This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാട്യശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാട്യശാസ്ത്രം

അഭിനയകലയെ സാംഗോപാംഗം വിശദീകരിക്കുന്ന സംസ്കൃതകൃതി. ഗദ്യപദ്യസമ്മിശ്രമായ ഇതില്‍ പദ്യത്തിലാണ് കൂടുതല്‍ വിവരണം. നാട്യകലയോടു ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും-സംഗീതം, സാഹിത്യം, നൃത്തം, അഭിനയം, നാട്യമണ്ഡപനിര്‍മാണം തുടങ്ങിയവയെല്ലാം 36 അധ്യായങ്ങളിലായി ലളിതവും വിശദവുമായി പ്രതിപാദിക്കുന്നു. ക്രിസ്ത്വബ്ദാരംഭത്തിനുമുമ്പാണ് രചനാകാലം. ഭരതമുനിയാണ് രചയിതാവ്. ആറായിരം ശ്ളോകങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. (ഒരു ശ്ലോകം എന്നത് 32 അക്ഷരം എന്ന സങ്കേതത്തെ സൂചിപ്പിക്കുന്നു. അനുഷ്ടുപ്പ് വൃത്തത്തിലുള്ള ഒരു പദ്യത്തില്‍ 32 അക്ഷരമാണുണ്ടാവുക).

നാട്യശാസ്ത്രത്തിന്റെ രചനാകാലത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. ബി.സി. ഒന്നാം ശ. മുതല്‍ രാമായണ-മഹാഭാരതങ്ങള്‍ക്കും മുമ്പുവരെ ഇതിന്റെ രചനാകാലമായി വ്യത്യസ്ത വാദഗതികള്‍ ഉണ്ട്. ഇതിഹാസങ്ങളിലെ കഥാഭാഗങ്ങളോ കഥാപാത്രങ്ങളോ ഇതില്‍ പരാമര്‍ശിക്കപ്പെടാത്തതും വൈദിക കഥകളായ ദേവാസുരയുദ്ധം, ത്രിപുരദഹനം, അമൃതമഥനം തുടങ്ങിയ കഥകളുടെ നാട്യാവതരണവും വൃത്തനിരൂപണത്തില്‍ വൈദികഛന്ദസ്സുകളുടെ രീതി പിന്തുടരുന്നതും ഇതിഹാസങ്ങള്‍ക്കുമുമ്പാണ് ഇതിന്റെ രചന എന്നതിനു ദൃഷ്ടാന്തമായി പറയുന്നു. ആറായിരം ശ്ലോകങ്ങളുള്ള ഒരു പാഠവും പന്തീരായിരം ശ്ലോകങ്ങളുള്ള മറ്റൊരു പാഠവും നിലവിലുണ്ടായിരുന്നതായും പരാമര്‍ശമുണ്ട്. ശാരദാതനയന്റെ ഭാവപ്രകാശം എന്ന കൃതിയില്‍, ഈ രണ്ടു പാഠങ്ങളും നിലനിന്നിരുന്നതായി പ്രസ്താവം കാണാം. പന്തീരായിരം ശ്ലോകങ്ങളുള്ള പാഠം വൃദ്ധഭരതന്‍ രചിച്ചതും ആറായിരം ശ്ലോകങ്ങളുള്ള പാഠം ഭരതന്‍ രചിച്ചതുമാകാം എന്നും നിരൂപണം ചെയ്തിട്ടുണ്ട്. ബഹുരൂപമിശ്രന്‍, ഭോജന്‍ തുടങ്ങിയവര്‍ പന്തീരായിരം ശ്ളോകങ്ങളുള്ള ബൃഹത്പാഠത്തില്‍ നിന്ന് ഉദ്ധരണങ്ങള്‍ നല്കുമ്പോള്‍ അഭിനവഗുപ്തനും ധനഞ്ജയനും മറ്റും ആറായിരം ശ്ലോകങ്ങളുള്ള പാഠമാണ് സ്വീകരിക്കുന്നത്. അന്നുവരെ നിലവിലുണ്ടായിരുന്ന നാട്യശാസ്ത്ര വിഷയങ്ങള്‍ ക്രോഡീകരിച്ച് ബൃഹത്പാഠം തയ്യാറാക്കിയതായും അതിനെ സംഗ്രഹിച്ച് ഭരതന്‍ ആറായിരം ശ്ലോകങ്ങളില്‍ ഇന്നു ലബ്ധമായ നാട്യശാസ്ത്രം രചിച്ചതായും കരുതുന്നവരുണ്ട്.

നാട്യശാസ്ത്രത്തിന്റെ അഥവാ നാട്യവേദത്തിന്റെ സ്രഷ്ടാവ് പരമശിവനാണെന്നും പരമശിവന്‍ ബ്രഹ്മദേവന് ഇത് ഉപദേശിച്ചു എന്നും നാട്യശാസ്ത്രത്തിന്റെ ആമുഖാധ്യായത്തില്‍ പറയുന്നു. അതിനടിസ്ഥാനമായ ഐതിഹ്യം ഇങ്ങനെയാണ്: ത്രേതായുഗമായതോടെ വേദപഠനം പ്രചാരലുപ്തമായപ്പോള്‍ ദേവന്മാര്‍ ബ്രഹ്മദേവനെ സമീപിച്ച് നാലുവേദങ്ങളും ഭൂരിപക്ഷം ജനത്തിനും ഉപയോഗമില്ലാതായിരിക്കുന്നതിനാല്‍ ഇവയുടെ തത്ത്വം ഉള്‍ക്കൊണ്ട് അഞ്ചാമതൊരു വേദം നിര്‍മിക്കണമെന്ന് അഭ്യര്‍ഥിച്ചു. ബ്രഹ്മദേവന്‍ പരമശിവന്റെ ഉപദേശപ്രകാരം ഋഗ്വേദത്തില്‍ നിന്ന് കഥാവസ്തുവും യജുര്‍വേദത്തില്‍ നിന്ന് അഭിനയവും സാമവേദത്തില്‍ നിന്ന് സംഗീതവും അഥര്‍വവേദത്തില്‍ നിന്ന് രസവും സ്വീകരിച്ച് നാട്യവേദം ആവിഷ്കരിച്ചു. ഇത് പ്രയോഗതലത്തില്‍ ചിട്ടപ്പെടുത്തുന്നതിന് ബ്രഹ്മദേവന്‍ ഭരതമുനിയോട് അഭ്യര്‍ഥിക്കുകയും ഭരതമുനി തന്റെ പുത്രന്മാരുടെയും ശിഷ്യന്മാരുടെയും സഹായത്തോടെ നാട്യശാസ്ത്രത്തിനു രൂപം നല്കുകയും ചെയ്തു. ദേവാസുരയുദ്ധം ഇതിവൃത്തമാക്കി തയ്യാറാക്കിയ നാട്യം ബ്രഹ്മാവിന്റെ മുന്നില്‍ അവതരിപ്പിച്ചു. സംഭാഷണപ്രധാനമായ ഭാരതീവൃത്തിയും രസഭാവപരമായ സാത്ത്വതീവൃത്തിയും ചടുലചലനങ്ങള്‍ക്കു പ്രാധാന്യമുള്ള ആരഭടീവൃത്തിയും നിറഞ്ഞുനിന്ന നാട്യത്തില്‍ അലങ്കാരഭംഗിയും അംഗചലനസൌകുമാര്യവും ശൃംഗാരരസഭാവങ്ങളും പ്രധാനമായ കൈശികീവൃത്തി സമന്വയിച്ചിരുന്നില്ല. ബ്രഹ്മദേവന്റെ നിര്‍ദേശപ്രകാരം ഭരതമുനി കൈശികീവൃത്തിക്കുകൂടി പ്രാധാന്യം നല്കി വേണ്ട പരിഷ്കാരം വരുത്തി. ഇതിനായി ബ്രഹ്മദേവന്‍ സുകേശി, മഞ്ജുകേശി തുടങ്ങി 24 അപ്സരസ്സുകളെ സൃഷ്ടിച്ചു നല്കിയത്രെ. വാദ്യത്തിന് സഹായിയായി സ്വാതി മഹര്‍ഷിയെയും സംഗീത സമന്വയത്തിനു സഹായികളായി തുംബുരു, നാരദന്‍ തുടങ്ങിയവരെയും നിയോഗിച്ചു. ഇവരുടെ സഹായത്തോടെ ആകര്‍ഷകമാക്കി മാറ്റിയശേഷമാണ് നാട്യം രംഗത്തവതരിപ്പിച്ചത്.

