This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദേവയാനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദേവയാനി
പുരാണ കഥാപാത്രം. അസുര ഗുരുവായ ശുക്രാചാര്യനാണ് പിതാവ്; ഊര്‍ജ്വസ്വതി മാതാവും. മൃതസഞ്ജീവനിവിദ്യ അഭ്യസിക്കാന്‍ ശുക്രാചാര്യരുടെ സമീപം എത്തിച്ചേര്‍ന്ന കചനുമായി ദേവയാനി അനുരാഗബദ്ധയാകുന്നു. മൃതസഞ്ജീവനി അഭ്യസിച്ചശേഷം കചന്‍ ദേവയാനിയെ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയും ദേവലോകത്തേക്കു പോകാനൊരുങ്ങുകയും ചെയ്തപ്പോള്‍ 'കചന്റെ വിദ്യ ഫലിക്കാതിരിക്കട്ടെ' എന്ന് ദേവയാനി ശപിക്കുന്നു. കചനാകട്ടെ, ദേവയാനിയെ 'ദേവവര്‍ഗത്തിലാരും വേള്‍ക്കാതിരിക്കട്ടെ' എന്ന് മറുശാപവും നല്കി പോകുന്നു. അസുര രാജാവായ വൃഷപര്‍വാവിന്റെ പുത്രി ശര്‍മിഷ്ഠയുടെ പ്രിയതോഴിയായിരുന്നു ദേവയാനി. ഇവര്‍ രണ്ടുപേരുംകൂടി തോഴിമാരുമൊന്നിച്ച് ഒരിക്കല്‍ കാട്ടരുവിയില്‍ കുളിക്കുമ്പോള്‍ ഇന്ദ്രന്‍ ആ വഴിക്ക് വരികയും നയനാനന്ദകരമായ നീരാട്ട് കണ്ടുരസിക്കാനായി ഒരു കാറ്റിന്റെ രൂപത്തില്‍ വന്ന് കരയ്ക്കു വച്ചിരുന്ന അവരുടെ വസ്ത്രങ്ങള്‍ പറപ്പിക്കുകയും ചെയ്തു. ഇതുകണ്ട കന്യകമാര്‍ ഓടിയെത്തി കൈയില്‍ കിട്ടിയ വസ്ത്രങ്ങള്‍ എടുത്തു ധരിച്ചു. ദേവയാനിയുടെ വസ്ത്രമായിരുന്നു ശര്‍മിഷ്ഠയ്ക്കു ലഭിച്ചത്. പിന്നാലെ പാഞ്ഞുവന്ന ദേവയാനി അതിനായി പിടികൂടിയെങ്കിലും ശര്‍മിഷ്ഠ നല്കിയില്ല. ശര്‍മിഷ്ഠ ശുക്രാചാര്യരെ കണക്കിലധികം അധിക്ഷേപിക്കുകയും ദേവയാനിയെ ഒരു പൊട്ടക്കിണറ്റില്‍ തള്ളിയിട്ട് കടന്നുകളയുകയും ചെയ്തു. ആ സമയം അതുവഴി വന്ന നഹുഷപുത്രനായ യയാതി എന്ന യുവരാജാവ് ദേവയാനിയെ രക്ഷിക്കുന്നു. ദേവയാനിയാകട്ടെ പിതാവിനെയും തന്നെയും കണക്കറ്റ് ഭര്‍ത്സിച്ച ശര്‍മിഷ്ഠയുടെ കൊട്ടാരത്തിലേക്ക് ഇനി മടങ്ങിച്ചെല്ലുകയില്ലെന്ന് ശാഠ്യം പിടിക്കുന്നു. ഒടുവില്‍ ശുക്രാചാര്യരുടെ ശാപം ഭയന്ന വൃഷപര്‍വാവ് ദേവയാനിയുടെ എല്ലാ ആവശ്യങ്ങള്‍ക്കു മുന്നിലും വഴങ്ങുകയും ശര്‍മിഷ്ഠയെയും ആയിരം ദാസിമാരെയും ദേവയാനിയുടെ ദാസിമാരായി നല്കാമെന്നുള്ള വ്യവസ്ഥയില്‍ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു. തന്നെ കിണറ്റില്‍നിന്ന് രക്ഷിച്ച യയാതിയെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന ദേവയാനിയുടെ വാശി ശുക്രാചാര്യര്‍ക്കു സ്വീകരിക്കേണ്ടിവന്നു. യയാതിയെ വരിച്ച് ശര്‍മിഷ്ഠയെ ദാസിയാക്കിയാണ് ദേവയാനി ഭര്‍ത്തൃഗൃഹത്തിലേക്കു പോകുന്നത്. പോകുമ്പോള്‍ യാതൊരു കാരണവശാലും ശര്‍മിഷ്ഠയെ സ്പര്‍ശിക്കാനിടയാകരുതെന്ന് യയാതിക്ക് ശുക്രാചാര്യന്‍ ആജ്ഞ നല്കിയാണ് വിടുന്നത്. എന്നാല്‍ വാക്ചതുരയായ ശര്‍മിഷ്ഠ രാജാവിനെ വശീകരിച്ച് തന്റെ വാസസ്ഥലത്തെത്തിക്കുകയും യയാതിയില്‍ ശര്‍മിഷ്ഠയ്ക്ക് മൂന്ന് പുത്രന്മാര്‍ ജനിക്കുകയും ചെയ്യുന്നു.
