This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താരതമ്യ വിദ്യാഭ്യാസം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
താരതമ്യ വിദ്യാഭ്യാസം
വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളെ താരതമ്യം ചെയ്തു പഠിക്കുന്ന രീതി. വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പാഠ്യവിഷയമാക്കുക, വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കുക, വിദ്യാഭ്യാസരംഗത്ത് നൂതനപരിഷ്കാരങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുക, വിദ്യാഭ്യാസരംഗത്ത് അന്താരാഷ്ട്ര മനോഭാവം വളര്‍ത്തിയെടുക്കുക തുടങ്ങിയവയാണ് താരതമ്യ വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
19-ാം ശ.-ത്തില്‍ യൂറോപ്പിലും വടക്കെ അമേരിക്കയിലും വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ പരിഷ്കരിക്കുവാന്‍ നടത്തിയ ശ്രമങ്ങളാണ് താരതമ്യ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത്. 1810- നും 60-നും ഇടയ്ക്ക് ജോണ്‍ ഗ്രിസ്കോം, കാല്വിന് സ്റ്റോവ്, അലക്സാന്‍ഡര്‍ ഡള്ളസ് ബാക്ക്, ഹോറസ് മണ് തുടങ്ങി നിരവധി അമേരിക്കന്‍ വിദ്യാഭ്യാസ വിചക്ഷണന്മാര് യൂറോപ്പ് സന്ദര്‍ശിക്കുകയും ഫോണ്‍ ഫെല്ലന് ബര്‍ഗ്, പെസ്റ്റലോസി തുടങ്ങിയ യൂറോപ്യന്‍ പണ്ഡിതരുടെ വിദ്യാഭ്യാസ നയങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്തു. ഫ്രാന്‍സിലെ വിദ്യാഭ്യാസ വിചക്ഷണനായ വിക്ടര്‍ കസിന് പ്രഷ്യയിലേയും നെഥര്ലന്ഡ്സിലേയും വിദ്യാഭ്യാസ സമ്പ്രദായങ്ങളെക്കുറിച്ച് വിശദമായി പഠിച്ചു. അധ്യാപക പരിശീലനത്തിന്റേയും അധ്യയന രീതിയുടേയും സവിശേഷതകള്‍ മൂലം പ്രഷ്യന്‍ വിദ്യാഭ്യാസ സമ്പ്രദായം വളരെയധികം പണ്ഡിത ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇംഗ്ളണ്ടിലെ മാത്യു ആര്‍നോള്‍ഡ് ഫ്രാന്‍സിലേയും ജര്‍മനിയിലേയും വിദ്യാഭ്യാസസമ്പ്രദായങ്ങളില് ശ്രദ്ധ കേന്ദ്രീകരിച്ചു. സ്വന്തം രാജ്യങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കുവാനായാണ് ഈ പണ്ഡിതന്മാരെല്ലാവരും മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസസമ്പ്രദായങ്ങളെക്കുറിച്ചു വിശദമായി പഠിച്ചത്. എന്നാല്‍ തങ്ങളുടെ രാജ്യത്തെ പാരമ്പര്യങ്ങള്‍ തീരെ ഉപേക്ഷിച്ചുകൊണ്ട് അന്യരാജ്യങ്ങളെ അനുകരിക്കുവാന്‍ ഇവര്‍ വൈമുഖ്യം പ്രകടിപ്പിച്ചു. വിദേശ വിദ്യാഭ്യാസസമ്പ്രദായങ്ങളില് നിന്ന് ചില ആശയങ്ങള്‍ മാത്രം ഉള്‍ക്കൊണ്ടുകൊണ്ട് പരിഷ്കാരങ്ങള്‍ നടപ്പില്വരുത്തുവാന് ചിലര്‍ താത്പര്യപ്പെട്ടു. ഹോറസ് മണ്, മാത്യു അര്‍നോള്‍ഡ് തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍ സര് മൈക്കല്‍ സാഡ്ലര്, ഡബ്ല്യൂ.ടി.ഹാരിസ് തുടങ്ങിയവര്‍ ഇതിനെതിരായിരുന്നു. ഒരു വിദ്യാഭ്യാസസമ്പ്രദായം അപ്പാടെ പറിച്ചുനടുക മാത്രമേ സാധ്യമായിട്ടുള്ളൂ എന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. താരതമ്യ വിദ്യാഭ്യാസ പഠനങ്ങളിലൂടെയാണ് യഥാര്‍ഥ വിദ്യാഭ്യാസ സിദ്ധാന്തങ്ങള്‍ ഉണ്ടാകുന്നത് എന്നും ഇവയില്‍ നിന്ന് പ്രാദേശിക വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ക്കു രൂപം നല്‍കണം എന്നും ഇവര്‍ പറഞ്ഞു.