ദേവേന്ദ്രന്റെ ധ്വജാരോഹണോത്സവ സന്ദര്‍ഭത്തിലാണ് അസുരന്മാരെയും ഋഷിമാരെയും ഗന്ധര്‍വയക്ഷകിന്നരാദികളെയും എല്ലാം ക്ഷണിച്ചുവരുത്തി നാട്യം അരങ്ങേറുകയുണ്ടായത് എന്നും ഐതിഹ്യം നീളുന്നു. ദേവാസുരയുദ്ധവും ദേവന്മാരുടെ വിജയവുമായിരുന്നു പ്രധാന പ്രമേയം. മഹേന്ദ്രവിജയം എന്ന പേരില്‍ അവതരിപ്പിച്ച ഈ ആദ്യത്തെ നാട്യം ദേവന്മാരെ സന്തുഷ്ടരാക്കിയെങ്കിലും അസുരന്മാരുടെ പ്രതിഷേധത്തിനു കാരണമായി. നാട്യം തുടര്‍ന്നു നടത്തുന്നതിന് അവര്‍ വിഘ്നമുണ്ടാക്കിവന്നു. ഭരതമുനിയുടെ അഭ്യര്‍ഥനപ്രകാരം വിഘ്നം കൂടാതെ നാട്യം അവതരിപ്പിക്കുന്നതിന് അനുയോജ്യമായ നാട്യഗൃഹം ബ്രഹ്മദേവന്‍ വിശ്വകര്‍മാവിനെക്കൊണ്ടു നിര്‍മിച്ചു നല്കുകയും ദേവന്മാരെ രക്ഷാപുരുഷന്മാരായി നിയോഗിക്കുകയും ചെയ്തു. അസുരന്മാരെ സാന്ത്വനപ്പെടുത്തുകയും ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും പങ്കാളിത്തമുണ്ടായിരുന്ന 'അമൃതമഥനംകഥ' പ്രമേയമായ നാട്യം പുതുതായി നിര്‍മിച്ച നാട്യഗൃഹത്തില്‍ അരങ്ങേറുകയുമുണ്ടായി.

നാട്യകലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടെയും വിശദമായ പ്രതിപാദനമാണ് തുടര്‍ന്നു നല്കുന്നത് എന്നു സൂചിപ്പിക്കുന്നവിധം നാട്യഗൃഹനിര്‍മാണവിധിയാണ് രണ്ടാമത്തെ അധ്യായത്തില്‍ വിശദീകരിക്കുന്നത്. നോ: നാട്യഗൃഹം

ഗൃഹനിര്‍മാണത്തിനുശേഷം വാസ്തുപൂജ നടത്തുന്നതിനു സമാനമായി രംഗദേവതാ പൂജയുടെ വിവരണം മൂന്നാമത്തെ അധ്യായത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നു. എല്ലാ ദേവന്മാര്‍ക്കും ദേവതാവിഭാഗങ്ങള്‍ക്കും യക്ഷഗന്ധര്‍വ കിന്നരാദികള്‍ക്കും അസുരന്മാര്‍ക്കും രംഗപൂജ നടത്തണമെന്നാണു വിധി. ഇത് മന്ത്രനിര്‍ദേശത്തോടെ വിശദീകരിക്കുന്നു.

നാട്യാചാര്യന്മാരുടെയും മഹര്‍ഷിമാരുടെയും സമക്ഷം നാട്യം അവതരിപ്പിച്ച് നിര്‍ദേശങ്ങള്‍ ആരായുന്നതും അതുപ്രകാരം വേണ്ട പരിഷ്കാരങ്ങള്‍ വരുത്തുന്നതുമാണ് നാലാം അധ്യായത്തിലെ വിഷയം. ബ്രഹ്മാവിന്റെ നിര്‍ദേശപ്രകാരം ഭരതമുനി പരമശിവന്റെ സമക്ഷം ത്രിപുരദഹനംകഥ ഇതിവൃത്തമായി നാട്യം ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. ലാസ്യപ്രധാനമായ നൃത്തത്തോടൊപ്പം താണ്ഡവ പ്രധാനമായ നൃത്തത്തിന് നാട്യത്തില്‍ സ്ഥാനം നല്കാമെന്ന നിര്‍ദേശം പരമശിവന്‍ നല്കി. തണ്ഡു എന്നും പേരുള്ള നന്ദികേശ്വരനെ താണ്ഡവത്തിന്റെ ശിക്ഷണത്തിനു നിയോഗിക്കുകയും ചെയ്തു. ലാസ്യപ്രധാനമായ നൃത്തത്തിന് പാര്‍വതീദേവി പരിഷ്കാരങ്ങള്‍ വരുത്തി കൂടുതല്‍ ആകര്‍ഷകമാക്കി. മഹാവിഷ്ണു നാട്യവൃത്തികള്‍ ആവിഷ്കരിച്ച് നാട്യത്തിന് സമഗ്രത നല്കി. നൃത്തത്തിന് നാട്യത്തില്‍ നല്കേണ്ട പ്രധാന്യത്തെപ്പറ്റിയുള്ള ചര്‍ച്ചയോടെയാണ് നാലാമധ്യായം അവസാനിക്കുന്നത്.

