This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവസ്യ പി.എം., പ്രവിത്താനം (1903 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേവസ്യ പി.എം., പ്രവിത്താനം (1903 - 96)

മലയാള കവി. 1903 ജനു. 3-ന് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള അന്തീനാട്ടുകരയില്‍ മിഖായേലിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു. 'വെര്‍ണാക്കുലര്‍ ഹയര്‍' പരീക്ഷ പാസ്സായതിനുശേഷം 43 വര്‍ഷം പ്രവിത്താനം സ്കൂളിലും പിന്നീട് ഏഴുവര്‍ഷം ഇംഗ്ളീഷ് മീഡിയം സ്കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. അരനൂറ്റാണ്ടു കാലത്തോളം കാവ്യരചനയില്‍ വ്യാപരിച്ചു. അഞ്ച് മഹാകാവ്യങ്ങളടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ഇസ്രായേല്‍വംശം (1952), മഹാപ്രസ്ഥാനം (1966), രാജാക്കന്മാര്‍ (1982), ക്രിസ്തുഗീത (1983), തോബിത്ത് (1989) എന്നിവയാണ് മഹാകാവ്യങ്ങള്‍. മഹാകാവ്യലക്ഷണമനുസരിച്ച സങ്കേതനിബന്ധനയോടെയാണ് കാവ്യരചന നിര്‍വഹിച്ചിരിക്കുന്നത്. സജാതീയ ദ്വിതീയാക്ഷരപ്രാസം പ്രത്യേക പ്രാധാന്യത്തോടെ പാലിച്ചിട്ടുണ്ട്.

ബൈബിള്‍ കഥയെ അവലംബിച്ചു രചിച്ചിട്ടുള്ളവയാണ് ഇസ്രായേല്‍വംശം, മഹാപ്രസ്ഥാനം എന്നിവ. 19 സര്‍ഗങ്ങളിലായി 2038 ശ്ളോകങ്ങളുള്ള ഇസ്രായേല്‍ വംശത്തില്‍ യഹൂദരുടെ വംശചരിത്രം പ്രതിപാദിച്ചിരിക്കുന്നു. പ്രധാനമായും യാക്കോബിന്റെയും പുത്രന്മാരുടെയും ചരിത്രമാണ് അടങ്ങിയിരിക്കുന്നത്. 17 സര്‍ഗങ്ങളിലായി 1747 ശ്ളോകങ്ങളുള്ള മഹാപ്രസ്ഥാനത്തില്‍ മോശയുടെ നേതൃത്വത്തില്‍ ഈജിപ്തില്‍നിന്ന് കാനാന്‍ദേശത്തേക്കു നടത്തിയ മഹാപ്രയാണം അവതരിപ്പിച്ചിരിക്കുന്നു. വര്‍ണനാപരമായ ഈ മഹാകാവ്യങ്ങളില്‍ കവിയുടെ പ്രതിഭയും ഭാവനയും സമ്മേളിച്ചിരിക്കുന്നതു കാണാം.

17 സര്‍ഗങ്ങളിലായി 1641 ശ്ളോകങ്ങളുള്ള രാജാക്കന്മാരില്‍ സാമുവല്‍, ദാവീദ്, സോളമന്‍ തുടങ്ങിയ രാജാക്കന്മാരുടെ കഥകള്‍ ഇതിവൃത്തമാക്കിയിരിക്കുന്നു. ദേവസ്യയുടെ ഏറ്റവും മനോഹരമായ കാവ്യമായിട്ടാണ് ക്രിസ്തുഗീതയെ നിരൂപകര്‍ കാണുന്നത്. മേല്പറഞ്ഞവയ്ക്കു പുറമേ കൊച്ചുത്രേസ്യാ വിജയം, മുത്തുമണികള്‍, ഏലിയാസും ആഹാബും, 5 സങ്കീര്‍ത്തനങ്ങള്‍ എന്നീ കാവ്യങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

കത്തോലിക്കാ കോണ്‍ഗ്രസ്സിന്റേതടക്കം 5 സ്വര്‍ണമെഡലുകള്‍, ക്രൈസ്തവ സാഹിത്യ സമിതിയുടെ സാഹിത്യതാരം അവാര്‍ഡ്, ബെനേ മേരന്തി എന്ന പേപ്പല്‍ ബഹുമതി എന്നിവ ദേവസ്യയ്ക്കു ലഭിച്ചിട്ടുണ്ട്.

ഇദ്ദേഹം 1996 ഡി. 22-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