This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താരിഖ്-ഉല്‍-ഹിന്ദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താരിഖ്-ഉല്‍-ഹിന്ദ്

അല്‍ബിറൂനി രചിച്ച ഭാരതത്തെ സംബന്ധിച്ച ചരിത്ര ഗ്രന്ഥം. അറബി ഭാഷയിലെഴുതിയ ഇത് 11-ാം ശ.-ത്തിന്റെ ആദ്യപാദത്തില്‍ തയ്യാറാക്കിയതാണ്. ഒരു വിദേശി ഭാരതീയ സംസ്കാരത്തേയും തത്ത്വചിന്തയേയും ശാസ്ത്രീയ നേട്ടങ്ങളേയും സശ്രദ്ധം പഠിച്ച് ഇത്രയും ആധികാരികമായി രേഖപ്പെടുത്തിയിട്ടുള്ള ഒരു ഗ്രന്ഥം അക്കാലത്ത് വേറെ ഉണ്ടായിരുന്നില്ല.

ചരിത്രം, ജ്യോതിശ്ശാസ്ത്രം, നരവംശ ശാസ്ത്രം, ഗണിതം, പ്രകൃതിശാസ്ത്രം, ഭൂഗര്‍ഭ ശാസ്ത്രം, മതങ്ങളുടെ താരതമ്യ പഠനം എന്നിവയില്‍ അല്‍ബിറൂനി അഗാധ പാണ്ഡിത്യം നേടിയിരുന്നു. സോവിയറ്റ് റഷ്യയിലെ ഖിവായില്‍ 970-ലാണ് അല്‍ബിറൂനിയുടെ ജനനം. മഹമൂദ് ഗസ്നിയോടൊപ്പമാണ് ഇദ്ദേഹം ഭാരതത്തില്‍ വന്നത്. നാല്പതു വര്‍ഷത്തോളം ഇവിടെ താമസിച്ച ഇദ്ദേഹം ആദ്യം സംസ്കൃത ഭാഷയും പിന്നീട് ആ ഭാഷയിലെ അനര്‍ഘങ്ങളായ ഗ്രന്ഥങ്ങളും നിഷ്കര്‍ഷിച്ചു പഠിച്ചു. ഭാരതത്തെ അടുത്തറിയാനും നേട്ടങ്ങള്‍ മനസ്സിലാക്കാനും ഇവിടത്തെ പണ്ഡിത ഭാഷയായ സംസ്കൃതം പഠിച്ചേ തീരൂ എന്നറിയാമായിരുന്നതിനാലാണ് ഇതുതന്നെ ആദ്യം ചെയ്യാന്‍ ഇദ്ദേഹം മുതിര്‍ന്നത്. വളരെക്കാലം ഇവിടത്തെ മഹര്‍ഷിമാരേയും അവരുടെ ഉത്കൃഷ്ടങ്ങളായ ചിന്താസരണികളേയും മനനം ചെയ്ത് ഹൃദിസ്ഥമാക്കി. അക്കാലത്ത് ഇവിടെയുണ്ടായിരുന്ന എല്ലാ സര്‍വകലാശാലകളും വിജ്ഞാനകേന്ദ്രങ്ങളും സന്ദര്‍ശിച്ചു. ഓരോ വിഷയത്തിലും ആധികാരികമായി അഭിപ്രായം പറയുവാന്‍ കഴിവുള്ള പണ്ഡിതന്മാരെ സമീപിച്ച് ചര്‍ച്ചകള്‍ നടത്തി. ഇതിന്റെയെല്ലാം ആകെത്തുകയാണ് താരിഖ്-ഉല്‍-ഹിന്ദില്‍ സമാഹരിച്ചിട്ടുള്ളത്. വ്യോമശാസ്ത്രം, രസതന്ത്രം, യോഗസൂത്രം, തത്ത്വചിന്ത, ഗണിതം തുടങ്ങിയ അനേകം വിഷയങ്ങളില്‍ ഭാരതീയര്‍ നേടിയിരുന്ന അസൂയാവഹമായ വളര്‍ച്ചയും ഈ നാടിന്റെ പൗരാണിക ചരിത്രവും ഈ ഗ്രന്ഥത്തില്‍ നിന്ന് മനസ്സിലാക്കാം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിവിധ വിഷയങ്ങളില്‍ ഭാരതീയര്‍ നേടിയിരുന്ന അസൂയാവഹമായ നൈപുണ്യത്തെയാണ് ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ബി.സി. 