This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തളി

പ്രാചീന കേരളത്തില്‍ നിലവിലുണ്ടായിരുന്ന സാമുദായികവും സാംസ്കാരികവും ഭരണപരവുമായ ഒരു ആചാരം. കേരളത്തിലെ ശിവക്ഷേത്രങ്ങളേയും അവയോടനുബന്ധിച്ചുള്ള സഭയേയും തളി എന്ന് വിളിച്ചിരുന്നു. ശൈവന്മാരായ ബ്രാഹ്മണരുടെ ചര്‍ച്ചാവേദിയാണ് തളി. പടിഞ്ഞാറ് ദര്‍ശനമായ ശിവപ്രതിഷ്ഠയുടെ മുന്നിലുള്ള തുറന്ന സ്ഥലമായിരുന്നു തളി എന്നു കരുതപ്പെടുന്നു. സ്ഥലദേവത എന്നര്‍ഥമുള്ള 'സ്ഥലി' എന്ന സംസ്കൃതപദത്തിന് മലയാളത്തില്‍ പ്രയോഗിച്ചുവന്ന രൂപമാണ് 'തളി'. 'തളി' ഒരു തമിഴ് പദമാണ്. 7-ാം ശ.-ത്തിനു ശേഷമാണ് ഇത് പ്രയോഗത്തില്‍ വന്നത്. അതിനു മുന്‍പ് ക്ഷേത്രങ്ങള്‍ക്ക് കോയില്‍ എന്നും കോട്ടം എന്നുമാണ് പറഞ്ഞിരുന്നത്. 1350-നോടടുത്തു രചിച്ച സംസ്കൃത സന്ദേശകാവ്യമായ ശുകസന്ദേശത്തില്‍ 'സ്ഥലീഷു' എന്ന് പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ അതിനടുത്തുണ്ടായ ഉണ്ണിയാടി ചരിതത്തില്‍ തളികള്‍ എന്നാണു കാണുന്നത്. മിക്ക തളിക്ഷേത്രങ്ങളിലേയും പ്രതിഷ്ഠ ശിവന്‍ ആണ്. ശിവക്ഷേത്രങ്ങള്‍ക്കാണ് ഇപ്പോള്‍ തളി എന്നു പറയാറുള്ളതെങ്കിലും ആദ്യകാലത്ത്, 'പാറ തുരന്നും കരിങ്കല്ലുകൊണ്ട് കെട്ടിയും ഉണ്ടാക്കിയ ക്ഷേത്രം' എന്ന അര്‍ഥത്തിലായിരുന്നു തളി എന്ന പദം പ്രയോഗിച്ചിരുന്നത്.

തളികളുടെ മേല്‍നോട്ടം വഹിക്കുന്ന നമ്പൂതിരി പ്രതിനിധി കളാണ് തളിയാതിരിമാര്‍. തളിയാതിരി പദവിയുടെ തുടക്കം 10-ാം ശ.-ത്തോടു കൂടിയാണെന്ന് കരുതപ്പെടുന്നു. 9-ാം ശ. മുതല്‍ തളി കളുടെ മേല്‍നോട്ടം വഹിച്ചിരുന്ന തളിയാഴ്വാന്മാരെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കാണാം. ക്ഷേത്ര ഭരണസമിതിയിലെ അംഗങ്ങളായ ഊരാളന്മാരെ കുറിക്കാന്‍ 'തളിയാര്‍' എന്ന പദം നെടുമ്പുറം ക്ഷേത്രത്തിലെ രേഖകളില്‍ ഉപയോഗിച്ചിട്ടുണ്ട്. തളിയുടെ അധ്യക്ഷനെ തളിയാതിരി എന്ന് കേരളോല്പത്തിയില്‍ പറയുന്നുണ്ടെങ്കിലും തളിയാഴ്വാന്‍ എന്നാണ് ശാസനങ്ങളില്‍ കാണുന്നത്.

