This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദെബ്രെ, റെജിസ് (1940 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദെബ്രെ, റെജിസ് (1940 - )

Debray,Regis

മുന്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ് നേതാവ്. 1968 മേയ് മാസത്തില്‍ 'വസന്തകലാപം' എന്ന പേരിലറിയപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭത്തിലൂടെയാണ് റെജിസ് ദെബ്രെ ഫ്രാന്‍സിന്റെ രാഷ്ട്രീയരംഗത്ത് സാന്നിധ്യമറിയിക്കുന്നത്. റവല്യൂഷന്‍ ഇന്‍ റവല്യൂഷന്‍ എന്ന വിഖ്യാതമായ കൃതിയുടെ രചനയോടെ ദെബ്രെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ന്നു. പാരിസിലെ പ്രശസ്തമായ 'ഇക്കോള്‍ നോര്‍മേല്‍ സുപ്പീരിയറി'ല്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ദെബ്രെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്. മിഷെല്‍ ഫൂക്കോ, ലൂയി അല്‍ത്തൂസ്സര്‍, ലോത്യാര്‍ദ്, ദെല്യൂസ്, കോണ്‍ ബെന്‍ഡിറ്റ്, നികോസ് പോളാന്‍സാസ് തുടങ്ങി ലോകപ്രശസ്തരായ ചിന്തകര്‍ക്കും എഴുത്തുകാര്‍ക്കും സമകാലീനനായിരുന്നു ദെബ്രെ.

റെജിസ് ദെബ്രെ

ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പരമ്പരാഗത ഇടതുപക്ഷാശയങ്ങളുടെയും പ്രായോഗികതയെ ചോദ്യം ചെയ്ത ഫ്രാന്‍സിലെ യുവതലമുറയാണ് 1967-ലെ വിദ്യാര്‍ഥികലാപം നടത്തിയത്. പരമ്പരാഗതമായ രീതിയില്‍ വര്‍ഗസമരത്തിനും സാമ്പത്തിക നിര്‍ണയവാദത്തിനും ഏകപക്ഷീയമായ പ്രാധാന്യം നല്കിയ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഫ്രാന്‍സിലെ പുതിയ സാമൂഹിക-രാഷ്ട്രീയ സംഘര്‍ഷങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, ആഗോളതലത്തില്‍ സോവിയറ്റ് യൂണിയന്റെ അധീശത്വ നിലപാടുകളോട് അനുരഞ്ജനപ്പെടുന്ന സമീപനമായിരുന്നു ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചത്. അതുകൊണ്ടുതന്നെ, സാമൂഹികജീവിതരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങളെ നവീന രീതിയില്‍ വിശദീകരിക്കാനോ അധികാരത്തിന്റെ പുതിയ സാങ്കേതിക വിദ്യകളെ വിശകലനം ചെയ്യാനോ കഴിയാത്ത തരത്തില്‍, ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു യാഥാസ്ഥിതിക ഇടതുപക്ഷമായി മാറുകയുണ്ടായി. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പരസ്യമായി ചോദ്യം ചെയ്യുന്ന പുതിയ പ്രവണതകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആവിര്‍ഭവിച്ചത്. മാത്രവുമല്ല, ധൈഷണികമായി മാര്‍ക്സിസത്തിന്റെ ചരിത്രപരമായ ഭൌതികവാദത്തിലെ ഏകപക്ഷീയതകളെ അതിലംഘിക്കുന്ന ചിന്താപദ്ധതികള്‍ തത്ത്വചിന്ത, നരവംശ ശാസ്ത്രം, രാഷ്ട്രീയ തത്ത്വചിന്ത, ഭാഷാശാസ്ത്രം, ചിഹ്ന വിജ്ഞാനീയം, അര്‍ഥശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നീ വൈജ്ഞാനിക മേഖലകളില്‍ രൂപംകൊള്ളുകയും ചെയ്തു. സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ആത്യന്തിക നിര്‍ണായകങ്ങളായി ചില 'സാമാന്യ നിയമങ്ങള്‍' പ്രവര്‍ത്തിക്കുന്നുവെന്ന യാന്ത്രിക മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടിനെ നിരാകരിക്കുകയും അധികാരത്തിന്റെ സൂക്ഷ്മവത്കരണം പുതിയ സമീപനങ്ങളും കാഴ്ചപ്പാടുകളുമാവശ്യപ്പെടുന്നുവെന്ന് ഈ ചിന്തകര്‍ പ്രഖ്യാപിക്കുകയും ചെയ്തു. മാര്‍ക്സിസ്റ്റ് വ്യാഖ്യാന പദ്ധതിയനുസരിച്ച്, സാമൂഹിക മാറ്റത്തിന്റെ രംഗത്ത് മുഖ്യധാരയില്‍ ഇടം കിട്ടാനിടയില്ലാത്ത വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, പാര്‍ശ്വവത്കൃതരായ സാമൂഹിക വിഭാഗങ്ങള്‍ എന്നിവര്‍ അവരവരുടെ മേഖലകളിലെ സവിശേഷ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രക്ഷോഭമാരംഭിച്ചു. അധികാരത്തിന്റെയും ഭരണകൂടത്തിന്റെയും സ്ഥൂലമായ രൂപങ്ങളെ നേരിട്ട് എതിര്‍ക്കുന്നതിനു പകരം അധികാരത്തിന്റെ സൂക്ഷ്മ രൂപങ്ങളെ 'പ്രശ്നവത്കരിക്കുന്ന' ചിന്താരീതിയാണ് ഈ പ്രക്ഷോഭകാരികള്‍ കൈക്കൊണ്ടത്. ഈ മാറ്റങ്ങളെ പ്രകാശിപ്പിച്ചുകൊണ്ടാണ് പുതിയ തലമുറയുടെ ഏറ്റവും പ്രതിഭാശാലിയായ ധൈഷണിക പ്രതിനിധിയായി മാറിയ മീഷേല്‍ ഫൂക്കോ, 'സൂക്ഷ്മ രാഷ്ട്രീയം', 'ശരീര രാഷ്ട്രീയം' തുടങ്ങിയ രാഷ്ട്രീയ പരികല്പനകള്‍ ആവിഷ്കരിച്ചത്. ക്ളാസ്സിക്കല്‍ മുതലാളിത്ത സമൂഹങ്ങളില്‍ വിന്യസിക്കപ്പെട്ടിരുന്ന സ്ഥൂലമായ നിയന്ത്രണ സംവിധാനങ്ങള്‍ കാലഹരണപ്പെട്ടിരിക്കുന്നുവെന്നും അതിനാല്‍ മനുഷ്യന്റെ ശരീര ചലനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ സൂക്ഷ്മവും അദൃശ്യവുമായ രീതിയില്‍ നിയന്ത്രിക്കുന്ന അധികാര സങ്കേതങ്ങളുടെ സ്വഭാവം മനസ്സിലാക്കാന്‍ കഴിയണമെന്നും ഫൂക്കോയെപ്പോലെയുള്ള ചിന്തകര്‍ വാദിച്ചു.

