This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാടോടികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാടോടികള്‍

ഒരിടത്തും സ്ഥിരമായി താമസിക്കാത്ത ജനവിഭാഗം. ഓരോ നാടോടി വിഭാഗത്തിനും സ്വന്തം ജീവിതക്രമവും മര്യാദകളുമുണ്ട്. ഉപജീവനത്തിന് ഇവര്‍ പ്രധാനമായി ആടുമാടുകളെ ആശ്രയിക്കുന്നു. ചുറ്റുപാടുകളില്‍ നിന്നുള്ള ഭക്ഷണത്തിന്റെയും സാങ്കേതികതകളുടെയും ലഭ്യതയാണ് നാടോടികളുടെ ഒരു പ്രദേശത്തെ വാസകാലം തീരുമാനിക്കുന്നത്. നാടോടികള്‍ പൊതുവേ മൂന്നു തരക്കാരാണ്. ഒന്ന് വേട്ടയാടി കൂട്ടുചേര്‍ന്നു ജീവിക്കുന്നവര്‍. രണ്ട്; അജപാല നാടോടികള്‍, മൂന്ന്; കച്ചവടക്കാരായ നാടോടികള്‍.

പ്രാചീനകാലത്ത് ഭക്ഷണം എന്നത് മനുഷ്യന്‍ സ്വയം വേട്ടയാടി കണ്ടെത്തേണ്ടതാണെന്ന് ഇവര്‍ വിശ്വസിച്ചിരുന്നു. ഇതില്‍ ഒരു വിഭാഗം ഇന്നും വേട്ടയാടിയും, പ്രകൃതിയില്‍നിന്ന് നേരിട്ട് ഭക്ഷണം ശേഖരിച്ചുമാണ് ജീവിച്ചുപോരുന്നത്. ഇവര്‍ ആദിമ ജനതയുടെ നേര്‍ പിന്‍മുറക്കാരാണെന്നു പറയാം.

അജപാല നാടോടികള്‍ നിത്യവൃത്തിക്കായി കാലികളെ മേയ്ക്കുന്നവരും അവയുടെ പാലും മറ്റ് വിഭവങ്ങളും ഉപയോഗപ്പെടുത്തി ജീവിക്കുന്നവരുമാണ്. ഇവരുടെ ദേശാടനം പ്രകൃതിയിലെ മാറ്റത്തെ ആശ്രയിച്ചാണ് സംഭവിക്കാറുള്ളത്. കൃഷിയില്‍ ഏര്‍പ്പെട്ടും കച്ചവടത്തിലേര്‍പ്പെട്ടും ജീവിക്കുന്ന നാടോടികള്‍ പൊതുവേ ധാന്യങ്ങള്‍ക്കോ ഭക്ഷണവിഭവങ്ങള്‍ക്കോ വേണ്ടി മാത്രമാണ് കച്ചവടത്തിലേര്‍പ്പെടുന്നത്. വലിയ വിലപിടിപ്പില്ലാത്ത ഉത്പന്നങ്ങളാവും ഇത്തരം നാടോടികളുടെ കച്ചവടവസ്തുക്കള്‍. ഇത്തരക്കാരായ നാടോടികളുടെ പ്രത്യക്ഷ ഉദാഹരണം ജിപ്സികളാണ്. ലാടന്മാരും നാടോടി വര്‍ഗത്തില്‍പ്പെടുന്നവരാണ്.

തെക്കേ ആഫ്രിക്കയിലെ സ്റ്റെപ്പി പ്രദേശത്തെ നായാടികള്‍, യെമനിലെ ഒട്ടകക്കച്ചവടക്കാരായവര്‍, കിഴക്കന്‍ ആഫ്രിക്കയിലെ മസായികള്‍, അറേബിയയിലെ ബദൂയിനുകള്‍ മുതലായവര്‍ അജപാല നാടോടികളാണ്. ഇവരെല്ലാം പുതിയ മേച്ചില്‍സ്ഥലങ്ങള്‍ അന്വേഷിച്ചു സഞ്ചരിച്ചുകൊണ്ടിരിക്കും.

