This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദേവികാറാണി (1907 - 94)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദേവികാറാണി (1907 - 94)
ഹിന്ദി ചലച്ചിത്ര നടി. ബംഗാളിലെ പ്രശസ്തമായ കുടുംബത്തില്‍ 1907-ല്‍ ജനിച്ചു. പിതാവ് ഡോ.എന്‍. ചൗധരി മദ്രാസ് പ്രസിഡന്‍സിയിലെ ആദ്യത്തെ സര്‍ജന്‍ ജനറലായിരുന്നു. രവീന്ദ്രനാഥ ടാഗൂറിന്റെ കൊച്ചനന്തരവളാണ് ദേവിക. ഉന്നത വിദ്യാഭ്യാസത്തിന് ഇംഗ്ളണ്ടില്‍ പോയ ദേവികാറാണി അവിടത്തെ റോയല്‍ അക്കാദമി ഒഫ് ഡ്രമാറ്റിക്ക് ആര്‍ട്ട്സില്‍നിന്നും റോയല്‍ അക്കാദമി ഒഫ് മ്യൂസിക്കില്‍നിന്നും സംഗീതത്തിനുള്ള സ്കോളര്‍ഷിപ്പുകള്‍ നേടി. ആര്‍ക്കിടെക്ചര്‍, സ്റ്റേജ് ക്രാഫ്റ്റ് എന്നിവയില്‍ ബിരുദം നേടിയശേഷം ടെക് സൈറ്റല്‍ ഡിസൈനിങ്ങിലും അലങ്കാരത്തിലും പ്രായോഗിക പരിശീലനം നേടിയ ഇവര്‍ ലണ്ടനിലെ ഒരു ഫിലിം സ്റ്റുഡിയോയില്‍ ടെക്സ്റ്റൈല്‍ ഡിസൈനറായി ജോലി നോക്കി. നര്‍ത്തകികൂടിയായ ദേവികാറാണി ഒഴിവുസമയങ്ങളില്‍ ഹോട്ടലുകളില്‍ നൃത്തം ചെയ്തിട്ടുമുണ്ട്.
ദ് ലൈറ്റ് ഒഫ് ഏഷ്യാ, ഷിരാസ് എന്നീ നിശ്ശബ്ദ ചിത്രങ്ങളുടെ നിര്‍മാതാവായ ഹേമാംശുറോയിയുമായി 1928-ല്‍ പരിചയപ്പെട്ടു. തുടര്‍ന്ന് റോയിയുടെ യൂണിറ്റില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച ഇവര്‍ അദ്ദേഹത്തോടൊപ്പം ഇംഗ്ളണ്ടില്‍നിന്ന് ഇന്ത്യയിലെത്തി. എ ത്രോ ഒഫ് ഡൈസ് എന്ന നിശ്ശബ്ദ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈനറായി സിനിമാ രംഗത്തെത്തിയ ദേവിക ഹേമാംശുറോയിയുടെ ജീവിതത്തിലേക്കും കടക്കുകയായിരുന്നു. തുടര്‍ന്ന് ജര്‍മനിയിലെ യു.എഫ്.എ. സ്റ്റുഡിയോയില്‍ വസ്ത്രാലങ്കാരം, മേക്കപ്പ്, അഭിനയം, നിര്‍മാണം എന്നീ മേഖലകളില്‍ പ്രത്യേക പരിശീലനം നേടി. ഇന്ത്യയിലെത്തിയ റോയി-ദേവിക ദമ്പതിമാര്‍ ഇംഗ്ളീഷിലും ഹിന്ദിയിലും കര്‍മ എന്ന ചിത്രം നിര്‍മിച്ചു. ചിത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് ഇംഗ്ളണ്ടിലാണ്. ഇന്ത്യയോടൊപ്പം ഇംഗ്ളണ്ടിലും പ്രദര്‍ശിപ്പിച്ച ആദ്യ ഇന്ത്യന്‍ സിനിമയാണ് കര്‍മ. ഈ സിനിമയാണ് ദേവികയെ ഇന്ത്യന്‍ വെള്ളിത്തിരയിലെ ആദ്യത്തെ താരമാക്കിയത്. രണ്ട് ഭാഷയില്‍ നിര്‍മിച്ച പ്രഥമ ചിത്രവും കര്‍മയാണ്. ജെ.എല്‍.ഫീര്‍ഹണ്ട് ആയിരുന്നു സംവിധായകന്‍.
