This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമാശ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തമാശ

മറാഠി നാടോടി നാടകരൂപം. സംഗീതനൃത്തങ്ങളെ അവഗണിച്ചുകൊണ്ട് കഥ പറയുന്ന ഒരു നാടന്‍ നാടകരൂപമാണിത്. മറാഠി സംസ്കാര ചരിത്രം പരിശോധിച്ചാല്‍ പേഷ്വാ കാലഘട്ടത്തിലാണ് (17,18-ശ.-ങ്ങളില്‍) 'തമാശ' എന്ന ഈ നാടകസമ്പ്രദായം രൂപം കൊണ്ടത് എന്നു കാണാം. മതപരമായി പ്രാധാന്യമുള്ള ചില ആഘോഷവേളകളിലാണ് ഇത്തരം നാടോടിനാടകങ്ങള്‍ രംഗത്തവതരിപ്പിക്കാറുള്ളത്. വയലേലകളിലും തെരുവുകളിലും ക്ഷേത്രപരിസരങ്ങളിലും ആണ് ഈ കലാരൂപം അവതരിപ്പിച്ചു വരുന്നത്.

ഭഗവാന്‍ വിഷ്ണുവിന്റെ ദശാവതാരങ്ങളുടെ നാടകാവിഷ്കാരമാണ് ഈ നാടോടി നാടകത്തില്‍ കാണപ്പെടുന്നത്. അവസാന അവതാരങ്ങളായ 'ബുദ്ധന്‍', 'കല്‍ക്കി' എന്നിവരുടെ കഥ വിരളമായിട്ടേ അവതരിപ്പിക്കാറുള്ളൂ.

മഹാരാഷ്ട്രയിലെ കൊങ്കണദേശത്ത് വളരെയധികം പ്രചാരം നേടിയ നാടകരൂപമാണിത്. 'ദശാവതാരിഖേല്‍'എന്ന കൊങ്കണി നാടോടി കലാരൂപത്തില്‍ നിന്നാണ് മറാഠി 'തമാശ'യുടെ ഉദ്ഭവമെന്ന് ഒരു വാദഗതി നിലവിലുണ്ട്. ഉത്തരഭാരതത്തിലെ 'കൃഷ്ണലീല', 'രാമലീല' എന്നീ നാടന്‍ ദൃശ്യകലകളോട് ഈ നാടകരൂപത്തിന് വളരെയധികം സാദൃശ്യം കാണുന്നുണ്ട്. സൂത്രധാരന്‍ അരങ്ങിലെത്തി ഗണപതിയേയും സരസ്വതിയേയും സ്തുതിക്കുന്നതോടെ ഗണപതിയും സരസ്വതിയും പ്രത്യക്ഷപ്പെട്ട് നടന്മാരെ അനുഗ്രഹിച്ച് പിന്‍വാങ്ങുന്നു. ഉടനേതന്നെ നാടകം തുടങ്ങുന്നു. വിഷ്ണുവിന്റെ അവതാരങ്ങളിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ ഒന്നൊന്നായി അവതരിപ്പിക്കുന്നു. വേദങ്ങള്‍ മോഷ്ടിച്ച് സമുദ്രത്തിലൊളിപ്പിച്ച ശങ്കാസുരനെ മത്സ്യാവതാരപുരുഷന്‍ വധിക്കുന്നത് ഇത്തരം നാടകരൂപത്തില്‍ സ്ഥിരമായി അവതരിപ്പിക്കാറുള്ള രംഗമാണ്.

മതപരവും വിനോദാത്മകവുമായ ഈ കലാരൂപം ലൗകിക ജീവിതത്തിലെ നിര്‍ണായക കാലഘട്ടങ്ങളില്‍ മനുഷ്യര്‍ക്ക് ഈശ്വരചിന്തയാണ് അനുപേക്ഷണീയമായിട്ടുള്ള കര്‍മമെന്ന് ഉദ്ബോധിപ്പിക്കുന്നു. ജീവിതലക്ഷ്യബോധം വളര്‍ത്തുക എന്ന ഉദ്ദേശ്യം കൂടി ഈ കലാസമ്പ്രദായത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%B6" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