This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നരസിംഹ്പൂര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നരസിംഹ്പൂര്‍
Narsinghpur
മധ്യപ്രദേശിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ജില്ല. വ. നര്‍മദാനദിക്കും തെ. സത്പുരാ നിരകള്‍ക്കും മധ്യേയുള്ള ഇടുങ്ങിയ എക്കല്‍ തടത്തില്‍, സമുദ്രനിരപ്പില്‍ നിന്ന് സു. 353 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സരസിംഹ്പൂരിന് 5133 ച.കി.മീ. വിസ്തൃതിയുണ്ട്. നരസിംഹക്ഷേത്രമാണ് ജില്ലാനാമത്തിന് ആധാരം; ജനസംഖ്യ: 9,57,399 (2001); ജനസാന്ദ്രത: 187/ച.കി.മീ. (2001); സാക്ഷരതാനിരക്ക് 78.34 (2001); ആസ്ഥാനം: നരസിംഹ്പൂര്‍; അതിര്‍ത്തികള്‍: വ. സാഗര്‍, ദാമോ ജില്ലകള്‍, വ.കി. ജബല്‍പൂര്‍ ജില്ല, തെ.കി. സിയോനി ജില്ല, തെ. ഛിന്ദ്വാര ജില്ല, തെ.പ. ഹോഷന്ദ്ഗാബാദ് ജില്ല, വ.പ. റെയ്സന്‍ ജില്ല.
നരസിംഹ്പൂര്‍ ജില്ലയുടെ സമ്പദ്ഘടനയില്‍ കാര്‍ഷികമേഖലയ്ക്കാണ് പ്രാമുഖ്യം. മുഖ്യവിളകളില്‍ ഗോതമ്പ്, ജോവര്‍, എണ്ണക്കുരുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. വനവിഭവങ്ങളും കല്‍ക്കരി-മാര്‍ബിള്‍ നിക്ഷേപങ്ങളും ജില്ലയുടെ സമ്പദ്വ്യവസ്ഥയെ നിര്‍ണായകമായി സ്വാധീനിക്കുന്നുണ്ട്. ജില്ലാ വിസ്തൃതിയുടെ 24 ശതമാനത്തോളം വ്യാപിച്ചിരിക്കുന്ന വനങ്ങളധികവും ഉഷ്ണമേഖലാ ഇലപൊഴിയും വിഭാഗത്തില്‍പ്പെട്ടവയാണ്. നിരവധി തേക്കിന്‍ കാടുകളും ജില്ലയിലുണ്ട്.
നര്‍മദാനദിയും പോഷകനദികളുമാണ് നരസിംഹ്പൂരിലെ പ്രധാന ജലസ്രോതസുകള്‍. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന ഈ നദികളില്‍ പ്രധാനനദികള്‍ ഒഴികെ മിക്കവയും വേനല്‍ക്കാലത്ത് വറ്റിവരണ്ടുപോവുക പതിവാണ്.
നരസിംഹ്പൂര്‍ ജില്ലയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്; മുസ്ലിങ്ങള്‍ക്കാണ് രണ്ടാം സ്ഥാനം. ഹിന്ദിയാണ് മുഖ്യവ്യവഹാര ഭാഷ. ഗവണ്‍മെന്റ് കോളജ്, ഗവണ്‍മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് കോളജ്, ഗവണ്‍മെന്റ് എസ്.എന്‍.എം. വിമെന്‍സ് മഹാവിദ്യാലയ, മഹാത്മാഗാന്ധി മഹാവിദ്യാലയ എന്നിവയാണ് ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.