This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡോളര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡോളര്‍
Dollar
യു.എസ്സിന്റെ ദേശീയ കറന്‍സി. ഹോങ്കോങ്, കാനഡ, ആസ്റ്റ്രേലിയ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ കറന്‍സികളും ഡോളര്‍ എന്നാണറിയപ്പെടുന്നത്. ജാപ്പനീസ് കറന്‍സിയായ 'യെന്‍', ചൈനീസ് കറന്‍സിയായ 'യുവാന്‍' എന്നീ പദങ്ങളുടെ അര്‍ഥം ഡോളര്‍ എന്നാണ.് 16-ാം ശ.-ത്തില്‍ ബൊഹീമിയയിലും ജര്‍മനിയിലും പ്രചാരത്തിലിരുന്ന വെള്ളിനാണയം ഡോളര്‍ എന്നാണറിയപ്പെട്ടിരുന്നത്. സ്പെയിനിലും സ്പാനിഷ്-അമേരിക്കന്‍ കോളനികളിലും ഡോളര്‍ എന്ന നാണയം ഉപയോഗിച്ചിരുന്നു. ഈ സ്പാനിഷ് ഡോളര്‍ ആണ് അമേരിക്ക ഔദ്യോഗിക കറന്‍സിയായി അംഗീകരിച്ചത്. നൂറു പൈസ ചേരുന്നതാണ് ഒരു രൂപ എന്നതുപോലെ, നൂറു സെന്റുകള്‍ ചേര്‍ന്നതാണ് ഒരു ഡോളര്‍. അമേരിക്കയില്‍ 1792-ല്‍ തോമസ് ജഫേര്‍സന്റെ നിര്‍ദേശപ്രകാരമാണ് ഡോളര്‍ കറന്‍സിയായി അംഗീകരിക്കപ്പെട്ടത്. 1792-ല്‍ നിലവില്‍വന്ന നാണയ നിയമമനുസരിച്ച്, ഒരു ഡോളറിന്റെ മൂല്യം എന്നത് 371.25 ഗ്രെയിന്‍സ് ശുദ്ധ വെള്ളിയോ 24.75 ഗ്രെയിന്‍സ് ശുദ്ധ സ്വര്‍ണമോ എന്നു കണക്കാക്കിയിരുന്നു. 1873-നു ശേഷം ഡോളറിന്റെ മൂല്യം വെള്ളിയുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്ന സമ്പ്രദായം അവസാനിപ്പിച്ചു. 1934-ല്‍ ഒരു ഡോളറിന്റെ മൂല്യം 13.71 ഗ്രെയിന്‍സ് സ്വര്‍ണം എന്ന് പുതുക്കി നിശ്ചയിക്കുകയുണ്ടായി. 1934-ലെ 'ഗോള്‍ഡ് റിസര്‍വ് ആക്റ്റ്' അനുസരിച്ച് ഡോളറിനു പകരമായി സ്വര്‍ണ നാണയങ്ങള്‍ അടിക്കേണ്ടതില്ല എന്നു തീരുമാനിച്ചു.
ആദ്യകാലങ്ങളില്‍ നാണയങ്ങള്‍ക്ക് അവയുടെ മൂല്യത്തിന്റെ അത്രതന്നെ ഭാരമുണ്ടായിരുന്നു. പേപ്പര്‍ കറന്‍സിയെന്നത് യഥാര്‍ഥത്തില്‍ പ്രാതിനിധ്യ കറന്‍സിയാണ്. 1934-നു ശേഷം യു.എസ്.എ.യുടെ ഡോളര്‍ ഉള്‍പ്പെടെ എല്ലാ ആഭ്യന്തര കറന്‍സികളും പ്രാതിനിധ്യ കറന്‍സികളാക്കി മാറ്റുകയുണ്ടായി. അതുപോലെതന്നെ, കറന്‍സിമൂല്യത്തിനടിസ്ഥാനം അവയുടെ ക്രയശക്തിയാണെന്ന് അംഗീകരിക്കപ്പെടുകയും ചെയ്തു. അന്താരാഷ്ട്ര വാണിജ്യത്തിലും ക്രയവിക്രയത്തിലും വിലയും മൂല്യവും തിട്ടപ്പെടുത്തുന്നതിന് അമേരിക്കന്‍ ഡോളറാണ് സര്‍വസാധാരണയായി ഉപയോഗിക്കുന്നത്. അതിനാല്‍, ഡോളറിന്റെ വിനിമയമൂല്യം ഒരളവുകോല്‍ എന്ന നിലയ്ക്ക് സ്ഥിരമായി സൂക്ഷിക്കേണ്ടതാവശ്യമാണ്.