നാട്യാരംഭത്തില്‍ അനുഷ്ഠിക്കേണ്ട പൂര്‍വരംഗവിധിയാണ് അഞ്ചാം അധ്യായത്തില്‍ വിസ്തരിക്കുന്നത്. മറയ്ക്കകത്ത് (കര്‍ട്ടനുള്ളില്‍) അനുഷ്ഠിക്കേണ്ട ഒന്‍പത് വിധികളും മറ നീക്കിയശേഷം (കര്‍ട്ടനുയര്‍ത്തിയശേഷം) അനുഷ്ഠിക്കേണ്ട പത്ത് വിധികളും വിശദീകരിക്കുന്നു. വാദ്യക്കാരെ യഥോചിതം ആനയിച്ച് യഥാസ്ഥാനത്ത് ഇരുത്തുക, പാട്ടുകാര്‍ക്ക് അനുയോജ്യമായ സ്ഥാനം നല്കി സ്വീകരിക്കുക, പാട്ടും വാദ്യവും സമന്വയിപ്പിച്ച് പരിശോധിക്കുക, ഗാനാലാപനം നടത്തുക തുടങ്ങിയവയാണ് മറയ്ക്കു പിന്നിലുള്ള വിധികള്‍. മറ നീക്കിയതിനുശേഷം ദേവതാവന്ദനം, നാന്ദീപദ്യം, നൃത്തം, ദേവദ്വിജനൃപാദികളെ വന്ദിക്കല്‍, കഥാസംക്ഷേപം തുടങ്ങിയവ പ്രധാന പൂര്‍വരംഗ വിധികളില്‍പ്പെടുന്നു.

രസാധ്യായം എന്നാണ് ആറാമത്തെ അധ്യായത്തിനു പ്രസിദ്ധി. നാട്യത്തില്‍ (കാവ്യത്തിലും) രസനിഷ്പത്തിയാണ് പരമ ലക്ഷ്യമെന്നും അതിന് ഉപോദ്ബലകമാകുന്നത് വിഭാവങ്ങളുടെയും അനുഭാവങ്ങളുടെയും വ്യഭിചാരിഭാവങ്ങളുടെയും സമന്വയമാണെന്നും നിര്‍ദേശിച്ചിട്ട് ഇതിനെ വിശദീകരിക്കുന്ന നിരീക്ഷണം നാട്യശാസ്ത്രരംഗത്തെ മാത്രമല്ല, കാവ്യശാസ്ത്രരംഗത്തെയും എക്കാലത്തെയും ഏറ്റവും സമഗ്രമായ കണ്ടെത്തലായി കരുതപ്പെടുന്നു. എട്ട് രസങ്ങള്‍, എട്ട് ഭാവങ്ങള്‍, 33 വ്യഭിചാരിഭാവങ്ങള്‍, എട്ട് സാത്വിക ഭാവങ്ങള്‍ എന്നിവയെയും ഈ അധ്യായത്തില്‍ വിശദീകരിക്കുന്നു. ഈ ഭാവങ്ങളുടെ സമഞ്ജസമായ സംയോജനം ഏതേതു രസങ്ങളുടെ നിഷ്പത്തിക്ക് എപ്രകാരം പ്രയോജകീഭവിക്കുന്നു എന്ന സവിസ്തര പ്രതിപാദനമാണ് ഏഴാം അധ്യായത്തില്‍. ഈ അധ്യായത്തെ ഭാവാധ്യായം എന്നു വിശേഷിപ്പിക്കുന്നു. ഭാവാഭിനയ പ്രധാനമായ സാത്വികാഭിനയത്തെപ്പറ്റിയും ഇവിടെ വിശദീകരിക്കുന്നുണ്ട്.

അഭിനയത്തിന്റെ സാങ്കേതിക തത്ത്വങ്ങളുടെ വിശദമായ നിരൂപണം എട്ടാം അധ്യായത്തില്‍ ആരംഭിക്കുന്നു. അഭിമുഖമായി നയിക്കുന്നത്-കാവ്യാര്‍ഥങ്ങളെ അഥവാ ലോകവൃത്തികളെ പ്രേക്ഷകരുടെ കണ്‍മുന്നിലെത്തിക്കുന്നത്-എന്ന അര്‍ഥമാണ് അഭിനയപദത്തിനു നല്കുന്നത്. അഭിനയത്തെ ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്ന് നാലുവിഭാഗങ്ങളായി തിരിക്കുന്നു. ആംഗികാഭിനയം തന്നെ മുഖജം, ശാരീരം, ചേഷ്ടാകൃതം എന്ന് മൂന്നുവിധമുണ്ട്. ശിരസ്സിന് 13 വിധത്തില്‍ ചലനം; ദൃഷ്ടി (നോട്ടം) 36 വിധത്തില്‍; കൃഷ്ണമണിയുടെ ചലനം 9 വിധം എന്നിങ്ങനെ വിശദമായ പഠനത്തോടെ മുഖജാഭിനയമാണ് എട്ടാം അധ്യായത്തില്‍ ഉള്‍പ്പെടുത്തുന്നത്.