'താരതമ്യ വിദ്യാഭ്യാസത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ജൂലിയന്‍ ദ പാരീസ് ആണ്. ഇദ്ദേഹം 1817-ല്‍ പ്രസിദ്ധീകരിച്ച ല എസ്ക്വിസ എറ്റ് വ്യു പ്രിലിമിനെയര് ദുന്‍ ഔവ്റേഷ് സുര്‍ ല എഡ്യുക്കേഷന്‍ കംപേരി ("L"Esquisse et vue preliminarie d'unouvrage sur I 'e' education compare')എന്ന കൃതിക്ക് താരതമ്യ വിദ്യാഭ്യാസരംഗത്ത് ഗണ്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ പരിമാണാത്മകവും ഗുണാത്മകവുമായ വിവരങ്ങള്‍ ശേഖരിക്കുകയും അവയില്‍ നിന്ന് പൊതുതത്ത്വങ്ങള്‍ രൂപീകരിക്കുകയും ചെയ്തുകൊണ്ട് വേണം വിദ്യാഭ്യാസനയം രൂപീകരിക്കേണ്ടത് എന്ന് ഇദ്ദേഹം നിര്‍ദേശിച്ചു. ചോദ്യാവലികള്‍ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിനും അപഗ്രഥിക്കുന്നതിനും മറ്റുമായി ഒരു അന്താരാഷ്ട്ര സംഘടന രൂപീകരിക്കണമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
19-ാം ശ.-ത്തില്‍ ഉടനീളം വിദ്യാഭ്യാസത്തെക്കുറിച്ച് അന്താരാഷ്ട്രതലത്തില്‍ വിവരങ്ങള്‍ ശേഖരിക്കുവാന്‍ നിരവധി ശ്രമങ്ങള്‍ നടന്നു. യൂണൈറ്റഡ് സ്റ്റേറ്റ്സ് ബ്യൂറോ ഒഫ് എഡ്യുക്കേഷന്റെ പ്രഥമ ഭരണാധികാരി എന്ന നിലയില്‍ ഹെന്റി ബര്‍നാര്‍ഡ് താരതമ്യ വിദ്യാഭ്യാസത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കി. താരതമ്യ വിദ്യാഭ്യാസ പഠനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ഇദ്ദേഹം ഗണ്യമായ പങ്കുവഹിച്ചു. ഫ്രാന്‍സില്‍ ഫെര്‍ഡിനാന്റ് ബ്യുയിസ്സണിന്റെ നിര്‍ദേശപ്രകാരം 1879-ല്‍ 'മൂസി പെദഗോഗിക്' ആരംഭിച്ചു.
