This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരോത്തംദാസ് (16-ാം ശ. ?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നരോത്തംദാസ് (16-ാം ശ. ?)

ഹിന്ദി ഭക്തകവി. സുദാമാചരിത് എന്ന വിശ്രുതഗ്രന്ഥത്തിന്റെ രചയിതാവ്. ഹിന്ദികവിതയിലെ 'ഭക്തികാല'ത്തെ കൃഷ്ണഭക്തിശാഖയെ സമ്പന്നമാക്കിയ ഒരു കവിയാണിദ്ദേഹം. ഒരൊറ്റകൃതിയുടെ ബലത്തിലാണ് ഇദ്ദേഹം വലിയ അംഗീകാരം നേടിയത് എന്നതാണ് ഏറെ ശ്രദ്ധേയം.

വിക്രമവര്‍ഷഗണനയനുസരിച്ച് 16-ാം ശ.-ത്തിലാണ് നരോത്തംദാസ് ജീവിച്ചിരുന്നതെന്ന് കരുതുന്നു. സൂക്ഷ്മവും വിശദവുമായ ജീവചരിത്രരേഖകള്‍ ലഭ്യമല്ലാത്തതിനാല്‍ അനുമാനങ്ങളെയാണ് കൂടുതല്‍ അവലംബമാക്കി വരുന്നത്. പ്രാചീനഗ്രന്ഥമായ ശിവസിംഹ്സരോജില്‍ വിക്രമവര്‍ഷം 1602 വരെ നരോത്തം ദാസ് ജീവിച്ചിരുന്നുവെന്ന് പരാമര്‍ശമുണ്ട്. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ ബാഡിഗ്രാമമാണ് കവിയുടെ ജന്മസ്ഥലമെന്നും സാഹിത്യചരിത്രത്തില്‍ ആചാര്യരാമചന്ദ്രശുക്ളയും ഡോ. രാംകുമാര്‍ വര്‍മയും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്രീമദ് ഭാഗവതം ദശമസ്കന്ധത്തിലെ 80-81 അധ്യായങ്ങളെ ഉപജീവിച്ചെഴുതിയ സുദാമാചരിത് കൃഷ്ണ-കുചേല സൌഹൃദത്തിന്റെ കഥയാണ് അവതരിപ്പിച്ചിട്ടുള്ളത്.

വ്രജഭാഷയിലാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്. 'സവയ്യാ'വൃത്തമാണ് ഉപയോഗിച്ചിരിക്കുന്നത്. ലാളിത്യം കൊണ്ട് ചോര്‍ന്നുപോകാത്ത ഗഹനത ഈ കാവ്യത്തിന്റെ സവിശേഷതയാണ്. കാപട്യത്തിന്റെ മുഖംമൂടിയില്ലാത്ത രണ്ട് ചങ്ങാതിമാരുടെ നിര്‍മലഹൃദയഭാവങ്ങള്‍ വിവരിച്ചുകൊണ്ട് മനുഷ്യത്വത്തിന്റെ ഔന്നത്യം കാണിച്ചുതരുന്ന കൃതിയെന്ന നിലയില്‍ നരോത്തംദാസിന്റെ സുദാമാചരിത് ഹിന്ദിഭക്തി സാഹിത്യത്തിലെ അനന്യമായ കൃതിയാണ്.

ധ്രുവചരിത്, വിചാരമാല എന്നീ രണ്ടു കൃതികളും നരോത്തംദാസിന്റേതാണെന്ന് ചില സാഹിത്യചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നുവെങ്കിലും അത് പ്രാമാണികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

(ഡോ. എം.കെ. പ്രീത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