This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാണയപ്പെരുപ്പം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാണയപ്പെരുപ്പം

Inflation

നാണയത്തിന്റെ മൂല്യം കുറയുകയും ചരക്കുകളുടെ വില വര്‍ധിക്കുകയും ചെയ്യുന്ന അവസ്ഥ. നാണയപ്പെരുപ്പമെന്ന പദം പല അര്‍ഥത്തിലും ഉപയോഗിക്കാറുണ്ട്. അതിനാല്‍ സര്‍വസമ്മതവും കണിശവും ശാസ്ത്രീയവുമായ ഒരു നിര്‍വചനം കണ്ടെത്തുക പ്രയാസമാണ്. പണത്തിന്റെ അളവ് വര്‍ധിക്കുകയും വ്യാപാരത്തിനാവശ്യമായതിലധികം പണമുണ്ടാവുകയും ചെയ്യുമ്പോഴാണ് നാണയപ്പെരുപ്പമുണ്ടാകുന്നത്.

പണത്തിന്റെ അളവിലുള്ള വര്‍ധനമൂലം വിലകള്‍ ഉയരുന്നതാണ് നാണയപ്പെരുപ്പമെന്നു പണത്തെക്കുറിച്ചുള്ള പരിണാമസിദ്ധാന്തവാദികള്‍ പറയുമ്പോള്‍, കെയിന്‍സ്, വിലവര്‍ധനയെ രണ്ടുതരത്തില്‍ വിഭജിക്കുന്നു. ഒന്ന്, ഉത്പാദനവര്‍ധനവിനിടയാക്കുന്ന വിലവര്‍ധന. രണ്ട്, ഉത്പാദനവര്‍ധനവില്ലാത്ത വിലവര്‍ധന. സമ്പദ്വ്യവസ്ഥയില്‍ കുറേ ആളുകളും മറ്റുവിഭവങ്ങളും ഉപയോഗിക്കപ്പെടാതെ വരുമ്പോള്‍, പണത്തിന്റെ വികാസമോ ചോദനവര്‍ധനവിലേക്കു നയിക്കുന്ന മറ്റു സംവേദങ്ങളോ വില വര്‍ധിപ്പിക്കും. തത്ഫലമായി ഉപയോഗിക്കപ്പെടാതിരിക്കുന്ന ഉത്പാദനഘടകങ്ങളെ ഉപയുക്തമാക്കുന്നതിലൂടെ ഉത്പാദനം വര്‍ധിക്കുന്നു. ഇത് തൊഴിലില്ലായ്മ നിശ്ശേഷം ഇല്ലാതാകുന്നതുവരെ തുടര്‍ന്നുകൊണ്ടിരിക്കും. ഈ ഘട്ടം കഴിഞ്ഞാല്‍, പണത്തിന്റെ പരിമാണമോ ചരക്കുകള്‍ക്കുള്ള ചോദനമോ വര്‍ധിച്ചാല്‍ വില വര്‍ധിക്കുമെങ്കിലും ഉത്പാദനമോ തൊഴിലോ വര്‍ധിക്കുകയില്ല. ഇതില്‍ ആദ്യത്തെ വിഭാഗത്തില്‍പ്പെട്ട വിലവര്‍ധന നല്ലതാണെന്ന് കെയിന്‍സ് വാദിച്ചു. അതുമൂലം അലസമായിരിക്കുന്ന ഉത്പാദനഘടകങ്ങള്‍ ഉപയോഗിക്കപ്പെടുകയും തൊഴിലും ഉത്പാദനവും വര്‍ധിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ തരത്തിലുള്ള വിലവര്‍ധന ഉത്പാദനത്തിന്റെയോ തൊഴിലിന്റെയോ വര്‍ധനയെ സഹായിക്കാത്തതിനാല്‍ അത് ദോഷകരമാണ്. രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ട വില വര്‍ധനയെയാണ് കെയിന്‍സ് നാണയപ്പെരുമെന്ന് നിര്‍വചിക്കുന്നത്.

