This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെമ്പറ പെയിന്റിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെമ്പറ പെയിന്റിങ്

Tempera Painting

ജലത്തിലും കൊഴുപ്പുള്ള മറ്റൊരു ദ്രാവകത്തിലും ചായം കലര്‍ത്തി ചിത്രരചന നടത്തുന്ന രീതി. മുട്ടയുടെ മഞ്ഞക്കരുവാണ് സാധാരണയായി ഇതിനുപയോഗപ്പെടുത്തുന്നത്. മഞ്ഞക്കരുമാറ്റിയെടുത്ത് തുല്യമായ തോതില്‍ വെള്ളം ചേര്‍ത്ത് ക്രീം പരുവത്തിലാക്കി ഉപയോഗിക്കുന്നു. വെള്ളക്കരു അറബിക് ഗം, മെഴുക് എന്നിവയും ഇതിനായി ഉപയോഗപ്പെടുത്താറുണ്ട്. വെള്ളക്കരു ഉണങ്ങുമ്പോള്‍ വെടിക്കുന്നതു കാരണം അപൂര്‍വമായേ ഉപയോഗിക്കാറുള്ളൂ. വെള്ളത്തില്‍ തയ്യാറാക്കുന്ന എല്ലാ ഇരുണ്ട പെയിന്റുകളും ടെമ്പറ എന്ന പേരിലാണിപ്പോള്‍ അറിയപ്പെടുന്നത്.

കാര്ലോ ക്രിവെല്ലി വരച്ച മഡോണയുടെ ടെമ്പറ ചിത്രം

കനം കുറഞ്ഞ ഫിലിമുകളിലാണ് ടെമ്പറ ഉപയോഗിക്കുന്നത്. ഇതു പെട്ടെന്ന് ഉണങ്ങി കട്ടിയാകുന്നു. വെടിക്കുന്നതു കാരണം ക്യാന്‍വാസില്‍ ഇത് ഉപയോഗിക്കാറില്ല. കനം കുറഞ്ഞ പലകകളിലും മറ്റുമാണ് ടെമ്പറ പെയിന്റിങ് നടത്തുന്നത്. ചോക്ക്, പ്ലാൃസ്റ്റര്‍ ഒഫ് പാരിസ്, ഗ്ലൂ എന്നിവയുടെ സങ്കരം പലകകളില്‍ തേച്ചുപിടിപ്പിക്കുന്നതുമൂലം പെയിന്റിങ്ങിന് കൂടുതല്‍ ആകര്‍ഷകത്വം ലഭിക്കുന്നു. ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് പലകകളിലെ വിടവുകള്‍ വെളിവാകാതെ പെയിന്റിങ് നടത്താനാകും.

പെട്ടെന്ന് ഉണങ്ങുന്നതു കാരണം വിവിധനിറങ്ങള്‍ എളുപ്പത്തില്‍ ചേര്‍ക്കുവാന്‍ പ്രയാസമാണ്. കൂടുതല്‍ സമയമെടുക്കുന്നതു കാരണം പലരും ടെമ്പറ പെയിന്റിങ്ങില്‍ നിന്നു പിന്മാറുകയാണുണ്ടായത്. പെയിന്റ് കൂടുതലായുപയോഗിച്ചാല്‍ വെടിക്കുമെന്ന പ്രശ്നവും ഇതിനുണ്ട്. ഉണങ്ങുന്തോറും ടെമ്പറാ നിറങ്ങള്‍ക്ക് കാഠിന്യം കുറയുന്നു. തിളക്കമില്ലാത്തതു കാരണം ഓയില്‍ പെയിന്റിങ്ങിന്റെ സുതാര്യത ഇതിനു ലഭിക്കുന്നില്ല.

ഓയില്‍ പെയിന്റിങ്ങും ടെമ്പറ പെയിന്റിങ്ങും സംയോജിപ്പിക്കുവാന്‍ പല ശ്രമങ്ങളും നടന്നിട്ടുണ്ട്. മുട്ടക്കരുവിനോടൊപ്പം പലതരം ഓയിലുകള്‍ കലര്‍ത്തിയാണ് പരീക്ഷണങ്ങള്‍ നടത്തിയത്. ടെമ്പറ പെയിന്റിങ്ങിനുമുകളിലായി ഓയിലുപയോഗിച്ച് ചിത്രം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

പുരാതനകാലത്തെ ഈജിപ്തിലും റോമിലുമാണ് ടെമ്പറ പെയിന്റിങ് ആരംഭിച്ചത്. മധ്യകാലത്ത് യൂറോപ്യന്‍ പാനല്‍ പെയ്ന്റേഴ്സ് ടെമ്പറ ഉപയോഗപ്പെടുത്തി. നവോത്ഥാനകാലത്താണ് ഇതിന് ഏറെ പ്രചാരം ലഭിച്ചത്. ഇറ്റലിയില്‍ ജിയോവന്നി ബെലിനിയും മറ്റും ടെമ്പറയില്‍ ഓയില്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തി. വെറോഷിയോയുടെ 'ബാപ്റ്റിസം ഒഫ് ക്രൈസ്റ്റ്' ഇതിന് ഒരുത്തമോദാഹരണമാണ്. എങ്കിലും പില്ക്കാലത്ത് ചിത്രകാരന്മാര്‍ ടെമ്പറ ഏതാണ്ട് പൂര്‍ണമായും ഉപേക്ഷിക്കുകയാണുണ്ടായത്.

ഇരുപതാം നൂറ്റാണ്ടില്‍ അമേരിക്കയിലെ ചിത്രകാരന്മാര്‍ക്കിടയില്‍ ടെമ്പറ പെയിന്റിങ്ങിന് ഒരു പുതിയ മാനം ലഭിച്ചു. റെജിനാള്‍ഡ് മാര്‍ഷ്, പോള്‍ കാഡ്മസ്, ആന്‍ഡ്രൂ വെയ്ത്ത്, ബര്‍ണാഡ് പെര്‍ലിന്‍, ബെന്‍ഷാഹന്‍ തുടങ്ങിയവര്‍ ടെമ്പറ പെയിന്റിങ്ങിനെ പരിഷ്കരിച്ചവരില്‍ പ്രമുഖരാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