1934-ല്‍ റോയി ബോംബെ ടാക്കീസ് എന്ന ഫിലിം സ്റ്റുഡിയോ നിര്‍മിച്ചു. ഈ പബ്ളിക് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ പ്രശസ്തരായ അഭിഭാഷകരും വ്യവസായികളും അംഗങ്ങളായിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് ബോംബെ ടാക്കീസ് നല്കിയ സംഭാവന പുനര്‍മിലന്‍, ബസന്ത്, കിസ്മത്ത്, ഹമാരി ബാത് എന്നീ ഹിറ്റ് ചിത്രങ്ങളാണ്. പില്ക്കാലത്ത് ഇന്ത്യന്‍ സിനിമയിലെ പ്രശസ്തരായ ദിലീപ് കുമാര്‍, അശോക് കുമാര്‍, മധുബാല, നാനാപട്കര്‍, സുരയ്യാ, കെ.എ. അബ്ബാസ് തുടങ്ങിയവര്‍ ബോംബെ ടാക്കീസിലൂടെ രംഗത്തെത്തിയവരാണ്. അഭിനയത്തില്‍ മാത്രമല്ല, സംവിധാനത്തിലും തിരക്കഥാ രചനയിലും മറ്റു സാങ്കേതിക വശങ്ങളിലും ദേവികാറാണി ശ്രദ്ധ പതിപ്പിച്ചിരുന്നു. പ്രേക്ഷകരുടെ അഭിരുചിക്കനുസരണമായതും അവരെ രസിപ്പിക്കുന്നതോടൊപ്പം സാമൂഹിക സന്ദേശവും ഉള്‍ക്കൊള്ളുന്നതുമായ ചിത്രങ്ങളായിരുന്നു മിക്കവയും. ജവാനി ഹവാ, അച്ചൂത് കന്യ, ജന്മഭൂമി, ജീവന്‍ നയ്യ, മമത, ഇസ്സത്, ജീവന്‍ പ്രഭാത്, സാവിത്രി, നിര്‍മല, വചന്‍, ദുര്‍ഗ, അന്‍ജാന്‍, ഹമാരി ബാത് എന്നീ ചിത്രങ്ങളില്‍ ദേവികാറാണി അഭിനയിച്ചു. സംഗീതാത്മകവും കാല്പനികവും ദുഃഖപൂര്‍ണവുമായ ചിത്രങ്ങള്‍ക്ക് തുടക്കം കുറിച്ചതും ബോംബെ ടാക്കീസാണ്. ദേവികാറാണി-അശോക് കുമാര്‍ എന്ന താര ജോഡിക്ക് തുടക്കം കുറിച്ചുകൊണ്ട് അവര്‍ എട്ട് ചിത്രങ്ങളില്‍ അഭിനയിച്ചു, ബോംബെ ടാക്കീസ് നിര്‍മിച്ച ചിത്രങ്ങളില്‍ രാഷ്ട്രീയാംശമില്ലെങ്കിലും ദേശഭക്തി നിറഞ്ഞതും സ്വാതന്ത്യ്രസമരസേനാനികള്‍ക്ക് ആവേശം പകരുന്നതുമായിരുന്നു മിക്ക ഗാനങ്ങളും. 1940 മേയ് 19-ന് ഹേമാംശു റോയി അന്തരിച്ചു. മരണാനന്തരം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ നിര്‍ബന്ധത്താല്‍ കമ്പനിയുടെ ചുമതല ദേവിക ഏറ്റെടുത്തുകൊണ്ട് ചിത്രനിര്‍മാണം തുടര്‍ന്നു. പുനര്‍മിലന്‍, ഝുലാ ബന്ധന്‍, കിസ്മത്ത്, ബസന്ത് എന്നീ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചത് ദേവികയാണ്.