ചോദനപ്രേരകവും ചെലവുപ്രേരകവുമായ വിലവര്‍ധന. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള പ്രചോദനത്തിന്റെ വര്‍ധനമൂലമുണ്ടാകുന്ന വിലവര്‍ധനയെ ചോദനപ്രേരക വിലവര്‍ധന (Demand Full Inflation)യെന്നു പറയുന്നു. വരുമാനത്തിലോ പണത്തിന്റെ പരിമാണത്തിലോ ഉള്ള വര്‍ധനമൂലം ചരക്കുകള്‍ക്കുള്ള ചോദനം അവയുടെ പ്രദാനത്തെക്കാള്‍ വേഗതയില്‍ വര്‍ധിക്കുകയും വില വര്‍ധനയ്ക്കിടയാക്കുകയും ചെയ്യുന്നു. ചില കാലയളവില്‍ ചോദനത്തെ ഉയര്‍ത്തുകയും ഉയര്‍ന്ന നിരക്കില്‍ നിലനിര്‍ത്തുകയും ചെയ്യുന്ന ചില ഘടകങ്ങളുണ്ട്. യുദ്ധത്തിനോ സാമ്പത്തിക വളര്‍ച്ചയ്ക്കോ ആവശ്യമായ ഭാരിച്ച സര്‍ക്കാര്‍വ്യയം ചംക്രമണത്തിലുള്ള പണത്തിന്റെ പരിമാണത്തെ വര്‍ധിപ്പിക്കുകയും ചോദനപ്രേരകമായ വിലവര്‍ധനവുണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഉത്പാദനച്ചെലവുകളുടെ വര്‍ധനമൂലം വിലവര്‍ധിച്ചുവെന്നുവരാം, പണിമുടക്കുകളിലൂടെ, തൊഴിലാളിസംഘടനകള്‍ നേടിയെടുക്കുന്ന വേതനവര്‍ധനവ് ഉത്പാദനച്ചെലവ് വര്‍ധിപ്പിക്കുന്നു. കുത്തകവ്യവസായികളുടെ പ്രവര്‍ത്തനംമൂലവും ഉത്പാദനച്ചെലവ് കൂടിയെന്നുവരാം. ഗവണ്‍മെന്റ് പുതിയ നികുതികള്‍ ചുമത്തുകയും നിലവിലുള്ള പരോക്ഷനികുതികളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമ്പോഴും ഉത്പാദനച്ചെലവ് വര്‍ധിക്കും. ഇങ്ങനെ ഉത്പാദനച്ചെലവ് വര്‍ധിക്കുമ്പോള്‍ വ്യവസായികള്‍ ചരക്കുവിലകളും വര്‍ധിപ്പിക്കും. ഇത്തരത്തിലുള്ള വിലവര്‍ധനയെ ചെലവ് പ്രേരകവിലവര്‍ധന (Costs push inflation)യെന്നു പറയുന്നു.

വേതനങ്ങളും വിലകളും മൊത്തം ചോദനവും എല്ലാം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലങ്ങളില്‍ ഇവയിലേതാണ് വിലവര്‍ധനയുണ്ടാക്കുന്ന സജീവഹേതുവെന്ന് വ്യക്തമായി പറയുവാന്‍ സാധ്യമല്ല. വിലകള്‍ വര്‍ധിക്കുന്നതുകൊണ്ട് ജീവിതച്ചെലവ് നിര്‍വഹിക്കുവാന്‍ കൂടുതല്‍ വേതനം വേണമെന്ന് തൊഴിലാളികള്‍ സ്വാഭാവികമായും ആവശ്യപ്പെടും. വേതനങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഉത്പാദനച്ചെലവുകള്‍ വര്‍ധിക്കുകയും വിലവര്‍ധനയിലേക്കു നയിക്കുകയും ചെയ്യും. ചോദനത്തിലുള്ള വര്‍ധനയും കൂട്ടത്തില്‍ ചേര്‍ന്നാല്‍, വില വര്‍ധനയ്ക്ക് ഒരു കാരണം കൂടിയാകാം. മിക്കപ്പോഴും വിലവര്‍ധന ചോദനപ്രേരകം മാത്രമോ ചെലവ് പ്രേരകം മാത്രമോ ആയിരിക്കുകയില്ല. രണ്ടുംകൂടിയായിരിക്കും.

വിലകള്‍ തടസ്സം കൂടാതെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, അത് പരസ്യമായ വിലവര്‍ധനയാണ് (Open inflation). ചിലപ്പോള്‍, വിലനിയന്ത്രണങ്ങളും റേഷനിങ്ങുംകൊണ്ട് വിലനിലവാരം ഉയരുന്നത് ഗവണ്‍മെന്റ് തടയുന്നു. അപ്പോള്‍, അത് മര്‍ദിതമായ വിലവര്‍ധനയാണ് (Suppressed inflation). മര്‍ദ്ദിതവിലവര്‍ധന, ചോദനത്തെ ഭാവിയിലേക്കു മാറ്റിവയ്ക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. ചിലപ്പോള്‍ അതിന്റെ ഫലമായി ചോദനം രണ്ടുതരത്തിലുള്ള ചരക്കുകളില്‍ നിന്ന് മറ്റൊരുതരത്തിലുള്ളവയിലേക്കു മാറുന്നു. വിലനിയന്ത്രണത്തിനും റേഷനിങ്ങിനും വിധേയമായ ചരക്കുകള്‍ക്കു പകരം ആളുകള്‍, അങ്ങനെ അല്ലാത്ത ചരക്കുകള്‍ ആവശ്യപ്പെടുന്നു. മര്‍ദിതവിലവര്‍ധനയ്ക്ക് ചില ആപത്സാധ്യതകളുണ്ട്. ഒന്നാമതായി, നിയന്ത്രണവും റേഷനിങ്ങും കാര്യക്ഷമമായി നടപ്പില്‍വരുത്തുന്നതില്‍ ഭരണപരമായ പല പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. രണ്ടാമതായി, അഴിമതിയും കരിഞ്ചന്തയും പ്രോത്സാഹിപ്പിക്കപ്പെടുന്നു. മൂന്നാമതായി, വിഭവങ്ങള്‍ വിലനിയന്ത്രണത്തിനു വിധേയമായ അവശ്യസാധനങ്ങളുടെ ഉത്പാദനത്തില്‍ നിന്ന് വിലനിയന്ത്രിക്കപ്പെടാത്ത സാധനങ്ങളുടെ ഉത്പാദനത്തിലേക്കു മാറ്റപ്പെടുന്നു.

