This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദേവദാസികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദേവദാസികള്‍
ക്ഷേത്രങ്ങളിലെ ജോലികള്‍ നിര്‍വഹിക്കുന്നതിനും നൃത്തകലാദികള്‍ അവതരിപ്പിക്കുന്നതിനുംവേണ്ടി ദേവന് നേര്‍ച്ചയായി സമര്‍പ്പിക്കപ്പെട്ട സ്ത്രീകള്‍. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട ഒരു സമ്പ്രദായമെന്ന നിലയ്ക്ക് ഇത് ആവിര്‍ഭവിച്ചത് തെക്കേ ഇന്ത്യയിലാണെന്ന് കരുതപ്പെടുന്നു. പശ്ചിമേഷ്യ, ഈജിപ്ത്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ ദേവാലയങ്ങളില്‍ നൃത്ത-ഗാനങ്ങള്‍ നടത്തുന്നത് ഒരു തൊഴിലായി സ്വീകരിച്ചിരുന്നവര്‍ ഉണ്ടായിരുന്നു.
ദേവവിഗ്രഹത്തെ ചാമരംകൊണ്ടു വീശുക, കുംഭാരതി ഏന്തി ദേവന് അകമ്പടി സേവിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക തുടങ്ങിയവയും ദേവദാസികളുടെ തൊഴിലിന്റെ ഭാഗമായിരുന്നു. പ്രാചീനകാലത്ത്, പൂജാരിയെപ്പോലെ ദേവദാസികളും ബഹുമാനിക്കപ്പെട്ടിരുന്നു. ഏഴുതരം ദേവദാസികളെപ്പറ്റി സംസ്കൃത കൃതികളില്‍ പരാമര്‍ശമുണ്ട്.
1. ദത്ത - ദേവനു സ്വയം സമര്‍പ്പിച്ചവള്‍
2. വിക്രീത - ദേവനു വില്ക്കപ്പെട്ടവള്‍
3. ഭൃത്യ - ദേവനെ പരിചരിക്കുന്നവള്‍
4. ഭക്ത - ഭക്തികൊണ്ട് കൈങ്കര്യം സ്വീകരിക്കുന്നവള്‍ അഥവാ ക്ഷേത്രവുമായി ബന്ധപ്പെട്ടു ജീവിക്കുന്നവള്‍
5. ഹൃത - പ്രലോഭനങ്ങളിലൂടെ കൊണ്ടുവന്ന് ദേവനു സമര്‍പ്പിക്കപ്പെട്ടവള്‍
6. അലങ്കാര - രാജാവോ നാടുവാഴിയോ ദേവനു സമര്‍പ്പിക്കുന്ന, പാണ്ഡിത്യവും കലാപാടവവും ഉള്ളവള്‍. ഇവര്‍ ക്ഷേത്രത്തിന് അലങ്കാരമാണെന്ന് കരുതപ്പെട്ടിരുന്നു.
7. ഗോപിക അഥവാ രുദ്രഗണിക - പ്രതിഫലംപറ്റി ക്ഷേത്ര ത്തില്‍ ആടുകയും പാടുകയും ചെയ്യുന്നവള്‍.
ദേവദാസികള്‍, ദാസികള്‍, ദേവരടിയാര്‍, തേവിടിച്ചികള്‍, കൂത്തച്ചികള്‍, കൂടിക്കാരികള്‍ എന്നിങ്ങനെ പല പേരുകളില്‍ ഇവര്‍ അറിയപ്പെട്ടിരുന്നു. 'കൂത്തച്ചി', 'തേവിടിച്ചി' എന്നീ വാക്കുകള്‍ ഇന്ന് ആക്ഷേപ പദങ്ങളായിട്ടുണ്ടെങ്കിലും, ദേവദാസി സമ്പ്രദായം നിലനിന്ന കാലഘട്ടത്തില്‍ വലിയ പദവിയായിട്ടാണ് കരുതപ്പെട്ടിരുന്നത്.
