This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാട്ടുചന്തകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാട്ടുചന്തകള്‍

വിഭവങ്ങളുടെ കൈമാറ്റത്തിനും സംസ്കാര വിനിമയത്തിനും വിവിധ കൂട്ടായ്മകളുടെ നൈപുണ്യവിതരണത്തിനുമുള്ള സവിശേഷ ഇടം. വണിയംകുളംചന്ത, കോട്ടപ്പുറംചന്ത, ചങ്ങനാശ്ശേരിച്ചന്ത, പെരിമ്പിലാവ്ചന്ത, കുഴല്‍മന്ദംചന്ത, ആനയുംമൂട് ചന്ത, അന്തിച്ചന്ത, ആഴ്ചച്ചന്ത, ഓണച്ചന്ത, വിഷുച്ചന്ത, കാലിച്ചന്ത, കായച്ചന്ത, വഴിച്ചന്ത എന്നിങ്ങനെ സ്ഥലം, സന്ദര്‍ഭം, കൈമാറ്റം ചെയ്യപ്പെടുന്ന ഉത്പന്നം എന്നിവയുടെ പേരുകളില്‍ അറിയപ്പെട്ടിരുന്ന വ്യത്യസ്തമായ നാട്ടുചന്തകള്‍ നിലനിന്നുപോരുന്നു.

Image:chantha.png

നാട്ടുചന്തകളിലെത്തുക പ്രാദേശികമായ വിഭവങ്ങളാണ്. അവയില്‍ ഭൂരിഭാഗവും മനുഷ്യന്റെ ഭക്ഷ്യസംസ്കാരവുമായി ബന്ധപ്പെട്ട കാര്‍ഷിക വിഭവങ്ങളാണ്. ഇടനിലക്കാരില്ലാതെ തന്നെ ഏറ്റവും പുതുതായ വിഭവങ്ങള്‍ തലച്ചുമടായും കാളവണ്ടികളിലും കൈവണ്ടികളിലും നേരത്തേതന്നെ എത്തിച്ച് ആളുകള്‍ക്ക് കൊടുത്തിരുന്ന പതിവാണ് നിലനിന്നുപോന്നിരുന്നത്. നദീതീരങ്ങളില്‍ തോണികളിലായിരുന്നു സാധനങ്ങള്‍ എത്തിച്ചിരുന്നത്.

ചരക്കുകളുടെ മൂല്യം ഉത്പാദകര്‍ തന്നെ നിര്‍ണയിക്കുന്ന വിപണനരീതിയാണ് നാട്ടു ചന്തയ്ക്കുള്ളത്. ജാതി-മത ചിന്തകള്‍ക്കതീതമായി കൂട്ടായ്മയുടെ വേദിയാണ് ചന്തയിടം.

കേരളത്തിലെ കൈമാറ്റ കേന്ദ്രങ്ങളായ ചന്തകള്‍ക്കും അങ്ങാടികള്‍ക്കും പഴന്തമിഴ് പാട്ടുകളോളം പഴക്കമുണ്ട്. പഴതമിഴ് പാട്ടുകളില്‍ കാണുന്ന അങ്ങാടികള്‍ പലതും അന്തിച്ചന്തകളോ, നാളങ്ങാടികളോ ആയിരുന്നു. സ്ഥിരമായ ചന്തകളായിരുന്നില്ല. ചന്തയില്‍ ചരക്കുകളുടെ വ്യത്യസ്തത കാണിക്കാന്‍ പലതരത്തിലുള്ള കൊടികള്‍ ഉപയോഗിച്ചിരുന്നു. ഇവ ചന്തകളുടെ അനിയതത്വത്തെ സൂചിപ്പിക്കുന്നു. സംഘടിതമായ ചരക്കുല്‍പ്പാദനവും സ്വതന്ത്രങ്ങളായ വിനിമയസ്ഥാനങ്ങളും വ്യാപകമായി രൂപപ്പെട്ടിരുന്നില്ല. 9-ാം നൂറ്റാണ്ടുമുതല്‍ തന്നെ ഒറ്റയൊറ്റ അങ്ങാടികള്‍ വരുന്നുണ്ട് എങ്കിലും 13, 14 നൂറ്റാണ്ടുകളില്‍ മാത്രമേ പരക്കെ അങ്ങാടികള്‍ വന്നു തുടങ്ങുന്നുള്ളൂ.

