This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവയജ്ഞം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേവയജ്ഞം

ദേവന്മാരെ പ്രീതിപ്പെടുത്താനായി നടത്തുന്ന യജ്ഞം. നിരുക്തകാരനായ യാസ്കന്റെ അഭിപ്രായത്തില്‍ 'യാച്ഞായാം' എന്ന അര്‍ഥത്തിലാണ് യജ്ഞപദം നിഷ്പന്നമായത്. ഇഷ്ടമുള്ള കാര്യങ്ങള്‍ ദേവന്മാരോടു യാചിക്കാന്‍വേണ്ടി നടത്തുന്ന കര്‍മത്തിന് യജ്ഞം എന്ന പേരുണ്ടായത് അങ്ങനെയാണ്. 'യജ-ദേവ പൂജാ സംഗതികരണദാനേഷു' എന്ന ധാതുവ്യുത്പത്തിപ്രകാരം ദേവപൂജ, ദാനം എന്നീ അര്‍ഥങ്ങള്‍ ഇതിനു ലഭിക്കുന്നു. അധ്വരം, ക്രതു, യാഗം, ഇഷ്ടി, മുഖം, സപ്തതന്തു, സവം എന്നിങ്ങനെ യജ്ഞത്തിന് ഏഴ് പര്യായങ്ങളുണ്ട്. അഞ്ചുവിധത്തിലുള്ള യജ്ഞത്തിന്റെ ഒരു വിഭാഗം മാത്രമാണ് ദേവയജ്ഞം. ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, മനുഷ്യയജ്ഞം, ഭൂതയജ്ഞം എന്നിവയാണ് പഞ്ചമഹായജ്ഞങ്ങള്‍. വേദാധ്യയനവും വേദാധ്യാപനവുമാകുന്ന സ്വാധ്യായം അഥവാ പാഠമാണ് ബ്രഹ്മയജ്ഞം. മരിച്ച ബന്ധുജനങ്ങള്‍ക്കുവേണ്ടി നടത്തുന്ന ബലിതര്‍പ്പണാദികളാണ് പിതൃയജ്ഞം. 'അതിഥി ദേവോ ഭവ' എന്ന വൈദികാനുശാസനമനുസരിച്ചു നടത്തുന്ന അതിഥിപൂജ അഥവാ അതിഥിസത്കാരമാണ് മനുഷ്യയജ്ഞം. പശുപക്ഷ്യാദികള്‍ക്കു തീറ്റികൊടുക്കലും മറ്റുമാണ് ഭൂതയജ്ഞം.