ഹിന്ദുമതാചാരങ്ങളുടെ ഭാഗമായി ദേവദാസി സമ്പ്രദായം ആവിര്‍ഭവിച്ചത് 9, 10 ശതകങ്ങളിലായിരിക്കാമെന്നാണ് ചരിത്രപണ്ഡിതര്‍ പറയുന്നത്. ബുദ്ധമതത്തിന്റെ അപചയത്തെത്തുടര്‍ന്ന് ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങള്‍ രൂപംകൊണ്ട കാലഘട്ടത്തിലാണ് ദേവദാസി സമ്പ്രദായം ആവിര്‍ഭവിക്കുന്നത്. ഈ കാലഘട്ടത്തിലാണ് ദക്ഷിണേന്ത്യയില്‍ വന്‍തോതിലുള്ള ക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതും. ഈ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കാവശ്യമായ സേവനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ദേവദാസികളെ നിയോഗിച്ചത്. രാജകുടുംബങ്ങളിലെയും സവര്‍ണജാതികളിലെയും സ്ത്രീകളെയാണ് ദേവദാസികളായി തിരഞ്ഞെടുത്തിരുന്നത്. എ.ഡി. 932-ലെ ഗോദരവിയുടെ ചോക്കൂര്‍ ശാസനമാണ് ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ആദ്യത്തെ പുരാരേഖ. എ.ഡി. 12-ാം ശ.-ത്തിലേത് എന്നു കരുതപ്പെടുന്ന തിരുവല്ലാ ശാസനത്തില്‍, ക്ഷേത്രത്തിലെ നാല് ദേവദാസികള്‍ക്ക് 12 ഇടങ്ങഴി അരി നല്കിയതായി സൂചനയുണ്ട്. 13-ാം ശ.-ത്തിന്റെ ആരംഭത്തില്‍ വേണാട് രാജാവായിരുന്ന വീരകേരളവര്‍മന്റെ ഭാര്യ 'കണ്ടിയൂര്‍ തേവിടിച്ചി ഉണ്ണിക്കളത്ര'മായിരുന്നു. എ.ഡി. 1004-ല്‍ തഞ്ചാവൂരില്‍ ചോളരാജാവായിരുന്ന രാജരാജന്‍ ക്ഷേത്രത്തില്‍ 400 ദേവദാസികളെ നിയമിച്ചിരുന്നു. ഇവര്‍ക്ക് പ്രത്യേക വാസസ്ഥാനവും കരമൊഴിവായി ഭൂമിയും നല്കിയിരുന്നു. ക്ഷേത്രാധികൃതരും രാജാക്കന്മാരുമാണ് ഇവര്‍ക്ക് രക്ഷാകര്‍തൃത്വം നല്കിയിരുന്നത്.
പതിമൂന്നാം നൂറ്റാണ്ടിലെ തഞ്ചാവൂരിലെ ദേവദാസികളെക്കുറിച്ച് മാര്‍ക്കോ പോളോയും 15-ാം ശ.-ത്തിലെ വിജയനഗരത്തിലെ ദേവദാസികളെക്കുറിച്ച് ടര്‍ക്കിഷ് അംബാസഡറായിരുന്ന അബ്ദുല്‍ റസാക്കും 18-ാം ശ.-ത്തിലെ കാഞ്ചീപുരം ക്ഷേത്രത്തിലെ ദേവദാസികളെക്കുറിച്ച് ബുക്കാനനും മറ്റും വിലയേറിയ വിവരങ്ങള്‍ നല്കുന്നു. എ.ഡി. 12-ാം ശ.-ത്തില്‍ രചിച്ച രാഘവാംഗന്റെ സോമനാഥചരിതം, ചാലൂക്യരാജാവായ സോമേശ്വരന്‍ മൂന്നാമന്റെ മാനസോല്ലാസം, ജൈനകവിയായ ശൈവന്റെ സമയപരീക്ഷ, നയസേനന്റെ ധര്‍മാമൃതം തുടങ്ങിയ കൃതികളില്‍ ദേവദാസികളുടെ ജീവിതവിവരണങ്ങളുണ്ട്.ആദ്യത്തെ ശൈവദേവദാസികള്‍ കാരൈക്കല്‍ അമ്മയാരും ഔവ്വയാരുമാണെന്നു പറയപ്പെടുന്നു. ആഴ്വാര്‍ ആണ്ടാളായിരുന്നു ആദ്യത്തെ വൈഷ്ണവ ദേവദാസി. കുലശേഖര ആഴ്വാര്‍ തന്റെ മകളായ ചോളകുലവല്ലിയെ ശ്രീരംഗനാഥ ക്ഷേത്രത്തിന് സമര്‍പ്പിച്ചു. 14-ാം ശ.-ത്തിന്റെ തുടക്കത്തില്‍ വേണാട്ടിലെ രാജാവായിരുന്ന രവിവര്‍മന്‍ കുലശേഖരന്‍ തന്റെ മൂത്ത മകളെ കാഞ്ചീപുരം ശ്രീപരമരാജസ്വാമി ക്ഷേത്രത്തിനും ഇളയ മകളെ ശ്രീരംഗം ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിനും അടിയാര്‍മാരായി സമര്‍പ്പിച്ചിരുന്നു. 13-ാം ശ.-ത്തോടെ ദേവദാസീസ്ഥാനം പാരമ്പര്യവഴിക്കാവുകയും ദേവദാസികള്‍ ഒരു പ്രത്യേക ജാതിയായി പരിഗണിക്കപ്പെടുകയും ചെയ്തു.