വിലവര്‍ധനയുടെ തുടക്കത്തില്‍, വിലകള്‍ സാധാരണയായി സാവധാനത്തില്‍ മാത്രമേ ഉയരുകയുള്ളൂ. ഇതിന് ഇഴയുന്ന വിലവര്‍ധന (creeping inflation) എന്നു പറയുന്നു. കുറേക്കഴിയുമ്പോള്‍ വിലനിലവാരത്തിന്റെ ഉയര്‍ച്ചയ്ക്ക് വേഗം കൂടുന്നു. ഇതിന് ഓടുന്ന വിലവര്‍ധന (running inflation) എന്നു പറയുന്നു. ചിലപ്പോള്‍, ഈ ഘട്ടവും കടന്ന്, വിലകള്‍ വാണംപോലെ കുതിച്ചുകയറുവാന്‍ തുടങ്ങുന്നു. ഇത് കുതിക്കുന്ന വിലവര്‍ധന (galloping inflation)യെന്നറിയപ്പെടുന്നു.

നാണയപ്പെരുപ്പ വിടവ്. 'നാണയപ്പെരുപ്പ വിടവ്' എന്നൊരു സങ്കല്പം കെയിന്‍സ് ആവിഷ്കരിച്ചു. പ്രതീക്ഷിതമായ വ്യയങ്ങള്‍ അടിസ്ഥാനവിലകളില്‍ ലഭ്യമായ ഉത്പാദനത്തെക്കാള്‍ വ്യയങ്ങള്‍ അധികമായിരിക്കുന്നതുകൊണ്ട് ആളുകളുടെ വരുമാനവും അധികമായിരിക്കും. അതേസമയം ഉത്പാദനശേഷിയുടെ വലിയൊരുഭാഗം യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ സാധാരണ ഉപഭോഗത്തിനാവശ്യമായ ചരക്കുകളുടെ പ്രദാനം കുറവായിരിക്കും. അങ്ങനെ ചോദനത്തെ നിര്‍ണയിക്കുന്ന പണവരുമാനവും ചരക്കുകളുടെ പ്രദാനവും തമ്മില്‍ ഒരു വിടവുണ്ടാകുന്നു. ഇതിനെയാണ് നാണയപ്പെരുപ്പ വിടവെന്നു പറയുന്നത്. യുദ്ധകാലത്തുമാത്രമല്ല, പണപ്പെരുപ്പവിടവുണ്ടാകുന്നത്. ആസൂത്രിത സാമ്പത്തിക വികസനത്തിന്റെ കാലഘട്ടത്തിലും നാണയപ്പെരുപ്പ വിടവുണ്ടാകുന്നു. പല പദ്ധതികള്‍ക്കായി ധാരാളം പണം ചെലവഴിക്കുന്നതിനാല്‍ പണവരുമാനം ഉയരുന്നു. എന്നാല്‍, മൂലധനച്ചരക്കുകളുടെ ഉത്പാദനത്തിലുള്ള നിക്ഷേപവും അവയില്‍നിന്ന് ചരക്കുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നതും തമ്മില്‍ കാലത്തിന്റെ തന്നെ ഒരു വിടവുള്ളതിനാല്‍ ഉപഭോഗസാധനങ്ങളുടെ ഉത്പാദനം കുറഞ്ഞിരിക്കും. അങ്ങനെ നാണയപ്പെരുപ്പ വിടവുണ്ടാകുന്നു. നാണയപ്പെരുപ്പവിടവു നികത്താന്‍ പല മാര്‍ഗങ്ങളുണ്ട്. ഒന്ന് സമൂഹത്തിന്റെ സ്വേച്ഛാപരമായ സമ്പാദ്യത്തിന്റെ വര്‍ധന. രണ്ട്, ജനങ്ങളുടെ കൈകളിലെ അധികക്രയശക്തി വലിച്ചെടുക്കുന്നതിന് നികുതി ചുമത്തുക. മൂന്ന്, ലഭ്യമായ ഉത്പാദനത്തിന് നികുതി ചുമത്തുക. നാല്, ലഭ്യമായ ഉത്പാദനത്തിന്റെ മൂല്യം ചെലവഴിക്കാവുന്ന വരുമാനത്തിന്റെ നിലവാരത്തിലേക്കുയരാന്‍ അനുവദിക്കുക - അതായത് വിലകള്‍ വര്‍ധിക്കാന്‍ അനുവദിക്കുക.

