This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗാനന്ദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഗാനന്ദം

സംസ്കൃത നാടകം. ക്രിസ്തുവിനുശേഷം 606 മുതല്‍ 647 വരെ സ്ഥാനേശ്വരം (കനൗജ്) ഭരിച്ചിരുന്ന ഹര്‍ഷവര്‍ധനനാണ് രചയിതാവ്. ഇദ്ദേഹം ശ്രീഹര്‍ഷദേവന്‍, ശ്രീഹര്‍ഷന്‍ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ബൗദ്ധകൃതികളില്‍ ശീലാദിത്യന്‍ എന്ന പേരിലാണ് ശ്രീഹര്‍ഷന്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. നാഗാനന്ദത്തെ കൂടാതെ രത്നാവലി, പ്രിയദര്‍ശിക എന്നീ നാടകങ്ങളും ബുദ്ധനെക്കുറിച്ചുള്ള സുപ്രഭാതസ്തോത്രവും ഇദ്ദേഹത്തിന്റേതാണെന്ന് കരുതുന്നു.

നാഗാനന്ദം, രത്നാവലി, പ്രിയദര്‍ശിക എന്നീ മൂന്നു നാടകങ്ങളും ഹര്‍ഷന്റെ ആസ്ഥാനകവിയായ ബാണന്‍ എഴുതിയതാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ധാവകന്‍ എന്ന കവിയാണ് ഈ മൂന്നു നാടകങ്ങളും രചിച്ചത് എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ചൈനീസ് യാത്രികരായ ഹുയാന്‍സാങ്, ഇത്സിങ് എന്നിവരുടെ യാത്രാരേഖകളില്‍ നിന്നും ശ്രീഹര്‍ഷന്‍ ചില നാടകങ്ങള്‍ രചിച്ചിരുന്നു എന്ന സൂചന ലഭിക്കുന്നുണ്ട്. ആയതിനാല്‍ ഈ മുന്നു നാടകങ്ങളും ശ്രീഹര്‍ഷന്റേതു തന്നെയാണ് എന്നാണ് പണ്ഡിതമതം.

അഞ്ച് അങ്കങ്ങളിലായി എഴുതപ്പെട്ടിട്ടുള്ള നാഗാനന്ദം ശ്രീ ഹര്‍ഷന്റെ മറ്റ് രണ്ട് നാടകങ്ങളേക്കാള്‍ ശ്രദ്ധേയമാണ്. ബുദ്ധമതത്തിലെ അഹിംസ, ഭൂതദയ, ആത്മസമര്‍പ്പണം എന്നിവയെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് നാഗാനന്ദം രചിച്ചിരിക്കുന്നത്.

നാഗാനന്ദത്തിന്റെ ഇതിവൃത്തം വിദ്യാധരജാതകകഥയില്‍ നിന്നുമാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് കവി വ്യക്തമാക്കുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട സോമദേവന്റെ കഥാസരിത്സാഗരത്തിലും ക്ഷേമേന്ദ്രന്റെ ബൃഹത്കഥാമഞ്ജരിയിലും ജീമൂതവാഹനകഥ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ കൃതികളെല്ലാംതന്നെ ഒന്നാം നൂറ്റാണ്ടില്‍ ഗുണാഢ്യന്‍ എന്ന കവി പൈശാചി ഭാഷയില്‍ എഴുതിയ ബൃഹത്കഥയുടെ അനുവര്‍ത്തനങ്ങളാണ്.

നാഗാനന്ദം നാടകം, കഥാദൃഷ്ടിയില്‍ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മലയവതിയും ജീമൂതവാഹനനും തമ്മിലുള്ള പ്രണയം വര്‍ണിക്കുന്ന ആദ്യത്തെ മൂന്നങ്കങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാം ഭാഗവും ജീമൂതവാഹനന്റെയും ഗരുഡന്റെയും കഥയും ഗരുഡന്‍ അഹിംസാ സിദ്ധാന്തം സ്വീകരിക്കുന്നതും വര്‍ണിക്കുന്ന നാലും അഞ്ചും അങ്കങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ടാം ഭാഗവും.

നാഗാനന്ദം നാടകത്തിന്റെ ഘടനയില്‍ കൃത്രിമത്വം പ്രകടമാണ്. എന്നാലും ഉദ്ബോധിപ്പിക്കുന്ന ഉത്കൃഷ്ടമായ ആശയം അനുവാചകനെ സ്പര്‍ശിക്കുന്നതാണ്. ആത്മസമര്‍പ്പണത്തിന്റെ പ്രാധാന്യവും പവിത്രതയും അനുവാചകരിലേക്ക് പകര്‍ന്നു നല്കുന്നതിലും കവി വിജയിച്ചിരിക്കുന്നു. കൃതിയിലുടനീളം കാളിദാസന്റെ സ്വാധീനം പ്രകടമാണ്. ഹിന്ദുമതത്തിന്റെയും ബുദ്ധമതത്തിന്റെയും ധര്‍മങ്ങളെ ഒത്തിണക്കിയാണ് ശ്രീഹര്‍ഷന്‍ നാഗാനന്ദം രചിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

(വി. ശംഭുപോറ്റി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