വൈശികതന്ത്രം, ചന്ദ്രോത്സവം, ഉണ്ണിയാടീചരിതം തുടങ്ങിയ മണിപ്രവാള കൃതികള്‍ ദേവദാസികളെക്കുറിച്ചു വിവരിക്കുന്ന ഹാസ്യ കാവ്യങ്ങളാണ്. ഒരു മാതാവ് മകളായ അനംഗസേനയെ, ദേവദാസീവൃത്തിയില്‍ വിജയിക്കുന്നതിനാവശ്യമായ തന്ത്രങ്ങള്‍ പരിശീലിപ്പിക്കുന്നതാണ് വൈശികതന്ത്രത്തിന്റെ പ്രമേയം. മേദിനീ വെണ്ണിലാവ് എന്ന ദേവദാസി രാജാക്കന്മാര്‍ക്കും നാടുവാഴികള്‍ക്കുംവേണ്ടി നടത്തിയ ആഘോഷങ്ങളാണ് ചന്ദ്രോത്സവത്തില്‍ വര്‍ണിക്കുന്നത്. ദേവദാസികളെ സ്തുതിച്ചുകൊണ്ട് കാവ്യരചന നടത്തുന്നതിന് അക്കാലത്ത് രാജാക്കന്മാര്‍ പ്രോത്സാഹനം നല്കിയിരുന്നു.
ആറിനും എട്ടിനും ഇടയ്ക്കു പ്രായമുള്ള പെണ്‍കുട്ടികളെയാണ് ദേവദാസികളായി ദേവനു സമര്‍പ്പിക്കുന്നത്. ഇങ്ങനെ സമര്‍പ്പിക്കേണ്ട കുട്ടികളെ ഒരു ശുഭദിനത്തില്‍ രണ്ടുവസ്ത്രങ്ങളും താലിയും വെറ്റിലയും പാക്കുമായി ക്ഷേത്രത്തിലേക്കു കൊണ്ടുപോകുന്നു. ക്ഷേത്രപുരോഹിതന്‍ ഈ വസ്തുക്കള്‍ ദേവവിഗ്രഹത്തിന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു. ദീപം തെളിച്ച് പ്രസാദം ചാര്‍ത്തിയതിനുശേഷം ദേവന്റെ പ്രതിപുരുഷന്‍ എന്ന നിലയില്‍ പൂജാരി വിഗ്രഹത്തിന് അഭിമുഖമായി ഇരിക്കുന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തുകയാണ് ചെയ്യുന്നത്. ഈ ചടങ്ങ് 'തിരുവടി ചാര്‍ത്തല്‍' എന്നറിയപ്പെട്ടിരുന്നു. താലികെട്ടിനെത്തുടര്‍ന്ന് കാതില്‍ വളയമിടുന്ന പതിവും ഉണ്ടായിരുന്നു. വിഗ്രഹത്തിനു പകരം വാളിനെ വേള്‍ക്കുന്ന സമ്പ്രദായവും നിലനിന്നിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ നാലുദിവസം നീണ്ടുനില്ക്കുന്ന വിവാഹാഘോഷ ചടങ്ങുകളുണ്ടാകും. ഈ ചടങ്ങുകളില്‍, ദേവനെ പ്രതിനിധാനം ചെയ്തുകൊണ്ട് വരനായി പങ്കെടുക്കുന്നത് പൂജാരിയാണ്. അതോടെ, പെണ്‍കുട്ടി ദേവന്റെ ഭാര്യയും ദാസിയുമായി മാറുന്നു.