ഒന്‍പതാം അധ്യായത്തില്‍ ഹസ്താഭിനയമാണ് വിശദീകരിക്കുന്നത്. കൈമുദ്രകള്‍, ഹസ്തചലന വിശേഷതകള്‍, ഓരോ സന്ദര്‍ഭത്തിനനുസരിച്ച് ഹസ്തചലനത്തിനുവേണ്ട വേഗത തുടങ്ങിയവ ആംഗികാഭിനയത്തിലെ പ്രധാന ഭാഗമാണ്. മാറിടം, വാരികള്‍, വയര്‍, അരക്കെട്ട്, തുട, കണങ്കാല്‍, കാലടി എന്നീ ഭാഗങ്ങളുടെ ചലനത്തെയാണ് പത്താമധ്യായത്തില്‍ വിശദമാക്കുന്നത്. ഒരു കാല്‍കൊണ്ട് ചെയ്യുന്ന വ്യായാമപ്രകാരസദൃശമായ പാദചലനമാണ് 'ചാരി' എന്നറിയപ്പെടുന്നത്. നൃത്തത്തിലും യുദ്ധരംഗങ്ങളിലുമാണ് ചാരിയുടെ ഉപയോഗം കൂടുതല്‍ വേണ്ടിവരുന്നത്. ഇതിന്റെ വിശദീകരണമാണ് പതിനൊന്നാമധ്യായത്തിലെ പ്രധാന പ്രമേയം. പതിനാറുതരത്തില്‍ ഭൂമിചാരികളും പതിനാറുവിധത്തില്‍ ആകാശചാരികളും വിശദീകരിക്കുന്നു. യുദ്ധരംഗങ്ങളില്‍ പ്രധാനമായി വേണ്ട നില്പുകളുടെ ഭേദങ്ങളായ ന്യായങ്ങളും സ്ഥാനങ്ങളും ഇതോടൊപ്പം നിരൂപണം ചെയ്യുന്നു. ആരോഗ്യമുള്ളവര്‍ മാത്രം, ശരീരത്തില്‍ എണ്ണ നല്ലവണ്ണം തേച്ചശേഷമേ ഈ ചാരീവിധാനം പരിശീലിക്കാന്‍ പാടുള്ളു എന്നും ഉപദേശിക്കുന്നു. ചാരികളുടെ വ്യത്യസ്ത നിലകളിലുള്ള സമന്വയംമൂലം ഉണ്ടാകുന്ന മണ്ഡലങ്ങളെയാണ് പന്ത്രണ്ടാമധ്യായത്തില്‍ വിശദമാക്കുന്നത്. ശസ്ത്രയുദ്ധം, ബാഹുയുദ്ധം, പരിക്രമം തുടങ്ങിയവയിലാണ് മണ്ഡലങ്ങളുടെ ഉപയോഗം.

കഥാപാത്രത്തിനും സന്ദര്‍ഭത്തിനുമനുസൃതമായി ഗതിയിലും ചലനത്തിലും ശ്രദ്ധിക്കേണ്ട പ്രത്യേകതകളാണ് പതിമൂന്നാമധ്യായത്തിലെ വിഷയം. സ്ത്രീപുരുഷഭേദം, തരുണ വൃദ്ധഭേദം, സ്വാമി ഭൃത്യഭേദം, രസഭാവങ്ങളിലെ ഭേദം, ഇരിക്കുക, കിടക്കുക തുടങ്ങിയ സ്ഥിതികള്‍ എന്നിവയ്ക്കനുസൃതമായി ഗതിയിലും ചലനത്തിലും വ്യത്യസ്തത ആവശ്യമാണ്. കക്ഷ്യാവിഭാഗം, ഓരോ കഥാപാത്രം രംഗത്ത് ഏതു ഭാഗത്തു നില്ക്കണം അഥവാ ഇരിക്കണം, കഥാപാത്രങ്ങള്‍ക്കു നിര്‍ദിഷ്ടമായ വേഷം, ഭാഷ, പ്രവൃത്തിഭേദം, ധര്‍മിഭേദം തുടങ്ങിയവയാണ് പതിനാലാമധ്യായത്തില്‍ വിശദീകരിക്കുന്നത്. അഭിനയം ലോകധര്‍മി എന്നും നാട്യധര്‍മി എന്നും രണ്ടുവിധമുണ്ട്. സാധാരണ നിലയിലുള്ള സംഭാഷണവും ഭാവപ്രകടനവും ലോകധര്‍മിയാണ്. പദ്യരൂപത്തില്‍ സംഭാഷണവും ഹിമവാന്‍, ഗംഗ തുടങ്ങിയവരുടെ അവതരണവും മറ്റും നാട്യധര്‍മിയാണ്.

പതിനഞ്ചാം അധ്യായം മുതല്‍ 22-ാം അധ്യായം വരെ വാചികാഭിനയ വിവരണമാണ്. ഗദ്യത്തിലും പദ്യത്തിലും അവതരിപ്പിക്കുന്ന സംഭാഷണ രൂപത്തിലും ഗാനരൂപത്തിലുമുള്ള അവതരണത്തിന് നിയാമകമായ തത്ത്വങ്ങള്‍ ഈ അധ്യായങ്ങളില്‍ വിശദീകരിക്കുന്നു. സംസ്കൃതവും പ്രാകൃതവും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍, വ്യത്യസ്ത കഥാപാത്രങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. സ്വരം, വ്യഞ്ജനം, നാമാഖ്യാതോപസര്‍ഗനിപാതങ്ങള്‍, തദ്ധിത വിഭക്ത്യാദിപ്രത്യയങ്ങള്‍, വൃത്തനിയമത്തെ നിയന്ത്രിക്കുന്ന സാമാന്യ നിയമങ്ങള്‍ തുടങ്ങിയവയാണ് പതിനഞ്ചാം അധ്യായത്തില്‍ പ്രതിപാദിക്കുന്നത്. വൃത്തലക്ഷണ നിരൂപണമാണ് പതിനാറാം അധ്യായത്തില്‍. അന്‍പതിലധികം സമവൃത്തങ്ങളും അര്‍ധസമവൃത്തങ്ങളും വിഷമവൃത്തങ്ങളും ആര്യാവൃത്തം തുടങ്ങിയ മാത്രാവൃത്തങ്ങളും ലക്ഷണോദാഹരണങ്ങളോടെ വിശദീകരിക്കുന്നു. കാവ്യാലങ്കാരവിഷയങ്ങളാണ് പതിനേഴാമധ്യായത്തിലെ പ്രതിപാദ്യം. മുപ്പത്തിയാറ് കാവ്യലക്ഷണങ്ങള്‍, ഉപമ, രൂപകം, ദീപകം, യമകം എന്നീ നാല് അലങ്കാരങ്ങള്‍, പത്ത് കാവ്യഗുണങ്ങള്‍, പത്ത് കാവ്യദോഷങ്ങള്‍ എന്നിവ ഉദാഹരണസഹിതം വിശദമാക്കുന്നു. പില്ക്കാലത്ത് ഭാരതീയ കാവ്യശാസ്ത്ര ശാഖയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളായിരുന്നു ഈ വിവരണങ്ങള്‍.