പല ഗ്രാമങ്ങള്‍ ചേര്‍ന്ന ഉത്പാദന കൂട്ടായ്മകളില്‍നിന്നും വരുന്ന മിച്ചോത്പന്നങ്ങള്‍ (അവ വളരെ കുറവായിരുന്നു) നിത്യാവശ്യങ്ങള്‍ക്കായി കൈമാറ്റം ചെയ്യേണ്ടിവന്നു. ചില പ്രദേശങ്ങളില്‍ ചില പ്രത്യേക വസ്തുക്കള്‍ മാത്രം ഉത്പാദിപ്പിച്ചിരുന്നതുകൊണ്ട് നിത്യാവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ മറ്റുപ്രദേശങ്ങളില്‍നിന്ന് ലഭിക്കേണ്ടതായ അവസ്ഥയും ഉണ്ടായി. (തീര പ്രദേശവാസികള്‍ക്ക് അരി, ശര്‍ക്കര, മലക്കറികള്‍ തുടങ്ങിയവ ഉള്‍നാട്ടുക്കാര്‍ക്ക് ഉപ്പ് മത്സ്യം തുടങ്ങിയവ) ഇത്തരം പ്രാദേശിക ഉത്പന്ന കൈമാറ്റങ്ങളുടെ സ്ഥാപനരൂപമായി ആഴ്ച ചന്തകള്‍ നിലവില്‍ വന്നുവെന്ന് രാജന്‍ ഗുരുക്കളും രാഘവവാരിയരും നിരീക്ഷിക്കുന്നു.

Image:chantha1.png


നിത്യോപയോഗ സാധനങ്ങളായിരുന്നു ചന്തകളിലെ പ്രധാന കൈമാറ്റ വസ്തുക്കള്‍. ഗ്രാമീണ അങ്ങാടിസമ്പ്രദായത്തിന്റെ തുടക്കം ഇവിടെ നിന്നാണെന്ന് കരുതപ്പെടുന്നു. ഇത്തരം അങ്ങാടികള്‍ കയറ്റിറക്കുമതി കേന്ദ്രങ്ങളില്‍ രൂപപ്പെട്ട അങ്ങാടികളില്‍ നിന്ന് വ്യത്യസ്തമാണ്. ഇവ ഗ്രാമീണ ജീവിതവുമായി അഭേദ്യബന്ധം പുലര്‍ത്തി. ഗ്രാമീണ കൈമാറ്റങ്ങളുടെ സിരാകേന്ദ്രങ്ങളായിരുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ചന്തകള്‍ വികസിച്ചുവരുന്നതിന് സഹായിച്ചിട്ടുണ്ട്. കായലും, പുഴയും, തോടും വഴി ചരക്കുകള്‍ കൊണ്ടുവരാനും കടത്തിക്കൊണ്ടുപോകാനും സൗകര്യമുള്ള ഇടങ്ങളിലായിരുന്നു ചന്തകള്‍ നടന്നത്. ഗ്രാമ ക്ഷേത്രങ്ങളിലും കൈമാറ്റ കേന്ദ്രങ്ങളുണ്ടായിരുന്നു.

തമിഴ്, കര്‍ണാടകം, കൊങ്കണം, ആന്ധ്രകലിംഗം, മാളവം, വംഗം എന്നീ ദേശങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ ഇത്തരം ചന്തകളില്‍ ഉത്പന്നങ്ങളുമായി വന്നിരുന്നു. ചമ്പുക്കളില്‍നിന്നും സന്ദേശകാവ്യങ്ങളില്‍നിന്നും മറ്റും അങ്ങാടി വര്‍ണനകളും ഉള്‍നാടന്‍ പാനകളെക്കുറിച്ചുള്ള വിവരണങ്ങളും മറ്റും ലഭിക്കുന്നുണ്ട്.