ദേവദാസികള്‍ക്ക് താഴ്ന്ന ജാതിയില്‍പ്പെട്ട പുരുഷനെ ഒഴികെ ആരെയും സ്വീകരിക്കാം. ദേവദാസിക്ക് വൈധവ്യമില്ലാത്തതിനാല്‍ അവള്‍ക്ക് വിവാഹപ്പന്തലില്‍ മാന്യമായ സ്ഥാനം കല്പിച്ചിരുന്നു. കര്‍ണാടകത്തിലെ യെല്ലമ്മപുരം ദേവദാസി സമ്പ്രദായത്തിനു പ്രസിദ്ധമാണ്. രേണുകയുടെ ദ്രാവിഡ രൂപമായ യെല്ലമ്മയെയും കുടുംബദേവതയായി ആരാധിക്കുന്നു.
ആന്ധ്രയില്‍ ബോഗമ്മ, സാനികള്‍ എന്നീ പേരുകളിലാണ് ദേവദാസികള്‍ അറിയപ്പെട്ടിരുന്നത്. വിശാഖപട്ടണത്തിലെ നാഗവാസുലു, ബലിജകള്‍, യരുകലകള്‍ എന്നീ വിഭാഗങ്ങളും ദേവദാസികളാണ്. അവര്‍ 'കുര്‍മപ്പുകള്‍' എന്നാണറിയപ്പെട്ടിരുന്നത്. ഒറീസ്സയില്‍ ഇവര്‍ 'ഗുണി' എന്ന് അറിയപ്പെട്ടിരുന്നു. കര്‍ണാടകയില്‍ ആണ്‍കുട്ടികളില്ലാത്ത വീടുകളില്‍, ഒരു പെണ്‍കുട്ടിയെ ക്ഷേത്രത്തിനു സമര്‍പ്പിക്കണമെന്ന ഒരാചാരമുണ്ടായിരുന്നു. ഇങ്ങനെ ദേവന് സമര്‍പ്പിക്കപ്പെടുന്നവള്‍, 'ബസവി'എന്നറിയപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള കൈക്കോലം ജാതിക്കാര്‍ ദേവദാസികുടുംബക്കാരാണ്. ശുചീന്ദ്രം ക്ഷേത്രരേഖകളില്‍ പരാമര്‍ശിക്കുന്ന തേവരടിയാര്‍ വര്‍ഗത്തില്‍നിന്നാണ് ദേവദാസികളെ തിരഞ്ഞെടുത്തിരുന്നത്. ഇവരെ കുടിക്കാരികള്‍ എന്നു വിളിച്ചിരുന്നു. എ.ഡി. 1040-ലെ കന്യാകുമാരി ജില്ലയിലെ ഗുഹനാഥ സ്വാമി ക്ഷേത്ര രേഖയിലും 1253-ലെ ചോളപുരം ശാസനത്തിലും എ.ഡി. 8-ാം നൂറ്റാണ്ടിലെ കാഞ്ചയിലെ മുക്തേശ്വര ക്ഷേത്ര രേഖകളിലും 1004-ലെ രാജരാജ ചോളന്റെ തഞ്ചാവൂര്‍ ശാസനത്തിലും ദേവദാസി പരാമര്‍ശങ്ങള്‍ കാണുന്നു. സംഘം കൃതികളായ ചിലപ്പതികാരവും മണിമേഖലയും ദാസി സമ്പ്രദായവുമായി ബന്ധപ്പെട്ട രചനകളാണ്. പക്ഷേ, അവയിലെ ദാസികള്‍ ദേവദാസികളായിരുന്നു എന്നതിന് തെളിവുകളൊന്നുമില്ലെന്ന് അഭിപ്രായമുണ്ട്.