യാഗവും യജ്ഞവും പര്യായപദങ്ങളാണെങ്കിലും ഇവയ്ക്കു തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്. അഗ്നികര്‍മങ്ങളുമായി ബന്ധമില്ലാത്തത് യാഗമാവില്ല. അതുകൊണ്ടാണ് ഭൂതബലിയും അതിഥിപൂജയുമൊക്കെ യാഗമാകാത്തത്. എന്നാല്‍ യജ്ഞത്തില്‍ എല്ലാ വൈദിക കര്‍മങ്ങളുമുള്‍ പ്പെടും. യജ്ഞങ്ങളെപ്പറ്റി വിവരിക്കുന്ന വേദമാണ് യജുര്‍വേദം. വേദത്തിന്റെ കര്‍മകാണ്ഡ വിഭാഗമാണിത്. അഗ്നികര്‍മം രണ്ടുവിധം: ഹവിര്‍യജ്ഞം എന്നുകൂടി പേരുള്ള ശ്രൌതാഗ്നികൃത്യവും സ്മാര്‍ത്താഗ്നികൃത്യവും. രണ്ടിനും ഏഴ് ഉപവിഭാഗങ്ങളുമുണ്ട്. അഗ്നിഹോത്രം, ദര്‍ശപൗര്‍ണമാസം, പിണ്ഡപിതൃയജ്ഞം, ആഗ്രായണം, ചാതുര്‍മാസ്യം, നിരൂഢ പശുബന്ധം, സൌത്രാമണി എന്നിവയാണ് ഹവിര്‍യജ്ഞത്തിന്റെ ഏഴ് വിഭാഗങ്ങള്‍. സ്മാര്‍ത്താഗ്നികൃത്യത്തിന്റെ ഏഴ് വിഭാഗങ്ങള്‍ ഔപാസനം, വൈശ്വദേവം, സ്ഥാലീപാകം, ആഗ്രായണം, സര്‍പ്പബലി, ഈശാലബലി, അഷ്ടകം എന്നിവയാണ്. ഇവ കൂടാതെ ഇനിയുമുണ്ട് ഒട്ടേറെ യജ്ഞങ്ങള്‍: മഹാവ്രതം, സര്‍വതോമുഖം, രാജസൂയം, പൌണ്ഡരീകം, അഭിജിത്ത്, വിശ്വജിത്ത്, അശ്വമേധം, പുത്രകാമേഷ്ടി, ബൃഹസ്പതിസവം, ആങ്ഗിരസം, വാജപേയം, അതിരാത്രം തുടങ്ങിയവ. രാജസൂയം, അശ്വമേധം, വിശ്വജിത്ത് എന്നിവ രാജാക്കന്മാര്‍ക്കുമാത്രം വിധിക്കപ്പെട്ടവയാണ്. യജ്ഞത്തില്‍ ത്യാഗവും ഹോമവും ദാനവും അടങ്ങിയിരിക്കുന്നു. ദ്രവ്യം അഗ്നിയില്‍ അര്‍പ്പിക്കുമ്പോഴും അന്യനു നല്കുമ്പോഴും ത്യാഗം അവിടെ ഉണ്ടാകും. ഹോമത്തില്‍ ഋത്വിക്കിന് ധനം കൈമാറുന്നത് ദാനം. ഹോമിച്ച ദ്രവ്യം അദൃശ്യനായ ദേവന്‍ സ്വീകരിക്കുന്നു എന്നാണ് സങ്കല്പം അഥവാ വിശ്വാസം. അവഭൃഥസ്നാനത്തില്‍ ദ്രവ്യം തീയിലല്ല ജലത്തിലാണ് അര്‍പ്പിക്കുന്നത്. ദേവന്മാരെ ഉദ്ദേശിച്ച് അഗ്നിയില്‍ ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നത് സ്വാര്‍ഥലാഭത്തിനുവേണ്ടി ആകരുത്; ലോകക്ഷേമത്തിനുവേണ്ടി ആകണം. അപ്പോഴേ അത് മഹത്തരമാവുകയുള്ളൂ. ആസുരം, ദൈവികം എന്ന് യജ്ഞം രണ്ടുവിധത്തിലുണ്ട്. പശുഹിംസയ്ക്കു സ്ഥാനമുള്ളത് ആസുരയജ്ഞം; അഹിംസാത്മകമായത് ദൈവികയജ്ഞവും. ഇതില്‍ മൃഗബലിക്കു സ്ഥാനമില്ല. യൂപത്തില്‍ തളച്ചിടുന്ന ബലിമൃഗത്തിന്റെ ദീനരോദനം ഇവിടെ ഉയരുന്നില്ല. മാംസം ഹോമദ്രവ്യമാക്കി ദേവനു സമര്‍പ്പിച്ചശേഷം ഭക്ഷിക്കുന്നതില്‍ പാപമില്ല എന്ന വിശ്വാസം പ്രാചീനകാലത്തെ ഋത്വിക്കുകള്‍ക്ക് ഉണ്ടായിരുന്നത്രെ.

യജ്ഞം നടത്തിക്കുന്ന ആള്‍ക്ക് യജമാനന്‍ എന്നാണ് പേര്. യാഗകര്‍മങ്ങള്‍ താന്ത്രികവിധിയനുസരിച്ചു നടത്തുന്ന ബ്രാഹ്മണപുരോഹിതന്‍ പൊതുവേ ഋത്വിക്ക്, അധ്വര്യു, ഹോതാവ്, അഗ്നിഹോത്രി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. മന്ത്രങ്ങള്‍ ചൊല്ലുന്ന ആള്‍ക്ക് ഉദ്ഗാതാവ് എന്നാണ് പേര്. യജ്ഞവേദി ശുദ്ധീകരിച്ച് നടുവില്‍ ഹോമം നടത്താനുള്ള അഗ്നികുണ്ഡമൊരുക്കണം. അരണി കടഞ്ഞാണ് തീ എടുക്കേണ്ടത്. തീ കത്തിക്കാന്‍ ചമത വിറക് ആണ് ഉപയോഗിക്കുന്നത്. യാഗാഗ്നിയില്‍ ഹോമിക്കപ്പെടുന്ന നെയ്യ്, വരിനെല്ല് തുടങ്ങിയവയ്ക്ക് ഹവ്യം എന്നു പറയുന്നു. കൃഷ്ണയജുര്‍വേദത്തില്‍ യാഗവിധികള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 40 അധ്യായങ്ങളുള്ള വാജസനീയ സംഹിതയുടെ ആദ്യത്തെ 25 അധ്യായങ്ങളില്‍ ഉദ്ഗാതാവ് ഉരുവിടേണ്ട മന്ത്രങ്ങളും പ്രാര്‍ഥനകളും അടങ്ങിയിരിക്കുന്നു. ഇതിന്റെ ഒടുവിലത്തെ അധ്യായമാണ് ഈശാവാസ്യോപനിഷത്ത്.