'തട്ടം കട്ടില്‍ കയറുവല കൈക്കട്ടില്‍ മഞ്ചട്ടി കെട്ടം

മൊട്ടും മുട്ടിന്‍ ക്കരയുവരിയും പെട്ടിയും പട്ടുനൂലും

ആടും ചാടും കുടയുമടയും പണിയും മുഞ്ഞവേരും

നൂറം ചോറും ചുറയുമറയും കാരിരുമ്പും കരിമ്പും'

വിവിധതരം ചന്തകള്‍

ആഴ്ചച്ചന്ത. ഓരോ ആഴ്ചയിലും നിശ്ചിത ദിവസം കൂടുന്ന ചന്തകളാണിവ. തിങ്കള്‍ച്ചന്ത, ചൊവ്വാഴ്ചച്ചന്ത, ബുധനാഴ്ചച്ചന്ത എന്നിങ്ങനെ പ്രാദേശികമായി ചന്തദിനം തീരുമാനിക്കപ്പെടുന്നു. ഇത്തരം ചന്തകള്‍ നടത്തുന്നത് പ്രത്യേകം സംഘങ്ങളായതിനാല്‍ അടുത്തടുത്ത സ്ഥലങ്ങളില്‍ വെവ്വേറെ ദിവസങ്ങളിലാവും ചന്ത നടത്തുക.

ആഴ്ചച്ചന്തകളില്‍ സാധാരണയായി നിത്യോപയോഗ സാധനങ്ങളാണ് കൂടുതല്‍ ഉണ്ടാകാറുള്ളത്. പച്ചക്കറികള്‍, മണ്‍പാത്രങ്ങള്‍, ചിരവ പലക, കത്തി, വിവിധ ഗ്രാമീണ ഗാര്‍ഹികോപകരണങ്ങള്‍ എന്നിവയാണ് സര്‍വസാധാരണമായി ഉള്ളത്. വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, വാഴയില തുടങ്ങിയ വസ്തുക്കളും ചന്തയില്‍ കാണാം. മീന്‍ചന്തകള്‍ പ്രത്യേകം ഉള്ളതിനാല്‍ പച്ചമത്സ്യം ആഴ്ചച്ചന്തയില്‍ സാധാരണ കാണാറില്ല. എന്നാല്‍ ഉത്തരകേരളത്തില്‍ 'ഉണക്ക' എന്നും ദക്ഷിണ കേരളത്തില്‍ കരുവാട് എന്നും വ്യവഹരിക്കാറുള്ള ഉണക്കിയമത്സ്യം ആഴ്ചച്ചന്തയില്‍ വില്പനയ്ക്കെത്താറുണ്ട്.

Image:chantha3.png

ഗ്രാമീണരായ കൃഷിക്കാര്‍ സ്വയം നട്ടുണ്ടാക്കിയ കായകള്‍, മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക, മുരിങ്ങക്കായ്, ചീര, പാവയ്ക്ക, വെറ്റില, അടയ്ക്ക തുടങ്ങിയ സാധനങ്ങള്‍ ചന്തയില്‍ കൊണ്ടുവന്ന് കച്ചവടക്കാര്‍ക്ക് മൊത്തമായി വില്ക്കും. അവര്‍ക്കാവശ്യമുള്ള മറ്റ് വസ്തുക്കള്‍ അവിടെനിന്നും വാങ്ങിക്കൊണ്ടുപോവുകയും ചെയ്യും. ഇത്തരം ചന്തകളില്‍ 'ഉപ്പുതൊട്ട് കര്‍പ്പൂരം' വരെ എല്ലാ വസ്തുക്കളും ഉണ്ടാവുമെന്നാണ് പറയുക.

