This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാഗമയ്യ (1850 - 1917)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നാഗമയ്യ (1850 - 1917)
ചരിത്രകാരനും ഉദ്യോഗസ്ഥപ്രമുഖനും. തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വല്‍ രചയിതാവ്, തിരുവിതാംകൂറിലെ പ്രഥമ സെന്‍സസ് റിപ്പോര്‍ട്ട് തയ്യാറാക്കിയ വ്യക്തി എന്നീ നിലകളില്‍ ശ്രദ്ധേയന്‍.
1850-ല്‍ തിരുനെല്‍വേലി ജില്ലയിലെ വീരരാഘവപുരത്ത് ഒരു തെലുങ്ക് ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചു. കുടുംബം തിരുനെല്‍വേലിയിലും തിരുവനന്തപുരത്തും മാറിമാറി താമസിച്ചിരുന്നുവെങ്കിലും നാഗമയ്യയുടെ ബാല്യവും പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരത്ത് തന്നെയായിരുന്നു. 1866-ല്‍ മെട്രിക്കുലേഷന്‍ പാസ്സായി. 1870-ല്‍ ബിരുദംനേടി. വൈകാതെ ദിവാന്റെ കച്ചേരിയില്‍ ഗുമസ്തനായി ജോലികിട്ടി. തുടര്‍ന്ന് കുറേക്കാലം നാഗമയ്യ അധ്യാപകവൃത്തി ചെയ്തു. 1875-ല്‍ തഹസീല്‍ദാര്‍ ആയി. തൊട്ടുപിന്നാലെ ഡെപ്യൂട്ടി പേഷ്കാരായി നിയമിതനാകുകയും ചെയ്തു. 1883-ല്‍ തിരുവനന്തപുരത്തും തുടര്‍ന്ന് കൊല്ലത്തും ദിവാന് പേഷ്കാരായി. 1875, 81, 91 വര്‍ഷങ്ങളില്‍ തിരുവിതാംകൂറിന്റെ സെന്‍സസ് ചുമതല ഇദ്ദേഹത്തിനായിരുന്നു. 1875-ല്‍ ഇദ്ദേഹം തയ്യാറാക്കിയ സെന്‍സസ് റിപ്പോര്‍ട്ടാണ് തിരുവിതാംകൂറില്‍ ആദ്യത്തേത്. മദ്രാസ് പ്രസിഡന്‍സി ഡിസ്ട്രിക്റ്റ് മാന്വല്‍ മാതൃകയിലാണ് നാഗമയ്യ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വല്‍ തയ്യാറാക്കിയത്. 1904 മുതല്‍ ഇദ്ദേഹം ഫുള്‍ടൈം സ്റ്റേറ്റ് മാന്വല്‍ ഓഫീസറായിരുന്നു. നാഗമയ്യ നിര്‍വഹിച്ച മറ്റൊരു സുപ്രധാന ഔദ്യോഗിക ചുമതല 1892-ലെ റവന്യൂ സര്വേയറുടേതായിരുന്നു.
1905 മുതല്‍ 08 വരെ തിരുവിതാംകൂര്‍ നിയമനിര്‍മാണസഭയില്‍ അംഗമായി. 1908-ല്‍ വിരമിച്ചു. ആറു പ്രാവശ്യം ആക്റ്റിങ് ദിവാന് ആയിരുന്നെങ്കിലും ഇദ്ദേഹത്തിന് ദിവാന് ആവാന്‍ അവസരം ലഭിച്ചില്ല. 1910-ല്‍ ഇദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ച് മഹാരാജാവ് 'ദിവാന് ബഹദൂര്‍ പുരസ്കാരം' നല്കി. 1917-ല്‍ ഇദ്ദേഹം തിരുവനന്തപുരത്ത് അന്തരിച്ചു.
(പ്രൊഫ. നേശന്‍ ടി. മാത്യു; സ.പ.)