കേരളത്തിലേയും തുളുനാട്ടിലേയും അറുപത്തിനാല് ബ്രാഹ്മണഗ്രാമങ്ങളെ നിയന്ത്രിക്കാന്‍ പതിനെട്ടര തളികള്‍ ഉണ്ടായിരുന്നു എന്ന് കേരളോത്പത്തിയില്‍ പറയുന്നു. വടക്ക് പയ്യന്നൂര്‍ മുതല്‍ തെക്ക് തിരുനന്തിക്കരവരെ ഒട്ടേറെ തളികള്‍ ഉണ്ടായിരുന്നതായി സ്ഥലനാമങ്ങളും ശാസനങ്ങളും സൂചന നല്കുന്നു. ഇവയില്‍ നാല് തളികളുടെ തലവന്മാരായ തളിയാതിരിമാരെ അവയ്ക്കു ചുറ്റുമുള്ള നാടുകളുടെ രക്ഷാപുരുഷന്മാരായി പരശുരാമന്‍ നിയമിച്ചു എന്നും അവര്‍ ആറിലൊന്നു രക്ഷാഭോഗം പിരിച്ചെടുത്തുവെന്നും കാണുന്നു. പയ്യന്നൂര്‍, പെരിഞ്ചെല്ലൂര്‍, പരപ്പൂര്‍, ചെങ്കണിയൂര്‍ എന്നിവയാണ് ആ തളികള്‍. പയ്യന്നൂരിനുപകരം പന്നിയൂരെന്നു ചില കേരളോത്പത്തിപ്പതിപ്പുകളില്‍ പറയുന്നു. ജനദ്രോഹ നടപടികള്‍ കാരണം തളിയാതിരിഭരണം അവസാനിപ്പിച്ചു എന്നും പിന്നീട് ബ്രാഹ്മണസഭകള്‍ പുറനാടുകളില്‍ ചെന്ന് സമര്‍ഥന്‍മാരെ കൊണ്ടുവന്ന് 12 വര്‍ഷത്തേക്ക് പെരുമാളായി വാഴിക്കുക പതിവാക്കിയെന്നും കേരളോത്പത്തിയില്‍ പരാമര്‍ശമുണ്ട്. പെരുമാക്കന്മാരെ നിയന്ത്രിക്കുവാന്‍ നാല് തളികളെ വച്ചു. പയ്യന്നൂര്‍, പെരിഞ്ചെല്ലൂര്‍, ചെങ്കണിയൂര്‍ തളികള്‍ ദൂരത്തായതുകൊണ്ട് അവയ്ക്കു പകരം പറവൂരിനൊപ്പം മൂഴിക്കുളം, ഐരാണിക്കുളം, ഇരിങ്ങാലക്കുട എന്നീ ഗ്രാമങ്ങളിലെ വൈദികന്മാരെ കൊടുങ്ങല്ലൂരില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചു. കൊടുങ്ങല്ലൂരിലെ നാലുതളികള്‍ മേല്‍ത്തളി, കീഴ്ത്തളി, ചിങ്ങപുരത്തുതളി, നെടിയതളി എന്നിവയാണ്. അവ യാഥാക്രമം മൂഴിക്കുളം, ഐരാണിക്കുളം, ഇരിങ്ങാലക്കുട, പറവൂര്‍ എന്നീ ബ്രാഹ്മണ ഗ്രാമങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

കൊടുങ്ങല്ലൂരെ തളികള്‍ക്ക് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്. 11-ാം ശ.-ത്തില്‍ രചിക്കപ്പെട്ടതെന്നു കരുതുന്ന ശുകസന്ദേശത്തില്‍ അവയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. തളികള്‍ക്കു ചുറ്റുമുള്ള ബ്രാഹ്മണര്‍ ശസ്ത്രശാസ്ത്രങ്ങളില്‍ പരശുരാമ തുല്യരാണെന്നാണു പരാമര്‍ശം. അറുപത്തിനാല് ഗ്രാമങ്ങളേയും അവ നിയന്ത്രിച്ചിരുന്നു. നാടുവാഴികളെ വാഴിക്കുവാനും നീക്കുവാനും അവയ്ക്കാകുമായിരുന്നു. ചോളന്മാരുടേയും പാണ്ഡ്യന്മാരുടേയും അംഗീകാരത്തിനു വിധേയമായി പെരുമാക്കന്മാരെ തെരഞ്ഞെടുത്തതും ഇവര്‍തന്നെ ആയിരുന്നിരിക്കണം. ദേവസ്വം, ബ്രഹ്മസ്വം കാര്യങ്ങള്‍ തളികളുമായി ആലോചിച്ചാണ് തീരുമാനിച്ചിരുന്നതെന്നതിന് ശാസനങ്ങള്‍ തെളിവു നല്കുന്നു. ശുദ്ധികര്‍മം, ജലം തളിക്കല്‍, അടിച്ചുതളി എന്നീ അര്‍ഥങ്ങളും തളി എന്ന പദത്തിനുണ്ട്. മരണാനന്തര അടിയന്തിരത്തിനും പെണ്‍കുട്ടികള്‍ ഋതുവാകുമ്പോള്‍ നടത്തുന്ന ചടങ്ങിനും തളി എന്നു പേരു പറയാറുണ്ട്.

(കെ. ശിവശങ്കരന്‍ നായര്‍, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