This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോമസ്, എ.എം. (1912 - 2004)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോമസ്, എ.എം. (1912 - 2004)

കേരളത്തിലെ രാഷ്ട്രീയ നേതാവ്. ഗാന്ധിയന്‍, കോണ്‍ഗ്രസ് നേതാവ്, കേന്ദ്രമന്ത്രി, നയതന്ത്രപ്രതിനിധി എന്നീ നിലകളില്‍ ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. ജവാഹര്‍ലാല്‍ നെഹ്റു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാ ഗാന്ധി എന്നീ പ്രധാനമന്ത്രിമാരുടെ മന്ത്രിസഭകളില്‍ അംഗമായിരുന്നിട്ടുണ്ട്. 1912 ജൂണ്‍ 4-ന് എറണാകുളം ജില്ലയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചു. കുരീക്കാട് ആലുങ്കല്‍ മത്തായിയുടെയും അന്നയുടെയും മകനാണ് ഇദ്ദേഹം. 1929-ല്‍ സ്കൂള്‍ ഫൈനല്‍ ജയിച്ചു. തുടര്‍ന്ന് തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തുനിന്ന് നിയമബിരുദമെടുത്തശേഷം തോമസ് 1936-ല്‍ എറണാകുളത്ത് അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നു. കൊച്ചിരാജ്യ പ്രജാമണ്ഡലത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം സജീവമാക്കി. 1948-ല്‍ പ്രജാമണ്ഡലത്തിന്റെ സ്ഥാനാര്‍ഥിയായി ഇദ്ദേഹം കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തിരു-കൊച്ചി സംയുക്ത സംസ്ഥാനം രൂപവത്കൃതമായതോടെ നിയമസഭാംഗമായി. നിയമസഭാ സ്പീക്കര്‍ പദവിയിലേക്കും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സ്പീക്കര്‍ ആയിരുന്നു ഇദ്ദേഹം.

എ.എം.തോമസ്

എറണാകുളം മണ്ഡലത്തില്‍ നിന്ന് 1952-ലും 57-ലും 62-ലും ലോക്സഭയില്‍ അംഗമാകാന്‍ തോമസിനു സാധിച്ചു. ഒന്നാം ലോക് സഭയില്‍ കേരളത്തിനുവേണ്ടി ശ്രദ്ധേയമായ പ്രകടനമാണ് ഇദ്ദേഹം കാഴ്ചവച്ചത്. പാര്‍ലമെന്റിന്റെ പല കമ്മിറ്റികളിലും അംഗമായി. തുടര്‍ന്ന് 1958 മുതല്‍ 67 വരെ കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചു. രണ്ടാം ലോക്സഭയുടെ കാലത്ത് നെഹ്റുവിന്റെ മന്ത്രിസഭയില്‍ കൃഷിവകുപ്പ് ഉപമന്ത്രി ആയിട്ടായിരുന്നു തുടക്കം. പിന്നീട് ഈ വകുപ്പിന്റെ സഹമന്ത്രിയായി പ്രവര്‍ത്തിക്കാനും കഴിഞ്ഞു. നെഹ്റുവിനുശേഷം ലാല്‍ ബഹാദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായപ്പോള്‍ ഡിഫന്‍സ് പ്രൊഡക്ഷന്റെ ചുമതലയുള്ള സഹമന്ത്രിയായി. ഈ സ്ഥാനത്തിരിക്കവേ നാഷണല്‍ ഡിഫന്‍സ് കൗണ്‍സിലില്‍ അംഗമാകുവാനും അവസരം ലഭിച്ചു. 1967-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഇദ്ദേഹം പരാജിതനായി. ഇതോടെ സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു. എങ്കിലും ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് 1967-ല്‍ ആസ്റ്റ്രേലിയയിലെ ഇന്ത്യന്‍ സ്ഥാനപതിയായി തോമസ് നിയമിതനായി. പിന്നീട് സാംബിയയിലെ സ്ഥാനപതിയായും സേവനം അനുഷ്ഠിച്ചു. അതിനുശേഷം 1976-ല്‍ ഖാദി കമ്മിഷന്‍ ചെയര്‍മാനായി നിയമിതനായി. പിന്നീട് കൊച്ചി റിഫൈനറി ചെയര്‍മാന്‍ പദവി വഹിച്ചു. വീണ്ടും ഖാദി കമ്മിഷന്‍ ചെയര്‍മാനായി. കൊച്ചിയില്‍ പുതിയ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം സഹായകമായി. സാമൂഹിക-സാംസ്കാരിക മേഖലകളിലും തോമസ് പ്രവര്‍ത്തനനിരതനായിരുന്നു. ഗാന്ധി പീസ് ഫൗണ്ടേഷന്‍, കേരള മദ്യ നിരോധന സമിതി, പീപ്പിള്‍സ് ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് തുടങ്ങിയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. ഇദ്ദേഹത്തിന് 'കൃഷിരത്ന' പുരസ്കാരം ലഭിച്ചിട്ടുണ്ട്. മതപരമായ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയില്‍നിന്ന് 'കമാന്‍ഡര്‍' ബഹുമതി ലഭിച്ചു. വിശ്രമജീവിതം നയിച്ചുവരവേ 2004 ഏ. 27-ന് എറണാകുളത്ത് തോമസ് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