അമേരിക്കയിലെ മൊത്തം നാണയ ഇടപാടുകളുടെ 90 ശ.മാ.- വും ബാങ്ക് ചെക്കുകള്‍ മൂഖേനയാണു നടക്കുന്നത്. അതിനാല്‍ ഒരു വിനിമയമാധ്യമം എന്ന നിലയ്ക്ക് ഡോളര്‍ ഇന്നൊരു നാണയ സങ്കല്പമായി മാറിയിട്ടുണ്ട്. നാണയ അക്കൌണ്ടുകളുടെ അടിസ്ഥാന ഏകകം എന്ന സങ്കല്പത്തെയാണ് ഡോളര്‍ പ്രതിനിധീകരിക്കുന്നത്. ഡോളറിന്റെ ക്രയശക്തിയുടെ സ്ഥിരതയാണ് അതിന്റെ മൂല്യത്തെ നിര്‍ണയിക്കുന്നത്. ഡോളറിന്റെ മൂല്യം അഥവാ ഡോളറിന്റെ സ്ഥിരത നിലനിറുത്തുകയെന്നത് ദേശീയ സാമ്പത്തിക നയത്തിന്റെ സുപ്രധാന ലക്ഷ്യമാണ്. ഫെഡറല്‍ റിസര്‍വ് സിസ്റ്റം അഥവാ അമേരിക്കന്‍ കേന്ദ്രബാങ്കാണ് ഇതു നിര്‍വഹിക്കുന്നത്. പണത്തിന്റെ പ്രദാനവും ധനകാര്യനയവും നിര്‍ണയിക്കുന്നത് ഈ സ്ഥാപനമാണ്. എന്നാല്‍, ഡോളറിന്റെ സ്ഥിരത നിലനിറുത്താനുള്ള ശ്രമങ്ങള്‍ എല്ലായ്പ്പോഴും വിജയിച്ചിട്ടില്ല. 1940-നും 80-നുമിടയില്‍ ക്രയശക്തിയുടെ അഞ്ചില്‍നാലു ഭാഗവും ഡോളറിനു നഷ്ടമായി. 1950-നും 80-നുമിടയില്‍ ഉപഭോക്തൃവിലസൂചികയില്‍ 300 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 1960-നും 65-നുമിടയില്‍ വിലവര്‍ധനവ് താരതമ്യേന കുറവായിരുന്നു. എന്നാല്‍ 1970-നുശേഷം വിലക്കയറ്റത്തില്‍ 10 ശ.മാ. വര്‍ധനവ് ഉണ്ടായി. ഇതിനു കാരണം വിലയുടേയും ക്രയശക്തിയുടേയും സ്ഥിരതയേക്കാള്‍ പ്രധാനം ദേശീയ സാമ്പത്തികലക്ഷ്യങ്ങളാണെന്ന് മാറിവന്ന ഗവണ്മെന്റുകള് ചിന്തിക്കാന്‍ തുടങ്ങിയതാണ്. പൂര്‍ണമായ തൊഴില്‍, ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക് എന്നിവയ്ക്ക് ഗവണ്മെന്റുകള് മുന്‍ഗണന കൊടുക്കാന്‍ തുടങ്ങി. 1980-കളില്‍ അമേരിക്കയുടെ എല്ലാ സ്വര്‍ണ ആസ്തികളും കറന്‍സിയിലാക്കി മാറ്റുകയുണ്ടായി. 1971-ല്‍ 'സ്വര്‍ണജാലക' (Gold Window) നയം റദ്ദാക്കി. ഡോളര്‍ സ്വര്‍ണമാക്കി മാറ്റുന്ന നയത്തെയാണ് സ്വര്‍ണ ജാലകനയം എന്നു പറയുന്നത്.
എണ്ണ ഉത്പാദക രാജ്യങ്ങള്‍ തങ്ങളുടെ വിദേശനാണ്യം മുഖ്യ മായും ശേഖരിച്ചിരുന്നത് ഡോളറിലായിരുന്നു. ഇവ അമേരിക്കന്‍ ബാങ്കുകളുടെ യൂറോപ്യന്‍ ശാഖകളില്‍ നിക്ഷേപിക്കപ്പെട്ടു. തുടര്‍ ന്ന് ഈ ശാഖകള്‍ യൂറോപ്പില്‍ നിന്നുതന്നെ അമേരിക്കന്‍ ഡോളര്‍ വായ്പയായി നല്കാന് തുടങ്ങി. ഇങ്ങനെയാണ് യൂറോഡോളര്‍ എന്ന പ്രതിഭാസം ആവിര്‍ഭവിച്ചത്. ക്രമേണ, യൂറോഡോളറിന്റെ അളവിലോ വിന്യാസത്തിലോ അമേരിക്കയ്ക്കു പങ്കില്ലാതായി. യൂറോഡോളര്‍ അമേരിക്കന്‍ ഡോളറിനു തന്നെ ഭീഷണിയായി മാറുകയാണുണ്ടായത്. അന്താരാഷ്ട്ര വ്യാപാര-വാണിജ്യ ഇടപാടുകളില്‍ അമേരിക്കന്‍ ഡോളറിന്റെ ആധിപത്യത്തിന് ഇന്ന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് യൂറോഡോളറാണ്.
പഴയകാലത്ത് അന്താരാഷ്ട്ര ധന ഇടപാടുകളില്‍ സ്വര്‍ണ ത്തിനുണ്ടായിരുന്ന സ്ഥാനമാണ് അമേരിക്കന്‍ ഡോളര്‍ ഏറ്റെടു ത്തത്. പിന്നീട് വളരെക്കാലം വിനിമയ കറന്‍സി, കരുതല്‍ശേഖര ത്തിനുപയോഗിക്കുന്ന റിസര്‍വ് കറന്‍സി എന്നീ നിലകളില്‍ ഡോളര്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, ഡോളര്‍ ഒരു ദേശീയ കറന്‍സി ആയതിനാല്‍ അതിന് അന്താരാഷ്ട്ര കറന്‍സിയായി പ്രവര്‍ത്തി ക്കാന്‍ കഴിയുകയില്ല എന്ന് വ്യക്തമായി. അതുകൊണ്ടാണ് അമേരിക്കന്‍ ഡോളറിനു പകരം സ്പെഷ്യല്‍ ഡ്രോയിങ് റൈറ്റ് (എസ്.ഡി.ആര്.) എന്ന ഘടകം ഐ.എം.എഫ്. കൊണ്ടു വന്നത്. എങ്കിലും, രാജ്യാന്തര ധനകാര്യ ഇടപാടുകളിലും വിദേശനാണയ വിനിമയത്തിലും ഇപ്പോഴും ഡോളറിനു സുപ്രധാന സ്ഥാനമുണ്ട്.