This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തക്കാളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തക്കാളി

Tomato

സൊളാനേസി (Solanaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു പച്ചക്കറി. ശാ.നാ. ലൈക്കോപെര്‍സിക്കോണ്‍ എസ്ക്കുലന്റം (Lycopersicon esculentum). തക്കാളിയുടെ ജന്മദേശം പെറു, മെക്സിക്കോ എന്നീ പ്രദേശങ്ങളായിരിക്കാം. മധ്യ അമേരിക്കയിലേയും ദക്ഷിണ അമേരിക്കയിലേയും ആദിവാസികള്‍ ചരിത്രാതീതകാലം മുതല്‍ക്കേ തക്കാളി ആഹാരമായി ഉപയോഗിച്ചിരുന്നു എന്നു രേഖപ്പെടുത്തിക്കാണുന്നുണ്ട്. 16-ാം ശ.-ത്തിന്റെ ആരംഭത്തില്‍ സ്പെയിനില്‍ നിന്നു വന്നുചേര്‍ന്ന സഞ്ചാരികളാണ് യൂറോപ്പില്‍ ആദ്യമായി തക്കാളി പ്രചരിപ്പിച്ചത്. യൂറോപ്പില്‍ നിന്ന് അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും കുടിയേറിപ്പാര്‍ത്തവര്‍ തങ്ങളുടെ പുതിയ ആവാസ സ്ഥാനങ്ങളില്‍ തക്കാളിക്കൃഷിയും ആരംഭിച്ചു എന്നു കരുതാം. ഇന്ത്യയിലാദ്യമായി തക്കാളി കൊണ്ടുവന്നതും പ്രചരിപ്പിച്ചതും പോര്‍ച്ചുഗീസുകാരായിരുന്നു.

തക്കാളി: ഫലങ്ങളോടുകൂടിയ ശാഖ

തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ശരാശരി 21-23ºC താപ നില ഇതിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യമാണ്. 18-27ºC വരെ താപനിലയുള്ള പ്രദേശങ്ങളില്‍ തക്കാളി വാണിജ്യാടിസ്ഥാന ത്തില്‍ കൃഷിചെയ്തു വരുന്നു. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്റെ ഉത്പാദനത്തേയും പോഷക മൂല്യത്തേയും വര്‍ണരൂപീകരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്.

തക്കാളി ഏതാനും വര്‍ഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോള്‍ വാര്‍ഷികസസ്യമായിട്ടാണ് വളര്‍ത്തി വരുന്നത്. ഇനഭേദമനുസരിച്ച് തക്കാളിയുടെ തണ്ടിന്റെ സ്വഭാവവും വ്യത്യാസപ്പെടുന്നു. നല്ല ബലമുള്ള കുറുകിയ തണ്ടോടുകൂടിയതും നിവര്‍ന്നു വളരാന്‍ പ്രാപ്തവുമായ ഇനവും, നേര്‍ത്ത് ബലം കുറഞ്ഞ നീണ്ട തണ്ടോടുകൂടിയ അര്‍ധ ആരോഹി ഇനവും ഉണ്ടാകാറുണ്ട്. ബലം കുറഞ്ഞ അര്‍ധ ആരോഹി ഇനത്തില്‍ നിന്നാണ് കൂടുതല്‍ വിളവു ലഭിക്കുക. ഇതിന്റെ തണ്ടിന് താങ്ങുകള്‍ (ഊന്നുകള്‍) നല്കി നിവര്‍ത്തി നിറുത്തുകയാണു പതിവ്. ഇതിന്റെ തണ്ടിലാകമാനം തിളക്കമുള്ള ചുവപ്പുകലര്‍ന്ന മഞ്ഞനിറത്തിലുള്ള ഗ്രന്ഥീയരോമങ്ങളും ഗ്രന്ഥീയമല്ലാത്ത കൂര്‍ത്ത രോമങ്ങളുമുണ്ടായിരിക്കും.