ഓരോ കഥാപാത്രത്തിനും നിര്‍ദിഷ്ടമായ ഭാഷാനിയമവും ഭാഷാഭേദങ്ങളും പതിനെട്ടാമധ്യായത്തില്‍ വിശദീകരിക്കുന്നു. കഥാപാത്രങ്ങളില്‍ ആരെല്ലാമാണ് സംസ്കൃതം ഉപയോഗിക്കേണ്ടത്, പ്രാകൃതം ആരെല്ലാം ഉപയോഗിക്കണം എന്നും നിര്‍ദേശിക്കുന്നു. മാഗധി, അര്‍ധമാഗധി, അവന്തി, ശൗരസേനി, ബാഹ്ളീഹ, പ്രാച്യ, ദാക്ഷിണാത്യ എന്നീ ഏഴ് ദേശ്യഭാഷകളെക്കൂടാതെ ശകാരഭാഷ, ആഭീരഭാഷ, ദ്രാവിഡഭാഷ തുടങ്ങിയവയെയും പരിചയപ്പെടുത്തുന്നു. വാക്യപ്രയോഗത്തിലെ വിശേഷതകള്‍, സംഭാഷണത്തിലെ പ്രത്യേകതകള്‍; വാക്കുകളുടെ വ്യവച്ഛേദനം; ഷഡ്ജം, ഋഷഭം തുടങ്ങിയ ഏഴ് സ്വരങ്ങള്‍; ഉദാത്തം, അനുദാത്തം, സ്വരിതം, കമ്പിതം എന്ന് നാലുവിധത്തില്‍ വര്‍ണങ്ങള്‍ എന്നിങ്ങനെ ഉച്ചാരണശാസ്ത്രപരമായി വിശദമായ നിരൂപണമാണ് പത്തൊന്‍പതാമത്തെ അധ്യായത്തില്‍. രസാനുഗുണമായി വാക്കുകളും വാക്യങ്ങളും പ്രയോഗിക്കേണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചാരണപരമായ വിശദീകരണം നല്കുന്നത്.

നാടകം, പ്രകരണം തുടങ്ങിയ പത്ത് രൂപഭേദങ്ങളാണ് ഇരുപതാം അധ്യായത്തിലെ പ്രധാന പ്രതിപാദ്യം. ഓരോ രൂപകഭേദത്തിനും സ്വികരിക്കേണ്ട ഇതിവൃത്ത സ്വഭാവം നായികാ-നായക നിരൂപണം, അങ്കങ്ങളുടെ എണ്ണവും, സ്വഭാവവും തുടങ്ങിയവ വിസ്തരിച്ചു പ്രതിപാദിക്കുന്നു. നാടിക എന്ന ഉപരൂപകത്തിന്റെ പ്രത്യേകതകളും ലാസ്യത്തിന്റെ പതിമൂന്ന് അംഗങ്ങളും ഈ അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്. നാടകത്തിന്റെ കഥാശരീരത്തിലെ സന്ധികളായ മുഖം, പ്രതിമുഖം, ഗര്‍ഭം, വിമര്‍ശം, നിര്‍വഹണം എന്നിവയും ഇവയില്‍ നിബന്ധിക്കേണ്ട ആരംഭം, യത്നം, പ്രാപ്ത്യാശ, നിയതാപ്തി, ഫലസിദ്ധി എന്നീ അവസ്ഥാവിശേഷങ്ങളും ഇരുപത്തിയൊന്നാം അധ്യായത്തില്‍ വര്‍ണിക്കുന്നു. രസോചിതമായി കഥാവതരണത്തിന്റെ ക്രമികമായ പുരോഗതിക്ക് ഈ സന്ധി-അവസ്ഥാനിയമം കഥാരചനയ്ക്കെന്നവിധം നാട്യാവതരണത്തിനും അത്യന്താപേക്ഷിതമാണ്. രസഭേദമനുസരിച്ച് നിബന്ധിക്കേണ്ട വൃത്തികളെപ്പറ്റിയാണ് ഇരുപത്തിരണ്ടാമത്തെ അധ്യായത്തില്‍ പറയുന്നത്. കൈശികി, ആരഭടി, ഭാരതി, സാത്ത്വതി എന്നീ വൃത്തികള്‍ ഏങ്ങനെ രസപരങ്ങളാകുമെന്നും ഈ വൃത്തികളുടെ നിബന്ധനം എങ്ങനെ സമഗ്രമാക്കാമെന്നും വിശദമാക്കുന്നു.

ആഹാര്യാഭിനയമാണ് ഇരുപത്തിമൂന്നാം അധ്യായത്തില്‍ വര്‍ണിക്കുന്നത്. വേഷം, ആഭരണം, മുഖത്തു ചായം പുരട്ടുന്നതിന്റെ നിയമങ്ങള്‍, പലതരം ചായക്കൂട്ടുകള്‍, രംഗത്തുപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രത്യേകതകള്‍, അലങ്കാരങ്ങള്‍ എന്നിവയെല്ലാം ആഹാര്യാഭിനയത്തില്‍പ്പെടുന്നു.

ഇരുപത്തിനാലു മുതല്‍ ഇരുപത്തിഏഴ് വരെ അധ്യായങ്ങളില്‍ അഭിനയത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്കു കടന്നുള്ള പരിചിന്തനമാണ്. ഭാവം, ഹാവം, ഹേല തുടങ്ങിയ ശൃംഗാരാഭിനയ വിശേഷങ്ങളും ശോഭ, കാന്തി തുടങ്ങിയ അലങ്കാരങ്ങളും സ്ത്രീകഥാ പാത്രങ്ങള്‍ക്കും ശോഭ, വിലാസം തുടങ്ങിയ അലങ്കാരങ്ങള്‍ പുരുഷകഥാപാത്രങ്ങള്‍ക്കും അനുയോജ്യമാകുന്ന രീതികളും ആഭ്യന്തരം, ബാഹ്യം എന്ന നാട്യഭേദവും അഭിനയപരമായ മറ്റനേകം വിഷയങ്ങളും ഇരുപത്തിനാലാമധ്യായത്തില്‍ വിവരിക്കുന്നു. ചുംബനാലിംഗനാദികള്‍ രംഗത്തുപാടില്ല, അച്ഛനമ്മമാര്‍ക്കും കുട്ടികള്‍ക്കും ഒന്നിച്ചിരുന്നു കാണേണ്ടതാണ് നാട്യം എന്നും മറ്റുമുള്ള സാമൂഹിക നിയമങ്ങളും ഈ അധ്യായത്തിലെ ചര്‍ച്ചയില്‍ ഉള്‍പ്പെടുന്നുണ്ട്. ശില്പജ്ഞാനം തുടങ്ങി ഉത്തമ നായകനുണ്ടായിരിക്കേണ്ട ഗുണവിശേഷങ്ങള്‍, ദൂതീഗുണങ്ങള്‍, പ്രഥമസമാഗമസ്ഥാനം, അനുരക്തയെയും വിരക്തയെയും തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍ തുടങ്ങിയവയാണ് ഇരുപത്തിയഞ്ചാം അധ്യായത്തില്‍ വിശകലനം ചെയ്യുന്നത്.