ഒരിക്കല്‍ യയാതിയും ദേവയാനിയും കൂടി ഉദ്യാനത്തില്‍ നടക്കുമ്പോള്‍ ശര്‍മിഷ്ഠയുടെ പുത്രന്മാരെ ദര്‍ശിക്കാനിടയായ ദേവയാനി, രാജാവിനും അവര്‍ക്കും തമ്മിലുള്ള അനിഷേധ്യമായ രൂപസാദൃശ്യം ശ്രദ്ധിക്കാനിടവരികയും കുട്ടികളോട് പിതാവാരാണെന്ന് അന്വേഷിക്കുകയും ചെയ്യുന്നു. യയാതി മഹാരാജാവാണെന്നായിരുന്നു അവരുടെ മറുപടി. കുപിതയായ ദേവയാനി, ശുക്രാചാര്യരെ സമീപിക്കുന്നു. ദേവയാനിയെ പിന്തുടര്‍ന്നു ചെന്ന യയാതിയെ, എല്ലാ വിവരങ്ങളും മനസ്സിലാക്കിയ ശുക്രാചാര്യന്‍ 'ജരാനരകള്‍ ബാധിക്കട്ടെ' എന്ന് ഉഗ്രമായി ശപിക്കുന്നു. രാജാവ് ശാപമോക്ഷം യാചിച്ചെങ്കിലും ജരാനരകള്‍ ആര്‍ക്കെങ്കിലും കൈമാറ്റം ചെയ്യാവുന്നതാണെന്ന ശാപമോക്ഷം നല്കാനേ മുനി തയ്യാറായുള്ളൂ. ഒടുവില്‍ ശര്‍മിഷ്ഠയുടെ ഇളയ പുത്രന്‍ പുരുവാണ് അച്ഛന്റെ ജരാനരകള്‍ ഏറ്റെടുത്ത് തന്റെ യൌവനം പിതാവിന് നല്കിയത്.അതിരുകവിഞ്ഞ പിതൃവാത്സല്യംമൂലം ദുശ്ശാഠ്യക്കാരിയായി മാറിയ സുന്ദരിയാണ് ദേവയാനി. കചനെ പ്രേമിച്ചിട്ടും പ്രേമസാഫല്യം നേടാനാവാത്ത ദേവയാനി സ്വസാമര്‍ഥ്യത്താല്‍ ഹസ്തിനപുരിയിലെ മഹാറാണിയാവുകയും, റാണിയും തോഴിയുമായിരുന്ന ശര്‍മിഷ്ഠയെ തന്റെ ദാസിയാക്കി പ്രതികാരം വീട്ടുകയും ചെയ്യുന്നു. ധിക്കാരിയും പിടിവാശിക്കാരിയുമായിരുന്ന ദേവയാനി ഭാരതീയ സ്ത്രീത്വത്തിന്റെ മറ്റൊരു മുഖമാണ് അനുവാചകന് കാട്ടിത്തരുന്നത്.
ഔശനസി, ശുക്രതനയ, ഭാര്‍ഗവി എന്നീ പേരുകളിലും മഹാഭാരതത്തില്‍ ദേവയാനിയെ വ്യവഹരിച്ചിട്ടുണ്ട്.