നാടോടികള്‍ പൊതുവേ പരിഷ്കൃത സമൂഹവുമായി ഇടപഴകുന്നതില്‍ വിമുഖരാണ്. നഗരവാസികളെയും പൊലീസിനെയുമൊക്കെ ഇവര്‍ക്ക് ഭയവും സംശയവുമാണ്. ഒരിടത്തു നിന്നു മറ്റൊരിടത്തേക്കുള്ള യാത്രയില്‍ ചട്ടി, കലം, പായ്, തുണി, ധാന്യം, കോഴി, ആടുമാടുകള്‍ എന്നിവയെല്ലാം കൊണ്ടുപോകാറുണ്ട്. ആത്മാര്‍ഥതയുള്ളവരും കഠിനാധ്വാനികളുമാണ് നാടോടികള്‍. അമ്പ്, വില്ല് തുടങ്ങിയ ആയുധങ്ങളാണ് ഇവര്‍ പഴയകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. പാറക്കൂട്ടങ്ങളിലും കുന്നുകളിലും കയറി തേന്‍ ശേഖരിക്കുന്ന പതിവും ഇവര്‍ക്കിടയിലുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് ജീവിക്കുന്ന നാടോടികള്‍ പൊതുവേ വ്യാവസായിക രാജ്യങ്ങളിലാണ് കാണപ്പെടാറുള്ളത്. കാലികളെ വളര്‍ത്തിയും വിറ്റും ഇവര്‍ ഉപജീവനം കണ്ടെത്തുന്നു.

അജപാല നാടോടികളില്‍ ചില വിഭാഗങ്ങളാണ് അബാബ്ദേ, ബിതോയുന്‍, അറമ്പ്, ചുക്ചി, കുമാന്‍, സുന്‍ഗര്‍, യൂറേഷ്യന്‍ അവാര്‍സ്, ഫുനാനിസ്, ഹിംബാ, ഹുന്‍സ് എന്നിവര്‍.

ഇന്തോ-ആര്യന്‍ വിഭാഗത്തില്‍പ്പെടുന്ന നാടോടികള്‍ - ഗുജന്‍, മിട്ടാനി, ധംഘാര്‍, ഋഗ്വേദ ഗോത്രങ്ങള്‍, റോമന്‍ ജിപ്സികള്‍. ഇറാനിലെ അലന്‍സ്, ദാഹീ, ബക്ത്യാരി, ഹെവ്താലിറ്റീസ്, ഹുന്‍സ, കുചെസ്, പരാസി, പാര്‍ത്തിയന്‍സ്, സാര്‍മാതിയന്‍സ്, സ്കിത്തിയെന്‍സ്, കാര്‍മിക്സ്, ഖസാക്സ്, ഖസര്‍സ്, കുചിസ്, കുറുംബര, കുര്‍ദ്കുള്‍, മാസായ്, മ്ഗ്യാര്‍സ്, മോകന്‍ എന്നിവരാണ്.

ടുനീഷ്യയിലെ മ്ഗ്യാര്‍സ്, മംഗോളാ, നടൂര്‍, നെനിറ്റ്സ്, പെഹെന്‍ഗസ്, ഘ്വാഷൈ, സരക്കാറ്റ്സെന്ത, ഏതാനും സോമാലിയ വിഭാഗങ്ങള്‍, തിബറ്റുകള്‍, തൌബൌ, തുര്‍ക്കികള്‍, ട്രെക്ബോര്‍ഡ്, വുഹു, യോര്യക് മുതലായവരും ഇവരില്‍പ്പെടുന്നു.

വളരെ ഇടുങ്ങിയ പ്രദേശം തങ്ങളുടെ സാഹചര്യങ്ങള്‍ക്കൊത്ത് ഉപയോഗപ്പെടുത്തുവാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്. വെള്ളത്തിന്റെ സ്രോതസ്സ്, ചെടികളുടെയും മരങ്ങളുടെയും സാന്നിധ്യം ഒക്കെ വളരെ പെട്ടെന്ന് ഇവര്‍ കണ്ടെത്തുന്നു.

ഏകദേശം 30-40 കോടിയോളം നാടോടികള്‍ ലോകത്തുള്ളതായി കണക്കാക്കപ്പെടുന്നു. നാടോടികള്‍ എല്ലാത്തരം സംസ്കാരങ്ങളുടെയും ഭാഗമാണ്. വികസിത-വ്യാവസായിക രാഷ്ട്രങ്ങളില്‍ പരമ്പരാഗത നാടോടി സമൂഹങ്ങള്‍ താരതമ്യേന കുറവാണ്. മധ്യധരണ്യാഴിയുടെ കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ബി.സി. 8500-6500 കാലഘട്ടങ്ങളില്‍ നാടോടി സമൂഹം ജീവിച്ചിരുന്നതായി ചരിത്രം സൂചിപ്പിക്കുന്നുണ്ട്.

ഇരുപതാം നൂറ്റാണ്ടിലുണ്ടായ സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളും കൃഷിയിലുണ്ടായ സാങ്കേതിക വളര്‍ച്ചയും വ്യവസായങ്ങളുടെ പുരോഗതിയും ഭരണകൂടങ്ങളുടെ നയസമീപനങ്ങളും നാടോടികളെ പരിഷ്കൃത സമൂഹത്തോടു ചേര്‍ന്നു നില്‍ക്കുവാന്‍ കുറേയൊക്കെ ഇടയാക്കിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