1945-ല്‍ റഷ്യന്‍ ചിത്രകാരനായ സ് വെത് സ്ളോവ് റോറിച്ചും ദേവികയും വിവാഹിതരായി. പ്രശസ്തിയുടെ ഉന്നതങ്ങളിലെത്തിയ ദേവിക ഇതേ വര്‍ഷംതന്നെ ബോംബെ ടാക്കീസില്‍നിന്ന് വിരമിച്ചു. അന്‍പതുകളില്‍ സിനിമാഭിനയത്തിനുള്ള ഓഫറുകള്‍ പലതും നിരസിച്ച അവര്‍ റോറിച്ചിന്റെ ചിത്രകലയില്‍ തത്പരയായി. റോറിച്ച് ചിത്രങ്ങളെക്കുറിച്ച് ആധികാരികമായി വിലയിരുത്താന്‍ കഴിവുള്ള നിരൂപകയായിരുന്നു ദേവിക. റോറിച്ചും ദേവികാറാണിയും റഷ്യയുമായി നല്ല ബന്ധം പുലര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചു.സിനിമയില്‍നിന്നു വിരമിച്ചതിനുശേഷം കലാ-സംഗീത-നാടക-സാംസ്കാരിക രംഗങ്ങളിലെ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും അവിടെയെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു.
സെന്‍ട്രല്‍ ഗവണ്മെന്റ് ഓഡിയോ വിഷ്വല്‍ എഡ്യൂക്കേഷന്‍ ബോര്‍ഡ്, നാഷണല്‍ അക്കാദമി ഒഫ് ഡാന്‍സ്, ഡ്രാമ, മ്യൂസിക് ആന്‍ഡ് ഫിലിംസ്, സംഗീത നാടക അക്കാദമി, എക്സിക്യൂട്ടിവ് ബോര്‍ഡ് ഒഫ് നാഷണല്‍ അക്കാദമി, ലളിത കലാ അക്കാദമി, നാഷണല്‍ ഹാന്‍ഡിക്രാഫ്റ്റ്സ് ബോര്‍ഡ്, ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് എന്നീ സംഘടനകളില്‍ ദേവികാറാണി അംഗമായിരുന്നു. ഇന്ത്യന്‍ സിനിമയ്ക്കു നല്കിയ അമൂല്യ സംഭാവനകളെ പരിഗണിച്ച് ഇവര്‍ക്ക് 1958-ല്‍ 'പദ്മശ്രീ' നല്കി. ഇന്ത്യന്‍ സിനിമയ്ക്കു മഹത്തായ സംഭാവന നല്കിയ പ്രതിഭകളെ ആദരിക്കുന്നതിനുവേണ്ടി 1969-ല്‍ ഇന്ത്യാ ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ 'ദാദാ സാഹിബ് ഫാല്‍ക്കെ' അവാര്‍ഡ് ആദ്യമായി ലഭിച്ചത് ദേവികാറാണിക്കാണ്. 1989-ല്‍ സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡും ഇവര്‍ക്കു ലഭിച്ചു.
ഇന്ത്യന്‍ സിനിമയിലെ പ്രഥമ വനിതയും അവിസ്മരണീയമായ മുദ്ര പതിപ്പിച്ച കലാകാരിയുമായ ദേവികാറാണിയുടെയും റോറിച്ചിന്റെയും ജീവിതസായാഹ്നം ചെലവഴിച്ചത് ബാംഗ്ളൂരിലെ ടാറ്റ് ഗുനി എസ്റ്റേറ്റിലെ സ്റ്റുഡിയോയിലാണ്. 1993-ല്‍ റോറിച്ച് നിര്യാതനായി. സ്വാഭാവികവും അനായാസവുമായ അഭിനയംകൊണ്ട് ഇന്ത്യന്‍ പ്രേക്ഷകരുടെ മനസ്സില്‍ മായാത്ത മുദ്ര പതിപ്പിച്ച വെള്ളിത്തിരയിലെ അനശ്വര താരമായ ദേവികാറാണി 1994-ല്‍ ബാംഗ്ളൂരില്‍ അന്തരിച്ചു.
(വക്കം എം.ഡി. മോഹന്‍ദാസ്)