ആഴ്ചച്ചന്തകള്‍ പ്രായേണ പ്രഭാതത്തില്‍ത്തന്നെ ആരംഭിക്കും. സന്ധ്യയോടെ പിരിയും, പിന്നീട് വ്യാപാരികള്‍ അടുത്ത ദിവസം ചന്തനടത്തേണ്ട പ്രദേശത്തേക്കു നീങ്ങും. ഇങ്ങനെ തുടര്‍ച്ചയായി പല പ്രദേശങ്ങളില്‍ ചന്തനടത്തി വീണ്ടും ആദ്യസ്ഥലത്തെത്തും. ആഴ്ചച്ചന്തകളുടെ പൊതുസ്വഭാവമിതാണ്. ഇതല്ലാതെ ഒറ്റപ്പെട്ട ആഴ്ചച്ചന്തകളും കാണാം. സാധനങ്ങള്‍ ഒറ്റദിവസംകൊണ്ട് വിറ്റഴിഞ്ഞില്ലെങ്കില്‍ ഇത്തരം ചന്തകള്‍ നഷ്ടത്തില്‍ കലാശിക്കും. നേരെമറിച്ച് സഞ്ചരിച്ച് സ്ഥലവും ദിവസവും മാറ്റിമാറ്റി ചന്തകള്‍ നടത്തുമ്പോള്‍ സാധനങ്ങള്‍ നഷ്ടമാവുകയില്ല.

പ്രാദേശികമായി ആഴ്ചച്ചന്തകള്‍ നടത്തുന്നത് നിര്‍ദിഷ്ട സ്ഥലങ്ങളിലായിരിക്കും. അതിനാല്‍, കമ്പും മുളയും ഓലയുംകൊണ്ട് അവിടെ താത്കാലികമായി പുരകള്‍ കെട്ടാറുണ്ട്. ചന്തപ്പുരകള്‍ എന്ന പേരിലാണ് അവ അറിയപ്പെടുന്നത്. ഇപ്പോള്‍ ഇത്തരം താത്കാലിക വിപണനസങ്കേതത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വകയായി സ്ഥിരമായ ഷെഡ്ഡുകള്‍ നിര്‍മിച്ചുകൊടുക്കുകയാണ് പതിവ്.

പച്ചക്കറിച്ചന്ത. ആഴ്ചച്ചന്തകളില്‍ പച്ചക്കറികള്‍ കാണാമെങ്കിലും പച്ചക്കറികള്‍ക്കുമാത്രമായ ചന്തകളും പ്രസിദ്ധമാണ്. പച്ചക്കറി ഉത്പാദകര്‍ ധാരാളമുള്ള ഇടങ്ങളിലാണ് ഇവ കാണുന്നത്. തമിഴ്നാട്ടിലെ ഒട്ടംപത്തം എന്ന പച്ചക്കറിച്ചന്തയില്‍ നിന്നാണ് കേരളത്തിലേക്കുള്ള പച്ചക്കറികളില്‍ ഭൂരിഭാഗവും വരുന്നത്. കേരളത്തിലെ പ്രധാന പച്ചക്കറിച്ചന്തകളാണ് കുനംകുളം ചന്തയും ആറാലുമ്മൂട് ചന്തയും. പച്ചക്കറികളില്‍ ചിലതിനു മാത്രമായും ചന്തകളുണ്ട്. അക്കൂട്ടത്തില്‍പ്പെടുന്നവയാണ് കായച്ചന്തകള്‍ അഥവാ കുലച്ചന്തകള്‍. കേരളത്തിലെ പ്രധാന കാലിച്ചന്തകളില്‍ ചിലതാണ് പെരുമ്പിലാവ് ചന്തയും പടന്താലുമൂട് ചന്തയും. കേരളത്തിലേക്ക് കാലികള്‍ ഏറ്റവുമധികം വരുന്നത് സുബ്രഹ്മണ്യം, ധര്‍മസ്ഥലം എന്നിവിടങ്ങളിലെ കാലിച്ചന്തകളില്‍ നിന്നാണ്. കന്നുകാലികള്‍ ഗ്രാമീണ കാര്‍ഷിക സംസ്കാരത്തിന്റെ കരുത്തായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ കാലിച്ചന്തയായ കുഴല്‍മന്ദത്തിന്റെ പ്രാധാന്യം ഇതാണ്. വികസനത്തിന്റെ ഭാഗമായി പെരുമ്പിലാവ് ചന്ത അന്യം നിന്നുകൊണ്ടിരിക്കുന്നു.