പ്രേക്ഷകരുടെ നിലവാരം കൂടി അഭിനയകലയെ ചിട്ടപ്പെടുത്തുന്നതില്‍ പരിഗണിക്കേണ്ടതിനെപ്പറ്റി ഇരുപത്തിയാറും ഇരുപത്തിയേഴും അധ്യായങ്ങളില്‍ വിശദീകരിക്കുന്നു. നില്പിലും നടപ്പിലും നോട്ടത്തിലും വാക്യോച്ചാരണത്തിലും മറ്റും ശ്രദ്ധിക്കേണ്ട പലകാര്യങ്ങളും ഈ സന്ദര്‍ഭത്തില്‍ വിശകലനം ചെയ്യുന്നു. പ്രേക്ഷകരുടെ ഭാവം മനസ്സിലാക്കണമെന്നും അതില്‍ നിന്നാണ് അഭിനയത്തിന്റെ സാധ്യത വിലയിരുത്തേണ്ടതെന്നും അതിന് പ്രേക്ഷകരുടെ സ്മിതം, അര്‍ധഹാസം, അതിഹാസം, സാധുവചനം, ഉറക്കെ ശബ്ദമുണ്ടാക്കുക, പ്രേക്ഷകര്‍ കണ്ണിമയ്ക്കാതെയും ശ്വാസം വിടാതെയും നോക്കിയിരിക്കുക തുടങ്ങിയ ഭാവങ്ങള്‍ നിയാമകങ്ങളായി ഗണിക്കണമെന്നും പറയുന്നു. അഭിനയം ഉദ്ദിഷ്ടഫലസിദ്ധി നല്കാതിരിക്കാനുള്ള കാരണങ്ങളും ഈ സന്ദര്‍ഭത്തില്‍ പറയുന്നുണ്ട്. പ്രേക്ഷകരുടെ ഗുണനിലവാരത്തെപ്പറ്റിയും അത് മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ടതിനെപ്പറ്റിയും നിര്‍ദേശമുണ്ട്. പരിശോധകരായി പണ്ഡിതന്മാരെ ക്ഷണിച്ച് നാട്യം വിലയിരുത്തുന്നതിന് അഭ്യര്‍ഥിക്കുന്നതിന്റെ സാധ്യതയും വിശകലനം ചെയ്യുന്നു. അങ്ങനെയുളളവര്‍ എവിടെ ഇരിക്കണം, ഏതു ഘടകങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും മറ്റും വിശദമായി പ്രതിപാദിക്കുന്നു.

ഇരുപത്തിയെട്ടു മുതല്‍ മുപ്പത്തിമൂന്നു വരെ അധ്യായങ്ങളില്‍ വാദ്യങ്ങളുടെ സവിശേഷതകളാണ് പ്രതിപാദിക്കുന്നത്. തതം, അവനദ്ധം, ഘനം, സുഷിരം എന്നീ നാലുതരം വാദ്യങ്ങള്‍ക്ക് ഉദാഹരണമാണ് വീണ, മൃദംഗം, കുഴിതാളം, ഓടക്കുഴല്‍ എന്നിവ. സ്വരം, താളം, പദം, ഷഡ്ജാദിസ്വരങ്ങള്‍, 22 ശ്രുതികള്‍, 84 താനം തുടങ്ങി ഗാനാലാപന സംബന്ധമായ വിഷയങ്ങള്‍ ഇരുപത്തിയെട്ടാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. വീണാവാദ്യവിധികളാണ് ഇരുപത്തിയൊന്‍പതാം അധ്യായത്തിലെ പ്രതിപാദ്യം. സ്വരങ്ങളുടെ രസോപയോഗം, 4തരം വര്‍ണം, പല അലങ്കാരങ്ങള്‍, ഗീതികള്‍, മൂന്നുഗതികള്‍ തുടങ്ങിയവ ഇവിടെ വിശദീകരിക്കുന്നു. മുപ്പതാം അധ്യായത്തില്‍ ഓടക്കുഴല്‍ വായനയ്ക്കുവേണ്ട വിശേഷവിധികളാണ് വര്‍ണിക്കുന്നത്. കുഴിതാളം, ചേങ്ങല തുടങ്ങിയ താളവാദ്യങ്ങളുടെ പ്രത്യേകതകളാണ് മുപ്പത്തിയൊന്നാം അധ്യായത്തില്‍. മാത്ര, കല, ലയം, മാര്‍ഗം, താളം എന്നിവയെപ്പറ്റിയും ഇവിടെ സമഗ്രമായി പ്രതിപാദിക്കുന്നു. താളത്തിനനുസൃതമായ വൃത്തനിയമങ്ങള്‍ മുപ്പത്തിരണ്ടാം അധ്യായത്തില്‍ വിശകലനം ചെയ്യുന്നു. പതിനാറാം അധ്യായത്തില്‍ അഭിനയപരമായി അനുയോജ്യമായ വൃത്തങ്ങളുടെ നിയമങ്ങള്‍ വിശകലനം ചെയ്തതിന് അനുബന്ധമായാണ് ഇവിടെ താളനിബദ്ധമായി വൃത്തനിയമങ്ങളെ പരിഗണിക്കുന്നത്. ഗീതോപയോഗികളായ വൃത്തങ്ങളെപ്പറ്റിയും ഗീതങ്ങള്‍ക്കുപയോഗിക്കേണ്ട സംസ്കൃത പ്രാകൃതാദി ഭാഷാഭേദത്തെക്കുറിച്ചും ഇവിടെ പ്രസ്താവിക്കുന്നുണ്ട്. പാടുന്നവര്‍ക്കും വീണ, കുഴല്‍ തുടങ്ങിയവ പ്രയോഗിക്കുന്നവര്‍ക്കുംവേണ്ട കണ്ഠഗുണങ്ങള്‍, ഇവര്‍ക്കു വരാവുന്ന കണ്ഠദോഷങ്ങള്‍ എന്നിവയും വിശകലനം ചെയ്യുന്നു. അവനദ്ധവാദ്യങ്ങള്‍ (അടച്ചുകെട്ടിയവ: ഉദാ. മൃദംഗം) ആണ് മുപ്പത്തിമൂന്നാം അധ്യായത്തില്‍ പഠനവിധേയമായത്. മൃദംഗം, മദ്ദളം, തിമില, ചെണ്ട, തകില്, ഇടയ്ക്ക, ഉടുക്ക് തുടങ്ങിയവയുടെ പ്രത്യേകതകള്‍ വിശകലനം ചെയ്യുന്നു. വാദ്യത്തിന്റെ ഉത്പത്തിയെപ്പറ്റി ഒരു കഥയും ഇവിടെ അവതരിപ്പിക്കുന്നുണ്ട്. സ്വാതിമഹര്‍ഷി വര്‍ഷകാലത്ത് ഒരു പൊയ്കയുടെ കരയില്‍ നില്ക്കുമ്പോള്‍ താമരയിലയില്‍ മഴത്തുള്ളി വീഴുന്നത് വ്യത്യസ്ത ശബ്ദത്തില്‍ താളാത്മകമായി കേട്ടു. ഇത് അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി. അദ്ദേഹം വിശ്വകര്‍മാവിന്റെ സഹായത്തോടെ ഈ രീതിയില്‍ വ്യത്യസ്ത ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന അവനദ്ധ വാദ്യങ്ങള്‍ നിര്‍മിച്ചതായാണ് കഥ. മൃദംഗം, പണവം, ദര്‍ദുരം തുടങ്ങിയവയുടെ നിര്‍മാണരീതിയും ഇവ ഉപയോഗിക്കുന്ന വിധവും ഇവ പ്രയോഗിക്കുന്നവര്‍ക്കുവേണ്ട പ്രത്യേക ഗുണങ്ങളും ഈ അധ്യായത്തില്‍ വിവരിക്കുന്നുണ്ട്.