20-ാം ശ.-ത്തിന്റെ ആദ്യപകുതിയില്‍ താരതമ്യ വിദ്യാഭ്യാസത്തില്‍ രണ്ട് സമീപനങ്ങള്‍ രൂപംകൊണ്ടു. വിദ്യാഭ്യാസത്തില്‍ ആശയങ്ങള്‍ക്കും സിദ്ധാങ്ങള്ക്കും ഉള്ള പ്രാധാന്യത്തെ മാത്രം പരിഗണിച്ച ചരിത്രപരമായ സമീപനവും വിദ്യാഭ്യാസ സമ്പ്രദായത്തിലെ മാറ്റങ്ങള്‍ നിയന്ത്രിക്കുന്ന സൈദ്ധാന്തികമല്ലാത്ത കാരണങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന സാമൂഹ്യശാസ്ത്രപരമായ സമീപനവുമാണിവ. ഐ.എല്‍.കാന്‍ഡല്‍, നിക്കൊളസ് ഹാന്‍സ്, ഫ്രീഡ്റിഷ് ഷ്നൈദര്‍ തുടങ്ങിയവര്‍ ചരിത്രപരമായ സമീപനമാണ് സ്വീകരിച്ചത്; ജോസഫ് എ.ലൗറീസ്, റോബര്‍ട്ട് കിങ് ഹാള്‍ തുടങ്ങിയവര്‍ സാമൂഹ്യശാസ്ത്രപരമായ സമീപനവും. ന്യൂയോര്‍ക്ക്, ലണ്ടന്‍, മ്യൂണിച്ച് എന്നീ നഗരങ്ങളായിരുന്നു താരതമ്യ വിദ്യാഭ്യാസ ഗവേഷണത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍.
രണ്ടാം ലോകയുദ്ധത്തിന് ശേഷം താരതമ്യ വിദ്യാഭ്യാസ രംഗത്ത് വളരെയധികം മാറ്റങ്ങള്‍ ഉണ്ടായി. നിരവധി പുതിയ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും പുതിയ സമീപനങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. തത്ത്വചിന്ത, മനഃശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു പുതിയ സമീപനങ്ങള്‍. യു.എസ്സിലെ പെന്‍സില്‍വേനിയ, പിറ്റ്സ് ബര്‍ഗ്, സിറാകുസ്, ജര്‍മനിയിലെ ബര്‍ലിന്‍, ഹാംബര്‍ഗ്, മാര്‍ബര്‍ഗ്, യു.കെ.യിലെ റീഡിങ്, ജപ്പാനിലെ ക്യൂഷു എന്നീ സര്‍വകലാശാലകളില്‍ രണ്ടാം ലോകയുദ്ധത്തിനുശേഷമാണ് താരതമ്യ വിദ്യാഭ്യാസ പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
വിവിധ അന്താരാഷ്ട്ര സംഘടനകളും താരതമ്യ വിദ്യാഭ്യാസ രംഗത്തു സേവനം അനുഷ്ഠിച്ചുവരുന്നുണ്ട്. 1930-കളില്‍ ജനീവയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇന്റര്‍നാഷണല്‍ ബ്യൂറോ ഒഫ് എഡ്യൂക്കേഷന്‍, യുണെസ്കോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷണല്‍ പ്ലാനിങ്, ഓര്ഗനൈസേഷന് ഫോര്‍ ഇക്കോണമിക് കോ-ഓപ്പറേഷന് ആന്‍ഡ് ഡെവലപ്പ്മെന്റ് (OECD), കൗണ്‍സില്‍ ഒഫ് യൂറോപ്പ്, പാന്‍ അമേരിക്കന്‍ യൂണിയന് തുടങ്ങിയവ ഇവയില്‍ പ്രമുഖങ്ങളാണ്. ഈ സംഘടനകളെല്ലാംതന്നെ വിവിധ രാജ്യങ്ങളിലേക്ക് വിദഗ്ധ സംഘങ്ങളെ അയയ്ക്കുകയും അവിടത്തെ ഭരണകര്‍ത്താക്കള്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്കിവരികയും ചെയ്യുന്നു.
താരതമ്യ വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്നതിനായി പല പ്രസിദ്ധീകരണങ്ങളുമുണ്ട്. യുണെസ്കോയുടെ പ്രസിദ്ധീകരണമായ വേള്‍ഡ് ഒഫ് എഡ്യൂക്കേഷന്‍, യുണെസ്കോയുടെ മറ്റു പ്രസിദ്ധീകരണങ്ങള്‍, ഇന്റര്‍നാഷണല്‍ ബ്യൂറോ ഒഫ് എഡ്യൂക്കേഷന്റെ പ്രസിദ്ധീകരണമായ ഇന്റര്‍നാഷണല്‍ ഇയര്‍ ബുക്ക് ഒഫ് എഡ്യൂക്കേഷന്‍ എന്നിവ പ്രത്യേകം ശ്രദ്ധേയങ്ങളാണ്.