ഉത്സവച്ചന്തകള്‍. ഉത്സവം, ആഘോഷം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചന്തകള്‍ സര്‍വസാധാരണമാണ്. ഓണം, വിഷു, ക്രിസ്തുമസ്, ബക്രീദ് തുടങ്ങിയ വിശേഷാഘോഷവേളകളില്‍ നഗരപ്രദേശങ്ങളില്‍ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും നിര്‍ദിഷ്ടസ്ഥലങ്ങളില്‍ ചന്തകള്‍ പതിവുണ്ട്. ഓണച്ചന്തയിലും വിഷുച്ചന്തയിലും സദ്യവട്ടങ്ങള്‍ക്കുള്ള പദാര്‍ഥങ്ങളാണ് കൂടുതല്‍ കാണുക. നേന്ത്രക്കായ, ഏത്തപ്പഴം, മറ്റുപഴങ്ങള്‍, ചേന, ചേമ്പ്, കുമ്പളങ്ങ, മത്തങ്ങ, വെള്ളരിക്ക, കത്തിരിക്ക, പാവയ്ക്ക തുടങ്ങിയ പച്ചക്കറി സാധനങ്ങള്‍ നിശ്ചയമായും ഉണ്ടാകാറുണ്ട്. ഓണത്തിന് കുറേ ദിവസം മുമ്പുതന്നെ ചന്ത ആരംഭിക്കുമെങ്കിലും ഉത്രാടച്ചന്തയാണ് മുഖ്യം. വിഷുച്ചന്ത സംക്രമദിവസമാണ് പതിവ്. ചക്ക, മാങ്ങ, പഴുക്ക, വെറ്റില, കൊന്നപ്പൂവ് തുടങ്ങിയവയെല്ലാം വിഷുച്ചന്തയില്‍ കാണും. ആഴ്ചച്ചന്തകളിലും മറ്റും ഉണ്ടാകാറുള്ള വസ്തുക്കളും ഇത്തരം ഉത്സവച്ചന്തകളില്‍ ഉണ്ടായിരിക്കും.

കാവുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍ തുടങ്ങിയസ്ഥലങ്ങളില്‍ ഉത്സവങ്ങള്‍ നടക്കുമ്പോള്‍ കാണാറുള്ള ചന്തകള്‍ മേല്പറഞ്ഞ ചന്തകളില്‍നിന്ന് കുറച്ചൊക്കെ വ്യത്യസ്തമാണ്. അവ താത്കാലികങ്ങളാണ്. സ്ഥിരമായി നിര്‍ദേശിക്കപ്പെട്ട വിപണന സ്ഥലങ്ങളിലല്ല, ഉത്സവസങ്കേതങ്ങളിലാണ് അത്തരം ചന്തകള്‍ ഉണ്ടാവുക. കാവുകളിലും ക്ഷേത്രങ്ങളിലും പള്ളികളിലും ആരാധന നടക്കുന്ന പുണ്യസങ്കേതത്തിന് പുറത്ത്, മതിലിനുവെളിയിലുള്ള സ്ഥലങ്ങളിലായിരിക്കും ഇവയുടെ സ്ഥാനം. ഇവയില്‍ പ്രാദേശിക ഉത്പന്നങ്ങളെക്കാളേറെ പ്രസക്തി ചില 'വരവു' സാധനങ്ങള്‍ക്കാണ്.