നാണയപ്പെരുപ്പത്തിന്റെ ഫലങ്ങള്‍. നാണയപ്പെരുപ്പം ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. തൊഴിലില്ലാത്ത ആളുകളും ഉപയോഗപ്പെടാതിരിക്കുന്ന വിഭവങ്ങളും ഉപയുക്തമാക്കി ഉത്പാദനം വര്‍ധിപ്പിക്കാന്‍ നാണയപ്പെരുപ്പം ഉത്പാദകരെ പ്രേരിപ്പിക്കുന്നു. പക്ഷേ, ഒരു ഘട്ടം കഴിഞ്ഞും വിലകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ അത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. പണത്തിന്റെ മൂല്യം വളരെ കുറവായതിനാല്‍ കൃഷിക്കാര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്ക്കാന്‍ തയ്യാറാവാതെ വന്നേക്കാം. പണിമുടക്കുകളും മറ്റു സംഭവങ്ങളും വ്യവസായികോത്പാദനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ചുരുക്കത്തില്‍, ഉത്പാദനം തുടരുന്നത് എല്ലാവര്‍ക്കും വിഷമകരമായി അനുഭവപ്പെടും.

ചരക്കുകളുടെ വിലകള്‍ വര്‍ധിക്കുന്നതിനനുസൃതമായി വേതനങ്ങളും വര്‍ധിക്കുകയാണെങ്കില്‍, വിലവര്‍ധനകൊണ്ട് വരുമാനവിതരണത്തെ സംബന്ധിച്ചിടത്തോളം കാര്യമായ വ്യത്യാസമുണ്ടാവുകയില്ല. പക്ഷേ എല്ലാ വിലകളും ഒരുപോലെ വര്‍ധിക്കുന്നില്ല എന്നതാണ് വാസ്തവം. വിലകള്‍ കുതിച്ചുകയറുമ്പോള്‍ വേതനം സാവധാനത്തില്‍ മാത്രമേ വര്‍ധിക്കുകയുള്ളൂ. വ്യാവസായികോത്പന്നങ്ങളുടെ വിലകളോളം കാര്‍ഷികോത്പന്നങ്ങളുടെ വിലകള്‍ വര്‍ധിക്കുകയില്ല. തന്മൂലം വ്യവസായിയും വ്യാപാരിയും അമിതമായ ലാഭമുണ്ടാക്കുമ്പോള്‍ സ്ഥിരവരുമാനക്കാരും കര്‍ഷകരും കഷ്ടപ്പെടുന്നു. അങ്ങനെ നാണയപ്പെരുപ്പം സമൂഹത്തിലെ വ്യത്യസ്തവിഭാഗങ്ങള്‍ തമ്മിലുള്ള ദേശീയവരുമാനവിതരണത്തില്‍ മാറ്റമുണ്ടാക്കുന്നു. നിശ്ചിതവരുമാനമുള്ളവര്‍ കഷ്ടതയനുഭവിക്കുകയും ഉത്പാദകരും വ്യാപാരികളും അമിതലാഭം ഉണ്ടാക്കുകയും ചെയ്യുന്നു.

നാണയപ്പെരുപ്പ നിയന്ത്രണം. നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ മൂന്നുതരത്തിലുള്ള നടപടികള്‍ സ്വീകരിക്കാറുണ്ട്. ഒന്ന്, നാണയനയം; രണ്ട്, നികുതി നയം; മൂന്ന്, വിലനിയന്ത്രണവും റേഷനിങ്ങും.

1. നാണയനയം (Monetary Policy). രാജ്യത്തിന്റെ പരമപ്രധാനമായ കേന്ദ്രബാങ്കിലെ നാണയവ്യവസ്ഥയെ നിയന്ത്രിക്കാനുപയോഗിക്കുന്ന നടപടികള്‍ക്കാണ് നാണയനയമെന്നു പറയുന്നത്. ബാങ്ക് നിരക്ക്, തുറന്ന കമ്പോളപ്രവര്‍ത്തനങ്ങള്‍, കരുതല്‍ ധനചലനങ്ങള്‍, പ്രത്യേകനിയന്ത്രണങ്ങള്‍ എന്നിവ ഉപയോഗിച്ച് കേന്ദ്രബാങ്കിന് വാണിജ്യബാങ്കുകളുടെ വായ്പാസൃഷ്ടിപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും അങ്ങനെ പണത്തിന്റെ പരിമാണത്തെ കുറയ്ക്കുകയും ചെയ്യാം. ബാങ്ക് വായ്പാവികസനത്തിന്റെ ഫലമായി സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉള്ള ചോദനം വര്‍ധിക്കുന്നതുകൊണ്ടാണ് വിലവര്‍ധന ഉണ്ടാകുന്നതെങ്കില്‍, നാണയനയം കൊണ്ട് അത് നിയന്ത്രിക്കാം. എന്നാല്‍. കറന്‍സിയുടെ വികസനമാണ് കാരണമെങ്കില്‍ നാണയനയം കൊണ്ട് വലിയ പ്രയോജനമുണ്ടാവുകയില്ല.