ഒരു രാഷ്ട്രത്തിന്റെ സാമൂഹ്യ ഘടനയുമായി ബന്ധപ്പെടുത്തി മാത്രമേ അവിടത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ അപഗ്രഥിക്കു വാന്‍ സാധിക്കുകയുള്ളൂ. സാമൂഹ്യ വ്യവസ്ഥിതി വിദ്യാഭ്യാസ സമ്പ്രദായത്തേയും വിദ്യാഭ്യാസ സമ്പ്രദായം സാമൂഹ്യ വ്യവസ്ഥിതിയേയും പരസ്പരം നിയന്ത്രിക്കുന്നു. ഓരോ രാഷ്ട്രത്തിന്റേയും സവിശേഷ ഗുണങ്ങള്‍ നിര്‍ണയിക്കുന്നതില്‍ വിദ്യാഭ്യാസ സമ്പ്രദായം പ്രധാന പങ്കു വഹിക്കുന്നു. അതിനാല്‍ ശാന്തി, സമാധാനം തുടങ്ങിയ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും രാഷ്ട്രങ്ങളുടെ ഇടയില്‍ സൌഹൃദമനോഭാവം ഉളവാക്കുവാനും വിദ്യാഭ്യാസ പദ്ധതികള്‍ പ്രയോജനപ്പെടുത്താം.
ഒരു രാഷ്ട്രത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക വികസനത്തില്‍ വ്യത്യസ്ത ഘട്ടങ്ങളുള്ളതുപോലെ തന്നെ വിദ്യാഭ്യാസ വികസനത്തിനും വ്യത്യസ്ത ഘട്ടങ്ങളുണ്ട്. സാമൂഹ്യ വികാസത്തിന്റെ സമാനഘട്ടങ്ങളിലൂടെ കടന്നുപോകുന്ന രാഷ്ട്രങ്ങളുടെ വിദ്യാഭ്യാസരംഗത്തും സമാനതകള്‍ കണ്ടെത്തുവാന്‍ സാധിക്കും. രണ്ടാം ലോകയുദ്ധത്തിന് ശേഷം വികസ്വര രാഷ്ട്രങ്ങള്‍ എല്ലാവര്ക്കും അടിസ്ഥാന വിദ്യാഭ്യാസം നല്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വിദ്യാഭ്യാസം മനുഷ്യന്റെ മൌലികാവകാശമാണ് എന്ന വാദമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കിയത്. യൂറോപ്പ്, സെക്കണ്ടറി വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും നവീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇംഗ്ലണ്ടില്‍, റോബിന്‍സ് കമ്മിറ്റി താരതമ്യ ഗവേഷണം നടത്തി വിവരങ്ങള്‍ ശേഖരിച്ചുവെങ്കിലും അവയെ പദ്ധതികളായി രൂപാന്തരപ്പെടുത്തുന്നതില്‍ വിജയിച്ചില്ല. തെക്കു-കിഴക്കന്‍ ഏഷ്യയിലെ ഉന്നത വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ചും ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളുടെ ലഭ്യതയെക്കുറിച്ചും യുണെസ്കോയും ഇന്റര്‍നാഷണല്‍ അസോസിയേഷന് ഒഫ് യൂണിവേഴ്സിറ്റീസും പഠനങ്ങള്‍ നടത്തി.