കേരളത്തിലെ ഉത്സവച്ചന്തകളിലെല്ലാം കാണുന്ന വസ്തുവാണ് പൊരി, ഈന്തപ്പഴം, ഹല്‍വ തുടങ്ങിയവ. ചോളപ്പൊരിയും അരിപ്പൊരിയും വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഉത്സവച്ചന്തയില്‍ക്കാണുന്ന മറ്റൊരു പ്രത്യേകത അപ്പക്കച്ചവടമാണ്. പലവിധത്തിലും നിറത്തിലുമുള്ള അപ്പങ്ങളും ബേക്കറിവസ്തുക്കളും നുറുക്ക്, ചക്കര/അരിച്ചക്കര, വറുത്ത കടല എന്നിവയും ചന്തകളില്‍ സാധാരണയായി ലഭിക്കും. മധുരനാരങ്ങയാണ് മറ്റൊരു വസ്തു. ഐസ്ക്രീം വില്പനയില്ലാത്ത ചന്തകള്‍ കണ്ടെത്തുവാന്‍ വിഷമമാണ്. കലം, ചട്ടി, കുടുക്ക, പാനി തുടങ്ങിയ മണ്‍പാത്രങ്ങള്‍ ചിരവ, കുട്ട, തുടുപ്പ്, മുറം, വിവിധതരം കത്തികള്‍ തുടങ്ങിയ ഗാര്‍ഹികോപകരണങ്ങള്‍ ഉത്സവച്ചന്തകളില്‍ നിന്നു ലഭിക്കും. കുട്ടികളെ ആകര്‍ഷിക്കുന്ന വസ്തുക്കള്‍ക്ക് പ്രാദേശിക ചന്തകളില്‍ പ്രാമുഖ്യം കാണാറുണ്ട് പലതരം പീപ്പികള്‍, ഓടക്കുഴല്‍, പമ്പരം, തിരിപ്പട്ടം, ബലൂണുകള്‍, കുട്ടികളുടെ പലതരത്തിലുള്ള കളിക്കോപ്പുകള്‍, പാവകള്‍ തുടങ്ങിയവയൊക്കെ ഉത്സവച്ചന്തകളുടെ പ്രത്യേകതയാണ്.

സ്ത്രീകളെ ആകര്‍ഷിക്കുന്നവയാണ് ഉത്സവപ്പറമ്പുകളില്‍ സ്ഥലം പിടിക്കുന്ന മറ്റു വസ്തുക്കള്‍. കണ്ണാടി, ചീര്‍പ്പ്, കണ്‍മഷി, പലനിറത്തിലുള്ള നൂലുകള്‍, കുപ്പിവളകള്‍, സെന്റുകള്‍, കൃത്രിമമുടികള്‍, സഞ്ചികള്‍, സൌന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി നിരവധി കൗതുകവസ്തുക്കളും ഉണ്ടാകും. പൂരച്ചന്തകളില്‍ നിശ്ചയമായും കുപ്പിവളകള്‍ കാണും. പൂരത്തിന് ഉത്തരകേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക് കുപ്പിവളകള്‍ ഇന്നും സര്‍വസാധാരണമാണ്.

ക്ഷേത്രോത്സവച്ചന്തകള്‍ പൊതുവേ ഏഴെട്ടു ദിവസമെങ്കിലും നീണ്ടുനില്ക്കും. ചെറുകുന്ന് അന്നപൂര്‍ണേശ്വരിക്ഷേത്രത്തിലെ വിഷുവിളവുത്സവത്തിന്റെ ചന്ത മേടസംക്രമംതൊട്ട് മേടം ഏഴുവരെ ഉണ്ടാകും. ചിറയ്ക്കല്‍ കടലായിക്ഷേത്രത്തില്‍ മകരമാസത്തില്‍ നടക്കുന്ന ഉത്സവത്തിനും എട്ടുദിവസത്തോളം ചന്തയുണ്ടാകും. ജഗന്നാഥക്ഷേത്രത്തിലും തിരുവങ്ങാട്ടും മറ്റുമുള്ള ഉത്സവച്ചന്തകളും പ്രശസ്തങ്ങളാണ്. ചിലേടങ്ങളില്‍ ഉത്സവച്ചന്തകള്‍ സവിശേഷ സ്വഭാവമാര്‍ന്നിട്ടുള്ളതായിക്കാണാം. തമിഴ്നാട്ടില്‍ കന്യാകുമാരി ജില്ലയിലെ തക്കലയിലുള്ള വാവുബലിച്ചന്ത ഒരുദാഹരണമാണ്. ഇവിടെ വിത്തുകള്‍, വൃക്ഷത്തൈകള്‍ എന്നിവയാണ് ധാരാളമായി വിറ്റഴിക്കപ്പെടുന്നത്. കേരളത്തിലെ തന്നെ ആദ്യത്തെ ആസൂത്രിത കാര്‍ഷിക വിപണന-പ്രദര്‍ശന സംരംഭം കൂടിയായിരുന്നു അത്. തൃപ്പൂണിത്തുറ അത്തച്ചമയത്തോടനുബന്ധിച്ചുള്ള വീട്ടുപകരണച്ചന്ത(ഫര്‍ണിച്ചര്‍)യാണ് ഇക്കൂട്ടത്തില്‍ സവിശേഷമായ ഒരിനം.

