This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ട്രാന്‍സ് കക്കേഷ്യ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ട്രാന്‍സ് കക്കേഷ്യ
Trans Caucassia
തെക്കു കിഴക്കന്‍ യൂറോപ്പില്‍, കാക്കസസ് പര്‍വതനിരകള്‍ക്കു തെക്കായി, കരിങ്കടലിനും കാസ്പിയന്‍ കടലിനും മധ്യേ സ്ഥിതി ചെയ്യുന്ന ഒരു ഭൂപ്രദേശം. 1922 മുതല്‍ 36 വരെ നിലനിന്ന ട്രാന്സ്ക്കക്കേഷ്യന് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന ഈ പ്രദേശം ഇന്ന് അര്‍മേനിയ, അസര്ബെയ്ജാന്, ജോര്‍ജിയ എന്നീ മൂന്നു റിപ്പബ്ലിക്കുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
സു. 1210 കി. മീ. നീളത്തില്‍ കാക്കസസ് പര്‍വതനിരകള്‍ അതിരിടുന്ന ട്രാന്‍സ്കക്കേഷ്യന്‍ പ്രദേശം പര്വതപ്രദേശങ്ങളൊഴിച്ചാല് പൊതുവേ താഴ്വരകളാണ്. തെ. ഭാഗത്തുള്ള ലെസര്‍ കാക്കസസ് പര്‍വതങ്ങളാണ് ഈ പ്രദേശത്തെ അനാറ്റോളിയന് - ഇറാനിയന്‍ പീഠഭൂമികളില്‍ നിന്ന് വേര്‍തിരിക്കുന്നത്. കരിങ്കടലില്‍ പതിക്കുന്ന റിയോണ്‍ നദി ട്രാന്‍സ് കക്കേഷ്യയുടെ പ. ഭാഗത്തെയും കാസ്പിയന്‍ കടലില്‍ പതിക്കുന്ന കൂറാനദി മധ്യ-കിഴക്കന്‍ ഭാഗങ്ങളെയും ജലസിക്തമാക്കുന്നു. അതിവേഗം ഒഴുകുന്നവയായതിനാല് ഇവിടത്തെ നദികള്‍ ഗതാഗതയോഗ്യമല്ല. എന്നാല്‍, ജലവൈദ്യുതോര്ജോത്പ്പാദനത്തിനുള്ള സാധ്യത വളരെ കൂടുതലാകുന്നു. കരിങ്കടലില്‍ നിന്ന് വീശുന്ന ഈര്‍പ്പം നിറഞ്ഞ കാറ്റ് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നാരകഫലങ്ങളുടെയും തേയിലയുടെയും കൃഷിക്ക് ഏറെ സഹായമാണ്. ഏഷ്യയുടെ ഉള്‍ഭാഗങ്ങളില്‍ നിന്ന് വീശുന്ന വരകാറ്റ് കിഴക്കന്‍ നിമ്ന തടങ്ങളെ മരുപ്രദേശമാക്കി മാറ്റുന്നതിനാല്‍ ഇവിടെ കൃഷിക്ക് ജലസേചന സൗകര്യങ്ങള്‍ അത്യന്താപേക്ഷിതമായി തീര്‍ന്നിരിക്കുന്നു.
ട്രാന്‍സ് കക്കേഷ്യന്‍ പ്രദേശത്തെ പര്‍വതനിരകള്‍ ധാതുസമ്പന്നമാണ്. നല്ല മേച്ചില്‍പ്പുറങ്ങള്‍ കൂടിയാണ് ഇവ. പ്രധാനമായും കിഴക്കന്‍ നിമ്നതടങ്ങളില് കാണപ്പെടുന്ന പെട്രോളിയം മുഖ്യ ധാതുവാകുന്നു. ഗ്രേറ്റര്‍ കാക്കസസ് നിരകളുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന മാങ്ഗനീസാണ് മറ്റൊരു പ്രധാന ഖനിജം.
1936-ല്‍ ട്രാന്‍സ് കക്കേഷ്യന്‍ റിപ്പബ്ലിക്ക് വിഭജിക്കപ്പെട്ടതോടെ അര്‍മേനിയ, അസര്ബെയ്ജാന്, ജോര്‍ജിയ എന്നിവ അന്നത്തെ സോവിയറ്റ് യൂണിയനില്‍ (യു.എസ്.എസ്.ആറില്‍) അംഗ റിപ്പബ്ലിക്കുകളായി. 1991-ല്‍ സോവിയറ്റ് യൂണിയന് വിഘടിതമായതോടെ ഇവ സ്വതന്ത്ര റിപ്പബ്ലിക്കുകളായി പ്രഖ്യാപിക്കപ്പെട്ടു.