പിന്നീട് വിദ്യാഭ്യാസരംഗത്ത് മാനവശേഷി വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിത്തുടങ്ങി. വ്യത്യസ്ത ശാസ്ത്ര ശാഖകളിലെ സിദ്ധാന്തങ്ങള്‍ വിദ്യാഭ്യാസ ആസൂത്രണത്തിലും ഉപയോഗിക്കപ്പെട്ടു. ഏറ്റവും സ്വാധീനം ചെലുത്തിയത് സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളാണ്. രാഷ്ട്രത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്ന ഒരു നിക്ഷേപമായി വിദ്യാഭ്യാസം വീക്ഷിക്കപ്പെട്ടു. ഈ പ്രവണതയെ താരതമ്യ വിദ്യാഭ്യാസ വിചക്ഷണന്മാര് എതിര്‍ത്തു. വിദ്യാഭ്യാസത്തെ വെറും നിക്ഷേപമായി മാത്രം കണ്ടുകൊണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് ദോഷഫലങ്ങള്‍ ഉളവാക്കും എന്ന് അവര്‍ വാദിച്ചു. സാമ്പത്തികവശത്തിനു നല്കിയ അമിത പ്രാധാന്യത്തിന്റെ ദോഷങ്ങള്‍ 1960-കളില്‍ ദൃശ്യമാകുകയും ചെയ്തു.
അധ്യാപക പരിശീലന പദ്ധതികളില്‍ താരതമ്യ വിദ്യാഭ്യാസ ത്തിനു പ്രത്യേക പരിഗണന നല്‍കിവരുന്നുണ്ട്. പ്രാഥമിക താര തമ്യ വിദ്യാഭ്യാസ പരിശീലനത്തില്‍ മൂന്ന് പ്രവണതകളാണ് പൊതുവേ കാണപ്പെടുന്നത്. വ്യത്യസ്ത രാജ്യങ്ങളുടെ 'ദേശീയസ്വഭാവം' (National character) അടിസ്ഥാനമാക്കി വിദ്യാഭ്യാസ സമ്പ്രദായം അപഗ്രഥിക്കുക; ചില പ്രത്യേക രാഷ്ട്രങ്ങളുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ വിശദമായി അപഗ്രഥിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവ് നല്‍കുക; ജാതി, മതം, വര്‍ഗം, ഭാഷ, സാമൂഹ്യസ്ഥിതി, രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ ഏതു രീതിയിലാണ് സ്വാധീനിക്കുന്നത് എന്ന് അപഗ്രഥിക്കുക എന്നിവയാണിവ. സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രശ്നങ്ങള്‍ അപഗ്രഥിക്കുന്ന രീതിയാണ് താരതമ്യ പഠനത്തില്‍ സ്വീകരിച്ചിട്ടുള്ള പ്രധാന മാര്‍ഗം. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ വര്‍ഗ വ്യത്യാസങ്ങളും ബെല്‍ജിയം, പഴയ സോവിയറ്റ് യൂണിയന്, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഭാഷാ വ്യത്യാസങ്ങളും ഫ്രാന്‍സ്, ഇംഗ്ളണ്ട്, സിലോണ്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ മത വ്യത്യാസങ്ങളും വിദ്യാഭ്യാസ സമ്പ്രദായത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.
ആധുനിക താരതമ്യ വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്ത സമീ പനങ്ങളുടേയും മാര്‍ഗങ്ങളുടേയും സങ്കലനം ദൃശ്യമാണ്. വിദ്യാഭ്യാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയെന്ന് തിരി ച്ചറിയുകയും അവ കൃത്യമായി അളക്കുകയും ചെയ്യുന്നു. ഓരോ രാജ്യത്തിലും ഈ ഘടകങ്ങള്‍ തമ്മിലുള്ള ബന്ധം വിശദീകരി ക്കുകയും ഈ ബന്ധങ്ങളെ അന്താരാഷ്ട്ര തലത്തില്‍ താരതമ്യം ചെയ്യുകയും ചെയ്യുന്നു. മറ്റൊരു രീതിയിലും വിദ്യാഭ്യാസ സമ്പ്ര ദായത്തെ വിശദീകരിക്കുവാന്‍ കഴിയാതെ വരുമ്പോള്‍ മാത്രം'ദേശീയ സ്വഭാവം', 'ചരിത്ര പശ്ചാത്തലം' തുടങ്ങിയ ആശയങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.