2. നികുതിനയം (Fiscal policy). നികുതി, വ്യയം, പൊതുവായ്പ എന്നിവയെ സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ നയമാണ് നികുതിനയം. സര്‍ക്കാര്‍ ചുമത്തുന്ന നികുതികളും സര്‍ക്കാരിന്റെ വ്യയവും കൈകളിലവശേഷിക്കുന്ന വരുമാനത്തെ നിയന്ത്രിക്കുന്ന നികുതികളിലൂടെ സര്‍ക്കാര്‍ പണം വലിച്ചെടുക്കുന്നതുകൊണ്ട് ജനങ്ങളുടെ വരുമാനം കുറയുന്നു. സര്‍ക്കാര്‍ വ്യയം നടത്തുമ്പോള്‍ ജനങ്ങളുടെ വരുമാനം വര്‍ധിക്കുന്നു. വിലവര്‍ധന തടയാന്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്, നികുതികള്‍ വര്‍ധിപ്പിച്ച് ജനങ്ങളുടെ ചെലവഴിക്കാവുന്ന വരുമാനത്തെ കുറയ്ക്കുകയാണ്. അതേസമയം, സര്‍ക്കാര്‍വ്യയം കുറയുകയും വേണം. പൊതുകടനയവും ഇതിനനുഗുണമായി ആസൂത്രണം ചെയ്യണം. വിലവര്‍ധനയുള്ളപ്പോള്‍, പഴയകടങ്ങള്‍ സര്‍ക്കാര്‍ തിരിച്ചുനല്കരുത്.

3. വിലനിയന്ത്രണവും റേഷനിങ്ങും (Price Control & Rationing). വിലവര്‍ധന തടയാന്‍ മിക്ക രാജ്യങ്ങളും സാധാരണയായി ചെയ്യുന്നത് വിലനിയന്ത്രണവും റേഷനിങ്ങും ഏര്‍പ്പെടുത്തുകയാണ്. നാണയനയവും നികുതിനയവും പ്രയോജനകരമല്ലാത്ത സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും ഇവയാണ് ഫലപ്രദമാവുക. അവശ്യസാധനങ്ങളുടെ വിലകള്‍ക്ക് സര്‍ക്കാര്‍ ഒരു പരിധി നിര്‍ണയിക്കുന്നു. അതില്‍ക്കൂടുതല്‍ വിലയ്ക്ക് സാധനങ്ങള്‍ വില്ക്കുന്നത് നിയമപരമായി കുറ്റമാകുന്നു. വിലനിയന്ത്രണം മാത്രമായാല്‍ പലപ്പോഴും ഫലപ്രദമാവുകയില്ല. കരിഞ്ചന്തയുടെ ആവിര്‍ഭാവമായിരിക്കും അതിന്റെ ഫലം. വ്യാപാരികള്‍ അവശ്യസാധനങ്ങള്‍ പൂഴ്ത്തിവച്ച് അധികവിലയ്ക്ക് രഹസ്യമായി വിറ്റ് അമിതലാഭമുണ്ടാക്കാന്‍ ശ്രമിക്കും. ഇതു തടയാന്‍ ഗവണ്‍മെന്റ് റേഷനിങ് ഏര്‍പ്പെടുത്തുന്നു. ചരക്കുകള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയും റേഷന്‍കടകളില്‍ക്കൂടിയോ ന്യായവിലഷോപ്പുകള്‍ വഴിയോ വില്ക്കുകയും ചെയ്യുന്നു. എല്ലാ പൗരന്മാര്‍ക്കും അവശ്യസാധനങ്ങളുടെ ഒരു നിശ്ചിത പരിമാണം ന്യായവിലയ്ക്ക് ലഭിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ഗവണ്‍മെന്റ് തന്നെ ചെയ്യുന്നു എന്നര്‍ഥം.