ശുചീന്ദ്രത്തെ ദേവദാസികളുടെ ചുമതലകളെപ്പറ്റി ഗവേഷകനായ കെ.കെ.പിള്ള പറയുന്നത് ഇപ്രകാരമാണ്. ശ്രീബലിപുരയും ക്ഷേത്രപരിസരവും അടിച്ചു വൃത്തിയാക്കുക, ചാണകവെള്ളം തളിക്കുക, ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും വെള്ളംകൊണ്ടു കഴുകുക, ദീപാരാധന സമയത്ത് നൃത്തം ചെയ്യുക, കുരവയിടുക, വൈകുന്നേരത്തെ ദീപാരാധനാസമയത്ത് വടക്കേടത്തും തെക്കേടത്തും വിളക്കു പിടിക്കുക, ശ്രീബലിയാത്രയില്‍ വിളക്കു പിടിച്ചു നടക്കുക, രാത്രിയിലെ ശ്രീബലി സമയം കഴിയുന്നതുവരെ ചെമ്പകരാമന്‍ മണ്ഡപത്തില്‍ നൃത്തം ചെയ്യുക, തൈക്കിളവികള്‍ (വിരമിച്ച ദേവദാസികള്‍) ശ്രീബലി എഴുന്നള്ളത്തിനു പിന്നാലെ പാണിവിളക്കു പിടിക്കുക, ശ്രീബലി സമാപിച്ചതിനുശേഷം വടക്കേടത്തിലും തെക്കേടത്തിലും ഇരുന്നു പാടുക, എന്നും രാവിലെ നാലു മണിക്ക് പള്ളിയുണര്‍ത്തല്‍ സമയത്ത് വടക്കേടത്തും തെക്കേടത്തും വന്നു നില്ക്കുക, നമ്പൂതിരിമാരുടെ ഭോജനത്തിനുശേഷം പ്രാകാരങ്ങള്‍ വൃത്തിയാക്കുക, ശ്രീബലിക്കുശേഷം ക്ഷേത്രം വൃത്തിയാക്കുക, പൂജാപാത്രങ്ങള്‍ വൃത്തിയാക്കി ക്ഷേത്രനടയില്‍ എത്തിക്കുക, എന്നും എട്ടു ദേവദാസികള്‍ വീതം വടക്കേടത്തിലും തെക്കേടത്തിലും നൃത്തം ചെയ്യുക, എഴുന്നള്ളത്തില്‍ അകമ്പടി സേവിക്കുക, ഉത്സവകാലത്ത് എഴുന്നെള്ളത്തിലും രഥോത്സവ വേളയിലും നൃത്തം ചെയ്യുക തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട ചുമതലകള്‍. രാജാവോ രാജകീയ പുരുഷന്മാരോ എഴുന്നെള്ളുമ്പോള്‍ അവരെ എതിരേല്‍ക്കുക എന്നതും ദേവദാസികളുടെ ചുമതലയായിരുന്നു.
ദേവദാസിത്വത്തില്‍നിന്നു വിരമിക്കുന്നവരാണ് തോടവച്ചവര്‍. യുവത്വത്തിന്റെ പ്രതീകവും ദേവദാസി ചിഹ്നവുമാണ് തോട. വാര്‍ധക്യമോ തീരാരോഗമോ കാരണം യോഗക്കാരുടെ മുന്നില്‍ അത് ഊരിവയ്ക്കുന്നതാണ് തോടവയ്ക്കല്‍. അടുത്തൂണ്‍പറ്റിപിരിയുന്നവരാണ് തൈക്കിളവികള്‍. ദേവദാസികള്‍ക്കു കരമൊഴിവായി ഭൂമിയും ക്ഷേത്രപ്പണികള്‍ക്കു നെല്ല് കൂലിയായും നല്കിയിരുന്നു. ശുചീന്ദ്രത്തെ ദേവനു നിവേദിച്ച ചോറില്‍ (പടച്ചോറ്) ദേവദാസികള്‍ക്ക് അവകാശമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ ഉച്ഛിഷ്ടാന്നം എന്ന നിലയിലാണ് ഈ അവകാശം.