നാട്യത്തിലെ വ്യത്യസ്ത കഥാപാത്രങ്ങളുടെ വിശേഷസ്വഭാവങ്ങളും ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്ന അഭിനേതാവിനു വേണ്ട ഗുണവിശേഷണങ്ങളും മുപ്പത്തിനാലും മുപ്പത്തിയഞ്ചും അധ്യായങ്ങളില്‍ വിശദീകരിക്കുന്നു. ധീരോദാത്തന്‍ തുടങ്ങി നാലുതരം നായകന്മാരെക്കുറിച്ചും ദേവന്‍, രാജാവ്, മന്ത്രി, ബ്രാഹ്മണന്‍, വണിക്ക് ഇവര്‍ നായകന്മാരായി വരുമ്പോള്‍ പാലിക്കേണ്ട പ്രത്യേകതകളെപ്പറ്റിയും ഇതേപോലെ മറ്റു കഥാപാത്രങ്ങളുടെ പ്രത്യേക സന്ദര്‍ഭത്തില്‍ വരുന്ന അവസ്ഥാവിശേഷങ്ങളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നു. നായകന്‍, നായിക തുടങ്ങിയ പ്രധാന കഥാപാത്രങ്ങളോടൊപ്പം സൂത്രധാരന്‍, വിടന്‍, ചേടന്‍, ശകാരന്‍, വിദൂഷകന്‍ തുടങ്ങിയ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതില്‍ അനുയോജ്യരായവരുടെ ശാരീരികവും ഭാവപരവുമായ പ്രത്യേകതകളെപ്പറ്റിയും വിശദീകരിക്കുന്നു. ഒരു നാട്യസംഘത്തില്‍ ആരെല്ലാമാണുണ്ടായിരിക്കേണ്ടത് എന്ന വിവരണവും ശാസ്ത്രീയമായി നല്കുന്നു.

നാട്യാവതാരം എന്നു വിശേഷിപ്പിക്കുന്ന മുപ്പത്തിയാറാം അധ്യായത്തില്‍ ഭൂമിയില്‍ നാട്യം പ്രചാരത്തില്‍ വന്നതിനെപ്പറ്റിയാണു വിശദീകരിക്കുന്നത്. നാട്യവേദത്തിന്റെ മഹത്ത്വത്തിന് കുറവുണ്ടാവുകയും ഒരിക്കല്‍ ഭരതമുനിയുടെ പുത്രന്മാര്‍ മഹര്‍ഷിമാരുള്‍പ്പെട്ട ഒരു സദസ്സിനു മുമ്പില്‍ അവതരിപ്പിച്ച നാട്യത്തില്‍ അശ്ലീലത്തിന്റെ അതിപ്രസരം പ്രകടമാവുകയും ചെയ്തു. മുനിമാര്‍ ഭരതപുത്രന്മാരെ ശൂദ്രാചാരന്മാരായിത്തീരട്ടെ എന്നു ശപിച്ചു. ഭരതമുനി അവരെ സമാധാനിപ്പിക്കുകയും നാട്യവിദ്യ നശിച്ചു പോകാതിരിക്കാന്‍വേണ്ടി ശിഷ്യരെയും അപ്സരസ്സുകളെയും അഭ്യസിപ്പിക്കുന്നതിനു പ്രേരിപ്പിക്കുകയും ചെയ്തു.

ഒരിക്കല്‍ നഹുഷന്‍ എന്ന രാജാവ് സ്വര്‍ഗാധിപതിയാവുകയും ഭരതമുനിയുടെ ശിഷ്യന്മാര്‍ അവതരിപ്പിക്കുന്ന നാട്യം കാണാന്‍ സന്ദര്‍ഭമുണ്ടാവുകയും ചെയ്തു. ഈ നാട്യം ഭൂമിയില്‍ തന്റെ കൊട്ടാരത്തില്‍ അവതരിപ്പിക്കുന്നതിനും ഭൂമിയിലും ഈ കല പ്രചരിപ്പിക്കുന്നതിനും നഹുഷന്‍ ആഗ്രഹിച്ചു. ഭരതമുനി പുത്രന്മാരോട് ഭൂമിയില്‍ വന്ന് നാട്യകല അവതരിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും നിര്‍ദേശിച്ചു. ഇതുമൂലം അവര്‍ക്കു ശാപമോക്ഷം ഉണ്ടാകുമെന്നും അറിയിച്ചു. അവര്‍ ഭൂമിയില്‍ എത്തുകയും നാട്യകല അവതരിപ്പിക്കുകയും ഭൂമിയില്‍ അനേകം ശിഷ്യന്മാരെ ഈ വിദ്യ പഠിപ്പിക്കുകയും ചെയ്തു. വിവാഹബന്ധത്തിലേര്‍പ്പെട്ടവര്‍ക്ക് ഭൂമിയില്‍ സന്താനപരമ്പരയുണ്ടാവുകയും അവരും നാട്യാചാര്യന്മാരായി മാറുകയും ചെയ്തു. കോഹലന്‍, വാത്സ്യന്‍, ശാണ്ഡില്യന്‍, ദന്തിലന്‍ എന്നീ ആചാര്യന്മാരായിരുന്നു ഇവരില്‍ പ്രധാനപ്പെട്ടവര്‍ എന്നു പറയുന്നു. യജ്ഞ തുല്യമായ ഒരു പുണ്യകര്‍മമാണ് നാട്യപ്രയോഗം എന്ന ഉപദേശത്തോടെയാണ് നാട്യശാസ്ത്രം അവസാനിക്കുന്നത്.