ഈ പശ്ചാത്തലത്തിലാണ് സര്‍വകലാശാലയുടെ ദൈനംദിന ഭരണം, വിദ്യാര്‍ഥി-അധ്യാപകബന്ധം, പാഠ്യപദ്ധതി തുടങ്ങിയ രംഗങ്ങളിലെ അധികാരകേന്ദ്രങ്ങളെ ചോദ്യംചെയ്തുകൊണ്ട് റെജിസ് ദെബ്രെയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭമാരംഭിക്കുന്നത്. 'വ്യക്തിപരമായത് രാഷ്ട്രീയ'മാണ് എന്നതായിരുന്നു ഈ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ സുപ്രധാന മുദ്രാവാക്യങ്ങളിലൊന്ന്.

1980-കളായപ്പോള്‍ റെജിസ് ദെബ്രെ തന്റെ തീവ്രവാദ നിലപാട് ഉപേക്ഷിക്കുകയും ഭരണകൂടത്തിന്റെയും ഗവണ്മെന്റിന്റെയും ഉന്നത സ്ഥാനങ്ങളില്‍ ഔദ്യോഗിക പദവികള്‍ അലങ്കരിക്കുകയും ചെയ്തു. ഇദ്ദേഹം ഫ്രഞ്ച് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് എന്ന പദവി ഉള്‍പ്പെടെ പല ഉന്നത സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. ജനാധിപത്യപരമായ നവീകരണങ്ങളിലൂടെയും പരിഷ്കാരങ്ങളിലൂടെയും ഭരണകൂടസംവിധാനത്തെ ജനകീയമാക്കാമെന്ന ഉദാര സമീപനമാണ് റെജിസ് ദെബ്രെയുടെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കു കാരണമായി ഇദ്ദേഹം തന്നെ ചൂണ്ടിക്കാണിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