2300-ല്‍ത്തന്നെ ഭാരതീയ വ്യോമശാസ്ത്രം വേണ്ടത്ര വികസിച്ചിരുന്നുവെന്ന് അസന്ദിഗ്ദ്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതീയരുടെ രസായന വിജ്ഞാനത്തെക്കുറിച്ചും അതിന്റെ ഉപജ്ഞാതാവായ നാഗാര്‍ജുനനെപ്പറ്റിയും പലകുറി പരാമര്‍ശിച്ചിരിക്കുന്നു. പതഞ്ജലി സൂത്രത്തിലേയും സാംഖ്യ സിദ്ധാന്തത്തിലേയും തത്ത്വങ്ങള്‍ വിശദമായി പരിചയപ്പെടുത്തുന്നുണ്ട്. ഇവിടത്തെ കാലഗണനാ സമ്പ്രദായത്തിന്റെ സാങ്കേതിക സമ്പൂര്‍ണതയെ വളരെയേറെ ശ്ലാഘിച്ചിരിക്കുന്നു. വേദങ്ങള്‍ക്കും ഉപനിഷത്തുക്കള്‍ക്കും ജനതയിലുള്ള സ്വാധീനത്തേയും ഉയര്‍ന്ന നാഗരികത്ത്വത്തേയും കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഇവിടത്തെ വിവിധ ശാസ്ത്രശാഖകളുടെ വളര്‍ച്ചയെ ഗ്രീസിലേയും ഈജിപ്തിലേയും ശാസ്ത്ര പുരോഗതിയുമായി താരതമ്യപ്പെടുത്തി സ്ഥാപിച്ചിട്ടുള്ളത്, വിജ്ഞാനത്തെ സംബന്ധിച്ചിടത്തോളം അവര്‍ ഭാരതീയരോളം എത്തുന്നില്ല എന്നാണ്. അതിന് വളരെയേറെ ഉദാഹരണങ്ങള്‍ എടുത്തു കാട്ടുന്നു. ജ്യോതിശ്ശാസ്ത്രത്തില്‍ ഭാരതീയരോളം മറ്റൊരു രാജ്യക്കാരും പുരോഗതി നേടിയിരുന്നില്ലത്രേ. പ്രസ്തുത വിഷയത്തില്‍ ഭാരതീയരുടെ അത്യുന്നത പദവിയെ അദ്ഭുത പുരസ്സരമാണ് വാഴ്ത്തുന്നത്. സൂര്യചന്ദ്രന്മാരുടെ ചരരാശികളെപ്പറ്റി ഇത്രയും സൂക്ഷ്മ പഠനം നടത്തിയിട്ടുള്ളവര്‍ മറ്റാരുമില്ലെന്ന് സ്ഥാപിച്ചിട്ടുണ്ട്. ജ്യോതിസ്സുകളുടെ ഘടനയേയും പ്രപഞ്ച സംവിധാനങ്ങളേയും ഭാരതീയരെപ്പോലെ വസ്തുനിഷ്ഠമായും സൂക്ഷ്മമായും മറ്റു രാജ്യക്കാര്‍ക്ക് അറിഞ്ഞുകൂടായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്നു. നക്ഷത്ര നിരീക്ഷണത്തിന് പല ഉപകരണങ്ങളും ഇവിടെ വികസിപ്പിച്ചെടുത്തിരുന്നു. അവയോട് കിടപിടിക്കാവുന്ന സാമഗ്രികള്‍ ലോകത്തൊരിടത്തും ഇല്ല. നമ്മുടെ പൗരാണിക സംസ്കാരത്തേയും ശാസ്ത്രീയ സംഭാവനകളേയും കുറിച്ച് സമഗ്രപഠനം നടത്തിയിട്ടുള്ളതിന്റെ തെളിവ് ഈ ഗ്രന്ഥത്തിന്റെ ഓരോ പേജിലും കാണാം. നമ്മുടെ പൗരാണിക ചരിത്രവും വിവിധ വിഷയങ്ങളിലുള്ള ഉന്നത സ്ഥാനവും വര്‍ണിച്ചിട്ടുള്ളതിനു പുറമേ വിവിധ വര്‍ഗങ്ങളേയും ഗ്രോത്രങ്ങളേയും അവാന്തര വിഭാഗങ്ങളേയും കുറിച്ചും വിവരിക്കുന്നു. ഇവരുടെയെല്ലാം ജീവിതരീതികളിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്കും വെളിച്ചം വീശുന്നുണ്ട്. നീതിന്യായ വ്യവസ്ഥ, സത്യസന്ധത, പരിശുദ്ധി, ലേഖന കല, ആയോധന പരിശീലനം, യുദ്ധം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചും വിവരിക്കുന്നു. ചുരുക്കത്തില്‍ 11-ാം ശ.-വരെയുള്ള ഭാരതത്തിന്റെ സത്യസന്ധവും സമഗ്രവുമായ ചിത്രം ഈ ഗ്രന്ഥത്തില്‍ നമുക്ക് ദര്‍ശിക്കാം.


(വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