പണപ്പെരുപ്പം അവികസിതരാജ്യങ്ങളില്‍. വികസിത സമ്പദ് വ്യവസ്ഥകളില്‍ പൂര്‍ണതൊഴില്‍നില വന്നുകഴിഞ്ഞാല്‍, പണത്തിന്റെ പരിമാണവും സാധനങ്ങള്‍ക്കുള്ള ചോദനവും വര്‍ധിക്കുകയാണെങ്കില്‍, ഉത്പാദന വര്‍ധനവുണ്ടാവുമെന്നതാണ് മെച്ചം. പൂര്‍ണതൊഴില്‍നില പ്രാപിക്കുന്നതുവരെ ചോദനത്തിലും വിലകളിലും ഉണ്ടാകുന്ന വര്‍ധന ഉത്പാദനത്തെയും വരുമാനത്തെയും തൊഴില്‍ സാധ്യതകളെയും വര്‍ധിപ്പിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍, തൊഴിലില്ലായ്മയും വിലവര്‍ധനയും അസംഭവ്യമാണ്. എന്നാല്‍, യഥാര്‍ഥത്തില്‍ അല്പവികസിതരാജ്യങ്ങളില്‍ പലപ്പോഴും അവ രണ്ടും ഒരുമിച്ചു കാണപ്പെടുന്നുണ്ട്. ഉദാഹരണമായി, ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമായ ഒരു പ്രശ്നമാണ്. അതേസമയം പണപ്പെരുപ്പവും വിലവര്‍ധനയും ഗുരുതരമായ ഒരു പ്രശ്നമായിത്തീര്‍ന്നിട്ടുണ്ട്. പൂര്‍ണതൊഴില്‍ നിലയെത്തുന്നതിനുമുമ്പ് വിലകള്‍ വര്‍ധിക്കുന്ന ഒരു സ്ഥിതിവിശേഷമുണ്ടാകുമെന്ന് കെയിന്‍സ് വിഭാവനം ചെയ്തിരുന്നു. തൊഴിലില്ലായ്മയും ഉപയോഗിക്കപ്പെടാത്ത വിഭവങ്ങളുമുണ്ടെങ്കിലും ഉത്പാദനം വര്‍ധിപ്പിക്കാന്‍ മറ്റു തടസ്സങ്ങളുമുള്ളപ്പോഴാണ് ഇതുണ്ടാകുന്നത്. ചോദനം വര്‍ധിച്ചാലും പ്രദാനത്തിന്റെ അപൂര്‍ണവികാസ ക്ഷമതമൂലം ചരക്കുകളുടെ ഉത്പാദനം വര്‍ധിച്ചില്ലെന്നുവരും.

അല്പവികസിതരാജ്യങ്ങളില്‍ പ്രദാനത്തിന്റെ വികസനം നേരിടുന്ന പ്രശ്നങ്ങള്‍ താഴെപ്പറയുന്നവയാണ്.

ഒന്നാമതായി, അല്പവികസിതരാജ്യങ്ങളില്‍ കമ്പോളത്തിന് പല അപൂര്‍ണതകളുമുണ്ട്. ഉത്പാദകരുടെയും ഉപഭോക്താക്കളുടെയും അപൂര്‍ണമായ അറിവ്, ഉത്പാദനഘടകങ്ങളുടെ അപൂര്‍ണമായ ചലനക്ഷമത, തൊഴില്‍വിഭജനത്തിന്റെ അപൂര്‍ണത എന്നീ ഘടകങ്ങള്‍ വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗപ്പെടുത്തലിനു തടസ്സമാകുന്നു. രണ്ടാമതായി, സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴില്‍, മൂലധനയന്ത്രങ്ങള്‍, ഗതാഗതസൌകര്യങ്ങള്‍. ഊര്‍ജം എന്നിവയുടെ അഭാവം തുടങ്ങിയ ഘടകങ്ങള്‍ അല്പവികസിതരാജ്യങ്ങളില്‍ ഉത്പാദനവര്‍ധനയ്ക്ക് കാരണമാകുന്നു.

മൂന്നാമതായി, അല്പവികസിതരാജ്യങ്ങളില്‍ സീമാന്ത ഉപയോഗപ്രവണത (Marginal Prosperity to consume) വളരെ ഉയര്‍ന്നതാണ്. ഇതു സാധനങ്ങളുടെയും സേവനങ്ങളുടെയും പ്രദാനത്തെ കുറയ്ക്കുന്നു. കാര്‍ഷികോത്പാദനം വര്‍ധിക്കുമ്പോള്‍ കൂടുതല്‍ സ്വയം ഉപയോഗിക്കുകയും കമ്പോളത്തിലേക്കുള്ള പ്രദാനം കുറയുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇതിനുപുറമേ ഉപഭോഗപ്രവണത ഉയര്‍ന്നതിനാല്‍ നിക്ഷേപം കുറഞ്ഞിരിക്കുകയും ചെയ്യുന്നു.

നാലാമതായി, അല്പവികസിതരാജ്യങ്ങളിലെ ഒരു പ്രത്യേകത, പ്രാഥമിക ഉത്പാദനത്തിന്റെ ഒരു വലിയഭാഗം കയറ്റി അയക്കപ്പെടുന്നുവെന്നതാണ്. അത്രത്തോളം ആന്തരികോപഭോഗത്തിനുള്ള പ്രദാനം കുറയുകയും ചെയ്യുന്നു. കയറ്റുമതികളില്‍ നിന്നു കിട്ടുന്ന വരുമാനം ആന്തരികോത്പാദിത സാമഗ്രികള്‍ക്കായി ചെലവഴിക്കുമ്പോള്‍ വിലവര്‍ധനയ്ക്ക് സഹായകമാവുന്നു.