താരതമ്യ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഗവേഷണഫലങ്ങള്‍ സംയോജിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി നിരവധി താരതമ്യ വിദ്യാഭ്യാസ സൊസൈറ്റികള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. 1956-ല്‍ ന്യൂയോര്‍ക്കില്‍ ഡബ്ള്യു.ഡബ്ള്യു.ബ്രിക്ക്മാന്റെ നേതൃത്വത്തില്‍ 'ദ് കംപാരിറ്റീവ് എഡ്യൂക്കേഷന്‍ സൊസൈറ്റി' ആരംഭിച്ചു. ദ് കംപാരിറ്റീവ് എഡ്യൂക്കേഷണല്‍ റിവ്യു എന്ന ജേര്‍ണല്‍ ഈ സൊസൈറ്റിയുടെ പ്രസിദ്ധീകരണമാണ്. ഇതിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സമ്മേളനങ്ങളും നടത്തിവരുന്നുണ്ട്. 1961-ല്‍ ലണ്ടനില്‍ 'കംപാരിറ്റീവ് എഡ്യൂക്കേഷണല്‍ സൊസൈറ്റി ഇന്‍ യൂറോപ്പ്' ആരംഭിച്ചു. അന്താരാഷ്ട്ര സംഘടനകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും താരതമ്യ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സംഘടനയില്‍ അംഗമാകാം. യൂറോപ്പിനു പുറത്തുള്ള രാഷ്ട്രങ്ങളില്‍ നിന്നും ഈ സംഘടനയ്ക്ക് അംഗങ്ങളുണ്ട്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ സമ്മേളനങ്ങള്‍ നടത്തുകയും സമ്മേളന നടപടികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. സംഘടനയ്ക്ക് പ്രത്യേക ബ്രിട്ടിഷ്, ജര്‍മന്‍ വിഭാഗങ്ങളുണ്ട്. കാനഡ, കൊറിയ, ജപ്പാന്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാഷ്ട്രങ്ങളിലും താരതമ്യ വിദ്യാഭ്യാസ സൊസൈറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. വ്യത്യസ്ത സൊസൈറ്റികള്‍ തമ്മിലുള്ള സഹകരണം താരതമ്യ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്ക് പ്രധാനമാണ്. 1970-ല്‍ വേള്‍ഡ് കൌണ്‍സില്‍ ഒഫ് കംപാരിറ്റീവ് എഡ്യൂക്കേഷന്‍ സൊസൈറ്റീസ് രൂപംകൊണ്ടു. ഓരോ രാഷ്ട്രത്തിലേയും സൊസൈറ്റികളുടെ പ്രതിനിധികള്‍ ഈ കൌണ്സിലില് അംഗങ്ങളാണ്. ഈ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര സമ്മേളനങ്ങളും നടത്തിവരുന്നുണ്ട്.
താരതമ്യ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റുന്നതിന് നിരവധി ഏജന്‍സികളുടെ കൂട്ടായ പ്രര്‍ത്തനം ആവശ്യമാണ്. സാമൂഹികശാസ്ത്രം, സാമ്പത്തികശാസ്ത്രം, മനഃശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങളിലെ ഗവേഷണ ഉപാധികളും ഈ മേഖലകളിലെ പണ്ഡിതന്മാരുടെ സേവനവും താരതമ്യ വിദ്യാഭ്യാസത്തില്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ മാത്രമേ താരതമ്യ വിദ്യാഭ്യാസത്തിലൂടെ പ്രവചനശക്തിയുള്ള വിദ്യാഭ്യാസ സിദ്ധാന്തങ്ങള്‍ക്കു രൂപം നല്കുവാന് കഴിയുകയുള്ളൂ.
