര്‍ നാഫ്ത, ഷേല്‍നാഫ്ത, വുഡ്നാഫ്ത (മീഥൈല്‍ ആല്‍ക്കഹോള്‍) എന്നീ നാഫ്തകള്‍ പെട്രോളിയം, കോള്‍ട്ടാര്‍, ഷേല്‍, തടി എന്നിവയുടെ ആംശിക സ്വേദനം വഴി ലഭിക്കുന്നു. സള്‍ഫര്‍ സംയുക്തങ്ങള്‍ നീക്കം ചെയ്യുന്നതിനും നിറം, മണം, സ്ഥിരത എന്നീ ഗുണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അമ്ളവും കളിമണ്ണും ഉപയോഗിച്ച് ഉപചരിക്കുകയാണ് ചെയ്യുന്നത്.

പെട്രോളിയം വ്യവസായത്തില്‍ ഗ്യാസോലിന്‍, മണ്ണെണ്ണ എന്നീ ഘടകങ്ങളടങ്ങുന്ന ഹൈഡ്രോകാര്‍ബണുകളെ നാഫ്തയായി കണക്കാക്കുന്നു. 27°C മുതല്‍ 260°C വരെയാണ് തിളനില. ചില നാഫ്തകള്‍ ഒരേവിഭാഗത്തില്‍പ്പെടുന്ന ഹൈഡ്രോകാര്‍ബണുകള്‍ മാത്രം അടങ്ങുന്നതായിരിക്കും. ആലിഫാറ്റിക, ആരോമാറ്റിക നാഫ്തകള്‍ തമ്മില്‍ വളരെയധികം വ്യത്യാസങ്ങള്‍ ഉണ്ട്. ആലിഫാറ്റിക നാഫ്തകള്‍ക്ക് ഗന്ധം, വിഷാംശം എന്നിവ താരതമ്യേന കുറവായിരിക്കും. അവയുടെ ലായകഗുണവും കുറവാണ്.

സോയാബീനില്‍ നിന്ന് മേന്മ കുറഞ്ഞ പദാര്‍ഥങ്ങള്‍ ഒഴിവാക്കി എണ്ണ മാത്രം വേര്‍തിരിച്ചെടുക്കുന്നതിനും ഡ്രൈക്ളീനിങ്ങിനും അച്ചടിമഷി നിര്‍മിക്കുന്നതിനും ലായകഗുണം കുറഞ്ഞആലിഫാറ്റിക നാഫ്തകളാണ് ഉപയോഗിക്കുന്നത്.

ആരോമാറ്റിക നാഫ്തകളുടെ സവിശേഷത അവയുടെ ലായകഗുണമാണ്. കോള്‍ട്ടാറായിരുന്നു പ്രധാന സ്രോതസ്സ്. എന്നാല്‍ രാസത്വരകങ്ങളുപയോഗിച്ച് പെട്രോളിയത്തില്‍ നിന്ന് ചെറിയ തന്മാത്രകള്‍ (cracking) ഉണ്ടാക്കിത്തുടങ്ങിയതോടെ ആരോമാറ്റിക നാഫ്തകള്‍ക്ക് പെട്രോളിയം ഒരു പ്രധാന സ്രോതസ്സായി. ടൊളുയീന്‍, സൈലീന്‍ എന്നിവയാണ് ഘടകങ്ങള്‍. അപകടകരമായ വിഷാംശം മൂലം ബെന്‍സീന്‍ അഭിലഷണീയമായ ഘടകമല്ല. പെയിന്റുകളും വാര്‍ണീഷുകളും നേര്‍പ്പിക്കാനാണ് (thinner) ആരോമാറ്റിക നാഫ്തകള്‍ ഉപയോഗിക്കുന്നത്. റബ്ബര്‍, തുകല്‍ വ്യവസായങ്ങളിലും ആരോമാറ്റിക നാഫ്തകളുടെ സവിശേഷ ലായകഗുണം പ്രയോജനപ്പെടുത്തുന്നുണ്ട്. കീടനാശിനികളുടെയും അണുനാശിനികളുടെയും വിഷാംശം നേര്‍പ്പിച്ച് പകരം ലായകമായ നാഫ്തയുടെ വിഷാംശം പ്രയോജനകരമായി ഉപയോഗപ്പെടുത്താറുണ്ട്. നിലമെഴുക്ക്, തുകല്‍ പോളിഷ്, ലോഹപോളിഷ്, സോപ്പുകള്‍ എന്നിവയിലെല്ലാം നാഫ്തകള്‍ ഉപയോഗിച്ചുവരുന്നു. തെര്‍മല്‍ പവര്‍ സ്റ്റേഷനുകളില്‍ ഇന്ധനമായും ഇത് ഉപയോഗിക്കാറുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%AB%E0%B5%8D%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