അവസാനമായി, അല്പവികസിതരാജ്യങ്ങള്‍ തങ്ങളുടെ സാമ്പത്തികവികസനപദ്ധതികള്‍ക്കായി വിപുലമായ തോതില്‍ വായ്പകളെടുക്കുകയും കമ്മിപ്പണനയം സ്വീകരിക്കുകയും ചെയ്യുന്നു. ഈ പണം ചെലവഴിക്കുന്നത് ഉപഭോഗവസ്തുക്കള്‍ നിര്‍മിക്കാനല്ല, വിദ്യാഭ്യാസം, ഗതാഗതം, ഊര്‍ജം, യന്ത്രനിര്‍മാണം തുടങ്ങിയവയുടെ വികസനത്തിനാണ്. ഒരു വശത്ത്, പണത്തിന്റെ പരിമാണം സര്‍ക്കാര്‍തന്നെ വര്‍ധിപ്പിക്കുമ്പോള്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ചോദനം വര്‍ധിക്കുന്നു. മറുവശത്ത് ഉപഭോഗവസ്തുക്കളുടെ ഉത്പാദനം വര്‍ധിക്കുന്നുമില്ല. ഇതാണ്, അല്പവികസിത രാജ്യങ്ങളില്‍ വിലവര്‍ധനവിനു പ്രധാനകാരണം.

നാണയച്ചുരുക്കം (Deflation). വിലകള്‍ അമിതമായി ഉയരുകയാണെങ്കില്‍, അത് താഴേണ്ടത് അനിവാര്യമാണ്. വിലനിലവാരത്തില്‍ ഇങ്ങനെയുണ്ടാകുന്ന താഴ്ച സമൂഹത്തിന് ഗുണകരമാവുന്നതോടൊപ്പം ഉത്പാദനത്തിലോ തൊഴിലിലോ ഒരു കുറവും ഉണ്ടാവുകയില്ല. അതുകൊണ്ട് പണപ്പെരുപ്പം മൂലം വിലകള്‍ വര്‍ധിക്കുമ്പോള്‍, തൊഴിലില്ലായ്മക്കിടവയ്ക്കാതെ അവ കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഈ പ്രക്രിയ നാണയച്ചുരുക്കത്തിലൂടെയാണ് മിക്കപ്പോഴും സാധിക്കുന്നത്. ഇത്തരത്തിലുള്ള നാണയച്ചുരുക്കം വിലവര്‍ധന വിരുദ്ധമായ ഒരു നടപടിയാണ്. എന്നാല്‍ പൂര്‍ണതൊഴില്‍ നിലവാരത്തില്‍നിന്ന് വിലകള്‍ താഴുകയാണെങ്കില്‍, അത് വരുമാനത്തെയും തൊഴിലിനെയും പ്രതികൂലമായി ബാധിക്കും. ഈ പ്രക്രിയയ്ക്കാണ് വിലയിടിവ് അഥവാ നാണയച്ചുരുക്കമെന്നു പറയുന്നത്. നാണയപ്പെരുക്കത്തില്‍ പണവരുമാനങ്ങള്‍ വര്‍ധിക്കുമ്പോള്‍ നാണയച്ചുരുക്കത്തില്‍ പണവരുമാനങ്ങള്‍ താഴുന്നു. പണവരുമാനങ്ങള്‍ താഴുമ്പോള്‍ ചംക്രമണത്തിനുള്ള പണത്തിന്റെ പരിമാണം കുറയുകയും അങ്ങനെ പണത്തിന്റെ മൂല്യം വര്‍ധിക്കുകയും ചെയ്യുന്നു. ചരക്കുകളെയപേക്ഷിച്ച് പണത്തിന്റെ മൂല്യം വര്‍ധിക്കുകയെന്നതിനര്‍ഥം ചരക്കുവിലകള്‍ താഴുന്നുവെന്നാണ്.