തണ്ടില്‍ ഇലകള്‍ ക്രമീകരിച്ചിരിക്കുന്നത് ഏകാന്തരന്യാസ ത്തിലാണ്. ഇലകള്‍ക്ക് സമപിച്ഛകാകൃതിയാണുള്ളത്. തണ്ടില്‍ ഇലകള്‍ക്കെതിരേ അല്പം മുകളിലോ താഴെയോ ആയി ചെറിയ അസീമാക്ഷ(racemose)പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളു ണ്ടാകുന്നത്. തക്കാളിയുടെ ശാഖനരീതിക്ക് ചില സവിശേഷതക ളുണ്ട്. തണ്ടിന്റെ ചുവടുഭാഗത്ത് ഏകാക്ഷശാഖന (monopodial) രീതിയും അഗ്രത്തിലേക്കു പോകുന്തോറും യുക്തശാഖന (sympodial) രീതിയുമാണുള്ളത്. പുഷ്പമഞ്ജരി അഗ്രമുകുളത്തില്‍ നിന്നു രൂപപ്പെടുകയും കക്ഷീയമുകുളം വളര്‍ന്ന് പ്രധാന ശാഖയായി തുടരുകയും ചെയ്യുന്നു. പുഷ്പവൃന്ദം കുറുകിയതും മധ്യഭാഗം സങ്കോചനത്തോടു കൂടിയതുമാണ്. പുഷ്പത്തിന്റെ വികാസദശയിലെ ഏതു ഘട്ടത്തിലും പുഷ്പങ്ങള്‍ കൊഴിഞ്ഞു പോകാമെങ്കിലും പുഷ്പങ്ങള്‍ വിരിഞ്ഞ് 2-3 ദിവസങ്ങള്‍ക്കുള്ളി ലാണ് സാധാരണ ഇതു സംഭവിക്കാറുള്ളത്.

പുഷ്പങ്ങള്‍ക്ക് ബാഹ്യദളങ്ങളും ദളങ്ങളും ആറെണ്ണം വീതമുണ്ടായിരിക്കും. ബാഹ്യദളങ്ങള്‍ ചിരസ്ഥായിയായി ഫലത്തോടൊപ്പം വളരുന്നു. ബാഹ്യദളപുടത്തില്‍ ഗ്രന്ഥികളുള്ളതും ഇല്ലാത്തതുമായ ധാരാളം രോമങ്ങളുണ്ട്. മഞ്ഞ നിറത്തിലുള്ള ദളങ്ങളുടെ പുറഭാഗം രോമിലമാണ്. ദളങ്ങള്‍ സംയോജിച്ച് ഒരു ദളപുടനാളിയായി രൂപപ്പെടുന്നു. ആറു കേസരങ്ങളും ദളപുട നാളിയില്‍ ഒട്ടിച്ചേര്‍ന്നിരിക്കും. കേസരങ്ങള്‍ക്ക് കുറുകിയ തന്തുവും നീണ്ടു വര്‍ണശബളമായ പരാഗകോശങ്ങളുമുണ്ട്. പരാഗകോശത്തിന്റെ അഗ്രഭാഗം വളഞ്ഞിരിക്കും. പരാഗകോശം നെടുനീളത്തില്‍ പൊട്ടിയാണ് പരാഗങ്ങള്‍ സ്വതന്ത്രമായി പരാഗണം നടത്തുന്നത്. തക്കാളി പുഷ്പങ്ങളില്‍ സ്വപരാഗണവും പരപരാഗണവും നടക്കാറുണ്ട്. അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയാണ്. ആറോ അതിലധികമോ അറകളുള്ള അണ്ഡാശയത്തില്‍ നിരവധി അണ്ഡങ്ങളുണ്ടായിരിക്കും. ഇവ അക്ഷീയ വിന്യാസരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വലുപ്പം കൂടിയ മാംസളമായ പ്ലാസെന്റയില്‍ അക്ഷീയ വിന്യാസരീതിയിലാണ് അണ്ഡങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ദ്രാക്ഷായിത (berry) ഫലമാണ് തക്കാളിയുടേത്. വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലും കാണപ്പെടുന്ന തക്കാളിപ്പഴത്തിന് കടുംചുവപ്പോ മഞ്ഞയോ നിറവും മിനുസമുള്ള പുറംതൊലിയുമുണ്ടായിരിക്കും. ഇനഭേദമനുസരിച്ച് ഫലത്തിന്റെ വികാസവും പുറം തൊലിയുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും.

തക്കാളിപ്പഴത്തിന് വര്‍ണഭേദം നല്കുന്നത് കരോട്ടിന്‍, ലൈക്കോപെര്‍സിഡിന്‍ എന്നീ വര്‍ണകങ്ങളുടെ വ്യത്യസ്ത സാന്ദ്രത യിലുള്ള സാന്നിധ്യമാണ്. വിത്തുകള്‍ പരന്നതും ഇളം തവിട്ടുനിറമുള്ളതും ആണ്.