പള്ളിച്ചന്തകള്‍. മുസ്ലിങ്ങളുടെയും ക്രൈസ്തവരുടെയും പള്ളികളില്‍ പെരുന്നാള്‍, ആണ്ടുനേര്‍ച്ച തുടങ്ങിയവയോടനുബന്ധിച്ച്, പരിസരങ്ങളില്‍ ചന്തകള്‍ നടക്കാറുണ്ട്. അതത് പ്രദേശത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രയോജനകരമാണിവ. മലപ്പുറം നേര്‍ച്ച, കൊണ്ടോട്ടി നേര്‍ച്ച എന്നിവയോടനുബന്ധിച്ചുള്ള ചന്തകള്‍, എരുമേലി, പരുമല, ബീമാപ്പള്ളി, ചങ്ങനാശ്ശേരി, പട്ടാമ്പി, പുളിങ്ങോം തുടങ്ങിയ പള്ളികളിലെ ഉത്സവങ്ങള്‍ നടക്കുമ്പോഴും വലിയരീതിയിലുള്ള ചന്തകള്‍ കാണാറുണ്ട്.

ചന്തകളിലെ ചില വിനോദങ്ങള്‍. വലിയ ഉത്സവങ്ങള്‍, നേര്‍ച്ചകള്‍ തുടങ്ങിയവയോടനുബന്ധിച്ച് ചന്ത നടക്കുമ്പോള്‍ ചന്തപ്പറമ്പിന്റെ പരിസരങ്ങളില്‍ പലതരത്തിലുള്ള വിനോദങ്ങള്‍ നടക്കാറുണ്ട്. തൊട്ടിലാട്ടം/ഊഞ്ഞാലാട്ടം അതിലൊന്നാണ്. ചട്ടിക്കളി, കറക്കിക്കളി, കറക്കിക്കുത്ത്, കട്ടേം പടോം, അമ്പേറ് തുടങ്ങിയ ചില ഭാഗ്യക്കളികളാണ് മറ്റൊരിനം. പണം വച്ചുകൊണ്ടുള്ള അത്തരം കളികള്‍ ഉത്സവസ്ഥലങ്ങളില്‍ നിരോധിക്കപ്പെട്ടവയായതിനാല്‍, ചന്ത സ്ഥലത്തിന്റെ സമീപംതന്നെ മറവുള്ള സ്ഥലങ്ങളില്‍ വച്ചാണ് പ്രായേണ നടത്താറുള്ളത്. ചന്തസ്ഥലങ്ങളില്‍ക്കാണുന്ന മറ്റ് ചില പ്രത്യേകതകളാണ് കൈനോക്ക്, ഭാഗ്യം പറയല്‍, തത്തമ്മ പ്രശ്നം എന്നിവ.

ചന്തപ്പിരിവ്. ചന്ത നടത്തുന്നവരില്‍ നിന്ന് ഉത്സവത്തിന്റെ സംഘാടകര്‍ പിരിവ് (വാടക) വാങ്ങാറുണ്ട്. അതിന് ചന്തപ്പിരിവ് എന്നു പറയും. ഉത്സവച്ചെലവിന്റെ മുഖ്യവരുമാന മാര്‍ഗങ്ങളിലൊന്നാണിത്. ചന്തപ്പിരിവ് നടത്താന്‍ ആളുകളെ നിയോഗിക്കും. പലപ്പോഴും ലേലം വിളിച്ചാണ് പിരിവുകാരെ കണ്ടെത്തുക. അവര്‍ ചന്തസ്ഥലങ്ങള്‍ ചുറ്റിത്തിരിഞ്ഞ്, വില്പനയുടെ തരവും കോളും നിലവാരവും കണക്കിലെടുത്താണ് ചന്തപ്പണം വസൂലാക്കുന്നത്. ആയപ്പിരിവ് എന്നും ഇത് അറിയപ്പെടുന്നു.