നാണയച്ചുരുക്കവും അതുമൂലമുണ്ടാകുന്ന വിലയിടിവും സമ്പദ്വ്യവസ്ഥയില്‍ പല മാറ്റങ്ങളും സൃഷ്ടിക്കുന്നു. ഉത്തരവാദത്തെ സംബന്ധിച്ചിടത്തോളം പണച്ചുരുക്കവും വിലയിടിവും ദോഷകരമാണ്. പണവരുമാനങ്ങള്‍ കുറയുന്നതിനാല്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ചോദനം കുറയുകയും തത്ഫലമായി വിലകള്‍ താഴുകയും ചെയ്യുന്നു. വിലയിടിവ് തുടരുകയാണെങ്കില്‍ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും വലിയ നഷ്ടമുണ്ടാകും. ഇത് ഉത്പാദനം കുറയ്ക്കാന്‍ അവരെ പ്രേരിപ്പിക്കും. ചുരുക്കത്തില്‍ ഉത്പാദനം മാത്രമല്ല, തൊഴിലും കുറയുന്നു. സ്ഥിരവരുമാനമുള്ളവരെ സംബന്ധിച്ച് വിലയിടിവ് ഗുണകരമാണ്. പണത്തിന്റെ മൂല്യം ഉയരുകയും സാധനവിലകള്‍ താഴുകയും ചെയ്യുന്നതുകൊണ്ട് അവരുടെ ക്രയശക്തി വര്‍ധിക്കുന്നു. അവരുടെ ജീവിതനിലവാരം ഉയരുന്നു. പക്ഷേ, വിലയിടിവിന്റെ കാലങ്ങളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുകയാണ് ചെയ്യുന്നത്. സ്ഥിരവരുമാനക്കാരില്‍ പലര്‍ക്കും ജോലിതന്നെ ഇല്ലാതാകുമ്പോള്‍ അവരുടെ ക്രയശക്തി വര്‍ധിക്കുന്നതിനുപകരം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ജോലി നിലനിര്‍ത്താന്‍ കഴിയുന്നവര്‍ക്കു മാത്രമേ ഇക്കാലത്ത് ഏതെങ്കിലും നേട്ടങ്ങളുണ്ടാവുകയുള്ളൂ. വിലയിടിവിനെ നിയന്ത്രിക്കാനും പരിഹരിക്കാനും സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ നാണയപ്പെരുപ്പം തടയാന്‍ സ്വീകരിക്കുന്ന നയങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്തമായിരിക്കും.

നാണയച്ചുരുക്കം തടയാനുള്ള നാണയനയം, വാണിജ്യബാങ്കുകളുടെ വായ്പാപരിമാണത്തെ നിയന്ത്രിക്കാന്‍ കേന്ദ്രബാങ്കിന്റെ കൈയിലുള്ള ആയുധങ്ങളായ ബാങ്കുനിരക്ക്, തുറന്ന കമ്പോളപ്രവര്‍ത്തനങ്ങള്‍, പ്രത്യേകനിയന്ത്രണങ്ങള്‍ എന്നിവ ഉപയോഗിക്കുകയാണ്. ഈ നയത്തിന് മൂല്യം കുറഞ്ഞ നാണയനയം (Cheap money policy) എന്നു പറയുന്നു. പലിശനിരക്ക് കുറച്ച് വായ്പാപണത്തിനുള്ള ചോദന വര്‍ധിപ്പിക്കുകയും അങ്ങനെ നിക്ഷേപം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. പക്ഷേ, വിലയിടിവിന്റെ കാലങ്ങളില്‍ നാണയനയം ഫലപ്രദമായെന്നു വരില്ല. നിക്ഷേപം വര്‍ധിപ്പിക്കാന്‍ വ്യവസായികള്‍ക്ക് കൂടുതല്‍ വായ്പ നല്കുന്നതിന് വാണിജ്യബാങ്കുകള്‍ ഒരുക്കമായാല്‍പ്പോലും, നിക്ഷേപം ലാഭകരമാവില്ലെന്ന ഭയം വായ്പാസൌകര്യങ്ങള്‍ ഉപയോഗപ്പെടുന്നതില്‍ നിന്നും വ്യവസായികളെ നിരുത്സാഹപ്പെടുത്തിയേക്കാം.

നാണയച്ചുരുക്കം തടയുന്നതിനുള്ള നികുതിനയം കമ്മി ബജറ്റ് നയമാണ്. സര്‍ക്കാര്‍ ബജറ്റില്‍ ചെലവ് വരുമാനത്തെക്കാള്‍ അധികമായിരിക്കുന്നതാണ് കമ്മി ബാങ്ക് നയം. ജനങ്ങളുടെ ക്രയശക്തി വര്‍ധിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ നികുതികള്‍ കുറയ്ക്കുന്നു. മറുവശത്ത് ജലസേചനപദ്ധതികള്‍, റോഡ് നിര്‍മാണം, റെയില്‍ നിര്‍മാണം തുടങ്ങിയ പൊതുമരാമത്ത് പദ്ധതികളില്‍ കൂടുതല്‍ പണം നിക്ഷേപിക്കുകയും ചെയ്യുന്നു. ബജറ്റ് കമ്മി നികത്താന്‍ ബാങ്കുകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ കടമെടുക്കുന്നു. ഈ നികുതിനയത്തിന്റെ അടിസ്ഥാനാശയം സ്വകാര്യചോദനത്തിനുള്ള കുറവു നികത്താന്‍ സാധനങ്ങള്‍ക്കുള്ള ചോദനം വര്‍ധിപ്പിക്കുകയാണെന്നതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