താരതമ്യ വിദ്യാഭ്യാസത്തില്‍ ഏരിയാ പഠനങ്ങള്‍(Area studies)ക്ക് വളരെയധികം പ്രാധാന്യമുണ്ട്. വ്യത്യസ്ത രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെക്കുറിച്ച് സൂക്ഷ്മവും വസ്തുനിഷ്ഠവുമായ വിവരങ്ങള്‍ ശേഖരിക്കുവാന്‍ ഏരിയാ പഠനങ്ങള്‍ക്ക് സാധിക്കും. വിദ്യാഭ്യാസ നിയമങ്ങളുടെ വിശദാംശങ്ങള്‍, നിയമങ്ങളിലൂടെയോ ഭരണഘടനയിലൂടെയോ നിഷ്കര്‍ഷിച്ചിട്ടുള്ള സാമ്പത്തിക-ഭരണ നിയന്ത്രണങ്ങള്‍, വിദ്യാഭ്യാസത്തിന്റെ മൂന്നു തലങ്ങളും ക്രമീകരിക്കുന്ന വിധം (അതായത് അവ തമ്മിലുള്ള വ്യത്യാസങ്ങളും സമാനതകളും ബന്ധങ്ങളും), ഓരോ വിദ്യാലയത്തിലെയും ക്ളാസ്് ക്രമീകരണങ്ങള്‍, അച്ചടക്ക നടപടികള്‍, പാഠ്യപദ്ധതിയുടെ ക്രമീകരണം, പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം, വിദ്യാലയങ്ങളിലെ പരീക്ഷാ സമ്പ്രദായം തുടങ്ങിയവ ഏരിയാ പഠനത്തിലൂടെ മനസ്സിലാക്കാവുന്നതാണ്. അധ്യാപകനിയമനം, പരിശീലനം, വിലയിരുത്തല്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഏരിയാ പഠനത്തിലൂടെ ശേഖരിക്കാന്‍ കഴിയും. ഏരിയാ പഠനങ്ങളില്‍ സ്ഥിതിവിവരശാസ്ത്രത്തിലെ മാര്‍ഗങ്ങളും (statistical techniques) ഉപയോഗിക്കാറുണ്ട്. 1967-ല്‍ യുണെസ്കൊ ഏറ്റെടുത്ത പദ്ധതിയുടെ പ്രധാനലക്ഷ്യം ലോകമെമ്പാടുമുള്ള വ്യത്യസ്ത പഠന കോഴ്സുകളുടെ സൂക്ഷ്മമായ വര്‍ഗീകരണമായിരുന്നു.
വിദ്യാഭ്യാസ നയരൂപീകരണത്തില്‍ ഭരണകര്‍ത്താക്കളെ സഹായിക്കുന്നതിനും വിദ്യാഭ്യാസനയത്തിലെ പരസ്പര വിരുദ്ധ പ്രവണതകളെ സംയോജിപ്പിക്കുന്നതിനും തെറ്റായ പ്രവണതകളെ നീക്കം ചെയ്യുന്നതിനും താരതമ്യ വിദ്യാഭ്യാസത്തിനു കഴിയും. മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലെ നല്ല വശങ്ങളെ ഉള്‍ക്കൊള്ളുവാന്‍ വ്യത്യസ്ത രാജ്യങ്ങള്‍ തയ്യാറാകേണ്ടതുണ്ട്; വൈദേശികമായ എന്തിനെയും അന്ധമായി നിരാകരിക്കുന്ന പ്രവണത ഉപേക്ഷിക്കേണ്ടതാണ്.
അധ്യാപകര്‍ക്ക് തങ്ങളുടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മേന്മകളും ദോഷങ്ങളും മനസ്സിലാക്കുന്നതിനു മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെക്കുറിച്ചുള്ള അറിവ് അനിവാര്യമാണ്. താരതമ്യ വിദ്യാഭ്യാസ പഠനത്തിലൂടെ മാത്രമേ ഇതു സാധ്യമാകുകയുള്ളൂ. അതിനാല്‍ അധ്യാപക പരിശീലന പദ്ധതിയില്‍ താരതമ്യ വിദ്യാഭ്യാസ പഠനത്തിന് അര്‍ഹമായ സ്ഥാനം നല്‍കേണ്ടതുണ്ട്. അധ്യാപകരില്‍ അന്താരാഷ്ട്ര മനോഭാവം വളര്‍ത്തിയെടുക്കുവാന്‍ ഇതു മൂലം കഴിയും.