മണലും കളിമണ്ണും കലര്‍ന്ന പശിമരാശി മണ്ണാണ് തക്കാളി കൃഷി ചെയ്യാന്‍ അനുയോജ്യം. വര്‍ഷത്തില്‍ രണ്ടുതവണ കൃഷിയിറക്കുന്നു. ശരത്-വര്‍ഷകാല വിളകള്‍ക്കായി ജൂണ്‍-ജൂല. മാസങ്ങളിലും, വസന്തകാല-വേനല്‍ക്കാല വിളകള്‍ക്കായി ന. മാസത്തിലും വിത്തുവിതയ്ക്കുന്നു. ഒരു ഹെ. സ്ഥലത്തേക്ക് 400 ഗ്രാം വിത്ത് ആവശ്യമാണ്. ഒരു ഗ്രാം വിത്തില്‍ ഏതാണ്ട് 300 വിത്തുകളുണ്ടായിരിക്കും. തക്കാളിത്തൈകളുടെ തണ്ടിന് നല്ല ബലം ഉണ്ടായതിനുശേഷമേ പറിച്ചുനടാവൂ. തൈകള്‍ അന്തരീക്ഷാവസ്ഥയില്‍ തുറസ്സായി വളര്‍ത്തുകയും ഇടയ്ക്കിടെ ജലസേചനം നടത്താതിരിക്കുകയും ചെയ്താല്‍ തണ്ട് ബലമുള്ളതായിത്തീരും. തൈകള്‍ പറിച്ചുനടുമ്പോഴും നടീലിനു ശേഷവും വളരെ വേഗം ആഗിരണം ചെയ്യാനാകുന്ന സസ്യപോഷകങ്ങള്‍ നല്കണം. നൈട്രജന്‍, ഫോസ്ഫറസ് വളങ്ങള്‍ മണ്ണില്‍ ചേര്‍ക്കുന്നതും നേര്‍ത്ത ലായനി ഇലകളില്‍ തളിക്കുന്നതും തൈകള്‍ക്ക് ഗുണകരമാണ്. ക്രമമായ രീതിയിലുള്ള ജലസേചനം തക്കാളിക്കൃഷിക്ക് അനിവാര്യമാണ്. ഇടയ്ക്കിടെ ഇടയിളക്കുകയും കളകള്‍ നീക്കം ചെയ്യുകയും ചെയ്യണം. മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കുന്നതിനും രോഗനിയന്ത്രണത്തിനും കളനിയന്ത്രണത്തിനും ആദായകരമായ കായ്ഫലം ലഭിക്കുന്നതിനും ഫലത്തിന്റെ മേന്മ വര്‍ധിക്കുന്നതിനും മണ്ണില്‍ വയ്ക്കോലോ അതുപോലുള്ള പദാര്‍ഥങ്ങളോ കൊണ്ട് ആവരണമിടുന്നത് നന്നായിരിക്കും.

മുന്‍കാലങ്ങളില്‍ കൃഷിചെയ്തിരുന്ന ഇനങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമാണ് ഇക്കാലത്തെ കൃഷിയില്‍ നിന്നു ലഭിക്കുന്ന ഫല ങ്ങള്‍. വലുപ്പം കൂടിയതും ഗുണമേന്മയുള്ളതുമായ ഫലങ്ങള്‍ ഉത്പാദിപ്പിക്കുവാന്‍ പുതിയ കൃഷിയിലൂടെ സാധിക്കുന്നുണ്ട്. പൂസ റൂബി, മംഗള, പൂസ 120, എച്ച്.എസ്.102, എസ് 12, സി.ഒ.1 എന്നി വയാണ് ഇന്നു കൃഷി ചെയ്തുവരുന്ന പ്രധാന ഇനങ്ങള്‍.

ഉഷ്ണമേഖലാപ്രദേശങ്ങളില്‍ തക്കാളിക്കൃഷിയ്ക്ക് ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്നത് ഇലച്ചുരുള്‍ രോഗമാണ്. വേരുചീയല്‍, ഫലം ചീയല്‍, പലവിധ കുമിളു രോഗങ്ങള്‍ എന്നിവ തക്കാളിയെ ബാധിക്കാറുണ്ട്. തക്കാളി സസ്യത്തിന് ബാക്ടീരിയ മൂലമുള്ള ബാക്ടീരിയല്‍ വാട്ടവും (wilt) ബാക്ടീരിയല്‍ കാങ്കര്‍ (canker) എന്ന പേരിലറിയപ്പെടുന്ന അഴുകലും സംഭവിക്കുന്നു.

പുകയില മൊസേക്ക് വൈറസ്, ഇലച്ചുരുള്‍ വൈറസ് തുടങ്ങിയവയും രോഗങ്ങളുണ്ടാക്കുന്ന വിവിധയിനം കീടങ്ങളും തക്കാളിച്ചെടിക്കു ഭീഷണിയായിത്തീരാറുണ്ട്.

പാകം ചെയ്യാതെതന്നെ സാലഡുകളിലും മറ്റും ഉപയോഗിക്കുവാന്‍ സാധിക്കുന്ന നല്ലൊരു ഫലമാണ് തക്കാളി. സോസുകളും കെച്ചപ്പുകളും വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുവാനും ഇത് പ്രയോജനപ്പെടുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