This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാട്ടുവെളിച്ചം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നാട്ടുവെളിച്ചം
Twilight
രാത്രിസമയത്ത് അനുഭവപ്പെടുന്ന നേര്‍ത്തവെളിച്ചം. സൂര്യന്‍ അസ്തമിച്ച് ഏറെക്കഴിഞ്ഞാലും, മറ്റു പ്രകാശസ്രോതസ്സുകളൊന്നും ഇല്ലാതെതന്നെ, വസ്തുക്കളെ തിരിച്ചറിയാന്‍ മനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കും കഴിയുന്നത് നാട്ടുവെളിച്ചം കൊണ്ടാണ്.
നാട്ടുവെളിച്ചം ഉണ്ടാകുന്നത് പല കാരണങ്ങളാലാണ്. അതില്‍ ഏറ്റവും പ്രധാനം താരപ്രഭതന്നെ. (ഓരോ നക്ഷത്രത്തില്‍നിന്നും വരുന്ന പ്രകാശത്തിന്റെ അളവ് നിസ്സാരമാണെങ്കിലും ആകാശത്തിലെ എണ്ണമറ്റ നക്ഷത്രങ്ങള്‍ ചേരുമ്പോള്‍ അത് ഗണ്യമാകുന്നു). നാട്ടുവെളിച്ചത്തിന്റെ രണ്ടാമത്തെ സ്രോതസ്സ് സൂര്യന്‍ തന്നെയാണ്. രാത്രി സമയത്ത് സൂര്യന്‍ ഭൂമിയുടെ മറുവശത്ത് ആയിരിക്കുമെങ്കിലും ഭൂഗോളത്തിന്റെ വശങ്ങളിലുള്ള അന്തരീക്ഷത്തിലൂടെ സൂര്യപ്രകാശം കടന്നുപോകുമ്പോള്‍ വായുതന്മാത്രകളില്‍ത്തട്ടി വിസരിച്ച് ചുറ്റും പരക്കുന്നു. സന്ധ്യകഴിഞ്ഞ ഉടനെയും പ്രഭാതത്തിനുമുമ്പും ഈ പ്രകാശം അന്തരീക്ഷത്തില്‍ കൂടുതലുണ്ടാകും; അര്‍ധരാത്രിയില്‍ വളരെ കുറയും.
നാട്ടുവെളിച്ചത്തിന്റെ മറ്റൊരു സ്രോതസ്സ് സൗരവാതവും കോസ്മിക് രശ്മികളുമാണ്. സൂര്യനില്‍നിന്നും പ്രവഹിക്കുന്ന ചാര്‍ജിതകണങ്ങളാണ് സൌരവാതത്തിലെ (solar wind) മുഖ്യഘടകം. ഈ കണങ്ങള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍പ്പെട്ട് ധ്രുവത്തില്‍നിന്ന് ധ്രുവത്തിലേക്ക് സഞ്ചരിക്കുന്നതിനിടയില്‍ വായുതന്മാത്രകളുമായി കൂട്ടിമുട്ടി പ്രകാശം ഉത്സര്‍ജിക്കാന്‍ ഇടയാകും. ഇതുപോലെ കോസ്മിക് രശ്മികളും വായുതന്മാത്രകളുമായി കൂട്ടിമുട്ടി പ്രകാശം സൃഷ്ടിക്കും. ഈ രണ്ടു ഘടകങ്ങളും ധ്രുവപ്രദേശത്തോട് അടുക്കുന്തോറും ശ്രദ്ധേയമാംവിധം കൂടുതലായിരിക്കും.
നാട്ടുവെളിച്ചത്തില്‍ വസ്തുക്കളുടെ നിറം കാണാന്‍ സാധിക്കില്ല. അതിനുകാരണം കണ്ണിന്റെ റെട്ടിനയിലുള്ള സംവേദകകോശങ്ങളുടെ പ്രത്യേകതയാണ്. വര്‍ണങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി റോഡ് കോശങ്ങള്‍ക്കേയുള്ളു. എന്നാല്‍ പ്രകാശതീവ്രത വളരെ കുറഞ്ഞാല്‍ അവ പ്രവര്‍ത്തിക്കില്ല. എണ്ണത്തില്‍ കൂടുതലുള്ളതും നേര്‍ത്ത പ്രകാശത്തില്‍പ്പോലും ഉത്തേജിതമാകാന്‍ കഴിവുള്ളതുമായ കോണ്‍കോശങ്ങളാണ് ഇരുട്ടത്ത് വസ്തുക്കളെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. പക്ഷേ, അവയ്ക്ക് രണ്ടു പരിമിതികളുണ്ട്: ഒന്ന്; വര്‍ണങ്ങളെ വേര്‍തിരിച്ചുകാണിക്കാന്‍ കഴിയില്ല. രണ്ട്; പ്രകാശതീവ്രത അല്പം കൂടിയാല്‍ അവയുടെ സംവേദനക്ഷമത നന്നേ കുറയും. എന്തായാലും നാട്ടുവെളിച്ചത്തെ പ്രയോജനപ്പെടുത്തുന്നത് കോണ്‍കോശങ്ങളാണ്.
മാര്‍ജാര വര്‍ഗത്തില്‍പ്പെട്ട ജീവികള്‍ക്കും ചിലതരം പക്ഷികള്‍ക്കും വസ്തുക്കളെ നാട്ടുവെളിച്ചത്തില്‍ വ്യക്തമായി കാണാന്‍ കഴിയും.