നാട്യശാസ്ത്രത്തിന്റെ ഏറ്റവും ബൃഹത്തും പണ്ഡിതോചിതവുമായ വ്യാഖ്യാനമാണ് അഭിനവഭാരതി. അഭിനവഗുപ്തനാണ് ഇതിന്റെ രചയിതാവ്. നാട്യശാസ്ത്രത്തിന് ഹര്‍ഷന്‍ രചിച്ച ഒരുവാര്‍ത്തികത്തില്‍നിന്ന് അഭിനവഗുപ്തന്‍ പല നിരീക്ഷണങ്ങളും ഉദ്ധരിക്കുന്നുണ്ട്. നാട്യശാസ്ത്രത്തിലെ രസസൂത്രത്തിന് ഭട്ടനായകന്‍, ഭട്ടലോല്ലടന്‍, ശങ്കുകന്‍ എന്നിവര്‍ നല്കുന്ന വ്യാഖ്യാനങ്ങളെ കൂലങ്കഷമായി അപഗ്രഥിച്ചശേഷമാണ് അഭിനവഗുപ്തന്‍ തന്റെ അഭിവ്യക്തിവാദം അവതരിപ്പിക്കുന്നത്. ഈ വിഷയത്തിലെ ചിന്തകരെന്ന നിലയില്‍ ഭട്ടയന്ത്രന്‍, കീര്‍ത്തിധരന്‍, നാന്യദേവന്‍ തുടങ്ങിയവരെയും അഭിനവഭാരതിയില്‍ അനുസ്മരിക്കുന്നു. ഭട്ടഗോപാലന്‍, ഭാഗുരി, പ്രിയാഥിതി, ഭട്ടവൃദ്ധി, രുദ്രകന്‍, ഭട്ടസുമനസ്സ്, ഭട്ടശങ്കരന്‍ തുടങ്ങിയവരെ നാട്യാചാര്യന്മാരെന്ന നിലയില്‍ അഭിനവഗുപ്തന്‍ പ്രകീര്‍ത്തിക്കുന്നുണ്ട്. ഇവരും നാട്യശാസ്ത്രത്തിന് പഠനമോ വ്യാഖ്യാനമോ രചിച്ചവരായിരിക്കാമെന്നു കരുതാം.

നാട്യശാസ്ത്രത്തിലെ വിഷയങ്ങളുടെ വൈവിധ്യം ഇതിലെ പ്രത്യേകം വിഷയങ്ങള്‍ ചര്‍ച്ചാവിഷയമാകുന്നതിനും ആ വിഷയത്തില്‍ ഗ്രന്ഥരചനയ്ക്കും കാരണമായി. ധനഞ്ജയന്റെ ദശരൂപകം,ശിംഗഭൂപാലന്റെ രസാര്‍ണവസുധാകരം, വിദ്യാനാഥന്റെ പ്രതാപരുദ്രയശോഭൂഷണം, രൂപഗോസ്വാമിയുടെ നാടകചന്ദ്രിക, സുന്ദരമിശ്രന്റെ നാട്യപ്രദീപം തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഭാരതീയ കാവ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ നാട്യശാസ്ത്രത്തിലെ നിരീക്ഷണങ്ങളില്‍ കാവ്യശാസ്ത്രപരമായവ ഉപരിചിന്തയ്ക്കു വിഷയമാക്കിയിട്ടുണ്ട്. ഹേമചന്ദ്രന്റെ കാവ്യാനുശാസനത്തില്‍ നാട്യശാസ്ത്രത്തെ അനുവര്‍ത്തിച്ച് കാവ്യവിഷയവും നാട്യവിഷയവും പഠനവിധേയമാക്കിയിരിക്കുന്നു. വിശ്വനാഥന്റെ സാഹിത്യദര്‍പ്പണത്തിന്റെ ആറാം പരിച്ഛേദത്തില്‍ നാട്യമാണ് പ്രതിപാദ്യം. അഭിനവഗുപ്തന്റെ അഭിനവഭാരതിയില്‍ നാട്യശാസ്ത്രത്തിലെ കാവ്യ-നാട്യ-അനുബന്ധവിഷയങ്ങളെല്ലാം കൂലങ്കഷമായി വ്യാഖ്യാനിച്ചതോടെ നാട്യ-കാവ്യ ശാസ്ത്രവിഷയങ്ങളിലെ അപ്രതിമമായ ഗ്രന്ഥമെന്ന സ്ഥാനം നാട്യശാസ്ത്രത്തിനു ലഭിച്ചു.

നാട്യശാസ്ത്രത്തിലെ വ്യത്യസ്ത വിഷയങ്ങളെ ആധാരമാക്കി ചില അധ്യായങ്ങള്‍ മാത്രമായി എഫ്. ഹാള്‍, പോള്‍ റെനോ, ജെ. ഗ്രോസെ തുടങ്ങിയ പണ്ഡിതന്മാര്‍ തര്‍ജുമസഹിതം പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ശിവദത്തന്‍, കാശീനാഥ് പാണ്ഡുരംഗ്, പരബ് എന്നിവര്‍ ചേര്‍ന്ന് മുംബൈയില്‍നിന്ന് കാവ്യമാലാ സീരീസ്സില്‍ (നമ്പര്‍ 42) 1894-ലാണ് നാട്യശാസ്ത്രം പൂര്‍ണമായി പ്രസിദ്ധീകരിച്ചത്. എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും വിദേശഭാഷകളിലും നാട്യശാസ്ത്രത്തിന് വ്യാഖ്യാനങ്ങളും തര്‍ജുമകളും ഉണ്ടായിട്ടുണ്ട്. കെ.പി. നാരായണപ്പിഷാരടിയുടെ ഭാഷാവിവര്‍ത്തനത്തോടും പഠനത്തോടുമൊപ്പം കേരളസാഹിത്യഅക്കാദമി നാട്യശാസ്ത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