This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവരത്തിലോവ, മാര്‍ട്ടിന (1956 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നവരത്തിലോവ, മാര്‍ട്ടിന (1956 - )

Navaratlova,Martina

ചെക്-അമേരിക്കന്‍ ടെന്നീസ് കളിക്കാരി. വിവിധ വര്‍ഷങ്ങളിലായി 18 ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍, വനിതാ ഗ്രാന്റ്സ്ലാം ഡബിള്‍സ് കിരീടം, 10 മിക്സഡ് ഗ്രാന്‍ഡ്സ്ലാം പട്ടങ്ങള്‍ നേടിയ മാര്‍ട്ടിനയ്ക്ക് ടെന്നീസ് ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണുള്ളത്. ദീര്‍ഘകാലം ലോക ഒന്നാം നമ്പര്‍ താരവുമായിരുന്നു ഇവര്‍.

1956 ഒ. 18-ന് ചെക്കോസ്ലാവാക്യയിലെ പ്രാഗില്‍ ജനിച്ചു. മാതാവ് ജാന. മൂന്നാം വയസില്‍ പിതാവ് അമ്മയെ ഒഴിവാക്കി. തുടര്‍ന്ന് അവര്‍ വിവാഹം ചെയ്ത മിറോസ്ളാവ് നവ്രിതില്‍ ആയിരുന്നു ആദ്യ കോച്ച്. അഞ്ചാം വയസ്സില്‍ത്തന്നെ ടെന്നീസ് കളിക്കാന്‍ തുടങ്ങി. ടെന്നീസ് താരങ്ങളായിരുന്ന രക്ഷിതാക്കള്‍ തന്നെയായിരുന്നു ആദ്യപരിശീലകര്‍. 1972 മുതല്‍ 75 വരെ ദേശീയ ടെന്നീസ് കിരീടം നേടി. 1975-ല്‍ അമേരിക്കയിലേക്ക് താമസം മാറ്റുകയും 1981-ല്‍ അമേരിക്കന്‍ പൌരത്വം സ്വീകരിക്കുകയും ചെയ്തു.

Image:Navratilova, Martina-svk-15.png

ടെന്നീസ് കോര്‍ട്ടില്‍ മാര്‍ട്ടിന നിരവധി വിജയങ്ങള്‍ കൈവരിച്ചിട്ടുണ്ട്. തുടര്‍ച്ചയായ 9 വര്‍ഷങ്ങളടക്കം 12 തവണ വിംബിള്‍ഡന്‍ സിംഗിള്‍സ് ഫൈനലിലെത്തി. 9 തവണ കിരീടംനേടി റെക്കോര്‍ഡ് കരസ്ഥമാക്കി. 1982, 84 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും 1981, 83, 85 വര്‍ഷങ്ങളില്‍ ആസ്റ്റ്രേലിയന്‍ ഓപ്പണ്‍ പട്ടവും കരസ്ഥമാക്കി. 1983, 84, 86, 87 വര്‍ഷങ്ങളില്‍ യു.എസ്. ഓപ്പണ്‍ കിരീടം നേടിയതും മാര്‍ട്ടിനയായിരുന്നു.

332   ആഴ്ചക്കാലം ലോക ഒന്നാം നമ്പര്‍ പദവി അലങ്കരിച്ചിട്ടുണ്ട്. വിംബിള്‍ഡണില്‍ നൂറില്‍ക്കൂടുതല്‍ മത്സരങ്ങളില്‍ വിജയിച്ച ഒരേയൊരു വനിതാതാരമാണ് മാര്‍ട്ടിന. സിംഗിള്‍സിലും ഡബിള്‍സിലും മിക്സഡിലും ഒരുപോലെ കഴിവു തെളിയിച്ച അപൂര്‍വതാരമായാണ് ടെന്നീസ് ലോകം മാര്‍ട്ടിനയെ കാണുന്നത്. സ്റ്റെഫിഗ്രാഫ് കഴിഞ്ഞാല്‍ 20-ാം ശ.-ത്തിലെ മികച്ച കളിക്കാരിയായാണ് വിഖ്യാത ടെന്നീസ് നിരൂപകന്‍ സ്റ്റീവ് ഫ്ളിങ്ക് നവരത്തിലോവയെ വിശേഷിപ്പിച്ചിട്ടുള്ളത്.

1979-80, 1983-84, 1994-95 കാലയളവുകളില്‍ ലോക വനിതാ ടെന്നീസ് അസോസിയേഷന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 1985-ല്‍ ബീയിങ് മൈസെല്‍ഫ് (Being Myself) എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു. ദ് ടോട്ടല്‍ സോണ്‍ (The Total Zone, 1994), ദ് ബ്രേക്കിങ് പോയിന്റ് (The Breaking Point, 1996), കില്ലര്‍ ഇന്‍സ്റ്റിങ്ക്റ്റ് (Killer Instinct, 1998) എന്നീ നോവലുകളും രചിച്ചിട്ടുണ്ട്.

മൃഗാവകാശ സംരക്ഷണം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മികച്ച ലെസ്ബിയന്‍ ആക്ട്വിവസ്റ്റ് എന്നനിലയില്‍ 2000-ല്‍ മനുഷ്യാവകാശ പ്രവര്‍ത്തനത്തിനുള്ള നാഷണല്‍ ഇക്വിറ്റി അവാര്‍ഡ് ലഭിച്ചു. 1994-ല്‍ സജീവ ടെന്നീസില്‍ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും പ്രദര്‍ശന മത്സരങ്ങളില്‍ മാര്‍ട്ടിന നിറഞ്ഞുനില്ക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