This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഥമുനി (8-10 ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഥമുനി (8-10 ശ.)

ഒരു വൈഷ്ണവാചാര്യന്‍. എട്ടാം ശതകമോ ഒന്‍പാതം ശതകമോ പത്താം ശതകമോ ആണ് ജീവിതകാലം. ദക്ഷിണേന്ത്യയിലെ വീരനാരായണപുരത്ത് ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചു. പിതാവ് ഈശ്വരഭട്ടാള്‍വാര്‍. ചെറുപ്പകാലത്തുതന്നെ വേദേതിഹാസപുരാണങ്ങളില്‍ അതിയായ താത്പര്യം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹത്തിന്റെ സ്വഭാവത്തിലെ ദൈവികത്വം കണ്ട് ജനങ്ങള്‍ നല്‍കിയ പേരാണ് നാഥമുനി എന്നത്.

ഒരിക്കല്‍ നാഥമുനി കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ഉത്തരേന്ത്യയില്‍ തീര്‍ഥയാത്രയ്ക്കു പോയി. വൃന്ദാവനം, ദ്വാരക, അയോധ്യ, ബദരീനാഥ്, നൈമിശാരണ്യം എന്നീ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം മടക്കയാത്രയില്‍ യമുനാതീരത്തെ ഗോവര്‍ധനപുരത്തെത്തിച്ചേര്‍ന്നു. അവിടെ ശ്രീകൃഷ്ണനെ ഭജിച്ചുകൊണ്ട് അനേകം ദിനങ്ങള്‍ കഴിഞ്ഞു. ഇതിനിടയില്‍ വീരനാരായണപുരത്തെ ആരാധനാമൂര്‍ത്തി സ്വപ്നദര്‍ശനം നല്കി മടങ്ങുവാന്‍ ആവശ്യപ്പെട്ടുവത്രെ. തിരുപ്പതി, കാഞ്ചീപുരം, തൃക്കോവിലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെ മടങ്ങിയെത്തിയ നാഥമുനി വീരനാരായണപുരത്ത് ഒരു നന്ദാവനം ഉണ്ടാക്കി ദേവതാപൂജ തുടങ്ങിയെന്നാണ് ഐതിഹ്യം. ക്ഷേത്രപരിസരത്തെത്തിച്ചേരുന്ന ജനങ്ങള്‍ക്ക് വൈഷ്ണവ മതതത്ത്വങ്ങള്‍ ഉപദേശിക്കുകയും മുനിയുടെ പതിവായി. ഒരിക്കല്‍ വന്നെത്തിയ തീര്‍ഥാടകര്‍ നമ്മാള്‍വാരുടെ തിരുവായ്മൊഴികളിലെ പത്തു ഗാനങ്ങള്‍ ചൊല്ലിയതുകേട്ട നാഥമുനി ഭക്തിപാരവശ്യത്താല്‍ ബാക്കികൂടി ചൊല്ലുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബാക്കിഗാനം അവര്‍ക്ക് അറിവില്ലാത്തതിനാല്‍ നമ്മാള്‍വാരുടെ ജന്മനഗരമായ ആള്‍വാര്‍ തിരുനഗരിയിലേക്ക് പോകുവാന്‍ നാഥമുനിയോട് അവര്‍ അഭ്യര്‍ഥിച്ചു. നാഥമുനി ഉടന്‍തന്നെ അവിടെ എത്തിച്ചേരുകയും മഥുരകവിശിഷ്യനായ പരാങ്കുശദാസനെ അവിടെ കണ്ടുമുട്ടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ച് മധുരകവിയുടെ കീര്‍ത്തനങ്ങള്‍ പാടി ധ്യാനിച്ച നാഥമുനിക്ക് നമ്മാള്‍വാര്‍ പ്രത്യക്ഷപ്പെട്ട് നാലായിരം ദിവ്യ പ്രബന്ധങ്ങള്‍ മുഴുവന്‍ ചൊല്ലിക്കൊടുത്തതായാണ് ഐതിഹ്യം. ഈ ഗാനം പാടുന്നതിന് തക്കഗാനരീതി എന്ന ഒരു പ്രത്യേക രീതി തന്നെ ഇദ്ദേഹം രൂപകല്പനചെയ്തു. യമുനാചാര്യന്‍ (അലവന്ദര്‍) ഇദ്ദേഹത്തിന്റെ പൌത്രനാണ്. ഇദ്ദേഹത്തിന്റെ പ്രസിദ്ധകൃതികള്‍ യോഗതത്ത്വം, യോഗരഹസ്യം എന്നിവയാണ്. ഇന്ന് ഈ കൃതികള്‍ ലഭ്യമല്ലെങ്കിലും ഇവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വേദാന്തദേശികന്‍ രചിച്ച ന്യായ സിദ്ധാഞ്ജനത്തില്‍ കാണാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