ദേവദാസികള്‍ വൃദ്ധരാവുകയും പാരമ്പര്യജോലികള്‍ നിര്‍വഹിക്കാന്‍ അശക്തരാവുകയും ചെയ്യുമ്പോള്‍, തങ്ങളുടെ കമ്മലുകള്‍ നീക്കം ചെയ്തുകൊണ്ടാണ് ഈ വൃത്തിയില്‍നിന്ന് വിരമിക്കുന്നത്. ആ ചടങ്ങ് ഇങ്ങനെയാണ്: കമ്മലുകള്‍ നീക്കം ചെയ്യണമെന്ന് ക്ഷേത്രഭാരവാഹികളോട് അഭ്യര്‍ഥിക്കുന്നു. മിക്കപ്പോഴും രാജകൊട്ടാരങ്ങളില്‍വച്ച് ആയിരിക്കും ഈ ചടങ്ങ് നടത്തുന്നത്. ഉദ്യോഗസ്ഥര്‍ സന്നിഹിതരായിട്ടുള്ള വേദിയില്‍ കമ്മലുകള്‍ അഴിച്ച് 12 നാണയങ്ങളോടൊപ്പം ഒരു താലത്തില്‍ വയ്ക്കുന്നു. ദേവദാസീവൃത്തിയില്‍നിന്ന് വിരമിക്കുന്നതിന്റെ പ്രതീകമാണ് ഈ ചടങ്ങ്. ഇങ്ങനെ വിരമിക്കുന്നവരെ 'തൈക്കിഴവി' എന്നും ദേവദാസീവൃത്തിയില്‍ തുടരുന്നവരെ 'ആടുപാത്രം' എന്നും വിളിച്ചിരുന്നു. ഈ ചടങ്ങിനുശേഷം കമ്മലുകള്‍ അവര്‍ക്കുതന്നെ മടക്കികൊടുക്കുമെങ്കിലും അണിയാറില്ല.
പുരാതനകാലത്ത് നര്‍ത്തകികളും സംഗീതജ്ഞരും പണ്ഡിതകളുമായിരുന്ന ദേവദാസികളെ രാജാക്കന്മാര്‍ പത്നിമാരായി സ്വീകരിച്ചിരുന്നു. രായര്‍ പദം നല്കി ആദരിച്ചിരുന്നു. വിജയനഗരത്തിലെ കൊട്ടാരം നര്‍ത്തകിമാര്‍ ആയിരുന്നു രായപാത്രങ്ങള്‍. ശുചീന്ദ്രത്തെ വിദഗ്ധ നര്‍ത്തകിമാര്‍ വിജയനഗര സാമ്രാജ്യത്തിലും നൃത്തകലാദികള്‍ ആടിയിട്ടുണ്ടാകണം. മലയാള ബ്രാഹ്മണര്‍ താന്ത്രിക കര്‍മങ്ങള്‍ക്കായി ശുചീന്ദ്രത്ത് എത്തിയതോടെ അവരുടെ പരിചാരികമാരായി നായര്‍ ദാസികളെയും കൊണ്ടുവന്നു.
ദേവദാസി സമ്പ്രദായം വസ്ത്രാഭരണാദികളുടെ ഉത്പാദനത്തെയും വിനിയോഗത്തെയും വികസിപ്പിച്ചിരുന്നു. ക്ഷേത്രനാഗരികതയും ദേവദാസികളും നിലനിന്ന നാടുകളിലൊക്കെ അണിഞ്ഞൊരുങ്ങലിനെക്കുറിച്ചുള്ള ശാസ്ത്രീയ വിവരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കര്‍ണാടകത്തിലുണ്ടായ ഗന്ധശാസ്ത്രം, ലോകോപകാരം എന്നീ രചനകള്‍ ചമത്ക്കാരങ്ങളെക്കുറിച്ചാണ്. ആന്ധ്രയിലെ ദേവദാസികള്‍ സാരി ധരിച്ച് മോടിയായി അണിഞ്ഞൊരുങ്ങിയിരുന്നു. പ്രാചീന തമിഴകത്തെ സ്ത്രീകള്‍ പൊതുവേ അര്‍ധനഗ്നകളായിരുന്നുവെങ്കിലും ദേവദാസികളും നാഗരികാംഗനകളും വസ്ത്രാഭരണങ്ങള്‍ ധരിച്ചിരുന്നു. വസ്ത്ര നിര്‍മാണം മാത്രമല്ല ആഭരണ വ്യാപാരവും തെക്കേ ഇന്ത്യയില്‍ അഭിവൃദ്ധി പ്രാപിച്ചിരുന്നു. രാജകീയ ജീവിതശൈലിയും ക്ഷേത്ര നാഗരികതയും തമിഴ് കാവ്യങ്ങളിലെ ജീവിതചിത്രണത്തെ സ്വാധീനിച്ചിട്ടുണ്ട്.