'അഥാതോ ധര്‍മജിജ്ഞാസാ' എന്ന സൂത്രത്തോടെ ആരംഭിക്കുന്ന ജൈമിനിയുടെ ദ്വാദശാധ്യായി എന്ന മീമാംസാശാസ്ത്ര ഗ്രന്ഥത്തില്‍ യജ്ഞതത്ത്വങ്ങളെപ്പറ്റി സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. മീമാംസാന്യായപ്രകാശവും ഈ വിഷയത്തില്‍ കൂടുതല്‍ വെളിച്ചം നല്കുന്നു.

ദേവയജ്ഞത്തിന്റെ ഫലദായകത്വത്തെ ഭഗവദ്ഗീതയില്‍ ഇപ്രകാരം അവതരിപ്പിച്ചിരിക്കുന്നു:

'ഇഷ്ടാന്‍ ഭോഗാന്‍ ഹി വോ ദേവാ

ദാസ്യന്തേ യജ്ഞഭാവിതാഃ

തൈര്‍ ദത്താനപ്രദായൈഭ്യോ

യോ ഭുങ്ക്തേ സ്തേന ഏവസഃ'

(യജ്ഞംകൊണ്ടു പ്രസാദിക്കുന്ന ദേവന്മാര്‍ അഭീഷ്ടങ്ങള്‍ നല്കി ആളുകളെ അനുഗ്രഹിക്കും. അവര്‍ നല്കുന്ന ഉപഭോഗവസ്തുക്കളുടെ ഒരംശം യജ്ഞരൂപത്തില്‍ അവര്‍ക്കു നല്കാതെ തന്നത്താന്‍ മുഴുവനായി അനുഭവിക്കുന്നവന്‍ കള്ളന്‍ തന്നെയാണ്.)

യജ്ഞത്തിന്റെ മഹത്ത്വം വാഴ്ത്തുന്ന ഇത്തരം അനേകം ശ്ളോകങ്ങള്‍ ഭഗവദ്ഗീതയിലുണ്ട്.

ഈ ആശയത്തിന്റെ വിശദീകരണം അടുത്ത പദ്യത്തില്‍ത്തന്നെ അടങ്ങിയിരിക്കുന്നു.

'യജ്ഞശിഷ്ടാശിനഃ സന്തോമുച്യന്തേ സര്‍വകില്ബിഷൈഃ ഭുഞ്ജതേ തേ ത്വഘം പാപാ യേ പചന്ത്യാത്മകാരണാത്.'

(യജ്ഞശിഷ്ടം അശിക്കുന്നവര്‍ എല്ലാ പാപങ്ങളില്‍നിന്നും മുക്തരാകുന്നു. തനിക്കുവേണ്ടിമാത്രം പചനം നടത്തുന്നവര്‍ ഭൂജിക്കുന്നതു പാപത്തെയാണ്.) ഇതേ ആശയംതന്നെ മറ്റൊരു പദ്യത്തിലും ആവര്‍ത്തിക്കുന്നു.

'യജ്ഞശിഷ്ടാമൃതഭുജോയാന്തി ബ്രഹ്മസനാതനം

നായം ലോകോƒസ്ത്യയജ്ഞസ്യകുതോƒന്യഃ കുരുസത്തമ!'

(യജ്ഞശിഷ്ടത്തെ അമൃതസമം ആസ്വദിക്കുന്നവര്‍ സകല പാപങ്ങളില്‍നിന്നും വിമുക്തരാകുന്നു. യജ്ഞം അനുഷ്ഠിക്കാത്തവന് ഇഹലോകത്ത് സുഖമോ ശാന്തിയോ ലഭിക്കയില്ല. പരലോകത്തിന്റെ കാര്യം പിന്നെ പറയാനുണ്ടോ?)

'സഹയജ്ഞാഃപ്രജാഃസൃഷ്ട്വാ പുരോവാചപ്രജാപതിഃ

അനേന പ്രസവിഷ്യധ്വമേഷ വോƒസ്ത്വിഷ്ടകാമധുക്'

(പ്രജാപതി പണ്ട് പ്രജകളോടൊപ്പം യജ്ഞങ്ങളെയും സൃഷ്ടിച്ചിട്ട് ഇങ്ങനെ പറഞ്ഞു: യജ്ഞങ്ങള്‍ ചെയ്ത് നിങ്ങള്‍ അഭിവൃദ്ധി നേടുവിന്‍. ഇവ നിങ്ങള്‍ക്ക് എല്ലാ അഭീഷ്ടങ്ങളും നല്കട്ടെ) എന്നും ഗീതാവാക്യമുണ്ട്.

(ഡോ. മാവേലിക്കര അച്യുതന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