നൂറുകണക്കിന് നാട്ടുചന്തകള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. അവിടെയുണ്ടായിരുന്ന ആള്‍ക്കൂട്ടത്തിന്റെ ഉത്സവാന്തരീക്ഷം സംസ്കാരത്തിന്റെ സജീവതയായിരുന്നു. പകരം ഷോപ്പിങ് കോംപ്ളക്സുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ബിഗ്ബസാറുകളും ഉയര്‍ന്നുവരുന്നു. ഇന്ത്യയില്‍ പലയിടത്തും അന്യം നിന്നുപൊയ്ക്കൊണ്ടിരിക്കുന്ന നാട്ടുചന്തകള്‍ പുനരുജ്ജീവിപ്പിച്ചുകൊണ്ട് ഇതിനെ പ്രതിരോധിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

ചന്തകളുടെയും വിപണനസമ്പ്രദായത്തിന്റെയും രംഗത്തുവന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ ജീവിത ക്രമത്തിന്റെയും സംസ്കാരത്തിന്റെ തന്നെയും പരിച്ഛേദമായിട്ടാണ് കാണേണ്ടത്. ഗ്രാമീണ ജീവിതത്തെ സ്വയംപൂര്‍ണവും സംതൃപ്തവുമാക്കുന്നതില്‍ പ്രാദേശിക ചന്തകള്‍ക്ക് മുമ്പ് പങ്കുണ്ടായിരുന്നു. അതത് പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് അതിനനുഗുണമായ ശൈലിയിലാണ് ചന്തകള്‍ നടത്തപ്പെട്ടുപ്പോരുന്നത്. നിത്യജീവിതത്തെയും ഉത്സവാഘോഷാദി രംഗങ്ങളെയും കൂടുതല്‍ ആഹ്ളാദഭരിതവും ആര്‍ഭാട പൂര്‍ണവുമായി തീര്‍ക്കുകയെന്ന ധര്‍മം പ്രാദേശിക ചന്തകള്‍ നിറവേറ്റുന്നുണ്ട്.

ഉത്പാദന വ്യവസ്ഥയുടെ വികാസത്തെ തുടര്‍ന്ന് ചന്തകള്‍ അങ്ങാടികളായും വാണിജ്യകേന്ദ്രങ്ങളായും വികസിച്ചു. ഏതുത്പന്നവും ലഭിക്കുന്ന ഒരുകട മലയാളിയുടെ വീട്ടുമുറ്റങ്ങളിലേക്ക് എത്തിക്കുന്നതില്‍ മുതലാളിത്തം വിജയിച്ചതോടെ നാട്ടുചന്തകള്‍ അപ്രസക്തമായിത്തീര്‍ന്നു. എങ്കിലും പഴയ നാട്ടുചന്തകളുടെ സ്മരണകളുണര്‍ത്തുന്ന കൈമാറ്റ വ്യവസ്ഥയെക്കുറിച്ച് പഠിക്കുന്നതിന് ചരിത്ര വിദ്യാര്‍ഥികളെ സഹായിക്കുന്ന സാമൂഹിക പരിണാമത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വാലാണ് ഇന്നത്തെ നാട്ടുചന്തകള്‍. അവയ്ക്കു പഴയ ചന്തകളുടെ രൂപവും ഭാവവുമല്ല ഉള്ളത്. ആധുനിക മുതലാളിത്ത ഉത്പാദന കൈമാറ്റങ്ങളുമായി കൈക്കോര്‍ത്തുകൊണ്ടാണ് ഗൃഹാതരത്വം പേറുന്ന ചന്തകള്‍ ഇന്ന് നിലനില്ക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