വൈശികതന്ത്രം മുതല്‍ ചന്ദ്രോത്സവം വരെയുള്ള പ്രാചീന മണിപ്രവാള കൃതികളിലെ നായികമാര്‍ ദേവദാസിമാരാണെന്ന സിദ്ധാന്തം ചില കേരള ചരിത്രകാരന്മാര്‍ മുന്നോട്ടുവയ്ക്കുന്നു. കേരളക്ഷേത്ര രേഖകളിലോ കോവിലകം രേഖകളിലോ മനകളിലോ ചെപ്പേടുകളിലോ ദേവദാസി പരാമര്‍ശങ്ങള്‍ കാണുന്നില്ല.
ഒരു പ്രത്യേക ജാതിയായി പരിഗണിക്കപ്പെട്ടിരുന്ന ദേവദാസികള്‍ക്കിടയില്‍, ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും സ്വത്തിന് അവകാശമുണ്ട്. സ്ത്രീകള്‍ നൃത്തം ചെയ്യുമ്പോള്‍, സ്വന്തം വീടുകളിലെ പുരുഷന്മാര്‍ സംഗീതോപകരണങ്ങള്‍ വായിക്കുക പതിവാണ്. ഇവര്‍ 'നട്ടുവന്‍' എന്നും 'തേവടിയാന്‍' എന്നും അറിയപ്പെട്ടിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും ദേവദാസികള്‍ തമ്മില്‍ വളരെ വ്യത്യാസങ്ങളുണ്ട്. കേരളത്തിലെ ദേവദാസികള്‍ സ്വകാര്യ സദസ്സുകളില്‍ നൃത്തം ചെയ്യുക പതിവില്ലായിരുന്നു. തമിഴ് ദേവദാസികളുമായി മിശ്രഭോജനമോ മിശ്രവിവാഹമോ ചെയ്തിരുന്നില്ല. കേരളത്തിലെ ദേവദാസികള്‍ വിവാഹം, വസ്ത്രധാരണം, ആഭരണം എന്നീ കാര്യങ്ങളില്‍ നായര്‍ സമ്പ്രദായങ്ങളാണ് പിന്തുടര്‍ന്നിരുന്നത്. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ദേവദാസികള്‍ പദമംഗലം നായര്‍ ജാതിക്കാരായിരുന്നു.
നൃത്ത-ശില്പ കലയുടെ വികാസത്തെ ദേവദാസി സമ്പ്രദായം ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന ദാസിയാട്ടത്തില്‍നിന്ന് ദേവദാസികള്‍ വികസിപ്പിച്ചെടുത്തതാണ് മോഹിനിയാട്ടം. 14-ാം ശ.-ത്തില്‍ രചിക്കപ്പെട്ട ശിവവിലാസം എന്ന കൃതി, നൃത്തകലയിലെ ദേവദാസികളുടെ വൈഭവത്തിന് ഉദാഹരണമാണ്. ദേവദാസികളുടെ നിശാനൃത്തത്തില്‍ ആകൃഷ്ടരായ ദേവന്മാര്‍, അത് സ്ഥിരമായി ആസ്വദിക്കുന്നതിനുവേണ്ടി ക്ഷേത്രച്ചുമരുകളില്‍ പ്രതിമകളായി മാറി എന്നാണ് ശിവവിലാസത്തില്‍ പറയുന്നത്.
പില്ക്കാലത്ത്, ദേവദാസി സമ്പ്രദായം വേശ്യാവൃത്തിയായി അധഃപതിക്കുകയാണുണ്ടായത്. 1934-ല്‍ തിരുവിതാംകൂറില്‍ ഈ സമ്പ്രദായം നിരോധിക്കപ്പെട്ടു.